Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ജോസ് കെ മാണി പാലായിൽ തന്നെ മത്സരിക്കും; കടുത്തുരുത്തിയിൽ സാധ്യത സ്റ്റീഫൻ ജോർജിന്; പൂഞ്ഞാറിൽ കുളത്തുങ്കലിനൊപ്പം തോമസ് കുട്ടിയും പരിഗണനയിൽ; ചങ്ങനാശ്ശേരിയിൽ സുകുമാരൻ നായരുടെ സ്ഥാനാർത്ഥിയായി പ്രമോദ് നാരായണൻ വന്നേക്കും; ജോസ് കെ മാണി സ്ഥാനാർത്ഥി നിർണ്ണയം തുടങ്ങി

ജോസ് കെ മാണി പാലായിൽ തന്നെ മത്സരിക്കും; കടുത്തുരുത്തിയിൽ സാധ്യത സ്റ്റീഫൻ ജോർജിന്; പൂഞ്ഞാറിൽ കുളത്തുങ്കലിനൊപ്പം തോമസ് കുട്ടിയും പരിഗണനയിൽ; ചങ്ങനാശ്ശേരിയിൽ സുകുമാരൻ നായരുടെ സ്ഥാനാർത്ഥിയായി പ്രമോദ് നാരായണൻ വന്നേക്കും; ജോസ് കെ മാണി സ്ഥാനാർത്ഥി നിർണ്ണയം തുടങ്ങി

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: പാലായിൽ ഇടതുപക്ഷത്തിന് വേണ്ടി കേരളാ കോൺഗ്രസ് ചെയർമാൻ ജോസ് കെ മാണി തന്നെ മത്സരിക്കും. കടുത്തുരുത്തിയിൽ ജോസ് കെ മാണി മത്സരിക്കുമെന്ന റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ പാലായിൽ തന്നെ മത്സരിച്ചാൽ മതിയെന്ന് ജോസ് കെ മാണി തീരുമാനിച്ചു കഴിഞ്ഞു. ഇടുക്കിയിൽ റോഷി അഗസ്റ്റിനും കടുത്തുരുത്തിയിൽ സ്റ്റീഫൻ ജോർജും സ്ഥാനാർത്ഥിയാകാനാണ് സാധ്യത. നിയമസഭാ തിരഞ്ഞെടുപ്പിൽ 15 സീറ്റുകൾ ആവശ്യപ്പെടാൻ കേരള കോൺഗ്രസ് (എം) തീരുമാനിച്ചിട്ടുണ്ട്. എൽഡിഎഫ് പ്രവേശനത്തിനു മുന്നോടിയായി നടന്ന ചർച്ചയിൽ 13 നിയമസഭാ സീറ്റുകളും ജോസ് കെ. മാണി രാജിവയ്ക്കുന്ന രാജ്യസഭാ സീറ്റും നൽകുന്നതു പരിഗണിക്കാമെന്നു സിപിഎം അറിയിച്ചിരുന്നു. എന്നാൽ സീറ്റുകളുടെ എണ്ണം പത്തായി കുറയ്ക്കാനുള്ള സാധ്യത സിപിഎം തേടുന്നുണ്ട്. എന്നാൽ വീട്ടുവീഴ്ചയ്ക്ക് ജോസ് കെ മാണി തയ്യാറാകില്ല.

ഇടതു പക്ഷത്ത് സീറ്റ് വിഭജനം കീറാമുട്ടിയാണ്. സിപിഐയുടെ സീറ്റുകൾ അവർ ആർക്കും വിട്ടു കൊടുക്കാൻ തയ്യാറല്ല. കാഞ്ഞിരപ്പള്ളി ജോസ് കെ മാണിക്ക് നൽകിയാൽ അവർക്ക് പകരം സീറ്റ് കൊടുക്കേണ്ടി വരും. ഇതിനൊപ്പം ജനതാദള്ളിനും അധികമായി സീറ്റ് കൊടുക്കണം. ഈ സാഹചര്യത്തിലാണ് ജോസ് കെ മാണിക്ക് പത്ത് സീറ്റ് മാത്രം നൽകാനുള്ള ആലോചനകൾ. എന്നാൽ ഇതിന് ജോസ് കെ മാണി വഴങ്ങില്ലെന്ന് സിപിഎമ്മിനും അറിയാം. അതുകൊണ്ട് തന്നെ പതിമൂന്ന് സീറ്റ് ജോസ് കെ മാണിക്ക് നൽകിയേക്കും. പത്തനംതിട്ടയിൽ റാന്നി സീറ്റ് കേരളാ കോൺഗ്രസിന് നൽകാൻ സിപിഎമ്മിന് താൽപ്പര്യമുണ്ട്. നിലവിലെ എംഎൽഎ രാജു എബ്രഹാമിന് സീറ്റ് നിഷേധിക്കാൻ വേണ്ടിയാണ് ഇത്. എന്നാൽ രാജു എബ്രഹാമിനാണ് അവിടെ കൂടുതൽ ജയസാധ്യത എന്നതാണ് വസ്തുത.

എൽഡിഎഫ് ജാഥയ്ക്കു മുൻപ് സീറ്റ് വിഭജനം പൂർത്തിയാക്കണമെന്ന് ഇടതു മുന്നണി നേതൃയോഗത്തിൽ ചെറു കക്ഷികൾ ആവശ്യപ്പെട്ടിരുന്നു. അതിന്റെ ആവശ്യമില്ലെന്നു സിപിഎമ്മും സിപിഐയും വ്യക്തമാക്കിയിട്ടുണ്ട്. പാലാ സീറ്റിന്റെ പേരിൽ പുറത്തുള്ള തർക്കം എൽഡിഎഫ് യോഗത്തിൽ നിഴലിച്ചില്ല. ജാഥയുടെ കാര്യം തീരുമാനിച്ചപ്പോൾ സീറ്റുകളെക്കുറിച്ചു കൂടി ധാരണ ആക്കേണ്ടേ എന്ന് എൻസിപിയാണു ചോദിച്ചത്. ലോക് താന്ത്രിക് ജനതാദളും ജനാധിപത്യ കേരള കോൺഗ്രസും പിന്തുണച്ചു. യോഗത്തോടനുബന്ധിച്ച് സിപിഎം സിപിഐ നേതൃത്വങ്ങൾ ആശയ വിനിമയം നടത്തി. കേരള കോൺഗ്രസുമായും സിപിഎം സംസാരിച്ചു. വിശദമായ ചർച്ച പിന്നീടു നടത്താൻ തീരുമാനിച്ചു. ഇതെല്ലാം പ്രതീക്ഷയോടെയാണ് ജോസ് കെ മാണി കാണുന്നത്.

തദ്ദേശ തിരഞ്ഞെടുപ്പിൽ കോട്ടയം ജില്ലയിലെ തിളക്കമാർന്ന വിജയത്തിന്റെ പിൻബലത്തിലാണ് 15 സീറ്റ് ജോസ് കെ മാണി ആവശ്യപ്പെടുന്നത്. പാലാ, കടുത്തുരുത്തി, കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ, ചങ്ങനാശേരി, ഇടുക്കി, തൊടുപുഴ, ഇരിക്കൂർ അല്ലെങ്കിൽ പേരാവൂർ, പിറവം അല്ലെങ്കിൽ പെരുമ്പാവൂർ, ചാലക്കുടി അല്ലെങ്കിൽ ഇരിങ്ങാലക്കുട, തിരുവമ്പാടി അല്ലെങ്കിൽ കുറ്റ്യാടി എന്നിവയ്ക്കു പുറമേ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ ഓരോ സീറ്റ് വീതം നൽകണമെന്നാണ് ആവശ്യം. പാലായിൽ ജോസ് കെ മാണിയും കടുത്തുരുത്തിയിൽ സംസ്ഥാന ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജും ഇടുക്കിയിൽ റോഷി അഗസ്റ്റിനും മത്സരിക്കും. പൂഞ്ഞാറിൽ കോട്ടയം ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് സെബാസ്റ്റ്യൻ കുളത്തുങ്കൽ, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് എം.കെ. തോമസ് കുട്ടി എന്നിവരെയാണ് പ്രധാനമായും പരിഗണിക്കുന്നത്. കാഞ്ഞിരപ്പള്ളിയിൽ ഡോ. എൻ. ജയരാജ് വീണ്ടും സ്ഥാനാർത്ഥിയാകും.

ന്മചങ്ങനാശേരിയിൽ ചില പുതിയ സാധ്യത തേടുന്നുണ്ട് ജോസ് കെ മാണി. ഇവിടെ പാർട്ടി ഉന്നതാധികാര സമിതി അംഗം ജോബ് മൈക്കിൾ, സംസ്ഥാന ജനറൽ സെക്രട്ടറി പ്രമോദ് നാരായണൻ എന്നിവരെയാണ് പരിഗണിക്കുന്നത്. എന്നാൽ പ്രമോദ് നാരായണന് സാധ്യത കൂടുതലാണ്. എൻഎസ് എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരുടെ മനസ്സ് അനുകൂലമാക്കാനാണ് ഇത്. ഇതിലൂടെ എല്ലാ മതവിഭാഗക്കാരേയും പാർട്ടിയിലേക്ക് അടുപ്പിക്കാമെന്ന് പ്രതീക്ഷയാണ് ജോസ് കെ മാണിക്കുള്ളത്. അതുകൊണ്ട് പ്രമോദ് നാരായണന് ചങ്ങനാശ്ശേരിയിൽ സാധ്യത കൂടുതലാണ്. റാന്നി സീറ്റ് ഏറ്റെടുക്കേണ്ടി വന്നാൽ പത്തനംതിട്ട ജില്ലാ പ്രസിഡന്റ് എൻ.എം. രാജുവിനാണ് കൂടുതൽ സാധ്യത. സ്റ്റീഫൻ ജോർജും പരിഗണക്കപ്പെടും.

പിറവം മണ്ഡലത്തിലേക്ക് നഗരസഭാ കൗൺസിലർ ജിൽസ് പെരിയപ്പുറം, സ്റ്റീഫൻ ജോർജ് എന്നിവരെയാണ് പരിഗണിക്കുന്നത്. കുറ്റ്യാടിയിൽ സംസ്ഥാന ജനറൽ സെക്രട്ടറി മുഹമ്മദ് ഇക്‌ബാൽ സ്ഥാനാർത്ഥിയാകും. തിരുവമ്പാടിയിൽ കോഴിക്കോട് ജില്ലാ പ്രസിഡന്റ് പി.എം. ജോസഫ്, ഉന്നതാധികാര സമിതി അംഗം പി. ടി. ജോസ് എന്നിവർക്കാണ് മുൻഗണന. ഇരിക്കൂറിൽ കണ്ണൂർ ജില്ലാ പ്രസിഡന്റ് ജോയ് കൊന്നയ്ക്കൻ, സജി കുറ്റിയാനിമറ്റം എന്നിവർക്കാകും പരിഗണന. പിളർപ്പിൽ മുതിർന്ന നേതാക്കൾ ജോസഫ് ഗ്രൂപ്പിലേക്ക് പോയതോടെ പുതുമുഖങ്ങൾക്ക് മത്സരിക്കാൻ അവസരംകിട്ടും.

കേരള കോൺഗ്രസ് ഒന്നായിരുന്നപ്പോൾ 15 സീറ്റാണ് യു.ഡി.എഫിൽ മത്സരിക്കാൻ കിട്ടിയത്. തൃശ്ശൂരിലെ സീറ്റായ ഇരിങ്ങാലക്കുട നിലവിൽ സിപിഎമ്മിന്റെ സിറ്റിങ് സീറ്റാണ്. ചാലക്കുടിയിലും അങ്ങനെതന്നെ. ഇതിൽ ഒരു സീറ്റ് കേരള കോൺഗ്രസിന് നൽകിയേക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP