Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202305Tuesday

ജെഡിഎസ് ദേശീയ നേതൃത്വം ബിജെപി നയിക്കുന്ന എൻഡിഎ സഖ്യത്തിന് കൈകൊടുത്തതോടെ, വെട്ടിലായത് സംസ്ഥാന ഘടകം; തങ്ങൾ എൻഡിഎക്കൊപ്പം അല്ലെന്ന് പ്രഖ്യാപിച്ചെങ്കിലും ഇടതുമുന്നണിയിൽ തുടരാൻ പോംവഴികൾ തേടണം

ജെഡിഎസ് ദേശീയ നേതൃത്വം ബിജെപി നയിക്കുന്ന എൻഡിഎ സഖ്യത്തിന് കൈകൊടുത്തതോടെ, വെട്ടിലായത് സംസ്ഥാന ഘടകം; തങ്ങൾ എൻഡിഎക്കൊപ്പം അല്ലെന്ന് പ്രഖ്യാപിച്ചെങ്കിലും ഇടതുമുന്നണിയിൽ തുടരാൻ പോംവഴികൾ തേടണം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ന്യൂഡൽഹിയിൽ നിന്ന് പ്രഖ്യാപനം വന്നതോടെ, ജനതാദൾ എസ് സംസ്ഥാന ഘടകം ആകെ വിഷമത്തിലായി. പാർട്ടി ദേശീയ നേതൃത്വം ബിജെപി നയിക്കുന്ന എൻഡിഎ സഖ്യത്തിനൊപ്പം. ഇവിടെ കേരളത്തിൽ, ബദ്ധവൈരികളായ സിപിഎം നയിക്കുന്ന എൽഡിഎഫിനൊപ്പവും. കേരളഘടകം എൻഡിഎയ്‌ക്കൊപ്പമില്ലെന്നാണ് സംസ്ഥാന പ്രസിഡന്റ് മാത്യു ടി.തോമസ് വ്യക്തമാക്കിയത്. അടുത്ത മാസം 7ന് സംസ്ഥാന കമ്മിറ്റി വിളിച്ചെന്നും മാത്യു ടി.തോമസ് അറിയിച്ചു.

സംസ്ഥാനത്ത് രണ്ട് എംഎൽഎമാരാണ് ജെഡിഎസിനുള്ളത്. തിരുവല്ലയിൽ നിന്ന് മാത്യു ടി തോമസും പാലക്കാട് ചിറ്റൂരിൽ നിന്ന് കെ കൃഷ്ണൻകുട്ടിയും. കെ കൃഷ്ണൻകുട്ടി രണ്ടാം പിണറായി വിജയൻ സർക്കാരിൽ വൈദ്യുതി മന്ത്രിയാണ്. പാർട്ടിക്ക് ബോർഡ്, കോർപറേഷൻ സ്ഥാനങ്ങളും നിലവിലുണ്ട്.

എന്നാൽ പാർട്ടി ദേശീയ നേതൃത്വത്തിന്റെ മുന്നണി മാറ്റം കേരളത്തിൽ ഇടതുമുന്നണിയുടെ താത്പര്യത്തിന് ചേരുന്നതല്ല. സംസ്ഥാനത്ത് ഇടതുമുന്നണിയിൽ തുടരണമെങ്കിൽ ജെഡിഎസ് സംസ്ഥാന നേതൃത്വത്തിന് ദേശീയ നേതൃത്വത്തോട് മുഖം തിരിക്കാതെ തരമില്ല. ഈ പ്രതിസന്ധിയെ തരണം ചെയ്യാനുള്ള മാർഗ്ഗങ്ങളാണ് സംസ്ഥാന സമിതിയിൽ ആലോചിക്കുക. ബിഹാറിലെ ആർജെഡിയിൽ ലയിക്കാനുള്ള ആലോചനകളാണ് നിലവിൽ പാർട്ടി നേതൃത്വത്തിന് മുന്നിലുള്ളത്.

അതേസമയം, ജനതാദൾ എസ് ( സെക്കുലർ) ദേശീയതലത്തിൽ ബിജെപി നയിക്കുന്ന എൻഡിഎയിൽ ചേർന്നത് അടുത്ത വർഷത്തെ പൊതുതിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ്. മുതിർന്ന ജെഡിഎസ് നേതാവും, മുൻ കർണാടക മുഖ്യമന്ത്രിയും എച്ച് ഡി ദേവഗൗഡയുടെ മകനുമായ എച്ച് ഡി കുമാരസ്വാമി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് പ്രഖ്യാപനം നടത്തിയത്. ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദയും, ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തും യോഗത്തിലുണ്ടായിരുന്നു. കർണാടകയിലെ സീറ്റുവിഭജനത്തിന്റെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

നേരത്തെ, എച്ച്ഡി ദേവഗൗഡയും മകൻ എച്ച്ഡി കുമാരസ്വാമിയും അമിത് ഷായെയും ജെപി നദ്ദയെയും പാർലമെന്റിലെത്തി കണ്ടിരുന്നു. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ കർണാടകയിൽ ജെഡിഎസും ബിജെപിയും തമ്മിലുള്ള സഖ്യം ചർച്ച ചെയ്യാനാണ് കൂടിക്കാഴ്ച നടത്തിയത്. പൊതുതിരഞ്ഞെടുപ്പിലെ സീറ്റ് വിഭജനം നേതാക്കൾ ചർച്ച ചെയ്തു. ജെഡിഎസ് എൻഡിഎയിൽ ചേർന്നതിനെ നദ്ദ സ്വാഗതം ചെയ്തു. ജെഡിഎസിന്റെ വരവ് എൻഡിഎയെ കൂടുതൽ ശക്തമാക്കുമെന്നും, പുതിയ ഇന്ത്യ, കരുത്തുറ്റ ഇന്ത്യ എന്ന മോദിയുടെ ദർശനത്തെ കൂടുതൽ കരുത്തുള്ളതാക്കുമെന്നും നദ്ദ കുറിത്തു.

മുതിർന്ന ബിജെപി നേതാവ് ബിഎസ് യെദ്യൂരപ്പയുടെ പ്രസ്താവനയെ തുടർന്ന് ഇരു പാർട്ടികളും തമ്മിലുള്ള സഖ്യത്തെ ചുറ്റിപ്പറ്റിയുള്ള ചർച്ചകൾ നേരത്തെ സജീവമായിരുന്നു. വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ജെഡിഎസുമായി ധാരണയുണ്ടാക്കാൻ ആലോചിക്കുന്നതായി യെദ്യൂരപ്പ അടുത്തിടെ സൂചിപ്പിച്ചിരുന്നു.

കർണാടകയിലെ ആകെയുള്ള 28 മണ്ഡലങ്ങളിൽ നാല് ലോക്സഭാ സീറ്റുകളിൽ പ്രാദേശിക ജെഡിഎസ് സ്ഥാനാർത്ഥികളെ നിർത്തുമെന്നാണ് സൂചന. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ കർണാടകയിൽ 25 സീറ്റുകളിൽ ബിജെപി വിജയിച്ചിരുന്നു. ബിജെപി പിന്തുണച്ച ഒരു സ്വതന്ത്ര സ്ഥാനാർത്ഥി മാണ്ഡ്യയിലെ സീറ്റിൽ വിജയിച്ചു. അതേസമയം കോൺഗ്രസിനും ജെഡിഎസിനും ഓരോ സീറ്റ് മാത്രമാണ് നേടാനായത്. പിന്നീട് 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ജെഡിഎസ് കോൺഗ്രസുമായി സഖ്യത്തിലായി. തുടർന്ന് മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയുടെ നേതൃത്വത്തിൽ കർണാടകയിൽ ഇരുപാർട്ടികളും സംയുക്തമായി ഭരണം നടത്തി.

ഗണേശ ചതുർഥിക്ക് ശേഷം കൂടുതൽ വിവരങ്ങൾ പങ്കിടുമെന്നാണ് കുമാരസ്വാമി, നേരത്തെ പറഞ്ഞിരുന്നത്. പഴയ മൈസുരുവിൽ ജെഡിഎസിന് നാല് സീറ്റ് കിട്ടുമെന്ന അഭ്യൂഹങ്ങളും അദ്ദേഹം തള്ളിക്കളഞ്ഞിരുന്നു. മെയിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ, ബിജെപിക്ക് പഴയ മൈസുരുവിൽ കോൺഗ്രസിന് എതിരെ ക്ഷീണം സംഭവിച്ചിരുന്നു. അതേസമയം, ജെഡിഎസ്, മാണ്ഡ്യയിലും മറ്റുമൂന്നുസീറ്റിലും മത്സരിക്കുമെന്നാണ് യെദ്യൂരപ്പ നേരത്തെ വ്യക്തമാക്കിയത്. ജെഡിഎസുമായുള്ള സഖ്യത്തിലൂടെ ബിജെപിക്ക് 25 ഓ 26 ഓ സീറ്റ് നേടാനാകുമെന്നും യെദ്യൂരപ്പ ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP