Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

എകെജി സെന്ററിൽ ചെല്ലുന്നതിന് മുമ്പ് എംഎൻ സ്മാരകത്തിൽ ചെന്നത് മഞ്ഞുരുകാൻ കാരണമായി; കാഞ്ഞിരപ്പള്ളി അടക്കം തർക്കമുള്ള സീറ്റുകളും വിട്ടുകൊടുക്കും; പ്രവേശന പരീക്ഷക്ക് പിന്നാലെ അഭിമുഖവും ജോസ് കെ മാണി നല്ല മാർക്കിൽ പാസായതോടെ ഇനി അറിയേണ്ടത് പരീക്ഷാ ഫലം മാത്രം

എകെജി സെന്ററിൽ ചെല്ലുന്നതിന് മുമ്പ് എംഎൻ സ്മാരകത്തിൽ ചെന്നത് മഞ്ഞുരുകാൻ കാരണമായി; കാഞ്ഞിരപ്പള്ളി അടക്കം തർക്കമുള്ള സീറ്റുകളും വിട്ടുകൊടുക്കും; പ്രവേശന പരീക്ഷക്ക് പിന്നാലെ അഭിമുഖവും ജോസ് കെ മാണി നല്ല മാർക്കിൽ പാസായതോടെ ഇനി അറിയേണ്ടത് പരീക്ഷാ ഫലം മാത്രം

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: യുഡിഎഫിൽ നിന്നും പുറത്താക്കപ്പെട്ട കേരളാ കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തിന് ഏതാനും ദിവസങ്ങളായി പരീക്ഷണങ്ങളുടെ കാലമായിരുന്നു. പരീക്ഷയും അഭിമുഖവുമൊക്കെയായി മുന്നോട്ടു പോയ ഇവർക്ക് ഇനി അറിയേണ്ടത് പരീക്ഷാ ഫലം മാത്രമാണ്. ഇടതു മുന്നണിയിലേക്കുള്ള പ്രവേശനം ഉറപ്പായെങ്കിലും ഇതുവരെ ആശങ്കയായി നിലനിന്നത് സിപിഐയുടെ നിലപാടിയിരുന്നു. ഈ വിഷയത്തിലും ഒടിവിൽ ജോസ് കെ മാണി നല്ല മാർക്കു ഉറപ്പിച്ചു. മുൻകാലങ്ങളിലുണ്ടായിരുന്ന എതിർപ്പുകൾ മാറ്റിവെച്ച് ജോസ് കെ മാണി വിഭാഗത്തെ വാരിപ്പുണരാൻ സിപിഐയും തയ്യാറായിട്ടുണ്ട്.

പ്രവേശനപരീക്ഷയെന്ന സിപിഎം. സമ്മതം നേരത്തേതന്നെ വിജയിച്ച ജോസ് കെ മാണിക്കും കൂട്ടർക്കും കടുത്ത പരീക്ഷണമായിരുന്നു സിപിഐ നിലപാട്. എന്നാൽ പ്രവേശനപരീക്ഷയും ഇപ്പോൾ അഭിമുഖവും വിജയിച്ച ജോസ് കെ.മാണിക്ക് മുന്നണിപ്രവേശനം ഇനി ഔപചാരികംമാത്രമായി അവശേഷിക്കുകയാണ്. നേരത്തെ ജോസ് കെ മാണിയുടെ കൂടിക്കാഴ്‌ച്ചകളും മുന്നണി പ്രവേശനം എളുപ്പമാക്കിയിരുന്നു. സിപിഎം ഓഫീസായ എകെജി സെന്ററിൽ പോകുന്നതിന് മുമ്പ് എംഎൻ സ്മാരകത്തിലെത്തി കാനത്തെയാണ് ജോസ് കെ മാണി കണ്ടത്. ഈ കൂടിക്കാഴ്‌ച്ച നിർണായകമായി മാറുകയും ചെയ്തു.

മുന്നണിയിലെ രണ്ടാം കക്ഷിക്ക് അർഹിക്കുന്ന പരിഗണന നൽകിയതോടെയാണ് മുന്നണി പ്രവേശനം എളുപ്പമായി മാറിയത്. ജോസ് കെ.മാണിയെ ഇടതുമുന്നണിയിലെടുക്കുന്ന വിഷയത്തിൽ സിപിഎം. ചർച്ചകളുമായി ഏറെ മുന്നോട്ടുപോയെന്ന് സിപിഐ.ക്ക് പരിഭവമുണ്ടായിരുന്നു. ശ്വാസത്തിനുവേണ്ടി പിടയുന്നവർക്കുള്ള വെന്റിലേറ്ററല്ല ഇടതുമുന്നണിയെന്ന്, കടുത്തഭാഷയിൽ സിപിഐ. ജോസിന്റെ നീക്കത്തെ വിമർശിക്കുകയും ചെയ്തു. പിന്നീട് നിടപാട് മയപ്പെടുത്തിയെങ്കിലും കോട്ടയം ജില്ലാഘടകം ഒരുപടികൂടി കടന്ന് പരസ്യമായി രംഗത്തു വരികയും ചെയ്തിരുന്നു.

ജോസ് വരുന്നത് അദ്ഭുതമൊന്നും ഉണ്ടാക്കില്ലെന്ന് ജില്ലാ സെക്രട്ടറി സി.കെ.ശശിധരൻ പറഞ്ഞെങ്കിലും, കഴിഞ്ഞയാഴ്ച നിലപാട് മയപ്പെടുത്തി. മുന്നണിയുടെ പൊതുവായ നിലപാടിനും ഭരണതുടർച്ചക്കും ഇത് വഴിയൊരുക്കമെങ്കിൽ അത് ഗുണകരമായി മാറുമെന്നാണ് വിലയിരുത്തലേക്ക് സിപിഐ എത്തി. എങ്കിലും കാഞ്ഞിരപ്പള്ളിയെന്ന പാർട്ടിയുടെ മണ്ഡലം വിട്ടുനൽകുന്ന കാര്യത്തിൽ മടിയുണ്ടായിരുന്നെന്നത് വാസ്തവം.

അതേസമയം കോട്ടയത്ത് സിപിഎം. ജോസ് കെ.മാണിയുമായുള്ള ചർച്ചയ്ക്ക് വലിയതോതിൽ മുൻകൈയെടുത്ത സമയത്താണ് സിപിഐ. എതിർപ്പുമായി നിന്നത്. ഏറ്റുമാനൂർ, പാലാ, പൂഞ്ഞാർ, ചങ്ങനാശ്ശേരി, കാഞ്ഞിരപ്പള്ളി മണ്ഡലങ്ങളിൽ ജോസ് വിഭാഗം വരുന്നത് ഗുണംചെയ്യുമെന്ന വിശ്വാസമാണ് സിപിഎമ്മിനെ നയിച്ചത്. ജോസ് കെ.മാണി, കാനം രാജേന്ദ്രനെ നേരിട്ടുകണ്ട് ചർച്ച നടത്തിയതും മഞ്ഞുരുക്കി. രാഷ്ട്രീയം പറഞ്ഞ്, ഇടതുമുന്നണി നല്ലതാണെന്ന നിലപാടുമായി ജോസ് വിഭാഗം വരുന്നതിനെ സ്വാഗതംചെയ്യുന്നതായി കഴിഞ്ഞയാഴ്ച അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ഇനി ഔപചാരികമായ മുന്നണി പ്രവേശനമാണ് ജോസ് കെ മാണിക്ക് മുന്നിലുള്ളത്. എൻസിപി ഇപ്പോഴും ഉടക്കുമായി രംഗത്തുണ്ടെങ്കിലും അതും പരിഹരിക്കാമെന്ന് പ്രതീക്ഷയാണ് ജോസ് കെ മാണിക്കുള്ളത്. ഇടതു മുന്നണിയാണ് ശരിയെന്ന ജോസ് കെ മാണിയുടെ നിലപാട് സ്വാഗതാർഹമാണെന്ന് സിപിഐ നേതൃയോഗം വിലയിരുത്തിയിട്ടുണ്ട്. ജോസ് കെ മാണി രാഷ്ട്രീയ നിലപാടിൽ മാറ്റം വരുത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ജോസ് കെ മാണിയുടെ നേതൃത്വത്തിലുള്ള വിഭാഗം മുന്നണിയിലേക്കു വരുന്നത് ഗുണമെന്ന് എൽഡിഎഫ് ഘടകകക്ഷികൾ കരുതുന്നെങ്കിൽ അതിനൊപ്പം നിൽക്കും. യുഡിഎഫ് ദുർബലപ്പെടുന്നത് രാഷ്ട്രീയമായി ഉപയോഗപ്പെടുത്തേണ്ടതാണെന്നും യോഗത്തിൽ അഭിപ്രായമുയർന്നു.

22ന് ചേരുന്ന എൽഡിഎഫ്. യോഗത്തിൽ, ഭൂരിപക്ഷം കക്ഷികൾ എടുക്കുന്ന തീരുമാനത്തിന് അനുസൃതമായ നിലപാട് തന്നെ സിപിഐയും എടുക്കും. ജോസ് കെ. മാണി പക്ഷത്തെ എൽഡിഎഫിലേക്ക് എടുക്കാനാണ് സിപിഎമ്മും മറ്റു കക്ഷികളും തീരുമാനിക്കുന്നതെങ്കിൽ സിപിഐ അതിനോട് യോജിക്കും. ഇനി ജോസ് കെ. മാണി പക്ഷവുമായി ധാരണയിൽ പോകാനാണ് എൽഡിഎഫ് യോഗത്തിൽ തീരുമാനിക്കുന്നതെങ്കിൽ അതിനെയും സിപിഐ. അനുകൂലിക്കും. ജോസ് കെ. മാണി എൽഡിഎഫിലേക്ക് വരുന്നത് ഗുണം ചെയ്യുമെന്ന് നേരത്തെ കാനം രാജേന്ദ്രൻ ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു.

ഈ മാസം 14നാണ് ജോസ് കെ മാണി തന്റെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയത്. അനിശ്ചിതത്വത്തിനും അഭ്യൂഹങ്ങൾക്കൊടുവിലാണ് ജോസ് കെ. മാണി ആ രാഷ്ട്രീയ തീരുമാനം പ്രഖ്യാപിച്ചത്. കേരള കോൺഗ്രസ് ജോസ്.കെ മാണി പക്ഷം ഇനി ഇടതുപക്ഷത്തിനൊപ്പമാണെന്നും എംപി സ്ഥാനം രാജിവെക്കുമെന്നും ജോസ് കെ മാണി അറിയിച്ചു.

ഒരു പഞ്ചായത്തിന്റെ പേരിലാണ് തങ്ങളെ മുന്നണിയിൽനിന്ന് പുറത്താക്കിയതെന്നും ആത്മാഭിമാനം അടിയറവെച്ച് മുന്നോട്ട് പോകാനാകില്ലെന്നും എൽ.ഡി.എഫ്. മുന്നണി പ്രവേശനം പ്രഖ്യാപിക്കവേ ജോസ് കെ. മാണി വ്യക്താക്കി. എംഎൽഎമാർ ഉൾപ്പെടെ മാണിക്കൊപ്പം നിന്നവരെ കോൺഗ്രസ് അപമാനിച്ചു. ഒരു ചർച്ചയ്ക്ക് പോലും കോൺഗ്രസ് ഇതുവരെ തയ്യാറായില്ല. തിരിച്ചെടുക്കാൻ ഒരു ഫോർമുല പോലും മുന്നോട്ട് വെച്ചില്ല. പാർട്ടിയെ ഹൈജാക്ക് ചെയ്യാനും ശ്രമം ഉണ്ടായി. കോൺഗ്രസ് ജോസഫിനൊപ്പമാണ് നിന്നത്. ജോസഫ് നീചമായ വ്യക്തിഹത്യ നടത്തിയെന്നും ജോസ് കെ. മാണി ആരോപിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP