Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കേരളാ കോൺഗ്രസിന്റെ 600 പഞ്ചായത്ത് അംഗങ്ങളിൽ 460 പേരും മാണി പക്ഷത്ത്; ചിഹ്ന തർക്കത്തിലെ കണക്ക് അനുസരിച്ച് കോട്ടയത്ത് മാത്രം 260 പ്രതിനിധികൾ; കോട്ടയത്തും എറണാകളുത്തും പത്തനംതിട്ടയിലും 20 സീറ്റുകളിൽ നിർണ്ണായക സ്വാധീനമെന്ന് തിരിച്ചറിഞ്ഞ് ഇടതുപക്ഷം; കോട്ടയത്ത് അവിശ്വാസം വന്നാലും ജോസ് കെ മാണി വീഴില്ല; യഥാർത്ഥ അണികളുടെ പിന്തുണയിൽ കരുതലോടെ നീങ്ങാൻ മാണി സാറിന്റെ മകൻ; പിജെയെ പിന്തുണയ്ക്കുന്നത് സീറ്റ് മോഹികളായ കോൺഗ്രസുകാരും; ജോസിനെ ഒപ്പം കൂട്ടാൻ സിപിഎം

കേരളാ കോൺഗ്രസിന്റെ 600 പഞ്ചായത്ത് അംഗങ്ങളിൽ 460 പേരും മാണി പക്ഷത്ത്; ചിഹ്ന തർക്കത്തിലെ കണക്ക് അനുസരിച്ച് കോട്ടയത്ത് മാത്രം 260 പ്രതിനിധികൾ; കോട്ടയത്തും എറണാകളുത്തും പത്തനംതിട്ടയിലും 20 സീറ്റുകളിൽ നിർണ്ണായക സ്വാധീനമെന്ന് തിരിച്ചറിഞ്ഞ് ഇടതുപക്ഷം; കോട്ടയത്ത് അവിശ്വാസം വന്നാലും ജോസ് കെ മാണി വീഴില്ല; യഥാർത്ഥ അണികളുടെ പിന്തുണയിൽ കരുതലോടെ നീങ്ങാൻ മാണി സാറിന്റെ മകൻ; പിജെയെ പിന്തുണയ്ക്കുന്നത് സീറ്റ് മോഹികളായ കോൺഗ്രസുകാരും; ജോസിനെ ഒപ്പം കൂട്ടാൻ സിപിഎം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളാ കോൺഗ്രസിലെ ജോസ് കെ മാണി-ജോസഫ് പക്ഷങ്ങളുടെ സംഘടനാ തലത്തിലെ കരുത്തിനെ കുറിച്ച് സിപിഎം വിലയിരുത്തൽ തുടങ്ങി. കേരളാ കോൺഗ്രസ് പിളർപ്പിലേക്ക് നീങ്ങുമെന്ന തിരിച്ചറിവിലാണ് ഇത്. ജോസ് കെ മാണിയുടെ കേരളാ കോൺഗ്രസിനാണ് അടിസ്ഥാന ശക്തി കൂടുതലെന്ന് സിപിഎം തിരിച്ചറിഞ്ഞിട്ടുണ്ട്. കരുതലോടെ വിഷയത്തിൽ ഇടപെടാനാണ് തീരുമാനം. തൽകാലം ഈ തർക്കത്തിൽ പ്രതികരണം നടത്തില്ല. എന്നാൽ ജോസ് കെ മാണിക്കാണ് കൂടുതൽ കരുത്തെന്ന് ജില്ലാ നേതൃത്വം കണ്ടെത്തിയിട്ടുണ്ട്.

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനിൽ ചിഹ്ന തർക്കം നടക്കുകയാണ്. ഇത് ജോസ് കെ മാണിക്ക് അനുകൂലമാകുമെന്നാണ് ഇടതു പക്ഷത്തിന്റെ വിലയിരുത്തൽ. എന്നാൽ തദ്ദേശ അംഗങ്ങളിലെ അംഗ ബലത്തിൽ ജോസ് കെ മാണിക്കുള്ള എണ്ണത്തിന്റെ കണക്കു പോലും കോൺഗ്രസ് എടുക്കുന്നില്ല. കോട്ടയത്തെ ചിലർ ജോസ് കെ മാണിയെ പിണക്കി വിടാനാണ് ശ്രമിക്കുന്നത്. യഥാർത്ഥ കേരളാ കോൺഗ്രസ് തങ്ങളാണെന്ന പിജെ ജോസഫിന്റെ വാദങ്ങൾക്ക് തിരിച്ചടിയാകും തെരഞ്ഞെടുപ്പ് കമ്മീഷൻ നിഗമനം എന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. 600 പഞ്ചായത്ത് അംഗങ്ങളിൽ 460 പേരും ജോസ് കെ മാണിക്കൊപ്പമാണ്. ഇതിൽ 260 പേരും കോട്ടയം ജില്ലയിൽ നിന്നുള്ളവരാണ്. കോട്ടയം, എറണാകുളം, പത്തനംതിട്ട തുടങ്ങിയ ജില്ലകളിലെ 20 നിയമസഭാ മണ്ഡലങ്ങളിൽ ജയപരാജയം നിശ്ചിയിക്കുന്നത് ജോസ് കെ മാണി വിഭാഗമാണ്. ഇത് കോൺഗ്രസിനും നല്ല നിശ്ചയമുണ്ട്.

എന്നാൽ കോട്ടയത്തെ ചില കോൺഗ്രസ് നേതാക്കൾക്ക് പാലയിലും പൂഞ്ഞാറിലും കാഞ്ഞിരപ്പള്ളിയിലും ഏറ്റുമാനൂരിലും ചങ്ങനാശ്ശേരിയിലും മത്സരിക്കാൻ മോഹമുണ്ട്. ഈ സീറ്റുകൾ കിട്ടണമെങ്കിൽ ജോസ് കെ മാണിയെ പുറത്താക്കണം. ഇതിന് വേണ്ടിയാണ് കോൺഗ്രസിലെ എ ഗ്രൂപ്പ് കോട്ടയം ജില്ലാ പഞ്ചായത്ത് സീറ്റിൽ കടുംപിടിത്തം തുടരുന്നത്. കെ എം മാണിയെ ബാർ കോഴയിൽ പെടുത്തിയതും ഇതിന് വേണ്ടിയാണ്. മാണിയുടെ യഥാർത്ഥ പിന്തുടർച്ചയുള്ള ജോസ് കെ മാണിക്കൊപ്പമാണ് കേരളാ കോൺഗ്രസിലെ ബഹുഭൂരിപക്ഷവും. ഇതെല്ലാം മനസ്സിലാക്കിയിട്ടും ജോസ് കെ മാണിയെ ഒഴിവാക്കാൻ ശ്രമിക്കുന്നത് കോട്ടയത്തെ നിയമസഭാ സീറ്റുകൾ സ്വന്തമാക്കാൻ വേണ്ടി മാത്രമാണ്. എന്നാൽ മാണിയുടെ വികാരം അവഗണിച്ചാൽ തെരഞ്ഞെടുപ്പുകളിൽ തിരിച്ചടിയുണ്ടാകുമെന്ന് കോൺഗ്രസിലെ ഒരു വിഭാഗം തിരിച്ചറിയുന്നു. ജോസ് കെ മാണിയ്‌ക്കൊപ്പമുള്ളവരെ പ്രലോഭിപ്പിക്കാനും കോൺഗ്രസ് നേതാക്കൾ തന്നെ ശ്രമിക്കുന്നുണ്ടെന്നാണ് സൂചന.

ഇത് സിപിഎമ്മും തിരിച്ചറിയുന്നു. അതുകൊണ്ട് കൂടിയാണ് ജോസ് കെ മാണിയുടെ സംഘടനാ ശക്തി പരിശോധിക്കുന്നത്. കോട്ടയത്തും പത്തനംതിട്ടയിലും ഇടുക്കിയിലും അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ ജോസ് കെ മാണിയുടെ സാന്നിധ്യം ഗുണം ചെയ്യുമെന്നാണ് വിലയിരുത്തൽ. ഈ സാഹചര്യത്തിലാണ് പഞ്ചായത്ത് അംഗങ്ങളുടെ കണക്ക് സിപിഎം എടുക്കുന്നത്. പിജെ ജോസഫിനെക്കാൾ വലിയ അന്തരം ജോസ് കെ മാണിയുടെ പാർട്ടി സംഘടനാ സംവിധാനത്തിൽ ഉണ്ടെന്നാണ് സിപിഎം വിലയിരുത്തൽ. കോട്ടയം ജില്ലാ പഞ്ചായത്തിൽ അവിശ്വാസം വന്നാൽ ജോസ് കെ മാണിയെ സിപിഎം പിന്തുണയ്ക്കുമെന്നും സൂചനയുണ്ട്. അതുകൊണ്ട് തന്നെ കരുതലോടെ നീങ്ങാനാണ് കോൺഗ്രസിന്റെ ശ്രമം. യാതൊരു തരത്തിലുള്ള വിട്ടു വീഴ്ചയ്ക്കും തയ്യാറല്ലെന്ന് ജോസ് കെ മാണിയും വ്യക്തമാക്കിയിട്ടുണ്ട്.

കോട്ടയം ജില്ലാ പഞ്ചായത്തിൽ അവിശ്വാസപ്രമേയം വന്നാൽ ജോസ് കെ മാണിക്ക് പിന്തുണ നൽകുമെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി സൂചന നൽകി. യുഡിഎഫ് കൺവീനറുടെ നിർദ്ദേശം തള്ളി ജോസ് കെ മാണി രംഗത്തെത്തിയതിന് പിന്നാലെയാണ് സിപിഐഎം നിലപാട് വ്യക്തമാക്കുന്നത്. കേരള കോൺഗ്രസിനെ ഇല്ലാതാക്കാനുള്ള കോൺഗ്രസ് നീക്കമാണ് ചങ്ങനാശേരി നഗരസഭ തെരഞ്ഞെടുപ്പിൽ പ്രകടമായതെന്ന് സിപിഐഎം കോട്ടയം ജില്ലാ സെക്രട്ടറി വി എൻ വാസവൻ പറഞ്ഞു. യുഡിഎഫുമായി രാഷ്ട്രീയ വിയോജിപ്പ് പ്രഖ്യാപിച്ചാൽ ജോസ് പക്ഷത്തിന്റെ മുന്നണി പ്രവേശനം സാധ്യമെന്ന സൂചനയും വാസവൻ നൽകി. അവിശ്വാസപ്രമേയം കൊണ്ടുവരാൻ ഉള്ള ചർച്ചകൾ ആണ് കോൺഗ്രസിൽ നടക്കുന്നത്. ഇതിനിടെ ജോസ് വിഭാഗം നിയോജകമണ്ഡലം യോഗങ്ങൾ ഇന്ന് ചേരും. നിലവിലെ രാഷ്ട്രീയം ഈ യോഗങ്ങൾ ചർച്ച ചെയ്യും. യുഡിഎഫിന്റെ ആവശ്യം പരസ്യമായി തള്ളിയ ജോസ് കെ മാണിക്കെതിരെ പി ജെ ജോസഫ് എന്ത് നിലപാടെടുക്കുമെന്നതും നിർണ്ണായകമാണ്.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കണമെന്ന ആവശ്യം പരസ്യമായി തള്ളിയ ജോസ് യുഡിഎഫിനെ വെല്ലുവിളിച്ചെന്നാണ് ജോസഫ് വിഭാഗത്തിന്റെ നിലപാട്. പ്രസിഡന്റിനെ അവിശ്വാസത്തിലൂടെ പുറത്താക്കാനുള്ള നീക്കവുമായി ജോസഫ് മുന്നോട്ട് പോകാനാണ് സാധ്യത. ആദ്യം പിന്തുണച്ച കോൺഗ്രസ് പിൻവലിഞ്ഞതിനാൽ അങ്കലാപ്പിലായിരുന്നു ജോസഫ് വിഭാഗം. കോൺഗ്രസ് പിന്തുണയ്ക്കാതെ ജില്ലാ പഞ്ചായത്തിൽ അവിശ്വാസം കൊണ്ടുവരാനാകില്ല. എന്നാൽ നിലവിലെ സാഹചര്യത്തിൽ ജോസിനെതിരെ കോൺഗ്രസിന്റെ പിന്തുണ ആവശ്യപ്പെടാം. കോൺഗ്രസാകട്ടെ, ജോസിനെ പിണക്കാനും പിണക്കാതിരിക്കാനും പറ്റാത്ത അവസ്ഥയിലാണ്. എന്നാൽ ഒരു വിഭാഗം കോൺഗ്രസുകാർ ജോസ് കെ മാണി വിട്ടു പോകട്ടേ എന്ന നിലപാടിലുമാണ്. ഇവർ ജോസഫുമായി നിരന്തരം സംസാരിക്കുന്നുണ്ട്.

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കണമെന്ന യുഡിഎഫ് കൺവീനർ ബെന്നി ബഹ്നാന്റെ ആവശ്യം തള്ളി ജോസ് കെ മാണി ഉറച്ച നിലപാട് എടുത്തിരുന്നു. കെ എം മാണിയുടെ സാന്നിധ്യത്തിൽ ഉണ്ടാക്കിയ കരാർ മാറ്റില്ലെന്ന് ജോസ് കെ മാണി പറഞ്ഞു. തെരഞ്ഞെടുപ്പ് പോലുള്ള നിർണായക ഘട്ടങ്ങളിൽ യുഡിഎഫിൽ കലഹം സൃഷ്ടിക്കുന്നത് പി ജെ ജോസഫിന്റെ സ്ഥിരം പരിപാടിയാണ്. പാലായിലെ യുഡിഎഫ് സ്ഥാനാർത്ഥിയെ തള്ളണമെന്ന് പറഞ്ഞു. ചിഹ്നവും നിഷേധിച്ചു. പ്രശ്നങ്ങൾ ചർച്ചചെയ്ത് പരിഹരിക്കണമെന്ന് തന്നെയാണ് തങ്ങളുടെ ആഗ്രഹമെന്നും ജോസ് പാലായിൽ മാധ്യമങ്ങളോട് പറഞ്ഞു.മുൻ ധാരണപ്രകാരം ജോസ് വിഭാഗം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കണം. അതിനുശേഷമാകാം മറ്റ് ചർച്ചകളെന്നുമാണ് യുഡിഎഫ് കൺവീനർ കഴിഞ്ഞദിവസം നൽകിയ കത്തിൽ പറയുന്നത്.

എട്ടുമാസം ജോസ് വിഭാഗത്തിനും ആറുമാസം ജോസഫ് വിഭാഗത്തിനുമെന്നാണ് ധാരണ. ഇത് പാലിക്കാൻ ജോസ് ബാധ്യസ്ഥനാണെന്നും കത്തിൽ പറഞ്ഞു. എന്നാൽ ഇങ്ങനെയൊരു കരാർ ഇല്ലെന്നും മാണിയുമായുണ്ടാക്കിയ കരാർ മാത്രമെ അംഗീകരിക്കൂവെന്നുമാണ് ജോസ് പക്ഷത്തിന്റെ നിലപാട്. നേരത്തെ ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിയുടെ ഇടപെടലോടെ ജോസ് വിഭാഗത്തോടുള്ള നിലപാടിൽ കോൺഗ്രസ് കുറച്ച് അയവുവരുത്തിയിരുന്നു. ഇത് ജോസഫ്പക്ഷത്തെ ചൊടിപ്പിച്ചു. പ്രശ്നപരിഹാരം ഉണ്ടാകുംവരെ യു.ഡി.എഫ് യോഗത്തിൽ പങ്കെടുക്കില്ലെന്നും അവർ തീരുമാനമെടുത്തു. ഇതോടെയാണ് രണ്ടും കൽപ്പിച്ച് യു.ഡി.എഫ്. നേതൃത്വം കത്തുനൽകിയത്. ജോസ്പക്ഷം രാജിവച്ചില്ലെങ്കിൽ അവിശ്വാസത്തെ പിന്തുണയ്ക്കാൻ കോൺഗ്രസ് നിർബന്ധിതമാകും. ഇടതുമുന്നണിയുടെ പിന്തുണയുണ്ടെങ്കിൽ പക്ഷേ പുറത്താക്കൽ നടക്കില്ല. കോട്ടയം ജില്ലാ പഞ്ചായത്തിൽ കോൺഗ്രസിന് എട്ടും ജോസ്പക്ഷത്തിന് നാലും ജോസഫ് പക്ഷത്തിനു രണ്ടും അംഗങ്ങളാണുള്ളത്.

ഇടതുമുന്നണിക്ക് ഏഴും പി.സി. ജോർജിന്റെ ജനപക്ഷത്തിന് ഒരു അംഗവുമുണ്ട്. അവിശ്വാസത്തിനു നോട്ടീസ് നൽകണമെങ്കിൽത്തന്നെ മൂന്നിലൊന്ന് അംഗങ്ങളുടെ പിന്തുണ വേണം. കോൺഗ്രസ് കൂടി ഒപ്പിട്ടാലേ അവിശ്വാസത്തിന് ജോസഫ്പക്ഷത്തിന് നോട്ടീസ് നൽകാൻ കഴിയൂ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP