Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202421Friday

തെരഞ്ഞെടുപ്പിന് രണ്ട് നാൾ ശേഷിക്കവേ സമസ്തയുമായുള്ള പ്രശ്‌നങ്ങൾ വഷളായതിൽ ആശങ്ക; പ്രതികരിക്കു വിവാദം ഉണ്ടാക്കരുതെന്ന് നേതാക്കളോട് മുസ്ലിം ലീഗ്; അടിയൊഴുക്ക് പ്രതീക്ഷയിൽ സിപിഎം; ഉമ്മർ ഫൈസിയുടെ പ്രസ്താവനയെ അവഗണിച്ചു മുന്നോട്ടു പോകാൻ ലീഗ്

തെരഞ്ഞെടുപ്പിന് രണ്ട് നാൾ ശേഷിക്കവേ സമസ്തയുമായുള്ള പ്രശ്‌നങ്ങൾ വഷളായതിൽ ആശങ്ക; പ്രതികരിക്കു വിവാദം ഉണ്ടാക്കരുതെന്ന് നേതാക്കളോട് മുസ്ലിം ലീഗ്; അടിയൊഴുക്ക് പ്രതീക്ഷയിൽ സിപിഎം; ഉമ്മർ ഫൈസിയുടെ പ്രസ്താവനയെ അവഗണിച്ചു മുന്നോട്ടു പോകാൻ ലീഗ്

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: ലോക്‌സഭാ തെരഞ്ഞെടുപ്പിന് രണ്ട് നാൾ ശേഷിക്കവേയാണ് സമസ്ത നേതാവ് ഉമർഫൈസി മുക്കം മുസ്ലിംലീഗിനെ വിമർശിച്ചു രംഗത്തുവന്നത്. ഈ ഭിന്നത ആളിക്കത്തിക്കാൻ സിപിഎമ്മിൽ നിന്നും ശ്രമം ഉണ്ടാകുമെന്നത് മുന്നിൽ കണ്ട് മുസ്ലിംലീഗ് കരുതലോടെയാണ് മുന്നോട്ടു നീങ്ങുന്നത്. സമസ്തയുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഭിന്നത ആളിക്കത്തിക്കാനുള്ള സിപിഎം തന്ത്രമെന്ന് മുസ്ലിം ലീഗിന്റെ വിലയിരുത്തൽ. ഇതോടെ വോട്ടെടുപ്പ് വരെ കരുതലോടെ നീങ്ങാനാണ് മുസ്ലിം ലീഗ് തീരുമാനം.

വിവാദ പ്രസ്താവനകൾ നടത്തരുതെന്ന് നേതാക്കൾക്ക് കർശന നിർദ്ദേശം നൽകിയിരിക്കുകയാണ്. സമസ്ത നേതാക്കളുമായി കൂടിക്കാഴ്ച നടത്തി ഐക്യസന്ദേശം നൽകാനാണ് ലീഗിന്റെ ശ്രമം. സമസ്തയ്ക്കും ലീഗിനുമിടയിൽ കടുത്ത ഭിന്നതയെന്ന സമസ്ത മുഷാവറ അംഗം ഉമ്മർ ഫൈസിയുടെ പ്രസ്താവനയെ അവഗണിക്കും.

ഇടതാഭിമുഖ്യം പ്രകടിപ്പിക്കുന്ന ഉമ്മർ ഫൈസിക്ക് സമസ്തയുടെ പരിവേഷം നൽകില്ല. സമസ്തയെ ധിക്കരിച്ച ലീഗിന് മറുപടിയേകാൻ പൊന്നാനിയിൽ സമദാനിയെ പരാജയപ്പെടുത്തണമെന്ന സോഷ്യൽ മീഡിയ പ്രചാരണങ്ങളെ പരസ്യമായി തള്ളണമെന്ന് സമസ്തയോട് ആവശ്യപ്പെടും. പുതിയ വിവാദം സമസ്ത - ലീഗ് പ്രവർത്തകരുടെ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിൽ ചേരിതിരിഞ്ഞുള്ള ചർച്ചകൾക്ക് വഴിവച്ചതോടെ അവസാന നിമിഷത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളെ പ്രതികൂലമായി ബാധിക്കുമോയെന്ന ആശങ്ക ലീഗിനുണ്ട്.

തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ലീഗിനെതിരെ പരസ്യപ്രസ്താവന നടത്തരുതെന്ന സമസ്ത നേതൃത്വത്തിന്റെ നിർദ്ദേശം ലംഘിക്കപ്പെട്ടെന്ന് സമസ്തയിലെ ലീഗ് അനുകൂലികൾ ചൂണ്ടിക്കാട്ടുമ്പോൾ, സമസ്തയുടെ മുഖപത്രം കത്തിച്ചതുമായി ബന്ധപ്പെട്ട് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ.സലാമിന്റെ നിലപാടാണ് പ്രകോപനം സൃഷ്ടിച്ചതെന്ന് എതിർവിഭാഗം ചൂണ്ടിക്കാട്ടുന്നു.

സംഘടനാതലത്തിൽ ലീഗിനെതിരായി പരസ്യ നിലപാട് സമസ്തയെടുക്കില്ല. പ്രവർത്തകരിൽ ഭൂരിഭാഗവും ലീഗുകാരായതിനാൽ ഇത്തരമൊരു നീക്കം പ്രായോഗികവുമല്ല. യഥാർത്ഥ സമസ്തക്കാരൻ ഇടത് സ്ഥാനാർത്ഥി കെ.എസ്.ഹംസയാണെന്ന് സമസ്തയിലെ ലീഗ് വിരുദ്ധർ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നുണ്ട്. തീരദേശ മേഖല ഏറെയുള്ള മണ്ഡലത്തിലെ സമസ്ത പ്രവർത്തകർ വൈകാരികമായി പ്രതികരിക്കുമോ എന്ന ആശങ്ക ലീഗിനുണ്ട്. ഇതു മറികടക്കാൻ ഇന്ന് തീരദേശ മേഖല കേന്ദ്രീകരിച്ച് സാദിഖലി തങ്ങളുടെയും പി.കെ.കുഞ്ഞാലിക്കുട്ടിയുടെയും റോഡ് ഷോയുണ്ട്.സമസ്ത പിളർപ്പിന് തൊട്ടുപിന്നാലെ സുന്നി യുവജന സംഘം സംസ്ഥാന വൈസ് പ്രസിഡന്റായിരുന്ന സമദാനി സമസ്ത വേദികളിലെ സ്ഥിരം പ്രഭാഷകനാണ്. നേതാക്കളുമായി ആത്മബന്ധവുമുണ്ട്. ഇക്കാര്യങ്ങൾ ലീഗിന് ആത്മവിശ്വാസമേകുന്നുണ്ട്.

അതേസമയം ഉമർ ഫൈസി മുക്കത്തിന്റെ ലീഗ് വിരുദ്ധ പ്രസ്താവനയിൽ മുസ്ലിംലീഗിനുള്ളിൽ അമരർഷം പുകയുന്നുണ്ട്. തിരഞ്ഞെടുപ്പിന് ശേഷം സമസ്ത നേതൃത്വത്തിൽ നിന്നും ഉമർ ഫൈസിയെ നീക്കാനുള്ള ശ്രമങ്ങളും ലീഗിന്റെ ഭാഗത്തുനിന്ന് ഉണ്ടായേക്കും. സിഐസിയിൽ തുടങ്ങിയ സമീപകാല സമസ്ത-ലീഗ് തർക്കം പുതിയ തലത്തിലേക്ക് നീങ്ങുകയാണ്. സമസ്തയുടെ നയങ്ങൾക്ക് വിരുദ്ധമായാണ് സിഐസി പ്രവർത്തിക്കുന്നതെന്ന സമസ്ത നേതാക്കളുടെ നിലപാടായിരുന്നു അന്നത്തെ തർക്കത്തിന്റെ പ്രധാനകാരണം.

സിഐസിയുടെ വിവിധ സമിതികളിൽ നിന്ന് സമസ്തയുടെ സംസ്ഥാന അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങളും ജനറൽ സെക്രട്ടറി പ്രൊഫ കെ ആലിക്കുട്ടി മുസ്ലിയാരും രാജിവെച്ചത് തർക്കം പൊട്ടിത്തെറിയിലേയ്ക്ക് എത്തിച്ചിരുന്നു. എന്നാൽ ഇത്തവണ കാര്യങ്ങൾ വ്യത്യസ്തമാണ്. തിരഞ്ഞെടുപ്പിന്റെ നിർണ്ണായക ഘട്ടത്തിൽ മുസ്ലിംലീഗിനെ പ്രതിരോധത്തിലാക്കുന്ന നിലപാടാണ് ഉമർ ഫൈസി മുക്കം സ്വീകരിച്ചിരിക്കുന്നതെന്നാണ് വിലയിരുത്തൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP