Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202120Tuesday

വിട്ടു കൊടുത്ത റാന്നി സിപിഎമ്മിന്റെ സിറ്റിങ് സീറ്റ്; കുറ്റ്യാടിയും ജയസാധ്യതയുള്ള ഇടതു മണ്ഡലം; തർക്കം അവശേഷിക്കുന്നത് ചങ്ങനാശ്ശേരിയുടെ കാര്യത്തിൽ മാത്രം; പാലായും കാഞ്ഞിരപ്പള്ളിയും കടുത്തുരുത്തിയും ഇടുക്കിയും അടക്കം പ്രധാന സീറ്റുകൾ തർക്കിക്കാതെ വിട്ടു കൊടുത്തു; ജോസ് കെ മാണിയോട് സിപിഎം കാട്ടിയത് ഉദാര മനോഭാവം

വിട്ടു കൊടുത്ത റാന്നി സിപിഎമ്മിന്റെ സിറ്റിങ് സീറ്റ്; കുറ്റ്യാടിയും ജയസാധ്യതയുള്ള ഇടതു മണ്ഡലം; തർക്കം അവശേഷിക്കുന്നത് ചങ്ങനാശ്ശേരിയുടെ കാര്യത്തിൽ മാത്രം; പാലായും കാഞ്ഞിരപ്പള്ളിയും കടുത്തുരുത്തിയും ഇടുക്കിയും അടക്കം പ്രധാന സീറ്റുകൾ തർക്കിക്കാതെ വിട്ടു കൊടുത്തു; ജോസ് കെ മാണിയോട് സിപിഎം കാട്ടിയത് ഉദാര മനോഭാവം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളാ കോൺഗ്രസിന് ഇടതുപക്ഷം പത്തോ അതിലധികമോ സീറ്റ് കൊടുത്തേക്കും. പതിനഞ്ച് സീറ്റാണ് ചോദിച്ചത്. എന്നാൽ നിലവിലെ സാഹചര്യത്തിൽ ജോസ് കെ മാണി സിപിഎം നൽകുന്ന സീറ്റുകൾ പ്രതിഷേധം കൂടാതെ സ്വീകരിക്കും. പാലായും റാന്നിയും പോലുള്ള ഇടതു മുന്നണിയുടെ സിറ്റിങ് സീറ്റ് കൂടി കിട്ടുന്ന സാഹചര്യത്തിലാണ് ഇത്. സിപിഎം മത്സരിച്ചിരുന്ന പൂഞ്ഞാർ, റാന്നി, കുറ്റ്യാടി സീറ്റുകൾ കേരള കോൺഗ്രസ് എമ്മിനു വിട്ടു കൊടുക്കും. പരമാവധി 10 സീറ്റ് അവർക്കു നൽകാനാണ് സാധ്യത.

പാലാ, കാഞ്ഞിരപ്പള്ളി, കടുത്തുരുത്തി, ഇടുക്കി, തൊടുപുഴ, ഇരിക്കൂർ എന്നീ സീറ്റുകളുടെ കാര്യത്തിലും ധാരണയായി. കോട്ടയത്ത് ചങ്ങനാശേരി കൂടി കേരള കോൺഗ്രസ് ചോദിച്ചിട്ടുണ്ട്. എന്നാൽ കാഞ്ഞിരപ്പള്ളി വിട്ടു കൊടുത്തതിനാൽ ചങ്ങനാശേരി വേണമെന്നു സിപിഐ ആവശ്യപ്പെട്ടിരിക്കുകയാണ്. ഈ തർക്കം തീർന്നിട്ടില്ല. മലബാറിൽ കുറ്റ്യാടിയിൽ സിപിഎമ്മിന് സ്വാധീനം ഏറെയാണ്. ഈ മണ്ഡലമാണ് സിപിഎം വിട്ടു കൊടുക്കുന്നത്. കെകെ ലതിക എംഎൽഎയായിരുന്ന മണ്ഡലമാണ് ഇത്. ഇവിടേയും കേരളാ കോൺഗ്രസ് എമ്മിന് ജയ സാധ്യത ഏറെ കൂടുതലാണ്. കോട്ടയത്തും ഇടുക്കിയിലും സിപിഎം നൽകിയ സീറ്റുകളിൽ എല്ലാം കേരളാ കോൺഗ്രസിന് ഉറച്ച ജയപ്രതീക്ഷയാണുള്ളത്.

ചങ്ങനാശ്ശേരിയും കേരളാ കോൺഗ്രസിന് വിട്ടു കൊടുക്കാൻ സിപിഎമ്മിന് പ്രയാസമൊന്നുമില്ല. എന്നാൽ സിപിഐയുടെ നിലപാടാണ് തടസ്സം. അവരെ പിണക്കാതെ തീരുമാനം എടുക്കും. അങ്ങനെ വന്നാൽ കേരളാ കോൺഗ്രസിന് പത്തിൽ കൂടുതൽ സീറ്റ് കിട്ടും. മധ്യ കേരളത്തിൽ കേരളാ കോൺഗ്രസ് സാന്നിധ്യം തുണയാകുമെന്ന തിരിച്ചറിവിലാണ് സിപിഎം തീരുമാനം. കെ എം മാണിയുടെ മകനായ ജോസ് കെ മാണിക്ക് സീറ്റ് ചർച്ചയിലും മറ്റും മുഖ്യമന്ത്രി പിണറായി വിജയൻ അർഹമായ പരിഗണന കിട്ടി. ഉദാര സമീപനമാണ് ഉണ്ടായതെന്ന് കേരളാ കോൺഗ്രസും സമ്മതിക്കുന്നു. അതുകൊണ്ട് തന്നെ ചങ്ങനാശ്ശേരിയിൽ വലിയ കടുംപിടിത്തത്തിന് ജോസ് കെ മാണി മുതിരില്ല.

കേരളാ കോൺഗ്രസിലെ പ്രധാന നേതാക്കൾക്കെല്ലാം ജോസ് കെ മാണി സീറ്റ് ഉറപ്പിച്ചു. സിറ്റിങ് എംഎൽഎമാർക്കെല്ലാം സീറ്റ് കിട്ടി. പാലായിൽ മാണി സി കാപ്പനെ പിണക്കാൻ പോലും സിപിഎം തയ്യാറായി. ഇതെല്ലാം തദ്ദേശത്തിലെ ജോസ് കെ മാണിയുടെ പ്രകടന മികവിനുള്ള അംഗീകാരമായിരുന്നു. കോട്ടയത്ത് എല്ലാ മണ്ഡലത്തും കേരളാ കോൺഗ്രസിന് സാന്നിധ്യമുണ്ടെന്നാണ് സിപിഎം വിലയിരുത്തൽ. കോട്ടയം നിയമസഭ ഒഴികെ എല്ലാ സീറ്റും പിടിക്കുകയാണ് സിപിഎം ലക്ഷ്യം. ഇതിന് കഴിഞ്ഞാൽ ഭരണ തുടർച്ച ഉറപ്പാണെന്ന് സിപിഎം കരുതുന്നു. അതു മനസ്സിലാക്കിയാണ് സിപിഐയും വിട്ടുവീഴ്ചയ്ക്ക് തയ്യാറെടുക്കുന്നത്.

സംസ്ഥാന സമിതിയുടെ ഇളവു ലഭിച്ചതോടെ സിപിഎം. ജില്ലാ സെക്രട്ടറി വി.എൻ. വാസവൻ ഏറ്റുമാനൂരിൽ ഇടതുമുന്നണി സ്ഥാനാർത്ഥിയാകും. പൂഞ്ഞാർ സീറ്റ് കേരളാ കോൺഗ്രസി(എം)നു വിട്ടുനൽകാനും ധാരണയായതോടെ ജില്ലയിൽ എൽ.ഡി.എഫ്. ചിത്രം കൂടുതൽ വ്യക്തമാകുന്നു. കോട്ടയത്തു കെ. അനിൽകുമാറും, പുതുപ്പള്ളിയിൽ ജെയ്്ക് സി. തോമസും സിപിഎം. സ്ഥാനാർത്ഥികളാകുമെന്ന് നേരത്തെ ഉറപ്പായിരുന്നു. രണ്ടു തവണ തുടർച്ചയായി എംഎ‍ൽഎയായ സുരേഷ് കുറുപ്പിന് ഇളവു ലഭിക്കാതിരുന്നതോടെയാണു വാസവനു നറുക്കുവീണത്. ലോക്സഭയിൽ മത്സരിച്ചു പരാജയപ്പെട്ടവർക്കു സീറ്റ് നൽകേണ്ടതില്ലെന്ന കടമ്പയിൽ തട്ടി നിന്നിരുന്ന വാസവന്റെ സ്ഥാനാർത്ഥിത്വമാണു സംസ്ഥാന സമിതിയുടെ ഇളവിനെത്തുടർന്ന് മറികടന്നത്.

പാർട്ടി ജില്ലാ സെക്രട്ടറിയേറ്റ് ഏറ്റുമാനൂരിന്റെ പ്രഥമ പരിഗണനയിൽ നൽകിയിരുന്ന പേര് സുരേഷ് കുറുപ്പിന്റെയായിരുന്നു. പാർട്ടിയിലെ പ്രബല വിഭാഗവും കുറുപ്പിനെ അനുകൂലിച്ചിരുന്നു. ലിസ്റ്റിൽ രണ്ടാമതായിരുന്നു വാസവന്റെ പേര്. പൂഞ്ഞാർ സീറ്റ് സിപിഎം. ഏറ്റെടുക്കുമെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.ജെ. തോമസ് മത്സരിക്കുമെന്നും അഭ്യൂഹമുണ്ടായെങ്കിലും സീറ്റ് കേരളാ കോൺഗ്രസിനു തന്നെ നൽകാൻ തീരുമാനമായി. യു.ഡി.എഫിൽ തർക്കങ്ങൾക്കു പരിഹാരമായിട്ടില്ല. ചങ്ങനാശേരി, ഏറ്റുമാനൂർ, കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ സീറ്റുകളിൽ തർക്കം നിലനിൽക്കുകയാണ്. നാലു സീറ്റുകളിലും കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം അവകാശവാദം ഉന്നയിച്ചിരിക്കുന്നതാണു തർക്കം നീളാൻ കാരണം.

ഒടുവിൽ കടുത്തുരുത്തിക്കു പുറമേ ഏറ്റുമാനൂരും ചങ്ങനാശേരിയും ജോസഫ് വിഭാഗത്തിനു നൽകിയേക്കുമെന്നാണു സൂചന. പൂഞ്ഞാറും കാഞ്ഞിരപ്പള്ളിയും കോൺഗ്രസ് ഏറ്റെടുക്കും. എന്നാൽ, മുതിർന്ന നേതാവ് കെ.സി. ജോസഫിനായി നോട്ടമിട്ടിരുന്ന ചങ്ങനാശേരി വിട്ടുകൊടുക്കുന്നതിൽ കോൺഗ്രസ് നേതൃത്വത്തിലെ ഒരു വിഭാഗത്തിന് അസംതൃപ്തിയുണ്ട്. സീറ്റ് വിഭജനത്തിൽ ജില്ലയിൽ കോൺഗ്രസ്-കേരളാ കോൺഗ്രസിന് അടിയറവു പറയുകയാണെന്ന ആരോപണവുമായി കഴിഞ്ഞ ദിവസം യൂത്ത് കോൺഗ്രസ് രംഗത്തുവന്നിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP