Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

'അന്ന് എന്നെ ഉപദ്രവിച്ച നേതാവിനെ എന്തുകൊണ്ട് പുറത്താക്കിയില്ല; ഒരു സ്ത്രീയാണ് ആദ്യം ആക്രമിക്കപ്പെട്ടത്;അത് ആദ്യം പറയണം; ജീവനില്ലാതെയിരുന്ന കമ്പ്യൂട്ടറിനും കസേരക്കും മാത്രമാണോ പരിപാവനത്വം'; പ്രതികരണവുമായി ജമീല പ്രകാശം

'അന്ന് എന്നെ ഉപദ്രവിച്ച നേതാവിനെ എന്തുകൊണ്ട് പുറത്താക്കിയില്ല; ഒരു സ്ത്രീയാണ് ആദ്യം ആക്രമിക്കപ്പെട്ടത്;അത് ആദ്യം പറയണം; ജീവനില്ലാതെയിരുന്ന കമ്പ്യൂട്ടറിനും കസേരക്കും മാത്രമാണോ പരിപാവനത്വം'; പ്രതികരണവുമായി ജമീല പ്രകാശം

ന്യൂസ് ഡെസ്‌ക്‌

തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട സർക്കാർ ഹരജി സുപ്രീംകോടതി തള്ളിയ പശ്ചാത്തലത്തിൽ മന്ത്രി വി ശിവൻകുട്ടി രാജി വയ്ക്കണമെന്ന ആവശ്യം പ്രതിപക്ഷം ഉയർത്തുന്നതിനിടെ പ്രതികരണവുമായി സിപിഎം മുൻ എംഎൽഎ ജമീല പ്രകാശം.


മുൻ ധനമന്ത്രി കെ എം മാണി നിയമസഭയിൽ ബജറ്റ് അവതരിപ്പിച്ച ദിവസം യുഡിഎഫ് സാമാജികൻ പുറക് വശത്തുകൂടി തനിക്ക് കാണാൻ കഴിയാത്ത രീതിയിൽ ശാരീരികമായി ആക്രമിച്ചെന്ന് ജമീല പ്രകാശം പറഞ്ഞു. അന്നത്തെ സംഭവം മറക്കാൻ കഴിയില്ലെന്നും പരാതി നൽകിയിട്ടും പൊലീസ് മുന്നോട്ട് പോയില്ലെന്നും ജമീല ആരോപിച്ചു.

'സർവ്വശക്തിയുമെടുത്ത് ഞാൻ ആ ആക്രമണത്തിൽ നിന്നും രക്ഷപ്പെടാൻ നോക്കി. എന്നാൽ കഴിയാതെ വന്നതോടെ വാച്ച് ആൻഡ് വാർഡ് ഉദ്യോഗസ്ഥൻ വന്ന് ഇദ്ദേഹത്തെ ചെറിയൊരു കൈപ്രയോഗം നടത്തിയാണ് എന്നെ അതിൽ നിന്നും വിടീക്കുന്നത്. ഇതെല്ലാം എല്ലാവരും കണ്ടതാണ്. പരിപാവനത്വം എന്ന് പറയുന്നത് അവിടെ ജീവനില്ലാതെയിരുന്ന കമ്പ്യൂട്ടറിനും കസേരക്കും മാത്രമാണോ.?' ജമീല പ്രകാശം ചോദിച്ചു.

കയ്യാങ്കളി കേസ് കൊടുത്ത അതേ ലജിസ്ലേറ്റർ ഓഫ് സെക്രട്ടറിയേറ്റിന് തന്നെ തന്റെ പരാതിയും ഉണ്ടെന്നും അത് എന്തുകൊണ്ട് പരിഗണിച്ചില്ലായെന്നും ജമീല പ്രകാശം ചോദിക്കുന്നു.

'യുഡിഎഫുകാർ രാജി ചോദിക്കുന്നുണ്ടല്ലോ. എന്തുകൊണ്ട് അന്ന് എന്നെ ഉപദ്രവിച്ച നേതാവിനെ എന്തുകൊണ്ട് പുറത്താക്കിയില്ല. ഒരു സ്ത്രീയാണ് ആദ്യം ആക്രമിക്കപ്പെട്ടത്. അത് ആദ്യം പറയണം. ഒരു സ്ത്രീ ആയതു കൊണ്ടാണ് ഞാൻ ആക്രമിക്കപ്പെട്ടത്. ഞാനവിടെ കാറ്റു കൊള്ളാൻ പോയതല്ല. സിനിമ കാണാൻ പോയതല്ല. അന്നത്തെ മുഖ്യമന്ത്രിയാണ് എന്റെ ഒന്നാം സാക്ഷി.' എന്നും ജമീല പ്രകാശം പറഞ്ഞു.

കേസിൽ വി ശിവൻകുട്ടി ഉൾപ്പെടെ മുഴുവൻ പ്രതികളും വിചാരണ നേരിടണമെന്ന് നിർദേശിച്ചുകൊണ്ടാണ് സർക്കാരിന്റെ ഹരജി സുപ്രീംകോടതി തള്ളിയത്. സർക്കാർ ഹർജിയിൽ ഉന്നയിച്ച വാദങ്ങളൊന്നും സൂപ്രീം കോടതി അംഗീകരിച്ചില്ല. ജനപ്രതിനിധികൾക്കുള്ള പ്രത്യേക അവകാശം ഉത്തരവാദിത്തം നിർവഹിക്കുന്നതിനാണ്. നിയമനടപടികളിൽ നിന്ന് രക്ഷപ്പെടാൻ ഈ സ്ഥാനം കൊണ്ട് കഴിയില്ലെന്ന് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

കേസുകൾ പിൻവലിക്കാനുള്ള പബ്ലിക് പ്രോസിക്യൂട്ടറുടെ അപേക്ഷ ഭരണഘടനാ തത്വങ്ങളോടുള്ള വഞ്ചനയാണ്. കൈയാങ്കളിയിൽ നിയമസഭയുടെ പരിരക്ഷ നൽകാൻ കഴിയില്ല. കേസിന് സ്പീക്കറുടെ അനുമതി ഇല്ലെന്ന സർക്കാർ വാദം അംഗീകരിക്കാൻ കഴിയില്ല. നിയമസഭാംഗത്തെ അയോഗ്യനാക്കുന്നതുൾപ്പെടെയുള്ള വിഷയങ്ങളിലാണ് സ്പീക്കറുടെ അനുമതി വേണ്ടത് ഇത്തരം കേസുകളിലല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

മന്ത്രി വി ശിവൻ കുട്ടി ഉൾപ്പെടെ ആറ് ഇടത് നേതാക്കളാണ് നിയമസഭാ കയ്യാങ്കളി കേസിലെ പ്രതികൾ. സഭയ്ക്കുള്ളിൽ നടന്ന അക്രമത്തിൽ സഭാംഗങ്ങൾക്ക് പരിരക്ഷ ഉണ്ടെന്നും അതിനാൽ വിചാരണ നേരിടേണ്ടതില്ലെന്നുമാണ് സർക്കാർ വാദം. 2015ൽ യുഡിഎഫ് സർക്കാരിന്റെ കാലത്ത് അന്നത്തെ ധനമന്ത്രിയായിരുന്ന കെ എം മാണിയുടെ ബജറ്റവതരണത്തിനിടെയുണ്ടായ പ്രതിഷേധമാണ് കയ്യാങ്കളിൽ കലാശിച്ചത്.

രണ്ടരലക്ഷം രൂപയുടെ പൊതുമുതൽ നശിപ്പിച്ചെന്നാണ് കൈയാങ്കളിക്കേസിലെ പ്രധാന ആരോപണം. വി. ശിവൻകുട്ടി, കെ. അജിത്, സി. കെ. സദാശിവൻ, കുഞ്ഞുമുഹമ്മദ് മാസ്റ്റർ ഇപി ജയരാജൻ കെടി ജലീൽ അടക്കമുള്ളവരും വിചാരണ നേരിടേണ്ടി വരുമെന്നിരിക്കെയാണ് സർക്കാർ സുപ്രീം കോടതിയെ സമീപിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP