Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jul / 202125Sunday

തെരഞ്ഞെടുപ്പിന് ശേഷം കോൺഗ്രസിലും സിപിഎമ്മിലും അടിമുടി മാറ്റം വരുത്തി; ഒരു മാറ്റവും ഇല്ലാതെ അണികളെ വിഡ്ഢികളാക്കി കൊണ്ടിരിക്കുന്നത് മുസ്ലിംലീഗ് മാത്രം; ലീഗിൽ അഞ്ചുപേർ പാണക്കാട് ഒത്തുകൂടി അവലോകനം എന്ന നാടകം നടത്തിയെന്ന് മാത്രം; ലീഗിൽ നേതൃമാറ്റ ആവശ്യവുമായി മുസ്ലിംലീഗ് കറക്റ്റീവ് ഫോറം

തെരഞ്ഞെടുപ്പിന് ശേഷം കോൺഗ്രസിലും സിപിഎമ്മിലും അടിമുടി മാറ്റം വരുത്തി; ഒരു മാറ്റവും ഇല്ലാതെ അണികളെ വിഡ്ഢികളാക്കി കൊണ്ടിരിക്കുന്നത് മുസ്ലിംലീഗ് മാത്രം; ലീഗിൽ അഞ്ചുപേർ പാണക്കാട് ഒത്തുകൂടി അവലോകനം എന്ന നാടകം നടത്തിയെന്ന് മാത്രം; ലീഗിൽ നേതൃമാറ്റ ആവശ്യവുമായി മുസ്ലിംലീഗ് കറക്റ്റീവ് ഫോറം

ജംഷാദ് മലപ്പുറം

മലപ്പുറം: മുസ്ലിംലീഗിൽ അഭ്യന്തര കലഹം മറനീക്കി പുറത്തുവരുന്നു. ഒരു മാറ്റവും ഇല്ലാതെ അണികളെ വിഡ്ഢികളാക്കി കൊണ്ടിരിക്കുന്നത് മുസ്ലിംലീഗ് മാത്രമാണെന്ന് മുസ്ലിംലീഗ് കറക്റ്റീവ് ഫോറത്തിന്റെ പേരിൽ പുറത്തിറങ്ങിയ കുറിപ്പ്. സോഷ്യൽ മീഡിയയിൽ പ്രചരിച്ചു കൊണ്ടിരിക്കുന്ന ഈ കുറിപ്പ് സാധാരണ മുസ്ലിംലീഗ് പ്രവർത്തകരുടെ വികാരമാണെന്നാണ് ഇതിനെ അനുകൂലിക്കുന്നവർ വ്യക്തമാക്കുന്നത്. തിരഞ്ഞെടുപ്പിന് ശേഷം ആ സ്ഥാനത്തേക്ക് തന്നെ കോൺഗ്രസും സിപിഎമ്മുംവരെ അടിമുടി മാറ്റം വരുത്തിയിട്ടും ലീഗിൽ അഞ്ചുപേർ പാണക്കാട് ഒത്തുകൂടി അവലോകനം എന്ന നാടകം നടത്തി ദേശീയവും സംസ്ഥാനവും ജില്ലയും കൂടൽ പാണക്കാട് തന്നെ കൂടുകയാണെന്നാണു മുസ്ലിംലീഗ് കറക്റ്റീവ് ഫോറത്തിന്റെ പേരിൽ പുറത്തിറങ്ങിയ കുറിപ്പിൽ ആരോപിക്കുന്നു.

കെപിസിസി പ്രസിഡണ്ട് എംപിയാണ് വർക്കിങ് പ്രസിഡന്റുമാർ എംപി യും എംഎ‍ൽഎ മാരും, മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി മുമ്പ് എംപിയും ഇപ്പോൾ എംഎ‍ൽഎയുമാണ്. ദേശീയ ഓർഗനൈസിങ് സെക്രട്ടറിയും ദേശീയ ട്രഷററും സീനിയർ വൈസ് പ്രസിഡന്റും എംപിമാർ. ലീഗിന്റെ സംസ്ഥാന സെക്രട്ടറിമാരിൽ നിലവിൽ രണ്ട് എംഎ‍ൽഎമാർ. തിരഞ്ഞെടുപ്പിൽ മത്സരിച്ചതിനാൽ മാറിനിന്ന  നാല് ഡി.സി.സി പ്രസിഡന്റുമാരെ തിരഞ്ഞെടുപ്പിന് ശേഷം ആ സ്ഥാനത്തേക്ക് തന്നെ കെപിസിസി പുനർനിർണയം നടത്തി. എല്ലാ പാർട്ടികളും തെരഞ്ഞെടുപ്പാനന്തരം അവലോകനം നടത്തി. എ.ഐ.സി.സി നിരീക്ഷകർ നേരിട്ടും ഓൺലൈനിലും മീറ്റിങ് നടത്തി.

പ്രതിപക്ഷ നേതാവിനെയും കെ.പി.സി സി പ്രസിഡന്റിനെയും മാറ്റി. ഉമ്മൻ ചാണ്ടിയും രമേശും ഇരിക്കുന്ന നിയമസഭയിൽ നിന്ന് വി.ഡി സതീശനെ പ്രതിപക്ഷ നേതാവാക്കി. മുല്ലപ്പള്ളിക്ക് പകരം സുധാകരനെ പ്രസിഡന്റാക്കി.പുതിയ യു.ഡി.എഫ് കൺവീനറെ ഉടൻ നിയമിക്കും. സിപിഎം പി.രാജീവിന് പകരം കോടിയേരിയെ ദേശാഭിമാനി എഡിറ്ററാക്കി. സിപിഐ പാർലിമെന്ററി പാർട്ടി നേതാവായി ചന്ദ്രശേഖരന് പകരം കെ.രാജനെ തിരഞ്ഞെടുത്തു.. ഒരു മാറ്റവും ഇല്ലാതെ അണികളെ വിഡ്ഢികളാക്കി കൊണ്ടിരിക്കുന്നത് മുസ്ലിം ലീഗ് മാത്രമാണെന്നാണു കുറിപ്പിൽ വ്യക്തമാക്കുന്നത്. ഇതിന് പുറമെ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ അണികളുടെ പ്രതിഷേധം തണുപ്പിക്കാൻ മെമ്പർഷിപ് ഉടൻ തുടങ്ങും എന്ന പ്രഖ്യാപനം നടത്തി. അഞ്ചുപേർ പാണക്കാട് ഒത്തുകൂടി അവലോകനം എന്ന നാടകം നടത്തി ദേശീയവും സംസ്ഥാനവും ജില്ലയും കൂടൽ പാണക്കാട് തന്നെയാണെന്നും കുറിപ്പിൽ പറയുന്നു.

കോഴിക്കോട് ലീഗ് ഹൗസ് ആസ്ഥാനമെന്ന സങ്കല്പം ഇല്ലാതായി വരുന്നു. പത്രക്കാരെ കാണൽ നാലുപേർ കൂട്ടമായി. ഒന്നുങ്കിൽ തങ്ങളെ പത്രസമ്മേളനത്തിൽ നിന്ന് മാറ്റി നിർത്തുക .അല്ലങ്കിൽ തങ്ങളുടെ ചെവിയിൽ കുഞ്ഞാലികുട്ടി മന്ത്രിക്കുന്നത് നിർത്തുക . ഇപ്പോളിതാ മെമ്പർഷിപ് ആഗസ്റ്റിലാക്കി. നിയമസഭാ പാർട്ടി ലീഡറും ദേശീയ ജനറൽ സെക്രട്ടറിയും പി.കെ കുഞ്ഞാലികുട്ടി തന്നെ. തൊണ്ണൂറ്റി ഒന്നിൽ കെ.കരുണാകരനൊപ്പം നിന്ന അതെ പോസ്റ്റിൽ അന്നത്തെ കെ.എസ് .യു കാരനായ സതീശന്റെ പിന്നാലെ ഇരിക്കുന്നു.

ഉമ്മൻ ചാണ്ടിയും രമേശും പിന്നോട്ട് മാറിയിട്ടുംമന്ത്രിയാകാൻ ഡൽഹിലേക്ക് പോയപ്പോൾ മുനീറിന് കൊടുക്കേണ്ടിവന്ന കസേര വീണ്ടും പിടിച്ചുവാങ്ങി. അതോടെ ദേശീയ സെക്രട്ടറിയും നിയമസഭാ പാർട്ടി ലീഡർ സ്ഥാനവും കൈപ്പടിയിൽ ഒതുങ്ങി. ഈ പ്രായത്തിലും സതീശന്റെയും ടി.സിദ്ധീഖിന്റെയും ഒപ്പം വായനാട്ടിലെ മുറിച്ച മരം കുറ്റി കാണാൻ ചുരം കയറുന്ന ദേശീയ ജനറൽ സെക്രട്ടറി ലീഗിനും ഫോർവെർഡ് ബ്ലോക്കിനും മാത്രമായിരിക്കും. പടച്ചോനെ എന്തൊരു ദുരന്തമാണിത് ?

ശരിക്കും സിംഗിൾ പേഴ്സൺ കമ്പനി. മുകളിൽ പറഞ്ഞ എല്ലാ എംപി മാരും എംഎ‍ൽഎമാരും പാർട്ടി സ്ഥാനം വഹിക്കുമ്പോൾ ലീഗിന്റെ ജനറൽ സെക്രട്ടറി സ്ഥാനം മാത്രം ആക്ടിങ് . മെല്ലെ സംസാരത്തിലും എഴുത്തിലും അത് ജനറൽ സെക്രട്ടറി എന്നാക്കികൊണ്ടിരിക്കുന്നു . എന്തുകൊണ്ട് കെ.പി.എ മജീദ് സാഹിബിന് ആ സ്ഥാനം തിരിച്ചുനൽകുന്നില്ല. കേവലം ഒരു എംഎ‍ൽഎ മാത്രം ആയ മജീദ് സാഹിബിന് മെമ്പർഷിപ് വരെ ആ സ്ഥാനം എത്ര നന്നായി നടത്താൻ പറ്റും . കൊടുക്കയില്ലകാരണം നിയമസഭയിൽ പാർട്ടി സെക്രട്ടറിയായ മജീദ് സാഹിബ് ഇരിക്കുന്നത് സഹിക്കാൻ ലീഡർക്ക് പറ്റില്ല. അല്ലങ്കിലും അതൊക്കെ മൂപ്പരുടെ ന്യായം പോലെയാണ്. മുമ്പ് രണ്ടു ജനറൽ സെക്രട്ടറിമാരെ വെച്ചത് ബഷീർ സാഹിബിനെ ചെറുതാക്കാൻ ആയിരുന്നു. എന്തെങ്കിലും ന്യായമുണ്ടോ മജീദ് സാഹിബിനെ മാറ്റിനിർത്തുന്നതിൽ . ഇതുവരെ തുടങ്ങാത്ത ലീഗിന്റെ മെമ്പർഷിപ് കാമ്പയ്ൻ പൂർത്തിയായി സ്റ്റേറ്റ് കമ്മിറ്റിവരാൻ ചുരുങ്ങിയത് മൂന്ന് വര്ഷമെടുക്കും . അതുവരെ ആക്ടിങ് സെക്രട്ടറിയോ? . സലാം സാഹിബ് നല്ല വ്യക്തി ആയിരിക്കും പക്ഷെ ഈ സമയത്ത് ആ പോസ്റ്റിൽ വരേണ്ടത് അനുഭവസമ്പത്തുള്ള
മജീദ് സാഹിബ് അല്ലെ.?

യൂത്ത് ലീഗ് മെമ്പർഷിപ് തുടങ്ങിയിട്ട് ഇപ്പോൾ തന്നെ രണ്ടു വര്ഷം കഴിഞ്ഞു. ഇതുവരെ ജില്ലാ കമ്മിറ്റികൾ വന്നു കഴിഞ്ഞിട്ടില്ല. കുഞ്ഞാലികുട്ടി എന്ന അച്ചുതണ്ടിൽ കിടന്ന് കറങ്ങുകയല്ലാതെ ഒരു മാറ്റവും ആരും ലീഗിൽ പ്രതീക്ഷിക്കേണ്ട. അതിന് മൂപ്പർ അനുവദിക്കില്ല. കുറച്ചു കാര്യങ്ങൾ തുറന്ന് പറഞ്ഞത് കെ.എം ഷാജി ആയത്കൊണ്ട് ഇപ്പോഴത്തെ ഷാജിയുടെ ചെറിയൊരു ക്ഷീണത്തിന്റെ ബലത്തിൽ തൽക്കാലം കെട്ടടങ്ങിക്കാണും. ഇനി ഒരു പ്രവർത്തക സമിതി കൂടും. മൈക്ക് പിടിച്ചു വെച്ച് തങ്ങളുടെ ചെവിയിൽ പറഞ്ഞുകൊടുക്കുന്നപോലെ മറ്റു നേതാക്കളെ മിണ്ടാൻ അനുവദിക്കാതെ കുഞ്ഞാലികുട്ടി സാഹിബ് ആ യോഗം അവസാനിപ്പിക്കും.

വെറും പ്രഹസനമായിരിക്കും വരാനിരിക്കുന്ന വർക്കിങ് കമ്മിറ്റി. ഇപ്പോൾ എല്ലാം ഒരു കൈയിൽ ഭദ്രമാണ് ദേശീയം, ഉന്നത അധികാരം, സ്റ്റേറ്റ്കമ്മിറ്റി , നിയമസഭാപാർട്ടി . ഈ പാപമൊക്കെ ഇയാൾ എവിടെയാണാവോ കൊണ്ടുപോയി ഇറക്കിവെക്കുക ? പടച്ചവനെയും പടപ്പിനെയും പേടിയില്ലാത്ത ഒരു പാർട്ടിയായി നമ്മുടെ ലീഗിനെ കാലം അടയാളപെടുത്തി കൊണ്ടിരിക്കുകയാണ്. ഇനി റബ്ബിന്റെ കടാക്ഷം മാത്രമാണ് രക്ഷയെന്നും പറഞ്ഞാണു കുറിപ്പ് അവസാനിപ്പിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP