Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202028Saturday

പാലാ സീറ്റിന്റെ കാര്യത്തിൽ എൻസിപി നടത്തുന്ന അഭിപ്രായ പ്രകടനങ്ങൾ കാര്യമാക്കേണ്ടെന്ന് ജോസ് കെ മാണിയോട് സിപിഎം; സീറ്റിൽ സമവായം ആകാൻ കാത്തു നിൽക്കാതെ രാഷ്ട്രീയ തീരുമാനം ഈ ആഴ്ച പ്രഖ്യാപിക്കും; ആന്റണി രാജു അടങ്ങിയവർ ഒപ്പം ചേരുന്നതിനെ കുറിച്ചും ചർച്ച തുടരുന്നു; എൽഡിഎഫ് പ്രവേശനം ഉറപ്പാക്കിയ ജോസ് കെ മാണി സീറ്റ് ചർച്ചകളിലേക്ക് കടന്നുവെന്ന് തന്നെ സൂചനകൾ; കാഞ്ഞിരപ്പള്ളിയിലും ഉറപ്പ് കിട്ടിയതായി റിപ്പോർട്ട്

പാലാ സീറ്റിന്റെ കാര്യത്തിൽ എൻസിപി നടത്തുന്ന അഭിപ്രായ പ്രകടനങ്ങൾ കാര്യമാക്കേണ്ടെന്ന് ജോസ് കെ മാണിയോട് സിപിഎം; സീറ്റിൽ സമവായം ആകാൻ കാത്തു നിൽക്കാതെ രാഷ്ട്രീയ തീരുമാനം ഈ ആഴ്ച പ്രഖ്യാപിക്കും; ആന്റണി രാജു അടങ്ങിയവർ ഒപ്പം ചേരുന്നതിനെ കുറിച്ചും ചർച്ച തുടരുന്നു; എൽഡിഎഫ് പ്രവേശനം ഉറപ്പാക്കിയ ജോസ് കെ മാണി സീറ്റ് ചർച്ചകളിലേക്ക് കടന്നുവെന്ന് തന്നെ സൂചനകൾ; കാഞ്ഞിരപ്പള്ളിയിലും ഉറപ്പ് കിട്ടിയതായി റിപ്പോർട്ട്

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: പാലാ സീറ്റ് കേരളാ കോൺഗ്രസിന് എന്തു വന്നാലും കൊടുക്കുമെന്ന നിലപാടിലേക്ക് സിപിഎം. അനൗദ്യോഗിക ചർച്ചകളിൽ ഇക്കാര്യത്തിൽ വ്യക്തത വരുത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ജോസ് കെ.മാണിയുടെ രാഷ്ട്രീയ തീരുമാനം വെള്ളിയാഴ്ചയ്ക്കകം പ്രഖ്യാപിച്ചേക്കും. ഇടതുമുന്നണിയിലേക്കാണ് പാർട്ടി പോവുക. യു.ഡി.എഫിന്റെ ഭാഗമായിരുന്നപ്പോൾ ലഭിച്ച രാജ്യസഭാ എംപി.സ്ഥാനം ജോസ് കെ.മാണി രാജിവെക്കുന്നതും ആലോചനയിലുണ്ട്. അതിന് ശേഷം കേരളാ കോൺഗ്രസിന് തന്നെ ഈ രാജ്യസഭാ സീറ്റിൽ മത്സരിക്കാൻ അവസരം നൽകും. മാണി സി കാപ്പൻ മുന്നണി വിടുന്നുവെങ്കിൽ പോട്ടെ നിലപാടിൽ സിപിഎം എത്തിയതായാണ് സൂചന.

കോട്ടയത്തേയും പത്തനംതിട്ടയിലേയും എറണാകുളത്തേയും ഇടുക്കിയിലേയും നിയമസഭാ സീറ്റുകളിൽ ജോസ് കെ മാണിക്ക് നല്ല വോട്ടുണ്ടെന്നാണ് സിപിഎം വിലയിരുത്തൽ. ഈ സാഹചര്യത്തിൽ തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ യോജിക്കാമെന്നാണ് സിപിഎം നിലപാട്. സിപിഐയുടെ എതിർപ്പും കാര്യമാക്കുന്നില്ല. സിറ്റിങ് സീറ്റുകളിൽ മത്സരിക്കാൻ ജോസ് കെ മാണിയ്‌ക്കൊപ്പമുള്ളവർക്ക് അവസരമുണ്ടാകും. ഇത് ജോസ് കെ മാണിയെ സിപിഎം നേതൃത്വം അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാകും ജോസ് കെ മാണിയുടെ രാഷ്ട്രീയ നിലപാട് പ്രഖ്യാപനം. അസംബ്ലി മണ്ഡലങ്ങളുടെ വീതംവെപ്പ് പിന്നീട് തീരുമാനിക്കും. രാഷ്ട്രീയമായി ഇടതു ചേരിയിലേക്ക് പോവുക എന്ന തീരുമാനമാകും പറയുക.

ജനപ്രതിനിധികളായ തോമസ് ചാഴികാടൻ, റോഷി അഗസ്റ്റിൻ, ഡോ.എൻ.ജയരാജ് എന്നിവരുമായി ഒരു വട്ടംകൂടി ചർച്ചനടത്തിയ ശേഷമാകും ജോസ് കെ.മാണി പ്രഖ്യാപന തീയതി നിശ്ചയിക്കുകയെന്ന് മുതിർന്ന നേതാക്കൾ അറിയിച്ചു. റോഷിക്ക് കോവിഡ് ബാധിച്ചതിനാൽ മുതിർന്ന നേതാക്കളുടെ കൂടിക്കാഴ്ച വൈകിയതാണ് രാഷ്ട്രീയ തീരുമാനം വൈകിപ്പിച്ചത്. യു.ഡി.എഫിന്റെ ഭാഗമായി ഇത്രകാലം പ്രവർത്തിച്ചിട്ടും മാന്യമായ സമീപനമല്ല കോൺഗ്രസ് നേതാക്കളിൽനിന്നുണ്ടായതെന്ന പൊതുവികാരമാണ് നേതാക്കൾ കഴിഞ്ഞ നേതൃയോഗത്തിലും പങ്കുവെച്ചത്. മടങ്ങിപ്പോകുന്നത് അതുകൊണ്ടുതന്നെ അജൻഡയിലില്ല. ഇടതുമുന്നണി കൺവീനറുമായി പലവട്ടം ജോസ് കെ മാണി ചർച്ച നടത്തിയെന്നാണ് സൂചന.

പാലാ സീറ്റിനെക്കുറിച്ച് സിറ്റിങ് എംഎ‍ൽഎ. മാണി സി.കാപ്പൻ ഉയർത്തിയ അവകാശവാദത്തിന് എതിരേ ഇപ്പോൾ ശക്തമായ എതിർപ്പ് പരസ്യമായി പറയില്ല. സീറ്റ് വിഭജനം മുന്നണി തീരുമാനിക്കുന്ന വിഷയമാണെന്ന നിലപാടാകും സ്വീകരിക്കുക. മുന്നണിയുടെ ഭാഗമായി മാറുമ്പോൾ ജോസ് കെ മാണിക്ക് പാലാ സീറ്റ് കിട്ടും. പാലാ സീറ്റ് സംബന്ധിച്ച് യാതൊരു പ്രശ്നവുമില്ലെന്ന് ജോസ് കെ മാണി വ്യക്തമാക്കിയിട്ടുണ്ട്. കേരള കോൺഗ്രസ് നിലപാട് പ്രഖ്യാപിക്കാത്തിടത്തോളം സമയം മറ്റ് പ്രശ്നങ്ങളില്ല. നിലപാട് പ്രഖ്യാപിച്ച ശേഷമെ മറ്റ് ചർച്ചകൾക്ക് പ്രസക്തിയുള്ളൂ. പാലാ സീറ്റും കേരള കോൺഗ്രസും തമ്മിലുള്ള ആത്മബന്ധം വളരെ വലുതാണ്. പാർട്ടി നിലപാട് എടുത്ത ശേഷവും സീറ്റ് സംബന്ധിച്ച പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അപ്പോൾ അഭിപ്രായം തുറന്ന് പറയും. വെള്ളിയാഴ്ചക്കകം മുന്നണി പ്രവേശനം സംബന്ധിച്ച പ്രഖ്യാപനമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

എൽ.ഡി.എഫിനൊപ്പം നിന്ന് 13 സീറ്റെങ്കിലും നേടുക എന്നതാണ് ജോസ് കെ മാണിയുടെ ലക്ഷ്യം. ആ സീറ്റുകളിൽ പാലയാണ് കേന്ദ്രബിന്ദു. എൻ.സി.പി.ക്ക് രാജ്യസഭാസീറ്റ് നൽകി കാപ്പനെ അനുനയിപ്പിക്കാനാകുമെന്ന കണക്ക് കൂട്ടലിലായിരുന്നു സിപിഎം. എ.കെ. ശശീന്ദ്രനും ടി.പി. പീതാംബരനും ഉൾപ്പടെയുള്ള നേതാക്കൾക്ക് ഇതിനോട് കടുത്ത എതിർപ്പൊന്നും ഉണ്ടായിരുന്നില്ല. എന്നാൽ പാല തന്റെ ചങ്കാണ് എന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് മാണി സി കാപ്പൻ. സീറ്റ് സംബന്ധിച്ച് പ്രശ്നങ്ങളുണ്ടായാൽ മാണി സി കാപ്പനെ വരുതിയിലാക്കാൻ യു.ഡി.എഫ് രംഗത്തുണ്ട്. എൻ.സി.പിയെ മൊത്തമായി എത്തിക്കാൻ സാധിച്ചില്ലെങ്കിലും ഒരു വിഭാഗത്തെ അടർത്തിയെടുക്കാമെന്ന് കണക്കുകൂട്ടുന്ന കോൺഗ്രസ് നേതാക്കളും പാർട്ടിയിലുണ്ട്.

നാലു തവണ പരാജയപ്പെട്ട് ഒടുവിൽ കേരള കോൺഗ്രസ് എമ്മിൽ നിന്ന് സീറ്റ് പിടിച്ചെടുത്ത എൻസിപി ഈ സീറ്റ് വിട്ടുകൊടുക്കാൻ തയാറല്ല. ഈ സീറ്റ് തന്റെ ചങ്കാണെന്നും സിപിഎം അല്ല ആരു പറഞ്ഞാലും മറ്റാർക്കും വിട്ടുകൊടുക്കില്ലെന്നുമാണ് മാണി സി കാപ്പന്റെ നിലപാട്. പാലാ വിട്ടുകൊടുത്തുകൊണ്ടുള്ള ഒരു ഒത്തുതീർപ്പിനും പാർട്ടി തയാറാകരുതെന്ന് സംസ്ഥാന പ്രസിഡന്റ് ടി.പി. പീതാംബരനെയും ദേശീയ പ്രസിഡന്റ് ശരദ് പവാറിനെയും ധരിപ്പിച്ചിട്ടുണ്ട് മാണി സി കാപ്പൻ. പാലാ സീറ്റ് വിട്ടു കൊടുത്തുകൊണ്ട് ജോസ് കെ മാണിക്കു കീഴടങ്ങിയാൽ താൻ എൽഡിഎഫ് വിട്ട് യുഡിഎഫിലേക്കു പോകുമെന്നും മാണി സി കാപ്പൻ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ഇത് സിപിഎം അംഗീകരിക്കില്ല.

തിരുവഞ്ചൂർ രാധാകൃഷ്ണനും ഉമ്മൻ ചാണ്ടിയും ഉൾപ്പെടെയുള്ള കോട്ടയത്തെ കോൺഗ്രസ് നേതാക്കളുമായും മാണി സി കാപ്പൻ ചർച്ച നടത്തുകയും ചെയ്തതായി മാധ്യമ റിപ്പോർട്ടുകളുണ്ട്. എൻസിപി ദേശീയ നേതൃത്വം കോൺഗ്രസിനൊപ്പം ആയിരിക്കുന്നതിനാൽ കേന്ദ്ര നേതാവ് ശരദ് പവാറുമായും ചർച്ച നടത്തിയെന്നും പൂർണ്ണ പിന്തുണ കിട്ടിയെന്നുമാണ് മാണി സി കാപ്പൻ പറയുന്നത്. ജോസ് കെ മാണി വരുന്നതോടെ ഉണ്ടാകുന്ന രാഷ്ട്രീയ സാഹചര്യം ചർച്ച ചെയ്യാൻ എൻസിപി വെള്ളിയാഴ്ച ഭാരവാഹിയോഗം വിളിച്ചിരിക്കുകയാണ്.

കെ.എം. മാണിയുടെ വീട് ഉൾപ്പെടുന്ന പാലാ കേരള കോൺഗ്രസി(എം)ന്റെ ആസ്ഥാനം കൂടിയാണ്. കേരള കോൺഗ്രസ് യുഡിഎഫ് വിടുന്നതിനുള്ള കാരണങ്ങളിലൊന്ന് പാലാ ഉപതിരഞ്ഞെടുപ്പിലെ തോൽവിയാണ്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ പാലാ തിരിച്ചു പിടിക്കുകയെന്നതു ജോസ് കെ. മാണിക്കു പ്രധാനം, ജോസ് പാലായിൽ മത്സരിക്കാനും സാധ്യത ഏറെ. 2015 ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ പാലാ നിയോജക മണ്ഡലത്തിൽ കേരള കോൺഗ്രസ് (എം) 126 സീറ്റുകളിൽ മത്സരിച്ചു. 75 സീറ്റുകളിൽ വിജയിച്ചു. രാമപുരം, ഭരണങ്ങാനം, കൊഴുവനാൽ, മുത്തോലി, പാലാ എന്നിവിടങ്ങളിൽ കേരള കോൺഗ്രസ് (എം) ഭരിക്കുന്നു.

അതുകൊണ്ട് തന്നെ പാല കേരളാ കോൺഗ്രസിന് സിപിഎം നൽകും. കേരളാ കോൺഗ്രസിലെ ചിലർ ഇപ്പോഴും ഇടതുപക്ഷത്തുണ്ട്. സ്‌കറിയാ തോമസും ആന്റണി രാജുവുമാണ് അവർ. ഇതിൽ ആന്റണി രാജു ജോസ് കെ മാണിയുടെ ഭാഗമാകാനും സാധ്യതയുണ്ട്. ഈ ചർച്ചകളും നടക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP