Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202024Tuesday

ഇനി മുതൽ സഖാവ് ജോസ് കെ മാണി; കേരള കോൺ​ഗ്രസിനെ ഇടതുമുന്നണിയിലെടുക്കാൻ തീരുമാനിച്ചത് ഐക്യകണ്ഠേന; എൻസിപിയുടെ ആശങ്കകൾ പിന്നീട് പരിഹരിക്കാമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്; അടുത്ത മുന്നണി യോ​ഗത്തിൽ കേരള കോൺ​ഗ്രസ് (എം) പ്രതിനിധിക്കും പങ്കെടുക്കാം

ഇനി മുതൽ സഖാവ് ജോസ് കെ മാണി; കേരള കോൺ​ഗ്രസിനെ ഇടതുമുന്നണിയിലെടുക്കാൻ തീരുമാനിച്ചത് ഐക്യകണ്ഠേന; എൻസിപിയുടെ ആശങ്കകൾ പിന്നീട് പരിഹരിക്കാമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്; അടുത്ത മുന്നണി യോ​ഗത്തിൽ കേരള കോൺ​ഗ്രസ് (എം) പ്രതിനിധിക്കും പങ്കെടുക്കാം

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കേരളാ കോൺഗ്രസ് എം ജോസ് കെ മാണി വിഭാ​ഗം ഇടതുമുന്നണിയുടെ ഔദ്യോഗിക ഘടകകക്ഷിയായി. എൽ ഡി എഫ് യോ​ഗത്തിന് ശേഷം കൺവീനർ എ വിജയരാഘവൻ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഇടത് മുന്നണിയിലെ പതിനൊന്നാമത്തെ ഘടകക്ഷിയാണ് കേരള കോൺഗ്രസ് (എം) ജോസ് കെ മാണി വിഭാഗം. കേരള രാഷ്ട്രീയ ചരിത്രത്തിലെ സുപ്രധാനമായ മാറ്റമാണ് ജോസ് കെ മാണിയുടെ മുന്നണി പ്രവേശമെന്ന് വിജയരാഘവൻ പറഞ്ഞു. ഇത് യുഡിഎഫിനെ ദുർബലപ്പെടുത്തുമെന്നും അ​ദ്ദേഹം ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ദിവസം സിപിഐയും ജോസ് കെ മാണിയെ മുന്നണിയിൽ എടുക്കുന്നതിന് പച്ചക്കൊടി കാണിച്ചതോടെയാണ് കാര്യങ്ങൾ എളുപ്പമായത്. മറ്റ് പാർട്ടികളെ മുന്നണിയിൽ എടുക്കുന്നതിന് കാലതാമസം നേരിട്ടിരുന്നു. എന്നാൽ ജോസ് വിഭാഗത്തിന്റെ അംഗത്വത്തിന് അത്തരത്തിലുള്ള യാതൊരുവിധ താമസവുമുണ്ടായില്ല. 40 വർഷക്കാലം യു ഡി എഫിനൊപ്പം നിന്നശേഷമാണ് മാണി വിഭാഗം എൽ ഡി എഫിൽ എത്തുന്നത്. അടുത്ത എൽ ഡി എഫ് യോഗത്തിൽ ജോസ് കെ മാണി പങ്കെടുക്കും.

തിരുവനന്തപുരത്ത് ചേർന്ന ഇടതുമുന്നണിയോഗത്തിലാണ് ജോസ് കെ മാണിയെ ഔദ്യോഗിക ഘടകകക്ഷിയാക്കാനുള്ള ധാരണയായത്. എൽഡിഎഫ് കൺവീനർ എ വിജയരാഘവനാണ്, ജോസ് കെ മാണിയെ മുന്നണിയിലെടുക്കാമെന്ന നിർദ്ദേശം അവതരിപ്പിച്ചത്. ഇത് എല്ലാ ഘടകകക്ഷികളും, സിപിഐ ഉൾപ്പടെ, അംഗീകരിച്ചു. മുന്നണി അംഗത്വത്തിന് എല്ലാ ഘടകകക്ഷികളുടെയും അംഗീകാരത്തോടെ, കേരളാ കോൺഗ്രസ് എം എൽഡിഎഫിൽ ഔദ്യോഗിക ഘടകകക്ഷിയായി.

ഇടയ്ക്ക് സിറ്റിങ് സീറ്റുകളിൽ ആശങ്കയറിയിച്ച് എൻസിപി രംഗത്തെത്തിയെങ്കിലും ഇടപെട്ടത് മുഖ്യമന്ത്രിയാണ്. പാലായിൽ എന്തെങ്കിലും ധാരണയുണ്ടെങ്കിൽ അത് വ്യക്തമാക്കണമെന്ന് എൻസിപി എൽഡിഎഫ് യോഗത്തിൽ ആവശ്യപ്പെട്ടു. ഇപ്പോൾ എൻസിപി നേതാവ് മാണി സി കാപ്പനാണ് പാലാ എംഎൽഎ. കെ എം മാണിയുടെ മരണത്തിന് ശേഷം നടന്ന തെരഞ്ഞെടുപ്പിൽ കേരളാ കോൺഗ്രസ് എം സ്ഥാനാർത്ഥിയെ തോൽപ്പിച്ചാണ് മാണി സി കാപ്പൻ ജയിച്ചത്. അത്രയും കടുത്ത പോരാട്ടത്തിലൂടെ പിടിച്ചെടുത്ത സീറ്റ് അങ്ങനെ വിട്ടുനൽകാൻ എൻസിപിക്കും മനസ്സില്ല. എന്നാൽ അക്കാര്യങ്ങളെല്ലാം പിന്നീട് ചർച്ച ചെയ്യാമെന്നായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്. നിലവിൽ കേരളാ കോൺഗ്രസ് എമ്മിലെ ജോസ് കെ മാണി പക്ഷം എൽഡിഎഫിലേക്ക് വരുന്നത് മുന്നണിക്ക് ഗുണം ചെയ്യും. യുഡിഎഫ് ദുർബലമാകുകയും ചെയ്യും. അതിനാൽ അക്കാര്യമാണ് പ്രധാനമെന്നും മുഖ്യമന്ത്രി നിലപാടെടുത്തു.

ഈ മാസം 14നാണ് ജോസ് കെ മാണി തന്റെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയത്. അനിശ്ചിതത്വത്തിനും അഭ്യൂഹങ്ങൾക്കൊടുവിലാണ് ജോസ് കെ. മാണി ആ രാഷ്ട്രീയ തീരുമാനം പ്രഖ്യാപിച്ചത്. കേരള കോൺഗ്രസ് ജോസ്.കെ മാണി പക്ഷം ഇനി ഇടതുപക്ഷത്തിനൊപ്പമാണെന്നും എംപി സ്ഥാനം രാജിവെക്കുമെന്നും ജോസ് കെ മാണി അറിയിച്ചു.

ഒരു പഞ്ചായത്തിന്റെ പേരിലാണ് തങ്ങളെ മുന്നണിയിൽനിന്ന് പുറത്താക്കിയതെന്നും ആത്മാഭിമാനം അടിയറവെച്ച് മുന്നോട്ട് പോകാനാകില്ലെന്നും എൽ.ഡി.എഫ്. മുന്നണി പ്രവേശനം പ്രഖ്യാപിക്കവേ ജോസ് കെ. മാണി വ്യക്താക്കി. എംഎൽഎമാർ ഉൾപ്പെടെ മാണിക്കൊപ്പം നിന്നവരെ കോൺഗ്രസ് അപമാനിച്ചു. ഒരു ചർച്ചയ്ക്ക് പോലും കോൺഗ്രസ് ഇതുവരെ തയ്യാറായില്ല. തിരിച്ചെടുക്കാൻ ഒരു ഫോർമുല പോലും മുന്നോട്ട് വെച്ചില്ല. പാർട്ടിയെ ഹൈജാക്ക് ചെയ്യാനും ശ്രമം ഉണ്ടായി. കോൺഗ്രസ് ജോസഫിനൊപ്പമാണ് നിന്നത്. ജോസഫ് നീചമായ വ്യക്തിഹത്യ നടത്തിയെന്നും ജോസ് കെ. മാണി ആരോപിച്ചു.

14ന് രാവിലെ ചേർന്ന പാർലമെന്ററി പാർട്ടി യോഗം ആദ്യം എൽ.ഡി.എഫിനൊപ്പം ചേരാനുള്ള തീരുമാനം അംഗീകരിച്ചു. ഒൻപത് മണിയോടെയാണ് പാർലമെന്ററി പാർട്ടി യോഗം ചേർന്നത്. തോമസ് ചാഴിക്കാടൻ എംപി., റോഷി അഗസ്റ്റിൻ, എൻ. ജയരാജ് എന്നീ എംഎൽഎമാരുമാണ് ജോസ് കെ. മാണിയെ കൂടാതെ യോഗത്തിൽ പങ്കെടുത്തത്. തുടർന്ന് പിതാവ് കെ.എം. മാണിയുടെ കല്ലറയിൽ എത്തി പ്രാർത്ഥിച്ചു. 9.40-ഓടെ പാർട്ടി ആസ്ഥാനത്തേക്ക് ജോസ് കെ. മാണിയും നേതാക്കളും തിരിച്ചു. കോട്ടയത്ത് ചേർന്ന നേതൃ യോഗത്തിന് ശേഷമാണ് ജോസ് കെ. മാണി രാഷ്ട്രീയ നിലപാട് പ്രഖ്യാപിച്ചത്.

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ധാരണപ്രകാരം ജോസഫ് പക്ഷത്തിന് വിട്ടുകൊടുക്കണമെന്ന ആവശ്യവും അങ്ങനെയൊരു ധാരണയില്ലെന്ന് പറഞ്ഞ് അതിന് വഴങ്ങാതെ വന്നതോടെ തുടങ്ങിയ ഭിന്നതയാണ് ഇപ്പോൾ ജോസിനെയും കൂട്ടരേയും എൽ.ഡി.എഫിൽ എത്തിച്ചിരിക്കുന്നത്. മധ്യതിരുവതാംകൂറിൽ പ്രത്യേകിച്ച് ക്രിസ്ത്യൻ വിഭാഗത്തിനിടയിൽ ജോസിന്റെ വരവ് ഗുണം ചെയ്യുമെന്ന കണക്കുകൂട്ടലിലാണ് ജോസിനെ ഒപ്പം കൂട്ടാൻ സിപിഎമ്മിനെ പ്രേരിപ്പിച്ചത്. തർക്കമുള്ള പാലാ, കാഞ്ഞിരപ്പള്ളി സീറ്റുകളുടെ കാര്യത്തിൽ സിപിഎം. ഇടപെട്ട് സമവായമുണ്ടാക്കുമെന്ന് ജോസ് കെ. മാണിക്ക് ഉറപ്പ് ലഭിച്ചതായാണ് റിപ്പോർട്ടുകൾ.

കേരള കോൺ​ഗ്രസിന്റെ മുന്നണി പ്രവേശനത്തിന് എക്കാലവും ഉടക്കുമായി നിന്നിരുന്ന സിപിഐയും നിലപാട് മാറ്റിയതോടെയാണ് ജോസ് കെ മാണിയുടെ മുന്നണി പ്രവേശനം സു​ഗമമായത്. ഇന്നലെ ചേർന്ന സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് യോ​ഗം ജോസ് കെ മാണിയെ മുന്നണിയിലെടുക്കുന്നതിന് പാർട്ടി എതിര് നിൽക്കേണ്ടതിലെന്ന ധാരണയിൽ എത്തുകയായിരുന്നു.

ഇക്കാര്യത്തിൽ ഇടത് മുന്നണിയുടെ പൊതുനിലപാടിനെ പിന്തുണയ്ക്കാനാണ് സിപിഐ തീരുമാനിച്ചത്. ജോസ് പക്ഷത്തെ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ നേരത്തെ സ്വാഗതം ചെയ്തിരുന്നെങ്കിലും ജില്ലാഘടകങ്ങളും ചില സംസ്ഥാന നേതാക്കളും ഇക്കാര്യത്തിൽ ഭിന്നാഭിപ്രായം പ്രകടിപ്പിച്ചതായി റിപ്പോർട്ടുകൾ വന്നിരുന്നു.

ഇടതു മുന്നണിയാണ് ശരിയെന്ന ജോസ് കെ മാണിയുടെ നിലപാട് സ്വാഗതാർഹമാണെന്ന് സിപിഐ നേതൃയോഗം വിലയിരുത്തി. ജോസ് കെ മാണി രാഷ്ട്രീയ നിലപാടിൽ മാറ്റം വരുത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ജോസ് കെ മാണിയുടെ നേതൃത്വത്തിലുള്ള വിഭാഗം മുന്നണിയിലേക്കു വരുന്നത് ഗുണമെന്ന് എൽഡിഎഫ് ഘടകകക്ഷികൾ കരുതുന്നെങ്കിൽ അതിനൊപ്പം നിൽക്കും. യുഡിഎഫ് ദുർബലപ്പെടുന്നത് രാഷ്ട്രീയമായി ഉപയോഗപ്പെടുത്തേണ്ടതാണെന്നും യോഗത്തിൽ അഭിപ്രായമുയർന്നിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP