Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202025Wednesday

മാണി സി കാപ്പന്റെ പ്രതിഷേധത്തിന് പുല്ലു വില കൊടുക്കാതെ പാലയിൽ ജോസ് കെ മാണിക്ക് ഉറപ്പ് നൽകി സിപിഎം; കാഞ്ഞിരപ്പള്ളി ഉറപ്പു നൽകിയെങ്കിലും പരസ്യ പ്രതികരണത്തിന് വിലക്ക്; ഇടുക്കി, ചങ്ങനാശ്ശേരി, പൂഞ്ഞാർ, കടുത്തുരുത്തി, തൊടുപുഴ, പെരുമ്പാവൂർ, പിറവം, ചാലക്കുടി എന്നിവയും ഉറപ്പാക്കി; ഇരിക്കൂർ അല്ലെങ്കിൽ പേരാവൂർ; കുറ്റ്യാടി അല്ലെങ്കിൽ തിരുവമ്പാടി എന്ന ഫോർമുലകളിലും ചർച്ച; ജോസ് കെ മാണി എൽഡിഎഫിൽ എത്തുന്നത് 12 സീറ്റുകൾ ഉറപ്പിച്ച്

മാണി സി കാപ്പന്റെ പ്രതിഷേധത്തിന് പുല്ലു വില കൊടുക്കാതെ പാലയിൽ ജോസ് കെ മാണിക്ക് ഉറപ്പ് നൽകി സിപിഎം; കാഞ്ഞിരപ്പള്ളി ഉറപ്പു നൽകിയെങ്കിലും പരസ്യ പ്രതികരണത്തിന് വിലക്ക്; ഇടുക്കി, ചങ്ങനാശ്ശേരി, പൂഞ്ഞാർ, കടുത്തുരുത്തി, തൊടുപുഴ, പെരുമ്പാവൂർ, പിറവം, ചാലക്കുടി എന്നിവയും ഉറപ്പാക്കി; ഇരിക്കൂർ അല്ലെങ്കിൽ പേരാവൂർ; കുറ്റ്യാടി അല്ലെങ്കിൽ തിരുവമ്പാടി എന്ന ഫോർമുലകളിലും ചർച്ച; ജോസ് കെ മാണി എൽഡിഎഫിൽ എത്തുന്നത് 12 സീറ്റുകൾ ഉറപ്പിച്ച്

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: യുഡിഎഫുമായി 39 വർഷത്തെ ബന്ധം വിച്ഛേദിച്ച് എൽഡിഎഫിലെത്തുന്ന കേരള കോൺഗ്രസിന് (എം) വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കുറഞ്ഞത് 12 സീറ്റിൽ മത്സരിക്കാം. 15 സീറ്റാണ് സിപിഎമ്മിനോട് ജോസ് കെ മാണി ചോദിച്ചത്. ഇതിൽ 13 കിട്ടാനും സാധ്യതയുണ്ട്. സിപിഎമ്മുമായി നടത്തിയ പ്രാഥമിക ചർച്ച ഫലപ്രദമായിരുന്നു. സിറ്റിങ് സീറ്റുകളിലെ ജോസ് കെ മാണിയുടെ അവകാശ വാദം പ്രത്യേകം പരിഗണിക്കും. പാലാ സീറ്റും നൽകും. എൻസിപിയിലെ മാണി സി കാപ്പന്റെ പ്രതിഷേധം അവഗണിച്ചാണ് തീരുമാനം. ഇടതു പക്ഷത്തെ കേരളാ കോൺഗ്രസുകൾക്കെല്ലാം കൂടി 13 സീറ്റ് കൊടുക്കാനാണ് സിപിഎം ആലോചനയ

ഉപാധികളില്ലാതെ എൽഡിഎഫിലേക്കു വരുന്ന കേരള കോൺഗ്രസിനെ (എം) ഹൃദയം തുറന്ന് സ്വാഗതം ചെയ്യുന്നു, എന്നാൽ പാലാ സീറ്റ് വിട്ടുകൊടുക്കില്ലെന്നാണ് മാണി സി കാപ്പൻ പറയുന്നത്. എന്നാൽ സിപിഎമ്മിൽ നിന്ന് ഉറപ്പ് കിട്ടിയെന്ന് ഏവർക്കും അറിയാവുന്നതുമാണ്. പാലാ, പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി (അല്ലെങ്കിൽ കോട്ടയം), കടുത്തുരുത്തി, ചങ്ങനാശേരി, ഇടുക്കി, തൊടുപുഴ, പെരുമ്പാവൂർ, പിറവം, ചാലക്കുടി, കുറ്റ്യാടി (അല്ലെങ്കിൽ തിരുവമ്പാടി), ഇരിക്കൂർ (അല്ലെങ്കിൽ പേരാവൂർ) എന്നീ സീറ്റുകൾ കേരള കോൺഗ്രസിനു (എം) നൽകാനാണ് സിപിഎമ്മുമായുള്ള പ്രാഥമിക ചർച്ചയിലെ ധാരണ. പാലായും നൽകും. കാഞ്ഞിരപ്പള്ളി സീറ്റിൽ തർക്കമുണ്ട്. സിപിഐയുമായി ആശയ വിനിമയം നടത്തി തീരുമാനം എടുക്കും. കോട്ടയം ലോക്‌സഭാ സീറ്റിനൊപ്പം ഇടുക്കിയും കേരളാ കോൺഗ്രസ് സിപിഎമ്മിനോട് ആവശ്യപ്പെടും.

യുഡിഎഫ് വിടാനും എൽഡിഎഫുമായി സഹകരിക്കാനുമുള്ള തീരുമാനം ഇന്നലെ ഉച്ചയ്ക്കാണ് ചെയർമാൻ ജോസ് കെ. മാണി പ്രഖ്യാപിച്ചത്. യുഡിഎഫിൽ നിന്നു കടുത്ത അനീതിയും വ്യക്തിഹത്യയും നേരിട്ട സാഹചര്യത്തിലാണ് തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന കമ്മിറ്റി ഓഫിസിൽ പാർട്ടിയുടെ ഏക ലോക്‌സഭാംഗം തോമസ് ചാഴികാടൻ (കോട്ടയം), എംഎൽഎമാരായ റോഷി അഗസ്റ്റിൻ (ഇടുക്കി), എൻ. ജയരാജ് (കാഞ്ഞിരപ്പള്ളി) എന്നിവരെ കൂടെയിരുത്തിയായിരുന്നു പ്രഖ്യാപനം. ധാർമികതയുടെ പേരിൽ താൻ രാജ്യസഭാ സീറ്റ് രാജിവയ്ക്കുന്നതായും ജോസ് കെ. മാണി പറഞ്ഞു. യുഡിഎഫ് പിന്തുണയോടെയാണ് ജോസ് കെ. മാണി രാജ്യസഭാംഗമായത്. കേരള കോൺഗ്രസിന്റെ 4 എംഎൽഎമാരിൽ പി.ജെ. ജോസഫ് (തൊടുപുഴ), മോൻസ് ജോസഫ് (കടുത്തുരുത്തി) എന്നിവർ യുഡിഎഫിനൊപ്പമാണ്. അഞ്ചാമത്തെ എംഎൽഎ സി.എഫ്. തോമസ് (ചങ്ങനാശേരി) കഴിഞ്ഞ മാസം അന്തരിച്ചു. റോഷി അഗസ്റ്റിനും ജയരാജുമാണ് ജോസ് കെ മാണിക്കൊപ്പമുള്ളത്.

അതിനിടെ ഇടതുപക്ഷത്തുള്ള കേരളാ കോൺഗ്രസുകളെ ജോസ് കെ മാണിക്കൊപ്പം കൊണ്ടു വരാനും നീക്കം സജീവമാണ്. ആന്റണി രാജുവിന്റെ ജനാധിപത്യ കേരളാ കോൺഗ്രസ്, സക്‌റിയാ തോമസിന്റെ കേരളാ കോൺഗ്രസ്. പിന്നെ ബാലകൃഷ്ണ പിള്ളയുടെ കേരളാ കോൺഗ്രസ്. ഈ മൂന്ന് പാർട്ടിക്കും ഓരോ സീറ്റ് വീതം കിട്ടും. ഇതിൽ ആന്റണി രാജുവിന് ജോസ് പക്ഷത്ത് ലയിച്ചാൽ മാത്രമേ സീറ്റ് കിട്ടാൻ ഇടയുള്ളൂ. അങ്ങനെ എങ്കിൽ തിരുവനന്തപുരത്ത് വീണ്ടും മത്സരിക്കാം. സ്‌കറിയാ തോമസിന് പ്രത്യേക സീറ്റ് അനുവദിക്കില്ലെന്നാണ് സൂചന. ജോസ് കെ മാണി അനുവദിച്ചാൽ മാത്രം മത്സരം. ബാലകൃഷ്ണ പിള്ളയ്ക്ക് പത്തനാപുരത്ത് മത്സരിക്കാം. കെബി ഗണേശ് കുമാർ ഒരിക്കലും ജോസ് പക്ഷത്ത് ചേരുമെന്ന് ആരും കരുതുന്നുമില്ല. കെ സി ജോസഫിനും ജോസ് കെ മാണിക്കൊപ്പം ചേരാം. എങ്കിൽ ചങ്ങനാശ്ശേരി പിടിച്ചെടുക്കാമെന്നാണ് സിപിഎം വിലയിരുത്തൽ. കെ സി ജോസഫിനും ആന്റണി രാജുവിനും സീറ്റ് കിട്ടണമെങ്കിൽ ജോസിനൊപ്പം നിലയറുപ്പിക്കേണ്ട അവസ്ഥയാണ് നിലവിലുള്ളത്.

ജോസ് കെ. മാണി എത്തുമ്പോൾ കഴിഞ്ഞ തവണ ഇടതുമുന്നണിയുടെ ഭാഗമായി മത്സരിച്ച ജനാധിപത്യ കേരള കോൺഗ്രസ്, സ്‌കറിയാ തോമസ് വിഭാഗം, ബാലകൃഷ്ണപിള്ള വിഭാഗം തുടങ്ങിയ കക്ഷികളും ഇടതുമുന്നിയിലുണ്ട്. ഫ്രാൻസിസ് ജോർജ് പിജെ ജോസഫിനൊപ്പം പോയി. ഇതോടെ ജനാധിപത്യ കേരളാ കോൺഗ്രസ് ദുർബ്ബലമായി. ഈ സാഹചര്യത്തിലാണ് ആന്റണി രാജുവിനോട് ജോസ് പക്ഷത്തേക്ക് ചേരാൻ ആവശ്യപ്പെടുന്നത്. ജോസ് കെ മാണിയുമായി സിപിഎം സീറ്റുകളുടെ കാര്യത്തിൽ അനൗദ്യോഗിക സംഭാഷണം നടന്നിട്ടുണ്ട്. കാഞ്ഞിരപ്പള്ളി സിപിഐയുടെയും പാലാ എൻ.സി.പിയുടെയും സീറ്റുകളായതിനാൽ അക്കാര്യത്തിൽ തീരുമാനമായില്ല. പാലായ്ക്ക് പകരം എൻ.സി.പിക്ക് ജോസ് കെ. മാണി ഒഴിയുന്ന രാജ്യസഭാ എംപി. സ്ഥാനവുമാണ് വാഗ്ദാനം. എന്നാൽ എൻ.സി.പി. ഇതിന് പൂർണമായി വഴങ്ങിയിട്ടില്ല.

കാഞ്ഞിരപ്പള്ളി സിപിഐ. വിട്ടുകൊടുക്കുന്ന പക്ഷം മറ്റൊരു സീറ്റ് അവർക്ക് നൽകേണ്ടിവരും. സിറ്റിങ് എംഎ‍ൽഎ. എൻ. ജയരാജിനുവേണ്ടി കാഞ്ഞിരപ്പള്ളി ചോദിക്കുന്നതിനാൽ മറ്റൊരു സീറ്റ് കേരള കോൺഗ്രസിന് പകരമാകില്ലെന്നതാണ് പ്രശ്നം. കഴിഞ്ഞ തവണ മത്സരിച്ച തിരുവല്ലയ്ക്ക് പകരമാണ് റാന്നി ആവശ്യപ്പെട്ടത്. മലബാറിൽ ഇടതുമുന്നണി പിന്തുണകൂടി ഉണ്ടെങ്കിൽ ഇരിക്കൂർ, പേരാവൂർ സീറ്റുകളിൽ ജയിക്കാമെന്നാണ് കേരള കോൺഗ്രസിന്റെ കണക്കുകൂട്ടൽ. പിറവം അല്ലെങ്കിൽ പെരുമ്പാവൂർ ചോദിക്കുന്നതും ഈ ഫോർമുല പ്രകാരമാണ്.

ജനാധിപത്യ കേരള കോൺഗ്രസ് കഴിഞ്ഞ പ്രാവശ്യം മത്സരിച്ച തിരുവനന്തപുരം, ചങ്ങനാശ്ശേരി, പൂഞ്ഞാർ, ഇടുക്കി സീറ്റുകളിൽ ചില മാറ്റങ്ങൾ വന്നേക്കും. പൂഞ്ഞാർ, ഇടുക്കി, ചങ്ങനാശ്ശേരി സീറ്റുകളിൽ കേരള കോൺഗ്രസ് മാണി വിഭാഗവുമായിട്ടായിരുന്നു ജനാധിപത്യ കേരള കോൺഗ്രസിന്റെ മത്സരം. സ്‌കറിയാ തോമസ് മത്സരിച്ച കടുത്തുരുത്തിയിലും മാറ്റം വരും. ഈ സീറ്റുകളെ ജയസാധ്യത നോക്കി പുനർവിഭജനം നടത്തും. യു.ഡി.എഫ്. വിട്ട കേരള കോൺഗ്രസ് ജോസ് കെ. മാണി വിഭാഗം ഇടതുമുന്നണിയുമായി സഹകരിക്കാൻ തയ്യാറാണെന്ന് പ്രഖ്യാപിച്ചത് ഇന്നലെയാണ്. ഉടൻ മുഖ്യമന്ത്രി പിണറായി വിജയനും ഇടതുമുന്നണി കൺവീനർ എ. വിജയരാഘവനും ഇതിനെ സ്വാഗതംചെയ്തു. കേരള കോൺഗ്രസ് ഇടതുമുന്നണിയുടെ ഭാഗമാകാൻ ഔപചാരിക പ്രഖ്യാപനമേ ഇനിവേണ്ടൂ.

ബുധനാഴ്ച രാവിലെ പാർട്ടി നേതൃയോഗത്തിനുശേഷം നടത്തിയ പത്രസമ്മേളനത്തിലാണ് യു.ഡി.എഫുമായി 38 വർഷമായുള്ള ബന്ധം ഉപേക്ഷിച്ച് ഇടതുമുന്നണിയുമായി സഹകരിക്കുകയാണെന്ന് ജോസ് കെ. മാണി പ്രഖ്യാപിച്ചത്. യു.ഡി.എഫ്. സർക്കാരിന്റെ കാലത്ത് ബാർ കോഴ അടക്കമുള്ള കേസുകളിൽ രൂപംകൊണ്ട അവിശ്വാസം ഉണ്ടാക്കിയ പ്രശ്‌നങ്ങളുടെ തുടക്കം. കോട്ടയം, ഇടുക്കി, പത്തനംതിട്ട, എറണാകുളം ജില്ലകളിലെ ബാലികേറാമലയായ പല നിയമസഭാ മണ്ഡലങ്ങളുമാണ് ഇടതുമുന്നണിയുടെ ലക്ഷ്യം. 5000-ൽ താഴെ വോട്ടുകൾക്ക് തോൽക്കുന്ന ചില മണ്ഡലങ്ങൾ കേരള കോൺഗ്രസിന്റെ പിൻബലം കൂടിയുണ്ടെങ്കിൽ ജയിക്കാനാകുമെന്ന വിലയിരുത്തലാണ് ഇടതുമുന്നണിക്കുള്ളത്. പരീക്ഷണം വിജയകരമായാൽ ഇടതുമുന്നണിയിലെ ഏറ്റവും മൂല്യമുള്ള ഘടകകക്ഷിയായി കേരളാ കോൺഗ്രസ് മാറും.

തദ്ദേശ തിരഞ്ഞെടുപ്പിനുമുമ്പുതന്നെ കേരള കോൺഗ്രസിനെ മുന്നണിയിലെടുക്കണമെന്ന ചിന്തയാണ് സിപിഎമ്മിനുള്ളത്. സിപിഐ.യുടെ അകൽച്ച ഇല്ലാതാക്കാൻ മുന്നണിയോഗത്തിന് മുന്നോടിയായി സിപിഎം.-സിപിഐ. ചർച്ച വ്യാഴാഴ്ച നടക്കും. തദ്ദേശ തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് ആവശ്യപ്പെടുന്ന സീറ്റുകൾ സിപിഎം. നേരത്തേതന്നെ പ്രാദേശികമായി ശേഖരിച്ചിരുന്നു. ഇടതുപക്ഷമാണ് ശരിയെന്ന് കോട്ടയത്തുചേർന്ന സ്റ്റിയറിങ് കമ്മിറ്റി വിലയിരുത്തി. രാജ്യത്ത് വേരുപാകുന്ന വർഗീയതയ്ക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുകയും കർഷകരുടെ ജീവത്തായ പ്രശ്നങ്ങളിൽ ഇടപെടുകയും ചെയ്യുന്നത് ഇടതുപക്ഷമാണ്. ഇത് തിരിച്ചറിഞ്ഞതിനാലാണ് തീരുമാനമെന്ന് കേരള കോൺഗ്രസ് എം പാർട്ടി ചെയർമാൻ ജോസ് കെ മാണി കോട്ടയം സംസ്ഥാന കമ്മിറ്റി ഓഫീസിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ പറഞ്ഞു. യുഡിഎഫിൽനിന്നുനേടിയ രാജ്യസഭാംഗത്വവും അദ്ദേഹം രാജിവച്ചു.

യുഡിഎഫിനെ കെട്ടിപ്പടുത്ത പാർട്ടിയെ അപമാനിച്ചു; അനീതി കാട്ടി. കേരള കോൺഗ്രസിന് അവകാശപ്പെട്ടതാണ് രാജ്യസഭാ എംപി സ്ഥാനം. എന്നാൽ നിലപാട് ഉയർത്തിപ്പിടിക്കുന്നതിന്റെ ഭാഗമായാണ് സ്ഥാനമൊഴിയുന്നത്. യുഡിഎഫിന്റെയും കോൺഗ്രസിന്റെയും കടുത്ത ചതിയും വഞ്ചനയും കൊണ്ടാണ് 38 വർഷത്തെ ബന്ധം ഉപേക്ഷിക്കുന്നത്. കേവലം ഒരു തദ്ദേശസ്ഥാപന പദവിയുടെ പേരിൽ പാർട്ടിയെ മുന്നണിയിൽനിന്ന് പുറത്താക്കിയത് ചരിത്രത്തിൽ ആദ്യമാണ്. എല്ലാകാലത്തും കർഷകരുടെയും സാധാരണക്കാരുടെയും ഒപ്പമാണ് കേരള കോൺഗ്രസ്. ഇടതുപക്ഷവും അങ്ങനെതന്നെ. കേരളം നേരിടുന്ന കോവിഡ് മഹാമാരിയെ ഫലപ്രദമായി പ്രതിരോധിക്കാനും പ്രകൃതിക്ഷോഭങ്ങളിലും പ്രതിസന്ധികളിലും നാടിനെ മുന്നോട്ടുനയിക്കാനും പിണറായി വിജയൻ സർക്കാരിന് കഴിയുന്നുണ്ട്. ബാർകോഴ പ്രശ്നം ഉൾപ്പെടെയുള്ളവ കോൺഗ്രസിലെ ഒരു വിഭാഗത്തിന്റെ സൃഷ്ടിയാണെന്ന് ജോസ് കെ മാണി പറഞ്ഞു.

എൽഡിഎഫിൽ പോകുന്നതിന് ഉപാധികൾ ഇല്ല. മറ്റു കാര്യങ്ങൾ എൽഡിഎഫ് തീരുമാനിക്കുമെന്നും ജോസ് കെ മാണി വ്യക്തമാക്കി. എംഎൽഎമാരായ റോഷി അഗസ്റ്റിൻ, എൻ ജയരാജ്, തോമസ് ചാഴികാടൻ എംപി എന്നിവർ അടക്കം സംസ്ഥാന നേതാക്കളെല്ലാം വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. രാവിലെ ജോസ് കെ മാണിയുടെ വീട്ടിലാണ് സ്റ്റിയറിങ് കമ്മിറ്റി ചേർന്ന് എൽഡിഎഫുമായി സഹകരിച്ച് പ്രവർത്തിക്കുമെന്ന തീരുമാനം അംഗീകരിച്ചത്. ആത്മാഭിമാനം യുഡിഎഫിന് മുന്നിൽ അടിയറ വയ്ക്കില്ലെന്നും നാല് പതിറ്റാണ്ടായി മുന്നണിക്കൊപ്പംനിന്ന പാർട്ടിയെയും ജനങ്ങളേയും അപമാനിച്ചതായും ജോസ് കെ മാണി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ചില കോൺഗ്രസ് നേതാക്കൾ കേരള കോൺഗ്രസിനെ മുഖ്യശത്രുവായി കാണുന്നുവെന്ന് കെ എം മാണിക്ക് ബോധ്യപ്പെട്ടതിനെതുടർന്നാണ് 2016ൽ മുന്നണിവിട്ടത്.

കെ എം മാണിയാണ് യുഡിഎഫ് കെട്ടിപ്പടുത്തത്. ആ പ്രസ്ഥാനത്തിൽ തുടരാൻ കേരള കോൺഗ്രസിന് അർഹതയില്ലെന്ന് പ്രഖ്യാപിച്ചതും അവർതന്നെ. യുഡിഎഫിന്റെ ഉയർച്ചയിലും താഴ്ചയിലും ജയപരാജയങ്ങളിലും നിഴൽപോലെ കേരള കോൺഗ്രസ് ഉണ്ടായി. 2016ൽ യുഡിഎഫിൽനിന്നും പുറത്തുപോയശേഷവും അവരെ വിശ്വാസത്തിലെടുത്താണ് തിരികെയെത്തിയത്. കോൺഗ്രസ് കേന്ദ്രങ്ങളിൽനിന്ന് കടുത്ത അനീതി നേരിടേണ്ടിവന്നു. പാലാ ഉപതെരഞ്ഞെടുപ്പിൽ ചതിച്ചു. ഞങ്ങളുടെ എംഎൽഎമാർക്ക് നിയമസഭയിൽപോലും തികഞ്ഞ അപമാനം നേരിടേണ്ടിവന്നു. വ്യക്തിഹത്യചെയ്യാൻ പി ജെ ജോസഫ് ശ്രമിച്ചു. പാർട്ടിയും പാർട്ടി ഓഫീസും പിടിച്ചെടുക്കാനും കെ എം മാണിയുടെ വീട് മ്യൂസിയമാക്കാനും നീക്കം നടത്തി. എന്നിട്ടും പരാതികൾ പരസ്യമാക്കാതെ മുന്നണിയിൽ പരിഹാരമുണ്ടാക്കാനാണ് ശ്രമിച്ചത്. എന്നാൽ, ഇതൊന്നും പരിഹരിക്കാനല്ല യുഡിഎഫ് നേതൃത്വം ശ്രമിച്ചത്. മറിച്ച്, ജോസഫിന്റെ പ്രവൃത്തികൾക്ക് മൗനസമ്മതം നൽകുകയായിരുന്നെന്നും ജോസ് കെ മാണി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP