Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202030Monday

പിണറായിയും കാനവും നേരിട്ട് കണ്ട് ധാരണ ഉണ്ടാക്കിയ ശേഷം മാത്രം ഔദ്യോഗിക പ്രഖ്യാപനം; പാല ഉൾപ്പെടെ 12 സീറ്റുകൾ ഉറപ്പെന്ന് തന്നെ സൂചന നൽകി ഇടത് വൃത്തങ്ങൾ; പാലക്ക് പകരം സീറ്റ് പോലും നൽകില്ലെന്ന സൂചന വന്നതോടെ യുഡിഎഫിലേക്കെത്താൻ തിരക്കിട്ട നീക്കങ്ങളുമായി എൻസിപിയിലെ ഒരു വിഭാഗം; ജോസ് കെ മാണിയോ ജോസഫോ ആരു സീറ്റ് തന്നാലും ഒപ്പം കൂടാൻ ഒരുങ്ങി എൻഡിഎയുടെ ഭാഗമായി നിൽക്കുന്ന പിസി തോമസ്

പിണറായിയും കാനവും നേരിട്ട് കണ്ട് ധാരണ ഉണ്ടാക്കിയ ശേഷം മാത്രം ഔദ്യോഗിക പ്രഖ്യാപനം; പാല ഉൾപ്പെടെ 12 സീറ്റുകൾ ഉറപ്പെന്ന് തന്നെ സൂചന നൽകി ഇടത് വൃത്തങ്ങൾ; പാലക്ക് പകരം സീറ്റ് പോലും നൽകില്ലെന്ന സൂചന വന്നതോടെ യുഡിഎഫിലേക്കെത്താൻ തിരക്കിട്ട നീക്കങ്ങളുമായി എൻസിപിയിലെ ഒരു വിഭാഗം; ജോസ് കെ മാണിയോ ജോസഫോ ആരു സീറ്റ് തന്നാലും ഒപ്പം കൂടാൻ ഒരുങ്ങി എൻഡിഎയുടെ ഭാഗമായി നിൽക്കുന്ന പിസി തോമസ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പാലാ മണ്ഡലം കേരള കോൺഗ്രസ് ജോസ് കെ. മാണി വിഭാഗത്തിനു തന്നെ ഇടതുപക്ഷം നൽകും. ഇതുൾപ്പെടെ 12 സീറ്റാണ് സിപിഎമ്മിൻെ പട്ടികയിലുള്ളത്. കാഞ്ഞിരപ്പള്ളിയും വിട്ടു കൊടുക്കും. ഇതിന് സിപിഐയുടെ അനുമതി വാങ്ങും. ഇതിനുള്ള ചർച്ചകൾ അവസാന ഘട്ടത്തിലാണ്. സിപിഐ സെക്രട്ടറി കാനം രാജേന്ദ്രനും എതിർപ്പുപേക്ഷിക്കാനാണ് താൽപ്പര്യം. കേരളാ കോൺഗ്രസിന്റെ സിറ്റിങ് സീറ്റാണ് കാഞ്ഞിരപ്പള്ളി. അതുകൊണ്ട് തന്നെ സിപിഐയും വഴങ്ങും.

കേരള കോൺഗ്രസിന്റെ മുന്നണിപ്രവേശനവും പഞ്ചായത്ത് തിരഞ്ഞെടുപ്പ് സംബന്ധിച്ചുള്ള ധാരണകളുമല്ലാതെ മറ്റൊന്നും ഉടൻ എൽ.ഡി.എഫ്. ചർച്ചചെയ്യില്ല. സീറ്റ് ചർച്ചകളിൽ സിപിഎമ്മും സിപിഐയും ധാരണയുണ്ടാക്കും. അതിന് ശേഷം ഉചിതമായ സമയത്ത് തീരുമാനം പ്രഖ്യാപിക്കും. പാലായിലെ എൻസിപി അവകാശ വാദം സിപിഎം അംഗീകരിക്കില്ല. എൻസിപിക്ക് പകരം സീറ്റും നൽകില്ല. രാജ്യസഭാ സീറ്റും മാണി സി കാപ്പന് നൽകേണ്ടതില്ലെന്നാണ് സിപിഎം നിലപാട്. ഇത് മനസ്സിലാക്കി എൻസിപിയിലെ മാണി സി കാപ്പൻ വിഭാഗം യുഡിഎഫുമായി ചർച്ച തുടങ്ങിയിട്ടുണ്ട്. എൻസിപിയിലെ എകെ ശശീന്ദ്രൻ ഇടതിൽ ഉറച്ച് നിൽക്കും. എൻസിപി അധ്യക്ഷൻ ശരത് പവാറിന്റെ നിലപാട് മാണി സി കാപ്പന് അനുകൂലമായാൽ ശശീന്ദ്രനും കൂട്ടരും പാർട്ടി വിടുമെന്നാണ് സൂചന.

കേരള കോൺഗ്രസിന്റെ മുന്നണിപ്രവേശനം ഇടതുമുന്നണിയെ ശക്തമാക്കുമെന്നാണ് സിപിഎം. സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തിയത്. ഇക്കാര്യം ഘടകകക്ഷികളെ ബോധ്യപ്പെടുത്തി തുടർനടപടി സ്വീകരിക്കണമെന്നാണ് സെക്രട്ടേറിയറ്റിന്റെ തീരുമാനം. ആവശ്യമെങ്കിൽ കക്ഷിനേതാക്കളുമായി കോടിയേരി ബാലകൃഷ്ണൻ ചർച്ച നടത്തും. അടുത്ത എൽ.ഡി.എഫ്. യോഗത്തിൽത്തന്നെ കേരള കോൺഗ്രസിന്റെ മുന്നണി പ്രവേശനത്തിൽ തീരുമാനമെടുക്കും. സീറ്റ് സംബന്ധിച്ച് പരസ്യ അവകാശവാദങ്ങളുണ്ടാകരുതെന്ന് ജോസിനോടും സിപിഎം. ആവശ്യപ്പെട്ടിട്ടുണ്ട്. കേരള കോൺഗ്രസിന്റെ പിന്തുണ ലഭിച്ചാൽ നേടാവുന്നതുമായ തദ്ദേശസ്ഥാപന വാർഡുകളുടെ സ്ഥിതി സിപിഎം. ജില്ലാതലത്തിൽ പരിശോധിക്കുന്നുണ്ട്.

അതിനിടെ പിസി തോമസിനെ ഒപ്പം കൂട്ടാൻ ജോസ് കെ മാണിയും പിജെ ജോസഫും ശ്രമിക്കുന്നുണ്ട്. കേരളാ കോൺഗ്രസ് സ്ഥാപകന്റെ മകനായ പിസി തോമസിനെ പാലാ സീറ്റ് നൽകാമെന്ന ഉറപ്പിൽ കൊണ്ടു വരാനാണ് ജോസഫിന്റെ ശ്രമം. നിലവിൽ എൻഡിഎ മുന്നണിയിലാണ് തോമസ്. ഏത് മുന്നണി മത്സരിക്കാൻ സീറ്റ് നൽകിയാലും പരീക്ഷിക്കാനാണ് മൂവാറ്റു പുഴയുടെ പഴയ എംപിയായ പിസി തോമസും. ഇടതുപക്ഷത്തിനും പിസി തോമസിനോട് താൽപ്പര്യമുണ്ട്. അത്തരത്തിലുള്ള ചർച്ചകളും പുരോഗമിക്കുകയാണ്. കഴിയുന്നത്ര കേരളാ കോൺഗ്രസുകാരെ ജോസ് കെ മാണിക്ക് പിന്നിൽ ്അണിനിരത്താനാണ് സിപിഎം തീരുമാനം. ആന്റണി രാജുവിനും ഈ നിർദ്ദേശം നൽകിയിട്ടുണ്ട്.

മധ്യകേരളത്തിലും വടക്കൻകേരളത്തിലെ മലയോര, കുടിയേറ്റ മേഖലകളിലും എൽ.ഡി.എഫിന് നല്ല മുന്നേറ്റമുണ്ടാക്കാനാകുമെന്നാണ് വിലയിരുത്തൽ. സിപിഐ.യുമായി ധാരണയുണ്ടാക്കിയശേഷം മുന്നണി യോഗം ചേരാമെന്നാണ് സിപിഎം. തീരുമാനം. 21-ന് സിപിഐ. സംസ്ഥാന എക്‌സിക്യുട്ടീവ് ചേരും. അതിന് ശേഷം അവർ നിലപാട് എടുക്കും. ഏതു സീറ്റുകളിൽ ആരൊക്കെ മത്സരിക്കുമെന്ന് ഇപ്പോൾ ഉറപ്പുപറയാനാകില്ല. മത്സരിച്ചതും വിജയിച്ചതുമായ സീറ്റുകൾ ഘടകകക്ഷികൾക്കും മത്സരിച്ചവർക്കുമെല്ലാം നൽകുന്ന സ്ഥിതിയുണ്ട്. പുതിയ പാർട്ടികൾ എത്തുമ്പോൾ അവർക്ക് സീറ്റ് നൽകേണ്ടിവരുമെന്ന് കോടിയേരി വ്യക്തമാക്കിയിട്ടുണ്ട്. കാനവും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിൽ കണ്ട് ചർച്ച നടത്തും. അതിലാകും നിർണ്ണായക തീരുമാനം ഉണ്ടാകുക.

സിപിഎമ്മിന്റെ സീറ്റുകളും വിട്ടുകൊടുക്കേണ്ടിവരും. കേരള കോൺഗ്രസിന്റെ വരവിൽ ഒരു പ്രശ്‌നവുമില്ലെന്ന് എൻ.സി.പി. തന്നെ വ്യക്തമാക്കിയിട്ടുണ്ട്. സീറ്റിന്റെ കാര്യവും അവർകൂടി അംഗമായ മുന്നണിയാണ് തീരുമാനിക്കുക. അപ്പോൾ അതിലും പ്രശ്‌നമുണ്ടാകില്ല. പ്രശ്‌നങ്ങൾ ചർച്ചചെയ്ത് തീർക്കാൻ കഴിവുള്ളതുകൊണ്ടാണ് എൽ.ഡി.എഫ്. ഒരു മുന്നണിയായി തുടരുന്നത് -കോടിയേരി പറഞ്ഞിട്ടുണ്ട്. എങ്കിലും പാലാ കിട്ടിയില്ലെങ്കിൽ മാണി സി കാപ്പൻ പിണങ്ങുമെന്ന് ഉറപ്പാണ്. എങ്കിലും കാര്യമാക്കില്ല.

മധ്യ കേരളത്തിലെ രാഷ്ട്രീയത്തിൽ അഞ്ച് പതിറ്റാണ്ടായി മാണി ഫാക്ടർ ഘടകമാണ്. ക്രൈസ്തവ മതന്യൂനപക്ഷങ്ങളെ കൂടി നിർത്തുന്ന കേരള കോൺഗ്രസ് രാഷ്ട്രീയത്തിൽ പ്രതീക്ഷകൾ മാത്രമാണ് സിപിഎം കാണുന്നത്. കോട്ടയത്തെ യുഡിഎഫ് കുത്തക തകർക്കാനാണ് സിപിഎം നീക്കം. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ കോട്ടയവും പുതുപ്പള്ളിയും കോൺഗ്രസ് നിലനിർത്തുമെന്ന് തന്നെയാണ് വിലയിരുത്തൽ. എന്നാൽ ബാക്കി സീറ്റുകൾ അടർത്തിയെടുത്തുള്ള ഭരണ തുടർച്ചയാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ലക്ഷ്യം. ഇതിന് വേണ്ടിയാണ് ജോസ് കെ മാണിയെ ഒപ്പം കൂട്ടുന്നതും.

2016ലെ എൽഡിഎഫ് തംരഗത്തിനിടിയിലും കോട്ടയം ജില്ലയിലെ ഒൻപത് മണ്ഡലങ്ങളിൽ ഏഴും നേടിയ യുഡിഎഫ് കരുത്ത് തകർക്കാൻ ജോസ് കെ മാണിക്ക് കഴിയുമെന്നാണ് വിലയിരുത്തൽ. കോട്ടയവും പുതുപ്പള്ളിയും ഒഴികെ ഏഴ് നിയമസഭാ സീറ്റും ജോസ് കെ മാണിക്കൊപ്പം ചേർന്ന് ഉറപ്പിക്കാമെന്ന ആത്മവിശ്വാസത്തിൽ സിപിഎം മുന്നോട്ട് പോകുന്നത്. പത്തനംതിട്ടയിലും ഇടുക്കിയിലും എറണാകുളത്തുമായി പതിനഞ്ചോളം സീറ്റുകളിൽ യുഡിഎഫിനെ തോൽപ്പിക്കാൻ മാണി ഫാക്ടറിന് കഴിയുമെന്ന് കണക്കു കൂട്ടൽ. ഇതാണ് ജോസ് കെ മാണിക്ക് ഇടതു പക്ഷത്ത് എത്താൻ വഴിയൊരുക്കിയ ഘടകവും.

കേരള കോൺഗ്രസിന്റെ (എം) സഹായത്തോടെ കോട്ടയം ജില്ലയിലെ 4 നിയമസഭാ മണ്ഡലങ്ങളും 15 ഗ്രാമപ്പഞ്ചായത്തുകളും അധികമായി പിടിച്ചെടുക്കാമെന്ന് സിപിഎം കണക്കു കൂട്ടൽ. കേരള കോൺഗ്രസിന്റെ (എം) വരവ് സംസ്ഥാനത്ത് പൊതുവേ ഗുണമുണ്ടാക്കുമെന്നും അത് കോട്ടയത്തും പ്രതിഫലിക്കുമെന്നും സിപിഎം ജില്ലാ സെക്രട്ടറി വി.എൻ. വാസവനും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.ജെ.തോമസും പറഞ്ഞു. 2016ലെ തിരഞ്ഞെടുപ്പിൽ ജില്ലയിലെ 9 നിയമസഭാ മണ്ഡലങ്ങളിൽ 2 സീറ്റ് മാത്രമാണ് എൽഡിഎഫിനു ലഭിച്ചത് വൈക്കവും ഏറ്റുമാനൂരും. ഉപതിരഞ്ഞെടുപ്പിൽ പാലായും നേടി. കേരള കോൺഗ്രസ് കൂടെയുണ്ടെങ്കിൽ പാലാ, കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ, കടുത്തുരുത്തി, ചങ്ങനാശേരി, ഏറ്റുമാനൂർ, വൈക്കം എന്നീ ഏഴു മണ്ഡലങ്ങളിൽ വിജയിക്കാം എന്നാണ് കണക്കു കൂട്ടൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP