Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202325Saturday

'കൊലപാതകം നേരിൽ കണ്ട 16 കുട്ടികളുടെ ഭാവി തുലഞ്ഞു; വിട്ടുമാറാത്ത മാനസിക സമ്മർദ്ദം കാരണം ഷെസീന ജീവനൊടുക്കി'; കെ ടി ജയകൃഷ്ണൻ മാസ്റ്റർ വധം സിബിഐ അന്വേഷിക്കണമെന്ന് ബിജെപി; കുറിപ്പുമായി സന്ദീപ് വാചസ്പതി

'കൊലപാതകം നേരിൽ കണ്ട 16 കുട്ടികളുടെ ഭാവി തുലഞ്ഞു; വിട്ടുമാറാത്ത മാനസിക സമ്മർദ്ദം കാരണം ഷെസീന ജീവനൊടുക്കി'; കെ ടി ജയകൃഷ്ണൻ മാസ്റ്റർ വധം സിബിഐ അന്വേഷിക്കണമെന്ന് ബിജെപി; കുറിപ്പുമായി സന്ദീപ് വാചസ്പതി

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: തലശേരി താലൂക്കിലെ അരുംകൊല രാഷ്ട്രീയത്തിന് ദൃക്‌സാക്ഷിയായി വിട്ടുമാറാത്ത മാനസിക സമ്മർദ്ദത്താൽ പാനൂർ സ്വദേശി ഷെസീന ജീവനൊടുക്കിയ പശ്ചാത്തലത്തിൽ കെ ടി ജയകൃഷ്ണൻ മാസ്റ്റർ വധത്തിൽ സി ബി ഐ അന്വേഷണം വേണമെന്ന ആവശ്യം ഉയർത്തി ബിജെപി രംഗത്ത്. ഇക്കാര്യം സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെടും. യഥാർത്ഥ പ്രതികൾ ഇപ്പോഴും സമൂഹത്തിൽ വിഹരിക്കുകയാണെന്ന് ബിജെപി കണ്ണൂർ ജില്ല പ്രസിഡന്റ് എൻ ഹരിദാസ് ആരോപിച്ചു.

കൊലപാതകം നേരിൽ കണ്ട 16 കുട്ടികളുടെ ഭാവി തുലഞ്ഞു. അവരുടെ മാനസിക നില ഇന്നും ശരിയായിട്ടില്ല. അന്നത്തെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയായ പാനൂർ സ്വദേശി ഷെസീന വിട്ടുമാറാത്ത മാനസിക സമ്മർദ്ദം കാരണമാണ് കഴിഞ്ഞ ദിവസം ജീവനൊടുക്കിയതെന്നും ഹരിദാസ് പറഞ്ഞു. കഴിഞ്ഞ ദിവസം പാനൂരിൽ ആത്മഹത്യ ചെയ്ത 31 കാരി ജയകൃഷ്ണൻ മാസ്റ്ററുടെ ക്ലാസിൽ ഉണ്ടായിരുന്നെന്നും മാനസിക പ്രയാസങ്ങൾ കാരണമാണ് ആത്മഹത്യ ചെയ്തതെന്നും ബിജെപി ജില്ലാ പ്രസിഡണ്ട് ആരോപിച്ചു.

1999ൽ യുവമോർച്ച നേതാവ് കെ.ടി ജയകൃഷ്ണൻ മാസ്റ്ററെ മൊകേരി യു.പി സ്‌കൂളിലെ ക്‌ളാസ് മുറിയിൽ കയറി വെട്ടിക്കൊലപ്പെടുത്തുന്നത് കാണേണ്ടി വന്ന അന്നത്തെ അഞ്ചാം ക്‌ളാസ് വിദ്യാർത്ഥിനിയായ കൂരാറ മണ്ടമുള്ളയിൽ വീട്ടിൽ ഷെസീനയാ(31)ണ് വിട്ടുമാറാത്ത മാനസിക സമ്മർദ്ദത്താൽ ജീവനൊടുക്കിയത്.

യുവമോർച്ച സംസ്ഥാന വൈസ് പ്രസിഡന്റും ഗണിത അദ്ധ്യാപകനുമായ കെ.ടി ജയകൃഷ്ണൻ മാസ്്റ്ററെ ഡിസംബർ ഒന്നിന് കുട്ടികൾക്ക് ക്ലാസെടുത്തു കൊണ്ടിരിക്കെയാണ് സി.പി. എം പ്രവർത്തകർ വെട്ടിക്കൊന്നത്. കുട്ടികൾ കണ്ടു നിൽക്കവെയാണ് അരും കൊല നടത്തിയത്.

കേരളത്തിന്റെ മന:സാക്ഷിയെ തന്നെ ഞെട്ടിച്ച കൊടുംക്രൂരകൃത്യമായിരുന്നു അദ്ധ്യാപകന്റെ കൊലപാതകം. കൊലപാതകത്തിന് ദൃക്‌സാക്ഷികളായ ഒട്ടേറെ കുട്ടികൾ ഇതിനു ശേഷം കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നു.

സ്‌കൂൾ അധികൃതർ കൗൺസിലിങ് നടത്തിയാണ് ഇവരിൽ പലരെയും സാധാരണജീവിതത്തിലേക്ക് മടക്കികൊണ്ടുവന്നത്. എന്നാൽ അഞ്ചാം ക്‌ളാസ് കാരിയായ ഷെസീനയുടെ കളിചിരികൾ മായുകയും അതികഠിനമായ മാനസിക വൈഷമ്യത്താലും മുഖത്തേക്ക് ചോരതെറിച്ചുവീണ കാഴ്ചയും അവളെ പേക്കിനാവുപോലെ വേട്ടയാടുകയായിരുന്നു.

ആ സംഭവത്തിനു ശേഷം അവൾ സ്‌കൂളിലേക്ക് പോയിട്ടില്ല. പാഠപുസ്തകം കാണുന്നതു പോലും പേടിയായി. ആംബുലൻസിന്റെ ശബ്ദം കേട്ടാൽ വീട്ടിനകത്തേക്ക് ഓടിയൊളിക്കും. രക്ഷിതാക്കൾ സ്‌കൂൾ മാറ്റി ചേർത്തെങ്കിലും പഠനം തുടരാൻ കഴിഞ്ഞില്ല. പിന്നീട് പ്രൈവറ്റായി എസ്. എസ്. എൽ.സി പഠിച്ചു പാസായെങ്കിലും അതികഠിനമായ വിഷാദരോഗം ഷെസീനയെ പിടികൂടിയിരുന്നു. അതിന്റെ മാനസിക ആഘാതത്തിൽനിന്ന് കരകയറാൻ കഴിയാതെ രണ്ടു ദശകത്തിനിപ്പുറം ജീവനൊടുക്കുകയായിരുന്നു.

ഷെസിനയ്ക്ക് (33) ആദരാഞ്ജലി അർപ്പിച്ച് സമൂഹമാധ്യമത്തിൽ ബിജെപി നേതാവ് സന്ദീപ് വാചസ്പതി കുറിപ്പ് പങ്കുവച്ചു. ചിരിച്ചും കളിച്ചും തൊട്ടടുത്തു നിന്ന അദ്ധ്യാപകൻ മാംസക്കഷണങ്ങളായും ചോരത്തുള്ളികളായും കുഞ്ഞുടുപ്പുകളിലേക്ക് ചിതറി തെറിച്ചപ്പോൾ ആ ക്ലാസ് മുറിയിലുണ്ടായിരുന്ന 16 പിഞ്ചു ജീവിതങ്ങളും കലങ്ങിമറിഞ്ഞുവെന്നും സന്ദീപ് കുറിച്ചു.

സന്ദീപിന്റെ ഫേസ്‌ബുക്ക് കുറിപ്പ്

പാനൂർ കൂരാറ ചെക്കൂട്ടിന്റെവിട വീട്ടിൽ ഷെസിന ആത്മഹത്യ ചെയ്തു. കേരളത്തിൽ നടക്കുന്ന അസംഖ്യം ആത്മഹത്യകളിൽ ഒന്നു മാത്രമായി അവഗണിക്കേണ്ട മരണമല്ല ഇത്. കമ്മ്യൂണിസ്റ്റ് കാട്ടാളന്മാർ നടത്തിയ കൊലപാതകമാണിത്. 22 വർഷങ്ങൾക്ക് മുൻപ് കൊല്ലാക്കൊല ചെയ്യപ്പെട്ട 11 വയസുകാരി ഇന്ന് 33-ാം വയസിൽ ജീവനൊടുക്കി എന്നേയുള്ളൂ. 1999 ഡിസംബർ ഒന്നിന് പാനൂർ ഈസ്റ്റ് മൊകേരി യുപി സ്‌കൂളിൽ കെ.ടി. ജയകൃഷ്ണൻ മാസ്റ്റർ എന്ന യുവമോർച്ചാ സംസ്ഥാന ഉപാധ്യക്ഷനെ ക്ലാസ് മുറിയിലിട്ട് വെട്ടിനുറുക്കി കൊന്നപ്പോൾ ഷെസിനയുടെ ജീവിതം അവസാനിച്ചതാണ്. ഷെസിനയുടെ മാത്രമല്ല 6 B യിൽ ഉണ്ടായിരുന്ന മറ്റ് 16 പിഞ്ചുകുട്ടികളുടേയും.

ചിരിച്ചും കളിച്ചും തൊട്ടടുത്തു നിന്ന അദ്ധ്യാപകൻ മാംസക്കഷണങ്ങളായും ചോരത്തുള്ളികളായും കുഞ്ഞുടുപ്പുകളിലേക്കു ചിതറി തെറിച്ചപ്പോൾ ആ ക്ലാസ് മുറിയിലുണ്ടായിരുന്ന 16 പിഞ്ചു ജീവിതങ്ങളും കലങ്ങിമറിഞ്ഞു. മിക്കവരുടേയും മാനസിക നില തകരാറിലായി. നിരന്തരമായ കൗൺസിലിങ്ങും ചികിത്സയും കൊണ്ട് പലരും ജീവിതത്തിലേക്കു തിരികെയെത്തി. ഒരു ചികിത്സയ്ക്കും ഭേദമാക്കാനാകാതെ ഷെസിനയെപ്പോലെ ചില ഹതഭാഗ്യർ താളംതെറ്റിയ മനസുമായി ജീവിതം തള്ളി നീക്കി. ഒടുവിൽ ഇനി ജീവിക്കേണ്ട എന്ന് ഷെസിന കഴിഞ്ഞ ദിവസം തീരുമാനിച്ചു. സ്‌നേഹനിധികളായ വീട്ടുകാരുടേയും ബന്ധുക്കളുടേയും ബിജെപി പ്രവർത്തകരുടേയും ഒക്കെ ശ്രമഫലമായി ബിരുദം വരെ പഠിക്കാൻ ഷെസിനയ്ക്ക് കഴിഞ്ഞിരുന്നു. സാംസ്‌കാരിക കേരളം (അങ്ങനെ ഒന്നുണ്ടെങ്കിൽ), കാണാതെ പോയ ഷെസിനയ്ക്ക് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ.

യഥാർത്ഥത്തിൽ 17 പേരെ കൊന്നതിനായിരുന്നു കേസ് എടുക്കേണ്ടിയിരുന്നത്. എന്നാൽ ഈ കേസിലെ ഒന്നാം പ്രതിയായ അച്ചാരമ്പത്ത് പ്രദീപനെ അതേ സ്‌കൂളിന്റെ പിടിഎ പ്രസിഡന്റാക്കിയ കണ്ണിൽ ചോരയില്ലായ്മയാണ് പിന്നീട് കേരളം കണ്ടത്. അധികാരത്തിന്റെ ഹുങ്കിൽ പലരേയും നിശബ്ദരാക്കാനും പലതും ചെയ്യാനും കഴിഞ്ഞേക്കാം. എങ്കിലും ഇതിനൊക്കെ കണക്ക് പറയേണ്ട കാലം വരുമെന്ന് ഓർക്കുക. പ്രണാമം സഹോദരീ...

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP