Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202421Tuesday

ആർജുൻ ആയങ്കിയുടെ വിവാഹത്തിന് നേതാവ് നിൽക്കുന്ന ചിത്രവുമായി ഉയർത്തിയത് വലിയ ആക്ഷേപം; പി ജയരാജന്റെ മകനെ പേരുപറയാതെ വിമർശിച്ച് ഡിവൈഎഫ്‌ഐ; കണ്ണൂർ സിപിഎമ്മിൽ വീണ്ടും സ്വർണ്ണ കടത്ത് വിവാദമെത്തുമ്പോൾ

ആർജുൻ ആയങ്കിയുടെ വിവാഹത്തിന് നേതാവ് നിൽക്കുന്ന ചിത്രവുമായി ഉയർത്തിയത് വലിയ ആക്ഷേപം; പി ജയരാജന്റെ മകനെ പേരുപറയാതെ വിമർശിച്ച് ഡിവൈഎഫ്‌ഐ; കണ്ണൂർ സിപിഎമ്മിൽ വീണ്ടും സ്വർണ്ണ കടത്ത് വിവാദമെത്തുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: ഡിവൈഎഫ്‌ഐ നേതാവിനു സ്വർണക്കടത്തു സംഘവുമായി ബന്ധമുണ്ടെന്ന ആരോപണവുമായി സിപിഎം സംസ്ഥാന സമിതി അംഗം പി.ജയരാജന്റെ മകൻ ജെയിൻരാജ് എത്തുമ്പോൾ അത് പുതിയ ചർച്ചകളിലേക്ക്. സമൂഹമാധ്യമത്തിൽ അദ്ദേഹം ഇക്കാര്യം പങ്കുവച്ചതോടെ ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടേറിയറ്റ് ജെയിൻരാജിന് എതിരെ രംഗത്തെത്തി. ആരോപണം ഡിവൈഎഫ്‌ഐ നിഷേധിക്കുന്നുമില്ല. വിഷയം നേരത്തേ ചർച്ച ചെയ്തതാണെന്നും ആവശ്യമായ തെറ്റുതിരുത്തൽ പ്രക്രിയയ്ക്ക് വിധേയമാക്കിയിട്ടുണ്ടെന്നുമാണു വിശദീകരണം.

ഡിവൈഎഫ്‌ഐ പാനൂർ ബ്ലോക്ക് സെക്രട്ടറി കിരണിന് സ്വർണക്കടത്തു കേസിലെ അർജുൻ ആയങ്കിയുമായി ബന്ധമുണ്ടെന്ന തരത്തിൽ സമൂഹമാധ്യമത്തിൽ ജെയിൻരാജ് പോസ്റ്റിടുകയായിരുന്നു. പിന്നാലെ ജെയിൻരാജിനെതിരെ പേരു പറയാതെ ഡിവൈഎഫ്‌ഐ പ്രസ്താവനയിറക്കി. സംഘടനയെ അപകീർത്തിപ്പെടുത്താനുള്ള ശ്രമം തിരിച്ചറിയണമെന്നാണ് ആഹ്വാനം. പി ജയരാജന്റെ മകന് ചില വിഷയങ്ങളിൽ നടത്തിയ പ്രതികരണങ്ങൾ ഡിവൈഎഫ്‌ഐയെ നേരത്തേയും പ്രകോപിപ്പിച്ചിട്ടുണ്ട്. സിപിഎം നേതൃത്വത്തിന്റെ നിർദ്ദേശ പ്രകാരമാണ് പുതിയ പോസ്റ്റ് എന്നും സൂചനയുണ്ട്.

ഒരു വർഷം മുൻപ് ഡിവൈഎഫ്‌ഐ ചർച്ച ചെയ്ത് ആവശ്യമായ തെറ്റുതിരുത്തൽ വരുത്തിയ വിഷയം വീണ്ടും കുത്തിപ്പൊക്കുന്നത് കുബുദ്ധികളുടെ ദുഷ്ടലാക്കാണ്. നേതാക്കളെ ജനമധ്യത്തിൽ താറടിച്ചു കാണിക്കാനുള്ള ഹീനശ്രമം പ്രതിഷേധാർഹമാണെന്നും ഡിവൈഎഫ്‌ഐ വിശദീകരിച്ചു. അർജുൻ ആയങ്കിയുടെ കല്യാണത്തിൽ കിരൺ പങ്കെടുത്തതിന്റെ തെളിവെന്ന തരത്തിൽ ഫോട്ടോയും ജെയിൻരാജ് സമൂഹമാധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്. ഏത് സാഹചര്യത്തിലാണ് ഈ വിഷയം ജെയിൻരാജ് ചർച്ചയാക്കിയത് എന്നതിൽ വ്യക്തതയില്ല.

സോഷ്യൽ മീഡിയ ഉപയോഗപ്പെടുത്തി ഡിവൈഎഫ്‌ഐയെയും പാനൂർ ബ്ലോക്ക് സെക്രട്ടറിയായ കിരണിനെയും അപകീർത്തിപ്പെടുത്താനുള്ള ശ്രമം തിരിച്ചറിയണമെന്ന് ഡിവൈഎഫ്ഐ കണ്ണൂരിന്റെ പ്രസ്താവനയിൽ പറയുന്നുണ്ട്. സംഘടനയെയും നേതാക്കളെയും പൊതുജനമധ്യത്തിൽ താറടിച്ചു കാണിക്കാനുള്ള ശ്രമമാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്നും ഡിവൈഎഫ്ഐ പറയുന്നു. അതുകൊണ്ട് തന്നെ ഡിവൈഎഫ് ഐയുടെ വിമർശനം ജെയിൻരാജിനെതിരെയാണെന്ന് വ്യക്തമാണ്.

കഴിഞ്ഞ ദിവസമാണ് ജെയിൻ പാനൂർ ബ്ലോക്ക് സെക്രട്ടറി കിരണിന്റെ മോശം ഭാഷയിലുള്ള ഒരു കമന്റിനെ വിമശിച്ച് ജെയിൻരാജ് ഫേസ്‌ബുക്കിൽ പോസ്റ്റിട്ടത്. കൂടാതെ സ്വർണക്കടത്ത് കേസിൽ പങ്കുള്ള ഒരാളോടൊപ്പം കിരൺ വിവാഹത്തിൽ പങ്കെടുക്കുന്ന ഫോട്ടോയും ജെയിൻ പങ്കുവച്ചു. ഇതിന് പിന്നാലെയാണ് കണ്ണൂർ ജില്ലാകമ്മിറ്റി പ്രസ്താവന ഇറക്കിയത്.സഭ്യേതരഭാഷ ഉപയോഗിച്ച് വ്യക്തികളെയും മറ്റും ആക്ഷേപിക്കുന്നതിന് സോഷ്യൽ മീഡിയെ ഉപയോഗിക്കുന്നത് ശരിയല്ലെന്നും അത് ആരുടെ ഭാഗത്ത് നിന്നുണ്ടായാലും അംഗീകരിക്കുന്നില്ലെന്നും ഡിവൈഎഫ്ഐ ചൂണ്ടിക്കാട്ടി.

ഡിവൈഎഫ്ഐയുടെ പ്രസ്താവന

സോഷ്യൽ മീഡിയ ഉപയോഗപ്പെടുത്തി ഡിവൈഎഫ്ഐ യെയും പാനൂർ ബ്ലോക്ക് സെക്രട്ടറിയായ കിരണിനെയും അപകീർത്തിപ്പെടുത്താനുള്ള ശ്രമം തിരിച്ചറിയണമെന്ന് ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ അഭ്യർത്ഥിക്കുന്നു. സഭ്യേതരഭാഷ ഉപയോഗിച്ച് വ്യക്തികളെയും മറ്റും ആക്ഷേപിക്കുന്നതിന് സോഷ്യൽ മീഡിയെ ഉപയോഗിക്കുന്നത് ശരിയല്ലെന്നും അത് ആരുടെ ഭാഗത്ത് നിന്നുണ്ടായാലും അംഗീകരിക്കുന്നില്ലെന്നും ഡിവൈഎഫ്ഐ ആവർത്തിച്ച് വ്യക്തമാക്കിയതാണ്.സഭ്യമല്ലാത്ത ഭാഷയിൽ ഡിവൈഎഫ്ഐക്കും നേതാക്കൾക്കും എതിരെ ആര് പ്രതികരണങ്ങൾ നടത്തിയാലും സഭ്യമായ ഭാഷയിൽ തന്നെയായിരിക്കണം മറുപടി പറയേണ്ടത്.

ഇപ്പോൾ ചിലർ ഉയർത്തികൊണ്ടുവന്ന വിഷയം ഒരു വര്ഷം മുൻപ് തന്നെ ഡിവൈഎഫ്ഐ ചർച്ചചെയ്യുകയും ആവശ്യമായ തെറ്റുതിരുത്തൽ പ്രക്രിയക്ക് വിധേയമാക്കുകയും ചെയ്തതാണ് എന്നാൽ വീണ്ടും ഇത് കുത്തിപൊക്കിയത് ചില കുബുദ്ധികളുടെ ദുഷ്ടലാക്കാണ് വ്യക്തമാക്കുന്നത്. ഇതുവഴി സഘടനയെയും നേതാക്കളെയും പൊതുജനമധ്യത്തിൽ താറടിച്ചുകാണിക്കാനുള്ള ഹീനശ്രമമാണ് ഇവർ നടത്തിക്കൊണ്ടിരിക്കുന്നത്. ഇത് പ്രതിഷേധാർഹമാണ്.ആശയ പ്രചാരണത്തിനുള്ള വേദിയായി സോഷ്യൽ മീഡിയയെ ഉപയോഗിക്കാനാണ് ശ്രമിക്കേണ്ടത്.

സോഷ്യൽ മീഡിയകളിൽ പ്രത്യേകിച്ച് ഫേസ്‌ബുക്കിൽ വ്യാജ ഐഡികളെ ഉപയോഗിച്ചും പലരുടെയും പേരിൽ ഐഡികൾ നിർമ്മിച്ചും ഡിവൈഎഫ്ഐ യെയും നേതാക്കളെയും വ്യക്തിഹത്യ നടത്താനുള്ള ആസൂത്രിത ശ്രമം ഇതിന് മുൻപും ഉണ്ടായിട്ടുണ്ട്. ഇത്തരം പ്രവണതകൾക്കെതിരെ എല്ലാവരും ജാഗ്രത പാലിക്കണമെന്നും ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP