Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മുഖ്യമന്ത്രി യാഥാർത്ഥ്യങ്ങളെ അംഗീകരിക്കാൻ മടിക്കുന്നു; ചരിത്രത്തോടുള്ള ഇടതുപക്ഷ സമീപനം ചോദ്യം ചെയ്യപ്പെടുന്നു; കേരളത്തിന്റെ ചരിത്ര യാഥാർത്ഥ്യങ്ങൾ അംഗീകരിക്കാൻ വിസമ്മതിക്കുന്ന നിലപാട് ഇടതുപക്ഷ രാഷ്ട്രീയത്തിന് ഭൂഷണമല്ല; വസ്തുനിഷ്ടമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ചരിത്രം രേഖപ്പെടുത്തപ്പെടുത്തുന്നത്; അല്ലാതെ കെട്ടുകഥകളല്ല: പിണറായിയെ വിമർശിച്ച് സിപിഐ മുഖപത്രം

മുഖ്യമന്ത്രി യാഥാർത്ഥ്യങ്ങളെ അംഗീകരിക്കാൻ മടിക്കുന്നു; ചരിത്രത്തോടുള്ള ഇടതുപക്ഷ സമീപനം ചോദ്യം ചെയ്യപ്പെടുന്നു; കേരളത്തിന്റെ ചരിത്ര യാഥാർത്ഥ്യങ്ങൾ അംഗീകരിക്കാൻ വിസമ്മതിക്കുന്ന നിലപാട് ഇടതുപക്ഷ രാഷ്ട്രീയത്തിന് ഭൂഷണമല്ല; വസ്തുനിഷ്ടമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ചരിത്രം രേഖപ്പെടുത്തപ്പെടുത്തുന്നത്; അല്ലാതെ കെട്ടുകഥകളല്ല: പിണറായിയെ വിമർശിച്ച് സിപിഐ മുഖപത്രം

സ്വന്തം ലേഖകൻ

കൊച്ചി: മുഖ്യമന്ത്രി യാഥാർത്ഥ്യങ്ങളെ അംഗീകരിക്കാൻ മടിക്കുന്നു. ഭൂപരിഷ്‌കരണ ഭേദഗതി നിയമത്തിന്റെ സുവർണജൂബിലി ചടങ്ങിൽ സി. അച്യുതമേനോന്റെ പേര് പരാമർശിക്കാത്തതിൽ മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമർശിച്ച് സിപിഐ. സുവർണ്ണജൂബിലെ ആഘോഷത്തിന്റെ ഉദ്ഘാടന പ്രസംഗത്തിൽ അച്യുതമേനോന്റെ പേര് മനപ്പൂർവ്വം വിസ്മരിച്ചെന്നും സിപിഐ മുഖപത്രമായ ജനയുഗത്തിലൂടെ കുറ്റപ്പെടുത്തി.

ചരിത്ര വസ്തുതകളെ പിണറായി വിജയൻ ഒഴിവാക്കി. ഇടതുപക്ഷത്തിന്റെ ചരിത്രത്തോടുള്ള സമീപനത്തെയാണ് ഇതിലൂടെ ചോദ്യം ചെയ്യുന്നത്. ഉദ്ഘാടന പ്രസംഗത്തിൽ അച്യുതമേനോന്റെ പേര് പരാമർശിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ വിസ്മരിച്ചുവെന്ന് ആരും കരുതില്ലെന്നും മറിച്ച്, അത് ചരിത്ര വസ്തുതകളുടെ മനഃപൂർവമായ തമസ്‌കരണമാണെന്നും മുഖപ്രസംഗം പറയുന്നു.

ചരിത്രത്തോടു സത്യസന്ധത പുലർത്താതെ അതിനെ വളച്ചൊടിക്കുകയും ദുർവ്യാഖ്യാനം ചെയ്തും ദേശീയ രാഷ്ട്രീയത്തെ കലുഷിതമാക്കി മാറ്റുന്ന ഘട്ടത്തിൽ സമീപകാല കേരളത്തിന്റെ ചരിത്ര യാഥാർത്ഥ്യങ്ങൾ അംഗീകരിക്കാൻ വിസമ്മതിക്കുന്ന നിലപാട് ഇടതുപക്ഷ രാഷ്ട്രീയത്തിന് ഭൂഷണമല്ല. വസ്തുനിഷ്ടമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ചരിത്രം രേഖപ്പെടുത്തപ്പെടുത്തുന്നത്. അല്ലാതെ കെട്ടുകഥകളല്ലെന്നും ലേഖനത്തിൽ വിമർശിക്കുന്നുണ്ട്.

മുഖപ്രസംഗത്തിന്റെ പൂർണ്ണ രൂപം

ചരിത്രത്തോടുള്ള ഇടതുപക്ഷ സമീപനം ചോദ്യം ചെയ്യപ്പെടുന്നു

കേരളത്തിൽ സമഗ്ര ഭൂപരിഷ്‌കരണ നിയമം നടപ്പിലാക്കിയതിന്റെ അമ്പതാം വാർഷികമായിരുന്നു ജനുവരി ഒന്നിന്. ഐക്യ കേരളത്തിന്റെ ചരിത്രത്തിൽ സമാന തോതിൽ അനുസ്മരിക്കപ്പെടേണ്ട മറ്റൊരു നിയമനിർമ്മാണം ഉണ്ടോ എന്നത് സംശയമാണ്. മനുഷ്യ വികാസ സൂചികയുടെ അടിസ്ഥാനത്തിൽ കേരളത്തെ ലോകത്തിലെ വികസിത സമൂഹങ്ങൾക്ക് ഒപ്പം എത്തിക്കുന്നതിൽ നിർണായക പങ്കാണ് 1970 ലെ ഭൂപരിഷ്‌കരണ ഭേദഗതി നിയമത്തിനുള്ളത്. ഐക്യകേരളം രൂപം കൊള്ളുമ്പോൾ ഏതാനും ആയിരങ്ങൾ മാത്രം ഭൂഉടമകളായി ഉണ്ടായിരുന്ന സ്ഥാനത്ത് 75 ലക്ഷത്തിലധികം കുടുംബങ്ങളെ ഭൂമിയുടെ അവകാശികളാക്കി മാറ്റിയെന്നതാണ് ആ നിയമത്തെ സമാനതകളില്ലാത്ത നിയമനിർമ്മാണമാക്കി മാറ്റിയത്. ഭക്ഷണം, വസ്ത്രം, പാർപ്പിടം എന്നിങ്ങനെയുള്ള മൂന്ന് അടിസ്ഥാന മനുഷ്യാവകാശങ്ങളിൽ ഒന്നിന് ജനസംഖ്യയിലെ മഹാഭൂരിപക്ഷത്തിനെയും പ്രാപ്തമാക്കിയ നിയമനിർമ്മാണമായിരുന്നു അത്. അത്ത­രം ഒരു നിയമനിർമ്മാണം സാധ്യമായത് 1969 ൽ അന്നത്തെ സവിശേഷ രാഷ്ട്രീയ സാഹചര്യത്തിൽ കേരളത്തിൽ അധികാരത്തിലേറിയ സി അച്യുതമേനോന്റെ നേതൃത്വത്തിലുള്ള ഐക്യ ജനാധിപത്യ മുന്നണി ഭരണത്തിലാണ്. ഭൂപരിഷ്‌കരണ നിയമം പൊടുന്നനെ സ്വയംഭൂവായ ഒരു നിയമനിർമ്മാണമല്ല.

കേരളത്തിന്റെ ഭൂപരിഷ്‌കരണ ശ്രമങ്ങൾക്ക് ടിപ്പുസുൽത്താന്റെ പടയോട്ടം മുതൽ ഇങ്ങോട്ട് രണ്ട് നൂറ്റാണ്ടിലേറെ ദൈർഘ്യമുണ്ട്. ഐക്യകേരള പിറവിയെ തുടർന്ന് അധികാരത്തിലേറിയ ആദ്യത്തെ കമ്മ്യൂണിസ്റ്റ് ഗവൺമെന്റ് അതിന് മൂർത്തമായ രൂപം നൽകി. ആ ഗവണ്മെന്റ് ഭരണഘടനാ വിരുദ്ധ നടപടികളിലൂടെ പുറത്താക്കപ്പെട്ടതോടെ നിയമനിർമ്മാണ ശ്രമങ്ങളിലും അതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങൾ ഉറപ്പിക്കുന്നതിലും വലിയ തിരിച്ചടികൾ ഉണ്ടായി. 1967 ൽ സിപിഐയും സിപിഎംഉം ഉൾപ്പെട്ട സപ്തകക്ഷി മുന്നണിക്കും ആ നിയമനിർമ്മാണ നടപടികൾ പൂർത്തീകരിക്കാനായില്ല. സപ്തകക്ഷി മുന്നണി ഗവൺമെന്റ് നിലംപൊത്തിയതിനെ തുടർന്ന് അധികാരത്തിൽവന്ന അച്യുതമേനോൻ സർക്കാരാണ് തികഞ്ഞ നിശ്ചയദാർഢ്യത്തോടെയും പ്രതിബദ്ധതയോടെയും ഭൂപരിഷ്‌കരണ ഭേദഗതി നിയമം നടപ്പിൽ വരുത്തിയത്. കോടതി നടപടികളുടെ നൂലാമാലകളിൽ കുടുങ്ങി തടസപ്പെടാത്തവിധം നിയമത്തെ ഭരണഘടനയുടെ ഒമ്പതാം ഷെഡ്യൂളി­ൽ ഉൾപ്പെടുത്തിയതും അച്യുതമേനോൻ സർക്കാരിന്റെ മികവു തന്നെ. തുടർന്നിങ്ങോട്ട് ആ നിയമം കേരളത്തിന്റെ ഭൂഉടമാബന്ധങ്ങളിലും ഒരു ജനതയുടെ പുരോഗതിയിലും നൽകിയ മഹത്തായ സംഭാവനകൾ ചരിത്രമാണ്. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ കേരളം കൈവരിച്ച ആ ചരിത്രനേട്ടത്തെ അവമതിക്കാനും അതിനെ ഫലത്തിൽ അട്ടിമറിക്കാനും പല ശ്രമങ്ങളും നടന്നിട്ടുണ്ട്. അവ സ്വാഭാവിക അന്ത്യത്തെ നേ­രിട്ടുവെങ്കിലും അത്തരം നടപടികൾ ഇപ്പോഴും ഭൂപരിഷ്‌കരണ നിയമത്തിന്റെ ആനു­­കൂല്യം ലഭിക്കുന്നതിന് ഒരു ചെറിയ വിഭാഗത്തിനെങ്കിലും വിഘാതമായി തുടരുന്ന യാഥാർത്ഥ്യവും അവഗണിച്ചുകൂട. ഭൂപരിഷ്‌കരണ നിയമം നടപ്പാക്കി അരനൂറ്റാണ്ട് പിന്നിട്ടു, രാജ്യത്തിന്റെ രാഷ്ട്രീയ വ്യവഹാരത്തിൽ വൻ മാറ്റങ്ങൾ സംഭവിച്ചിരിക്കുന്നു.

എന്നിട്ടും യാഥാർത്ഥ്യങ്ങളെ യാഥാർത്ഥ്യങ്ങളായി അംഗീകരിക്കാനും ചരിത്രവസ്തുതകളെ മാനിക്കാനും ഇനിയും ചിലരെങ്കിലും വിസ്മരിക്കുന്നു. ചരിത്രത്തോടു സത്യസന്ധത തെല്ലും പുലർത്താതെ, ചരിത്രത്തെ വളച്ചൊടിക്കുകയും ദുർവ്യാഖ്യാനം ചെയ്തും ദേശീയ രാഷ്ട്രീയത്തെ കലുഷിതമാക്കി മാറ്റുന്ന ഘട്ടത്തിൽ സമീപകാല കേരളത്തിന്റെ ചരിത്ര യാഥാർത്ഥ്യങ്ങൾ അംഗീകരിക്കാൻ വിസമ്മതിക്കുന്ന നിലപാട് ഇടതുപക്ഷ രാഷ്ട്രീയത്തിന് ഭൂഷണമല്ല. ചരിത്രം ഐതിഹ്യങ്ങളൊ കെട്ടുകഥകളൊ അല്ല. അവ വസ്തുനിഷ്ടമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് രേഖപ്പെടുത്തപ്പെടുക. പരിശീലനം സിദ്ധിച്ച ചരിത്രകാരന്മാരെ ആട്ടിയകറ്റി തങ്ങളുടെ ഭാവനകൾക്കും നിക്ഷിപ്ത താൽപര്യങ്ങൾക്കും അനുസൃതമായി ചരിത്രത്തെ ദുർവ്യാഖ്യാനം ചെയ്യാനും വളച്ചൊടിക്കാനും ആസൂത്രിത ശ്രമമാണ് മോദി ഭരണത്തിൽ ദേശീയതലത്തിൽ നടക്കുന്നത്. ആ ചരിത്ര നിരാസത്തിനെതിരെയാണ് രാജ്യം സടകുടഞ്ഞെണീക്കുന്നത്. അതിന്റെ മുൻനിരയിലാണ് കമ്മ്യൂണിസ്റ്റ് ഇടതുപക്ഷ പ്രസ്ഥാനങ്ങൾ. അത്തരമൊരു ദേശവ്യാപക ചെറുത്തുനിൽപിന്റെ വിശ്വാസ്യതയെയാണ് കേരളത്തിലെ ഭൂപരിഷ്‌കരണം സംബന്ധിച്ച അർധസത്യങ്ങൾ കൊണ്ട് ഇടതുപക്ഷം സ്വയം ചോദ്യം ചെയ്യുന്നത്. ഭൂപരിഷ്‌കരണ ഭേദഗതി നിയമത്തിന്റെ സുവർണജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടന പ്രസംഗത്തിൽ സി അച്യുതമേനോന്റെ പേര് പരാമർശിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ വിസ്മരിച്ചുവെന്ന് ആരും കരുതില്ല. മറിച്ച്, അത് ചരിത്രവസ്തുതകളുടെ മനഃപൂർവമായ തമസ്‌കരണമാണ്. അത് ഇടതുപക്ഷത്തിന്റെ ചരിത്രത്തോടുള്ള സമീപനത്തെയാണ് ചോദ്യം ചെയ്യുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP