Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ആദ്യം യൂത്ത് ലീഗിന്റെ യുവജന യാത്ര.. പിന്നെ ജോസ് കെ മാണിയുടെ രാഷ്ട്രീയ പ്രചാരണയാത്ര.. ഇനി വരുന്നത് മുല്ലപ്പള്ളിയുടെ ജനമഹായാത്ര; യാത്രകൾക്ക് പദ്ധതിയിട്ട് സിപിഎമ്മും ബിജെപിയും; ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കാസർകോട്ടു നിന്നും തിരുവനന്തപുരം ലക്ഷ്യമാക്കിയുള്ള രാഷ്ട്രീയ യാത്രകൾ നിരവധി

ആദ്യം യൂത്ത് ലീഗിന്റെ യുവജന യാത്ര.. പിന്നെ ജോസ് കെ മാണിയുടെ രാഷ്ട്രീയ പ്രചാരണയാത്ര.. ഇനി വരുന്നത് മുല്ലപ്പള്ളിയുടെ ജനമഹായാത്ര; യാത്രകൾക്ക് പദ്ധതിയിട്ട് സിപിഎമ്മും ബിജെപിയും; ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കാസർകോട്ടു നിന്നും തിരുവനന്തപുരം ലക്ഷ്യമാക്കിയുള്ള രാഷ്ട്രീയ യാത്രകൾ നിരവധി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കാസർകോടു നിന്നും തുടങ്ങി തിരുവനന്തപുരത്ത് അവസാനിപ്പിക്കുന്ന രാഷ്ട്രീയ യാത്രകൾ കേരളത്തിന് പുത്തരിയല്ല. പല ഘട്ടങ്ങളിലും കേരളത്തെ രക്ഷിക്കാൻ എന്ന പേരിൽ യാത്രകൾ സംസ്ഥാനത്ത് ഉണ്ടായിട്ടുണ്ട്. ഈ യാത്രകൾ കൊണ്ട് ആരെങ്കിലും രക്ഷപെട്ടോ എന്നു ചോദിച്ചാൽ അത് വെറുതേയാകുമെന്ന് പറയേണ്ടി വരും. ഇപ്പോഴിതാ ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്ത വേളയിൽ വടക്കു നിന്നും തെക്കോട്ടുള്ള നിരവധി യാത്രകൾ തുടങ്ങി. ആദ്യം പി കെ ഫിറോസിന്റെ നേതൃത്വത്തിൽ മുസ്സീം യൂത്ത് ലീഗീന്റെ യുവജനയാത്രയാണ് സംഘടിപ്പിച്ചത്. ഇത് വലിയ വിജയമായിരുന്നു താനും. പിന്നാലെ കഴിഞ്ഞ ദിവസം ജോസ് കെ മാണി നയിക്കുന്ന രാഷ്ട്രീയ പ്രചാരണയാത്രയും തുടങ്ങി. ഇപ്പോഴിതാ അടുത്തതായി വരാൻ പോകുന്നത് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ നയിക്കുന്ന യാത്രമാണ്. മഹാജനയാത്ര എന്നാണ് യാത്രക്ക് പേരിട്ടിരിക്കുന്നത്.

ഫെബ്രുവരി മൂന്നിന് യാത്ര കാസർകോട്ട് നിന്നാരംഭിക്കും. 28 ന് തിരുവനന്തപുരത്താണു സമാപനം. വിവിധ സ്ഥലങ്ങളിൽ ദേശീയ, സംസ്ഥാന നേതാക്കൾ പങ്കെടുക്കും. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ തെറ്റായ നയങ്ങൾ തുറന്നുകാട്ടുകയാണു ലക്ഷ്യം. ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 20 മണ്ഡലങ്ങളെക്കുറിച്ചും യുഡിഎഫിനു ധാരണയുണ്ടെന്നു മുല്ലപ്പള്ളി പറഞ്ഞു. സ്ഥാനാർത്ഥികളെക്കുറിച്ചു ധാരണയായി എന്നല്ല താൻ പറഞ്ഞത്. ഫെബ്രുവരി 20 നു മുമ്പ് സ്ഥാനാർത്ഥിപ്പട്ടിക സമർപ്പിക്കണമെന്ന എഐസിസി നിർദ്ദേശം പാലിക്കും.

ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി 29 ന് കൊച്ചിയിലെത്തുന്ന കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ രാവിലെ 10.30 ന് നെടുമ്പാശേരിയിൽ സ്വീകരിക്കുമെന്നും മുല്ലപ്പള്ളി വ്യക്തമാക്കി. തുടർന്ന് അദ്ദേഹം എം.ഐ. ഷാനവാസിന്റെ വീടു സന്ദർശിക്കും. 12.30 മുതൽ ഗെസ്റ്റ് ഹൗസിൽ യുഡിഎഫ് നേതാക്കളുമായി തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ചർച്ച ചെയ്യും. 3.15 ന് മറൈൻഡ്രൈവിൽ ബ്ലോക്ക് പ്രസിഡന്റുമാരുടെയും വൈസ് പ്രസിഡന്റുമാരുടെയും യോഗം. വൈകിട്ട് 5.45 ന് ഡൽഹിക്കു മടങ്ങും. എ.കെ. ആന്റണി, ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല കെ.സി. വേണുഗോപാൽ, മുകുൾ വാസ്നിക്, പി.സി. ചാക്കോ തുടങ്ങിയ നേതാക്കളും പങ്കെടുക്കുമെന്നും മുല്ലപ്പള്ളി അറിയിച്ചു.

അതേസമയം ജോസ് കെ മാണി നയിക്കുന്ന കേരള കോൺഗ്രസിന്റെ രാഷ്ട്രീയ പ്രചാരണയാത്ര പുപ്പെട്ടു കഴിഞ്ഞു. കർഷക രക്ഷ, മതേതര ഭാരതം, പുതിയ കേരളം എന്നീ മുദ്രാവാക്യങ്ങളുയർത്തിയാണ് യാത്ര. 20 വർഷത്തിന് ശേഷമാണ് കേരള കോൺഗ്രസ് കേരള യാത്രയുമായെത്തുന്നത്. 1998 ൽ കെ എം മാണിയാണ് ഒടുവിൽ കേരളയാത്ര നടത്തിയത്. 22 ദിവസം നീണ്ടു നിൽക്കുന്ന യാത്ര മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി കാസർകോട്ടാണ് ഉദ്ഘാടനം ചെയ്തത്.

കർഷക രക്ഷ, മതേതര ഭാരതം, പുതിയ കേരളം എന്നീ മുദ്രാവാക്യങ്ങളുയർത്തിയാണ് യാത്ര. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പായി നടത്തുന്ന യാത്രയ്ക്ക് രാഷ്ട്രീയ ലക്ഷ്യങ്ങളും ഏറെയുണ്ട്. ചെറിയ ഇടവേളയ്ക്ക് ശേഷം യുഡിഎഫിൽ തിരിച്ചെത്തിയ പാർട്ടി പ്രവർത്തകർക്ക് മുന്നണിയുമായി ഇഴുകിച്ചേരുന്നതിനും കൂടുതൽ സീറ്റെന്ന ആവശ്യം ശക്തമായി ഉന്നയിക്കാനും കേരളാ കോൺഗ്രസ് യാത്ര വേദിയാക്കുമെന്ന സൂചനയുണ്ട്.

2030ൽ കേരളത്തിൽ നിന്നും മുപ്പത് എംഎൽഎമാരെ ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്‌കരിച്ച 'മിഷൻ 2030'ന്റെ ഭാഗമായാണ് യാത്ര. പാർട്ടിക്ക് സ്വാധീനമില്ലാത്ത മലബാർ മേഖലകളിലെ ജില്ലകളിൽ ഒരോദിവസവും മധ്യകേരളം മുതൽ പത്തനംതിട്ടവരെയുള്ള ജില്ലകളിൽ രണ്ട് ദിവസവുമാണ് യാത്ര പര്യടനം നടത്തുക. ഫെബ്രുവരി പതിനഞ്ചിന് തിരുവനന്തപുരത്ത് കേരളയാത്ര സമാപിക്കും.

അതേസമയം തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ബിജെപിയും സിപിഎമ്മും തുടർയാത്രകളുമായി രംഗത്തുവരാൻ ഒരുങ്ങുകയാണ്. ഇരു പാർട്ടികളും അധികം താമസിയാതെ കോൺഗ്രസിന്റെയും കേരളാ കോൺഗ്രസിന്റെയും മാതൃകയിൽ യാത്രകളുമായി രംഗത്തെത്തും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP