Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

'ഒരാൾ നഗ്‌നപാദനായി യാത്രയിൽ, മറ്റൊരാൾ കടമ മറന്നു'; ഭാരത് ജോഡോ യാത്രയിൽ പങ്കാളിയായ ചാണ്ടി ഉമ്മനെ പുകഴ്‌ത്തി ജയറാം രമേശ്; രണ്ട് മുൻ മുഖ്യമന്ത്രിമാരുടെ ആൺമക്കളുടെ കഥ പറഞ്ഞ് നേതാവ്; അനിലിന്റെ രാജിയിൽ സന്തോഷിക്കുന്നവരിൽ ഞാനുണ്ടെന്ന് പറഞ്ഞ് സ്വാഗതം ചെയ്ത് കോൺഗ്രസിലെ യുവ നേതാക്കളും

'ഒരാൾ നഗ്‌നപാദനായി യാത്രയിൽ, മറ്റൊരാൾ കടമ മറന്നു'; ഭാരത് ജോഡോ യാത്രയിൽ പങ്കാളിയായ ചാണ്ടി ഉമ്മനെ പുകഴ്‌ത്തി ജയറാം രമേശ്; രണ്ട് മുൻ മുഖ്യമന്ത്രിമാരുടെ ആൺമക്കളുടെ കഥ പറഞ്ഞ് നേതാവ്; അനിലിന്റെ രാജിയിൽ സന്തോഷിക്കുന്നവരിൽ ഞാനുണ്ടെന്ന് പറഞ്ഞ് സ്വാഗതം ചെയ്ത് കോൺഗ്രസിലെ യുവ നേതാക്കളും

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ബിബിസി ഡോക്യുമെന്ററിയെ ചൊല്ലിയുള്ള വിവാദങ്ങൾ ദേശീയ തലത്തിൽ വലിയ ചർച്ചയായിട്ടില്ല. കലാപം നടന്ന ഗുജറാത്തിൽ അടക്കം സ്ഥിതിഗതികൾ ശാന്തമാണ്. ഈ വിഷയം കേരളത്തിൽ രാഷ്ട്രീയമായി ഇരു മുന്നണികളും ഉപയോഗിച്ചതോടെ ക്ഷീണം സംഭവിച്ചത് കോൺഗ്രസിനാണ്. ബിബിസി ഡോക്യുമെന്ററി വിവാദത്തിൽ അനിൽ ആന്റണി പാർട്ടിയിലെ സ്ഥാനമാനങ്ങൾ രാജിവെക്കേണ്ടി വന്നു. ഇതേക്കുറിച്ച് പരോക്ഷമായി പരാമർശിച്ചു കോൺഗ്രസ് വക്താവ് ജയറാം രമേശ് രംഗത്തു വന്നു.

ഒരേ സംസ്ഥാനത്തെ രണ്ട് മുൻ മുഖ്യമന്ത്രിമാരുടെ ആൺമക്കളുടെ കഥ എന്ന് വിവരിച്ചുകൊണ്ടാണ് ജയറാം രമേശ് ട്വിറ്ററിലൂടെ പരോക്ഷ വിമർശനം നടത്തിയിരിക്കുന്നത്. ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കുന്ന ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മനേയും യാത്രയെ അവഗണിച്ച എ.കെ.ആന്റണിയുടെ മകൻ അനിൽ ആന്റണിയേയും താരതമ്യംചെയ്താണ് വിമർശനം.

'ഒരേ സംസ്ഥാനത്തെ രണ്ട് മുഖ്യമന്ത്രിമാരുടെ രണ്ട് ആൺമക്കളുടെ കഥ. ഒരാൾ രാജ്യത്തെ ഒന്നിപ്പിക്കുന്നതിനായി ഭാരത് ജോഡോ യാത്രയിൽ നഗ്‌നപാദനായി അക്ഷീണനായി നടക്കുന്നു. മറ്റൊരാൾ പാർട്ടിയോടും യാത്രയോടുമുള്ള തന്റെ കടമകൾ അവഗണിച്ചുകൊണ്ട് ജനശ്രദ്ധപിടിച്ചു പറ്റാൻ ശ്രമിക്കുന്നു', ജയറാം രമേശ് ട്വീറ്റ് ചെയ്തു.

അതേസമയം അനിൽ ആന്റണി പാർട്ടിയിലെ പദവികൾ രാജിവച്ചെങ്കിലും കോൺഗ്രസിൽ വിവാദങ്ങൾ അവസാനിക്കുന്നില്ല. അനിൽ ആന്റണിയുടെ രാജിയെ സ്വാഗതം ചെയ്ത യുവ കോൺഗ്രസ് നേതാക്കൾ, പാർട്ടിയെ പ്രതിരോധത്തിലാക്കിയതിന് പാർട്ടിതലത്തിൽ കൂടുതൽ നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. വി.ടി.ബൽറാം, കെ.എസ്.ശബരീനാഥൻ, രാഹുൽ മാങ്കൂട്ടത്തിൽ, റിജിൽ മാക്കുറ്റി തുടങ്ങിയ നേതാക്കൾ അനിലിന്റെ രാജിയെ സ്വാഗതം ചെയ്തു. അനിലിന്റെ രാജി സ്വാഗതം ചെയ്യുന്നുവെന്നും പദവിയുണ്ടെങ്കിലും കുറച്ചുകാലമായി അദ്ദേഹം പാർട്ടി പ്രവർത്തനങ്ങളിൽ സജീവമായിരുന്നില്ലെന്നും ബൽറാം ചൂണ്ടിക്കാട്ടി. പദവികൾ പുനഃസംഘടിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും ബൽറാം പ്രതികരിച്ചു.

'ഭാരവാഹിത്വത്തിൽ നിന്നാണ് രാജിവയ്ക്കുന്നതെങ്കിൽ ഞങ്ങൾ തീർച്ചയായും അത് സ്വാഗതം ചെയ്യുന്നു. അതല്ലെങ്കിൽത്തന്നെ കെപിസിസിയുടെ ഡിജിറ്റൽ മീഡിയ വിഭാഗം പുനഃസംഘടിപ്പിക്കാനുള്ള നീക്കങ്ങൾ ഞങ്ങൾ മുന്നോട്ടു കൊണ്ടുപോകുന്നുണ്ട്. കുറച്ചു കാലമായി അനിൽ ആന്റണി പ്രവർത്തനങ്ങളിൽ സജീവമായിരുന്നില്ല. ബദൽ സംവിധാനം ഏർപ്പെടുത്താത്തതിനാൽ അനിൽ സാങ്കേതികമായി ആ സ്ഥാനത്ത് തുടർന്നുവെന്നേയുള്ളൂ' ബൽറാം പറഞ്ഞു.

''അനിൽ എന്റെ അടുത്ത സുഹൃത്താണ്. സഹോദര തുല്യനായ വ്യക്തിയാണ്. ഒന്നിച്ച് പഠിച്ചയാളുമാണ്. എന്തൊക്കെ പറഞ്ഞാലും അനിലിന്റെ ഭാഗത്തുനിന്ന് ഇത്തരമൊരു നിലപാടെടുത്തത് വളരെ ദൗർഭാഗ്യകരമാണ്. രാവിലെ അനിലിന്റെ ആ ട്വീറ്റ് കണ്ടയുടനെ അത് അദ്ദേഹത്തിന്റെ രാഷ്ട്രീയ വീക്ഷണത്തിനു ചേരുന്നതല്ലെന്ന് സുഹൃത്തുക്കളുമായി ഞാൻ ചർച്ച ചെയ്തതുമാണ്. വ്യക്തിയെന്ന നിലയിൽ അദ്ദേഹത്തിന് എന്തു നിലപാടുമെടുക്കാം.

പക്ഷേ, കോൺഗ്രസ് പ്രവർത്തകനെന്ന നിലയിലും കോൺഗ്രസിനുള്ളിൽ പ്രധാനപ്പെട്ട പദവി വഹിക്കുന്നയാളെന്ന നിലയിലും ഇത്തരമൊരു നിലപാട് സ്വീകാര്യമല്ല. രാജിക്കത്തിലെ പരാമർശങ്ങൾ ആ ട്വീറ്റിനെതിരായ പ്രതിഷേധം കണക്കിലെടുത്താണെങ്കിൽ, അത്തരം പ്രതികരണങ്ങൾ എല്ലാ രാഷ്ട്രീയക്കാരും നേരിടുന്നതാണ്. തന്റെ ട്വീറ്റിലെ തെറ്റു മനസ്സിലാക്കി അദ്ദേഹം അതു തിരുത്തുന്നതായിരുന്നു കൂടുതൽ ഉചിതം. അതിനു പകരം ആരോപണങ്ങൾ ആവർത്തിച്ച് കൂടുതൽ പടുകുഴിയിലേക്കു പോയത് നിർഭാഗ്യകരമായി' ശബരീനാഥൻ പറഞ്ഞു.

''അഭിപ്രായ സ്വാതന്ത്ര്യം എന്നു പറയുമ്പോൾത്തന്നെ, ഒരു സംഘടനയുടെ ഉത്തരവാദിത്തത്തിൽ ഇരിക്കുമ്പോൾ ആ സംഘടനയുടെ അഭിപ്രായമാണല്ലോ നമ്മുടെയും അഭിപ്രായമാകേണ്ടത്. അതിന് വിരുദ്ധമായ അഭിപ്രായമുണ്ടെങ്കിൽ അത് പ്രവർത്തിക്കുന്ന പാർട്ടി ഫോറത്തിനകത്താണ് പറയേണ്ടത്. ആ അഭിപ്രായത്തിലേക്ക് പാർട്ടിയെക്കൂടി എത്തിക്കാൻ കഴിഞ്ഞാൽ പരസ്യമാക്കുകയുമാണ് ഉചിതം. അല്ലാതെ സംഘടനയുടെ ഉത്തരവാദിത്തം വഹിക്കുമ്പോൾത്തന്നെ തോന്നുന്നതെല്ലാം പറയുകയല്ല വേണ്ടത്. ഗുജറാത്ത് കലാപത്തിൽ മോദിക്ക് പങ്കുണ്ടെന്ന് തെളിയിക്കാൻ ബിബിസിയുടെ ഡോക്യുമെന്ററിയുടെ ആവശ്യമൊന്നുമില്ല. എന്നിട്ടും അതിനെതിരായ നിലപാട് കൈക്കൊള്ളത് അപക്വവും വസ്തുതാവിരുദ്ധവും ആലോചനകളില്ലാത്തതുമാണ്. അത്തരമൊരു നിലപാട് സ്വീകരിച്ചയാളുടെ രാജിയിൽ ഏറ്റവും സന്തോഷിക്കുന്നവരുടെ കൂട്ടത്തിൽ ഞാനുമുണ്ട്'' രാഹുൽ മാങ്കൂട്ടത്തിൽ വ്യക്തമാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP