Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

ജോസഫ് എം പുതുശേരി കൂറുമാറിയത് എൽഡിഎഫിന്റെ സിറ്റിങ് സീറ്റായ തിരുവല്ല കിട്ടില്ലെന്ന് ഉറപ്പായതോടെ; പിജെ കുര്യൻ അടക്കമുള്ള മുതിർന്ന നേതാക്കൾക്ക് നോട്ടമുള്ള സീറ്റ് യുഡിഎഫിൽ എത്തിയാലും ലഭിച്ചേക്കില്ല; യുഡിഎഫ് സീറ്റ് നൽകിയാലും ആദ്യം കളം മാറിയ വിക്ടർ ടി തോമസിനെ ഉപേക്ഷിക്കാൻ ജോസഫിനും ആവില്ല; പുതുശ്ശേരിക്ക് പിന്നാലെ വേറേയും നേതാക്കൾ എത്തുമെന്ന പ്രതീക്ഷയിൽ യുഡിഎഫ് ക്യാമ്പ്; മുതിർന്ന നേതാക്കൾ ഓരോരുത്തരായി കളം മാറി ചവിട്ടുന്നതിൽ ആശങ്കപ്പെട്ട് ജോസ് കെ മാണി

ജോസഫ് എം പുതുശേരി കൂറുമാറിയത് എൽഡിഎഫിന്റെ സിറ്റിങ് സീറ്റായ തിരുവല്ല കിട്ടില്ലെന്ന് ഉറപ്പായതോടെ; പിജെ കുര്യൻ അടക്കമുള്ള മുതിർന്ന നേതാക്കൾക്ക് നോട്ടമുള്ള സീറ്റ് യുഡിഎഫിൽ എത്തിയാലും ലഭിച്ചേക്കില്ല; യുഡിഎഫ് സീറ്റ് നൽകിയാലും ആദ്യം കളം മാറിയ വിക്ടർ ടി തോമസിനെ ഉപേക്ഷിക്കാൻ ജോസഫിനും ആവില്ല; പുതുശ്ശേരിക്ക് പിന്നാലെ വേറേയും നേതാക്കൾ എത്തുമെന്ന പ്രതീക്ഷയിൽ യുഡിഎഫ് ക്യാമ്പ്; മുതിർന്ന നേതാക്കൾ ഓരോരുത്തരായി കളം മാറി ചവിട്ടുന്നതിൽ ആശങ്കപ്പെട്ട് ജോസ് കെ മാണി

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പിനൊപ്പം ചേർന്നു പ്രവർത്തിക്കുമെന്നു കേരള കോൺഗ്രസ് (എം) ഉന്നതാധികാര സമിതിയംഗം ജോസഫ് എം.പുതുശേരി പ്രഖ്യാപിക്കുമ്പോൾ യുഡിഎഫ് പ്രതീക്ഷയിലാണ്. തിരുവല്ല നിയോജക മണ്ഡലം പ്രസിഡന്റ് വർഗീസ് ജോൺ, ജില്ലാ സെക്രട്ടറി ജോ ഇലഞ്ഞിമൂട്ടിൽ, തിരുവല്ല നഗരസഭ വൈസ് ചെയർപഴ്‌സൻ റീന ചാലക്കുഴി, യുഡിഎഫ് മണ്ഡലം ചെയർമാൻ ബിജു ലങ്കാഗിരി, നഗരസഭാംഗം ശാന്തമ്മ തുടങ്ങിയവർ പുതുശേരിക്ക് ഒപ്പമുണ്ടായിരുന്നു. കൂടുതൽ നേതാക്കൾ ജോസ് കെ മാണി പക്ഷത്തു നിന്നും യുഡിഎഫിലേക്ക് എത്തുമെന്നാണ് കോൺഗ്രസിന്റെ പ്രതീക്ഷ.

എന്നാൽ ജോസഫ് എം പുതുശ്ശേരി കൂറുമാറിയത് എൽഡിഎഫിന്റെ സിറ്റിങ് സീറ്റായ തിരുവല്ല കിട്ടില്ലെന്ന് ഉറപ്പായതോടെ എന്നതാണ് വസ്തുത. യുഡിഎഫിലും ഈ സീറ്റ് കിട്ടാനുള്ള സാധ്യത കുറവാണെന്നതാണ് വസ്തുത. കോൺഗ്രസിലെ പിജെ കുര്യൻ അടക്കമുള്ള മുതിർന്ന നേതാക്കൾക്ക് നോട്ടമുള്ള സീറ്റ് യുഡിഎഫിൽ എത്തിയാലും പുതുശേരിക്ക് ലഭിച്ചേക്കില്ല. പിജെ ജോസഫിന്റെ യുഡിഎഫ് സീറ്റ് നൽകിയാലും ആദ്യം ജോസ് കെ മാണി പക്ഷത്ത് നിന്ന് കളം മാറിയ വിക്ടർ ടി തോമസിനെ ഉപേക്ഷിക്കാൻ ജോസഫിനും ആവില്ല. ഇത് പുതുശ്ശേരിക്ക് പ്രതിസന്ധിയാണ്. എങ്കിലും നിലവില രാഷ്ട്രീയ സാഹചര്യത്തിൽ യുഡിഎറാണ് മെച്ചെന്ന് തിരിച്ചറിയുകയാണ് പുതുശ്ശേരി.

പുതുശ്ശേരിക്ക് പിന്നാലെ വേറേയും നേതാക്കൾ എത്തുമെന്ന പ്രതീക്ഷയിൽ യുഡിഎഫ് ക്യാമ്പ് സജീവമാകുകയാണ്. പിജെ ജോസഫിനും ഇത് കരുത്ത് നൽകും. അതിനിടെ മുതിർന്ന നേതാക്കൾ ഓരോരുത്തരായി കളം മാറി ചവിട്ടുന്നതിൽ ആശങ്കപ്പെട്ട് ജോസ് കെ മാണിയും കരുതലോടെ മുമ്പോട്ട് പോകും. ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചാണ് പുതുശ്ശേരിയുടെ കളം മാറ്റി ചവിട്ടൽ. ഇതും കേരളാ കോൺഗ്രസ് നേതാക്കളെ സ്വാധീനിക്കുമെന്ന വിലയിരുത്തലും യുഡിഎഫ് ക്യാമ്പിലുണ്ട്.

എൽഡിഎഫിലേക്കു പോകാനുള്ള ജോസ് കെ.മാണിയുടെ നീക്കങ്ങൾ കേരള കോൺഗ്രസിന്റെ (എം) സാധാരണ പ്രവർത്തകരുടെ മനോവികാരങ്ങളെ മുറിപ്പെടുത്തുന്നതാണ്. എൽഡിഎഫ് സർക്കാരിന്റെ ദുർനടപടികൾക്ക് എതിരെ ശക്തമായി പൊരുതുന്നത് പി.ജെ.ജോസഫും സി.എഫ്.തോമസും നയിക്കുന്ന കേരള കോൺഗ്രസാണെന്നും പാർട്ടി പ്രവർത്തകരുടെ വികാരം കണക്കിലെടുത്താണ് തീരുമാനമെന്നും പുതുശേരി പറയുന്നു. നേരത്തേ മുന്നണി വിട്ടു സ്വതന്ത്ര നിലപാടു സ്വീകരിച്ചപ്പോഴും ത്രിതല പഞ്ചായത്തുകളിൽ ധാരണയ്ക്ക് മാറ്റം വരുത്തില്ലെന്നാണു കെ.എം.മാണി പ്രഖ്യാപിച്ചത്. മുന്നണി ബന്ധത്തെക്കുറിച്ച് ആലോചിച്ചപ്പോൾ കെ.എം.മാണി യുഡിഎഫിലേക്കാണ് മടങ്ങിയത്. അത് അദ്ദേഹത്തിന്റെ ഉന്നതമായ ധാർമികതയുടെ പ്രകടനമായിരുന്നു. തിരുവല്ല നഗരസഭയിലെ കേരള കോൺഗ്രസ് (എം) അംഗങ്ങളിലെ ഒൻപതിൽ 7 പേരും തനിക്കൊപ്പമാണ്. തിരുവല്ലയിലെ മണ്ഡലം ഭാരവാഹികൾ അടക്കമുള്ളവരും തനിക്കൊപ്പമുണ്ടെന്നും പുതുശേരി പറഞ്ഞു.

തിരുവല്ല നിയമസഭാ സീറ്റ് മുന്നിൽ കണ്ടാണ് പുതുശേരിയുടെ നീക്കമെന്ന് ഇതിൽ നിന്ന് തന്നെ വ്യക്തമാണ്. ബാർ കോഴയിലും മറ്റും മാണിയുടെ നാവായി മാറിയ നേതാവാണ് പുതുശേരി. അതിനിടെ ജോസഫ് എം. പുതുശേരി നിലപാട് പുനഃപരിശോധിക്കണമെന്നു കേരള കോൺഗ്രസ് (എം) ഉന്നതാധികാര സമിതിയംഗം ഡോ.എൻ.ജയരാജ് എംഎൽഎ ആവശ്യപ്പെട്ടു. ഇടതുമുന്നണി പ്രവേശനം സംബന്ധിച്ച് ചർച്ചകൾ ഒന്നും നടന്നിട്ടില്ല. പുതുശേരി എന്തിനാണു പാർട്ടി വിട്ടതെന്ന് അറിയില്ല. ഒരു വേദിയിലും വിയോജിപ്പുകൾ പുതുശേരി അറിയിച്ചിട്ടില്ലെന്നും ജയരാജ് പറഞ്ഞു.

കേരള കോൺഗ്രസ് (എം) വിട്ടു യുഡിഎഫിലേക്കു മടങ്ങാനുള്ള ജോസഫ് എം.പുതുശേരിയുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കേരള കോൺഗ്രസിന്റെ പ്രഖ്യാപിത നയമാണു പുതുശേരി ഉയർത്തിപ്പിടിക്കുന്നത്. കേരള കോൺഗ്രസ് എന്നും യുഡിഎഫിനൊപ്പം ഉറച്ചു നിന്ന പാർട്ടിയാണ്. ജോസ് കെ. മാണിയും കൂട്ടരും എടുക്കുന്ന തീരുമാനം തെറ്റാണെന്നു ബോധ്യപ്പെട്ടതുകൊണ്ടാണു പുതുശേരിയും സഹപ്രവർത്തകരും യുഡിഎഫിലേക്കു മടങ്ങുന്നത് - ചെന്നിത്തല പറഞ്ഞു.

മാണിയുടെ വിശ്വസ്തനും മുൻ എംഎ‍ൽഎയുമായ പുതുശേരി വർഷങ്ങളായി കേരള കോൺഗ്രസ്-എമ്മിന്റെ ഉന്നതാധികാര സമിതി അംഗമാണ്. കെ.എം. മാണിയുടെ വേർപാടിനുശേഷം പാർട്ടിയിൽ പിളർപ്പുണ്ടായ വേളയിലടക്കം ജോസ് കെ. മാണിക്കൊപ്പം ഉറച്ചുനിന്ന നേതാവാണ് മൂന്നു തവണ നിയമസഭാംഗമായ പുതുശേരി. ജോസ് കെ.മാണി വിഭാഗം ഇടതിനൊപ്പം ചേക്കേറാനുള്ള ചർച്ചകൾ ആരംഭിച്ചപ്പോൾ തന്നെ പാർട്ടിക്കുള്ളിൽ എതിർപ്പ് പുതുശേരി അറിയിച്ചിരുന്നു. കഴിഞ്ഞ സ്റ്റിയറിങ് കമ്മിറ്റി യോഗത്തിലടക്കം അദ്ദേഹം തന്റെ അതൃപ്തി വ്യക്തമാക്കുകയുണ്ടായി.

ജോസ് കെ. മാണി വിഭാഗം ഇടതുമുന്നണിയിലേക്കുതന്നെയെന്ന് ഏതാണ്ട് ഉറപ്പിച്ച സാഹചര്യത്തിലാണ് പുതുശേരി പാർട്ടി വിടാൻ തീരുമാനിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ അദ്ദേഹം ചില മുതിർന്ന കോൺഗ്രസ് നേതാക്കളുമായി കൂടിയാലോചന നടത്തിയിരുന്നു. ജോസഫുമായും സംസാരിച്ചു. അതിന് ശേഷമാണ് നിലപാട് പ്രഖ്യാപിച്ചത്. യു.ഡി.എഫ് ബന്ധം വിച്ഛേദിച്ച ശേഷം കേരള കോൺഗ്രസിൽ നിന്ന് പുറത്തു വരുന്ന ആദ്യ നേതാവാണ് പാർട്ടി ഉന്നതാധികാര സമിതിയംഗമായ ജോസഫ് എം. പുതുശേരി.

മൂന്നുതവണ (1991, 2001, 2006) കല്ലൂപ്പാറ സീറ്റിൽ നിന്ന് എംഎ‍ൽഎയായ പുതുശേരി, കഴിഞ്ഞ തെരഞ്ഞെടുപ്പിൽ തിരുവല്ല സീറ്റിൽ മാത്യു ടി. തോമസിനോട് പരാജയപ്പെട്ടിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP