Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

യഥാർത്ഥ കേരളാ കോൺഗ്രസ് ജോസിന്റേതാണെന്ന തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനം ഹൈക്കോടതിയും ശരി വച്ചതോടെ ദുർബ്ബലനായി പിജെ ജോസഫ്; രണ്ടിലയും കേരളാ കോൺഗ്രസുമായി ജോസ് മത്സരിക്കാനിറങ്ങുമ്പോൾ സ്വതന്ത്രനായി ചെണ്ട ചിഹ്നത്തിൽ ജോസഫ്; ഇടതു മുന്നണിക്കൊപ്പം പോയ ജോസിന്റെ സമയം അവസാനം തെളിഞ്ഞത് ഇങ്ങനെ

യഥാർത്ഥ കേരളാ കോൺഗ്രസ് ജോസിന്റേതാണെന്ന തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനം ഹൈക്കോടതിയും ശരി വച്ചതോടെ ദുർബ്ബലനായി പിജെ ജോസഫ്; രണ്ടിലയും കേരളാ കോൺഗ്രസുമായി ജോസ് മത്സരിക്കാനിറങ്ങുമ്പോൾ സ്വതന്ത്രനായി ചെണ്ട ചിഹ്നത്തിൽ ജോസഫ്; ഇടതു മുന്നണിക്കൊപ്പം പോയ ജോസിന്റെ സമയം അവസാനം തെളിഞ്ഞത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: ജോസ് കെ മാണി പ്രതീക്ഷയിലാണ്. ആവേശത്തിലും. ഇടതു മുന്നണിക്കൊപ്പം ചേർന്നതിന് പിന്നിലെ ചിഹ്നവും തിരിച്ചു കിട്ടി. പാലാ ഉപതിരഞ്ഞെടുപ്പിനു തൊട്ടു മുൻപു നഷ്ടപ്പെട്ട രണ്ടില തദ്ദേശ തിരഞ്ഞെടുപ്പിനു മുൻപ് കേരള കോൺഗ്രസിനു (എം) തിരിച്ചു കിട്ടുമ്പോൾ മാണിയുടെ പാർട്ടിയുടെ യഥാർത്ഥ അവകാശിയായി മകൻ മാറുകയാണ്. ചിഹ്നം സംബന്ധിച്ച ഹൈക്കോടതി വിധി കേരള കോൺഗ്രസുകളെ ബാധിക്കുക പലതരത്തിലാണ്. സ്പീക്കർക്ക് മുമ്പിലുള്ള അയോഗ്യതാ പരാതിയിലും ജോസ് കെ മാണിക്ക് ഇനി ജയിക്കാം.

പിജെ ജോസഫവും മോൻസ് ജോസഫും ഇതോടെ അയോഗ്യതയുടെ ഭീഷണിയിലായി. രണ്ടില ചിഹ്നത്തോട് ഇവർക്ക് രണ്ടു പേർക്കും താൽപ്പര്യമില്ല. എന്നാൽ അയോഗ്യതാ ഭീഷണികാരണം ചിഹ്നം കൈവിടാനും പറ്റില്ല. അതുകൊണ്ട് തന്നെ സിംഗിൾ ബഞ്ച് വിധിക്കെതിരെ ജോസഫ് അപ്പീൽ പോകുമെന്ന് ഉറപ്പാണ്. ഇക്കാര്യത്തിൽ മോൻസ് ജോസഫിനാണ് കൂടുതൽ താൽപ്പര്യം. കാരണം കടുത്തുരുത്തി സീറ്റിൽ ചിലർ കണ്ണുവച്ചിട്ടുണ്ട്. തൊടുപുഴയിൽ മകൻ അപ്പുവിനെ മത്സരിപ്പിക്കാനാണ് ജോസഫിന് ഇഷ്ടം. അതുകൊണ്ട് തന്നെ ആയോഗ്യതയെ ജോസഫ് കാര്യമായി കാണുന്നില്ല. ജോസഫിന് നിലവിൽ പാർട്ടിയുമില്ല. സ്വതന്ത്രനായി ജോസഫിന്റെ സ്ഥാനാർത്ഥികൾ മത്സരിക്കേണ്ട അവസ്ഥയാണുള്ളത്. ഇതും ജോസഫിന് ഭാവിയിൽ തിരിച്ചടിയുണ്ടാക്കും.

രണ്ടില ലഭിച്ചതോടെ യഥാർഥ കേരള കോൺഗ്രസ് തങ്ങളാണെന്നു ജോസ് പക്ഷത്തിന് അവകശപ്പെടാം. 1987 മുതൽ രണ്ടില ചിഹ്നത്തിലാണ് കേരള കോൺഗ്രസ് (എം) വോട്ടു തേടുന്നത്. എൽഡിഎഫിൽ ചേർന്ന ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പിൽ രണ്ടില ലഭിച്ചത് നിർണ്ണായകമാണ്. യഥാർത്ഥ കേരളാ കോൺഗ്രസ് എന്ന ലേബലിൽ തന്നെ ജോസ് കെ മാണിക്ക് വോട്ട് പിടിക്കാം. ഇതോടൊപ്പം കൂടുതൽ പേർ തങ്ങൾക്കൊപ്പമാണെന്നും വാദിക്കാം. പിളർപ്പിനു ശേഷം ജോസഫ്, ജോസ് പക്ഷത്തെ പ്രവർത്തകർ കാലുമാറുന്നുണ്ട്. അവരേയും രണ്ടില കാട്ടി ജോസിന് കൂടെ നിർത്താം. അതേസമയം ജോസഫ് പക്ഷം നിയമപോരാട്ടം തുടർന്നാൽ വീണ്ടും ചിഹ്നം സ്റ്റേ ചെയ്യാൻ സാധ്യതയുണ്ട്.

ഹൈക്കോടതി വിധിക്കെതിരെ തിങ്കളാഴ്ച ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകാനാണ് ജോസഫ് വിഭാഗ തീരുമാനം. യഥാർഥ കേരള കോൺഗ്രസ് തങ്ങളാണെന്നു തെളിയിക്കാൻ ജോസഫ് വിഭാഗത്തിനു ചിഹ്നം വേണം. യുഡിഎഫിൽ പാർട്ടിയുടെ നില ഭദ്രമാക്കാനും രണ്ടില ലഭിച്ചേ തീരൂ. ഇന്ന് ഹൈക്കോടതിയില്ല. ചിഹ്നം അനുവദിക്കുന്നതു സംബന്ധിച്ച് ഇന്നു തിരഞ്ഞെടുപ്പു കമ്മിഷന്റെ ഉത്തരവ് പുറത്തിറങ്ങും. ഇത് ജോസ് പക്ഷത്തിന് ഗുണകരമാകും. സ്ഥാനാർത്ഥികൾ ചിഹ്നം വച്ച് പ്രചരണം തുടങ്ങിയാൽ പിന്നെ കോടതി ഇടപെടില്ല. തിരഞ്ഞെടുപ്പു ചിഹ്നം അനുവദിച്ചു കഴിഞ്ഞാൽ സ്റ്റേയ്ക്ക് സാധ്യത കുറവാണ്. കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷന്റെ അനുകൂല വിധിയാണ് ജോസ് പക്ഷത്തിന്റെ ശക്തി. ജോസ് കെ. മാണിയെ ചെയർമാനായി തിരഞ്ഞെടുത്ത നടപടി സ്റ്റേ ചെയ്ത ഇടുക്കി, കട്ടപ്പന സബ്‌കോടതികളുടെ വിധിയാണ് ജോസഫ് വിഭാഗത്തിന്റെ ശക്തി.

ഇരു കക്ഷികളുടെയും ഓരോ സ്ഥാനാർത്ഥിയും 3 പത്രിക വീതമാണ് സമർപ്പിച്ചത്. രണ്ടില, ടേബിൾ ഫാൻ, സ്വതന്ത്ര ചിഹ്നം എന്നിവയിൽ ഒരെണ്ണം ജോസ് പക്ഷം ആവശ്യപ്പെട്ടു. രണ്ടില, ചെണ്ട, സ്വതന്ത്ര ചിഹ്നം എന്നിവയിൽ ഒന്ന് ജോസഫ് വിഭാഗവും ആവശ്യപ്പെട്ടു. കോടതി വിധി അനുകൂലമായാൽ രണ്ടില നൽകണമെന്ന് ഇരുവിഭാഗവും കത്തു നൽകി. പ്രചാരണത്തിൽ ജോസ് കെ. മാണി വിഭാഗം ടേബിൾ ഫാൻ ചിഹ്നം ഉപയോഗിച്ചിരുന്നില്ല. അന്തിമ തീരുമാനം കാത്തു നിൽക്കാനായിരുന്നു തീരുമാനം. അതുകൊണ്ട് തന്നെ ജോസഫിന് ഇത് ഗുണകരമാണ്.

രണ്ടില നഷ്ടപ്പെട്ട ശേഷം പാലാ ഉപതിരഞ്ഞെടുപ്പിൽ പൈനാപ്പിൾ ചിഹ്നത്തിലാണ് ജോസ് പക്ഷം മത്സരിച്ചത്. പാലായിലെ തോൽവിക്കു ശേഷം അകലക്കുന്നം പഞ്ചായത്തിലെ പൂവത്തിളപ്പ് വാർഡിലെ ഉപതിരഞ്ഞെടുപ്പിൽ പൈനാപ്പിൾ മാറി ഫുട്‌ബോൾ ചിഹ്നമാക്കി. അവിടെ ജോസഫ് വിഭാഗം രണ്ടിലയിൽ മത്സരിച്ചു. ജോസ് പക്ഷം വിജയിച്ചു. തദ്ദേശ തിരഞ്ഞെടുപ്പിൽ താൽക്കാലിക ചിഹ്നമായി ടേബിൾ ഫാൻ ജോസ് പക്ഷം ചോദിച്ചു. കാഴ്ചയിൽ രണ്ടിലയോടുള്ള സാമ്യമാണ് ടേബിൾ ഫാൻ ചോദിക്കാൻ കാരണം. ഇതിനിടെയാണ് രണ്ടില തന്നെ കിട്ടുന്നത്.

തദ്ദേശ തിരഞ്ഞെടുപ്പു പടിവാതിലിൽ എത്തിനിൽക്കുന്ന സമയത്തു രണ്ടില ചിഹ്നം കേരള കോൺഗ്രസിന് (എം) അനുവദിച്ചുകൊണ്ടുള്ള ഹൈക്കോടതി വിധി എൽഡിഎഫിന്റെയും കേരള കോൺഗ്രസിന്റെയും (എം) ആദ്യ വിജയമാണെന്ന് ജോസ് കെ.മാണി പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP