Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'മുന്നോട്ടുള്ള യാത്രയിൽ മാണി സാർ നമുക്കൊപ്പമുണ്ട്; ആ പാത പിന്തുടരാൻ തീർച്ചയായും കഠിനാധ്വാനം ചെയ്യും; പാർട്ടിയെ ഒരു ഘട്ടത്തിലും കൈവിടില്ല, ഒറ്റക്കെട്ടായി തന്നെ മുന്നോട്ടു പോകും'; കേരളാ കോൺഗ്രസ് ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട ജോസ് കെ മാണിയുടെ ആദ്യ പ്രസംഗം ഇങ്ങനെ; യോഗത്തിന് ശേഷം ജോസ് കെ മാണി ചുമതലയേൽക്കാൻ പാർട്ടി ഓഫീസിൽ എത്തിയത് തുറന്ന വാഹനത്തിൽ അണികളുടെ ആവേശം ഏറ്റുവാങ്ങി; ഇന്നത്തെ സംഭവം പ്രയാസമുണ്ടാക്കിയെങ്കിലും പാർട്ടിക്കൊപ്പമെന്ന് സിഎഫ് തോമസും

'മുന്നോട്ടുള്ള യാത്രയിൽ മാണി സാർ നമുക്കൊപ്പമുണ്ട്; ആ പാത പിന്തുടരാൻ തീർച്ചയായും കഠിനാധ്വാനം ചെയ്യും; പാർട്ടിയെ ഒരു ഘട്ടത്തിലും കൈവിടില്ല, ഒറ്റക്കെട്ടായി തന്നെ മുന്നോട്ടു പോകും'; കേരളാ കോൺഗ്രസ് ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട ജോസ് കെ മാണിയുടെ ആദ്യ പ്രസംഗം ഇങ്ങനെ; യോഗത്തിന് ശേഷം ജോസ് കെ മാണി ചുമതലയേൽക്കാൻ പാർട്ടി ഓഫീസിൽ എത്തിയത് തുറന്ന വാഹനത്തിൽ അണികളുടെ ആവേശം ഏറ്റുവാങ്ങി; ഇന്നത്തെ സംഭവം പ്രയാസമുണ്ടാക്കിയെങ്കിലും പാർട്ടിക്കൊപ്പമെന്ന് സിഎഫ് തോമസും

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: പിതാവ് കെ എം മാണി നട്ടുനനച്ചു വളർത്തിയ കേരളാ കോൺഗ്രസ് എം എന്ന രാഷ്ട്രീയ പാർട്ടിയിൽ അദ്ദേഹത്തിന്റെ പിൻഗാമിയായി ഇന്ന് കോട്ടയത്തു ചേർന്ന സംസ്ഥാന കമ്മിറ്റി യോഗം ജോസ് കെ മാണിയെ തെരഞ്ഞെടുക്കുകയായിരുന്നു. നിരവധി വെല്ലുവിളികൾക്ക് നടുവിലാണ് ജോസ് കെ മാണി കേരളാ കോൺഗ്രസ് ചെയർമാൻ പദവിയിലേക്ക് എത്തുന്നത്. ഇടഞ്ഞു നിൽക്കുന്ന പി ജെ ജോസഫ് വിഭാഗം അംഗീകരിക്കാത്ത തെരഞ്ഞെടുപ്പും യോഗവുമാണ് നടന്നത്. അതുകൊണ്ട് തന്നെ തുടർന്നങ്ങോട്ട് ജോസ് കെ മാണിക്ക് മുന്നിൽ വലിയ വെല്ലുവിളികളാണ് നേരിടാനുള്ളത്. എന്തായാലും പിതാവിന്റെ പാതയിൽ മുന്നേറുമെന്നാണ് ജോസ് കെ മാണി അണികളോട് ഇന്ന് പറഞ്ഞിരിക്കുന്നത്.

437 അംഗ സംസ്ഥാന സമിതിയിൽ 325 പേരും പങ്കെടുത്ത യോഗത്തിലാണ് ജോസ് കെ മാണിയെ ചെയർമാനായി തിരഞ്ഞെടുത്തത്. യോഗത്തിൽ പങ്കെടുത്ത എല്ലാവരും തീരുമാനത്തെ അംഗീകരിച്ചു. മൂന്ന് എംഎൽഎമാർ പി.ജെ.ജോസഫിനൊപ്പമാണ്. രണ്ടു പേർ ജോസ് പക്ഷത്തും. പി ജെ ജോസഫ്, മോൻസ് ജോസഫ്, സിഎഫ് തോമസ് എന്നിവർ ജോസഫ് പക്ഷത്തും റോഷി അഗസ്റ്റിൻ, എൻ ജയരാജ് എന്നിവർ ജോസ് കെ മാണിയോടും കൂറു പുലർത്തിയിരിക്കയാണ്. പാർട്ടിയുടെ ഏക എംപി തോമസ് ചാഴിക്കാടനും ജോസ് കെ മാണിയെ അനുകൂലിക്കുന്നു.

ജോസ് കെ മാണിയെ ചെയർമാനായി തെരഞ്ഞെടുത്ത സംസ്ഥാന സമിതി തീരുമാനത്തിൽ കെ എം മാണിയുടെ ആത്മാവ് സന്തോഷിക്കുന്നുണ്ടാകുമെന്ന് റോഷി അഗസ്റ്റിൻ എംഎൽഎ പറഞ്ഞു. തെരഞ്ഞെടുത്ത ശേഷം നടത്തിയ ആദ്യ പ്രസംഗത്തിൽ പ്രവർത്തകർക്ക് നന്ദി പറഞ്ഞാണ് ജോസ് കെ മാണി തുടങ്ങിയത്. തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള പ്രവർത്തകർക്ക് ജോസ് കെ. മാണി നന്ദി പറഞ്ഞു. 'ഇപ്പോഴൊന്നും പറയാനില്ല. ഇതിനു ശേഷം പലതും പറയാനുണ്ട്. അതിലേക്കു കടക്കുന്നില്ല. മുന്നോട്ടുള്ള യാത്രയിൽ മാണി സാർ നമുക്കൊപ്പമുണ്ട്. മാണി സാറിന്റെ പാത പിന്തുടരാൻ തീർച്ചയായും കഠിനാധ്വാനം ചെയ്യും. പാർട്ടിയെ ഒരു ഘട്ടത്തിലും കൈവിടില്ല, ഒറ്റക്കെട്ടായി തന്നെ മുന്നോട്ടു പോകും...' ചെയർമാനായതിനു ശേഷമുള്ള ആദ്യ പ്രസംഗത്തിൽ ജോസ് കെ.മാണി പറഞ്ഞു.

പാർട്ടി ഭരണഘടനപ്രകാരം വ്യവസ്ഥാപിതമാർഗത്തിലൂടെയാണ് യോഗം വിളിച്ചത്. ഇത് ഫാൻസ് അസോസിയേഷൻ യോഗമാണെന്ന പി.ജെ. ജോസഫിന്റെ പ്രസ്താവന മറുപടി അർഹിക്കുന്നില്ലെന്നും ജോസ് കെ.മാണി പറഞ്ഞു. കമ്മിറ്റി യോഗത്തെപ്പറ്റി പി.ജെ. ജോസഫ് ഉൾപ്പെടെ എല്ലാവരെയും അറിയിച്ചിരുന്നു. ജോസഫ് വിഭാഗത്തിന്റെ ഭാഗത്തു നിന്നു പ്രതിഷേധത്തിനു സാധ്യതയുള്ളതിനാൽ തന്നെ, സംസ്ഥാന സമിതി യോഗം നടക്കുന്ന ഹാളിലേക്കു പരിശോധനയ്ക്കു ശേഷമാണ് അംഗങ്ങളെ കടത്തി വിട്ടത്. ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടു കഴിഞ്ഞാൽ ജോസ് കെ.മാണിയെ ആനയിച്ചു കൊണ്ടുപോകാനുള്ള വാഹനം ഉൾപ്പെടെ തയാറായിരുന്നു.

അടച്ചിട്ട ഹാളിലായിരുന്നു വൈകിട്ട് മൂന്നോടെ യോഗം നടന്നത്. അധികം വൈകാതെ തന്നെ ചെയർമാനായി ജോസ് കെ.മാണിയെ തിരഞ്ഞെടുത്ത തീരുമാനം വന്നു. ഇതോടെ അണികൾ മുദ്രാവാക്യം വിളിച്ചു യോഗ ശേഷം പാർട്ടി ഓഫീസിലേക്ക് ജോസിനെ തുറന്ന വാഹനത്തിലാണ് കൊണ്ടുപോയത്. നൂറു കണക്കിന് പ്രവർത്തകരും ജോസ് കെ മാണിക്ക് അകമ്പടിയായി യാത്ര ചെയ്തു. ഇന്ന് ചേർന്ന യോഗത്തിൽ സിഎഫ് തോമസ് പങ്കെടുത്തിരുന്നില്ല. തിരഞ്ഞെടുപ്പ് കമ്മിഷൻ അംഗീകരിക്കുന്ന കേരള കോൺഗ്രസ് എമ്മിൽ താനുണ്ടാകുമെന്ന് മുതിർന്ന നേതാവ് സി.എഫ്. തോമസ് വ്യക്തമാക്കി.

ഇന്നലെ കേരള കോൺഗ്രസ് എമ്മിലായിരുന്നു. ഇന്നും അങ്ങനെത്തന്നെ. നാളെയും അതു തുടരുംപാർട്ടി ഡപ്യൂട്ടി ചെയർമാൻ കൂടിയായ അദ്ദേഹം പറഞ്ഞു. പാർട്ടി പിളർപ്പിലേക്കു പോകുന്ന ഘട്ടത്തിൽ സി.എഫ്. തോമസ് ആർക്കൊപ്പമായിരിക്കുമെന്ന കാര്യത്തിൽ ഇതുവരെ വ്യക്തയുണ്ടായിരുന്നില്ല. വെള്ളിയാഴ്ച പി.ജെ. ജോസഫ് തിരുവനന്തപുരത്തു വിളിച്ചു ചേർത്ത യോഗത്തിൽ തോമസിനെ പങ്കെടുപ്പിക്കാൻ ശ്രമിച്ചുവെങ്കിലും അദ്ദേഹം വന്നില്ല. ശനിയാഴ്ച കേരള കോൺഗ്രസ് സംസ്ഥാന കമ്മിറ്റി ഓഫിസിൽ ചേർന്ന ജോസ്.കെ. മാണി വിഭാഗത്തിന്റെ യോഗത്തിലും ഞായറാഴ്ച നടന്ന സമാന്തര യോഗത്തിലും സിഎഫ് പങ്കെടുത്തില്ല. സിഎഫിന്റെ പിന്തുണ ജോസഫ് വിഭാഗം അവകാശപ്പെടുന്നുണ്ട്. എന്നാൽ തിരഞ്ഞെടുപ്പ് കമ്മിഷൻ അംഗീകരിക്കുന്ന കേരള കോൺഗ്രസ് എമ്മിനൊപ്പമായിരിക്കും താനെന്നായിരുന്നു സിഎഫിന്റെ മറുപടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP