Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മുജാഹിദ് സംഘടനകളുടെ ഐക്യത്തിന് മുന്നിട്ടിറങ്ങിയ മുസ്ലിംലീഗ് സുന്നി ഐക്യത്തിന് തുരങ്കം വെക്കുന്നു; ഐക്യശ്രമങ്ങൾ പുരോഗമിക്കവേ നിസ്സഹകരിച്ച് ലീഗ് മുഖപത്രം ചന്ദ്രിക; ഹൈദരലി ശിഹാബ് തങ്ങൾ ഐക്യത്തിന് പച്ചക്കൊടി കാട്ടിയപ്പോൾ പാര പണിത് സാദിഖലി തങ്ങൾ; ലീഗ് രാഷ്ട്രീയത്തിന് ഭീഷണിയായ നീക്കത്തിന് എതിരായ ശ്രമങ്ങളിൽ അമർഷത്തോടെ ഇരുവിഭാഗം സുന്നികളും

മുജാഹിദ് സംഘടനകളുടെ ഐക്യത്തിന് മുന്നിട്ടിറങ്ങിയ മുസ്ലിംലീഗ് സുന്നി ഐക്യത്തിന് തുരങ്കം വെക്കുന്നു; ഐക്യശ്രമങ്ങൾ പുരോഗമിക്കവേ നിസ്സഹകരിച്ച് ലീഗ് മുഖപത്രം ചന്ദ്രിക; ഹൈദരലി ശിഹാബ് തങ്ങൾ ഐക്യത്തിന് പച്ചക്കൊടി കാട്ടിയപ്പോൾ പാര പണിത് സാദിഖലി തങ്ങൾ; ലീഗ് രാഷ്ട്രീയത്തിന് ഭീഷണിയായ നീക്കത്തിന് എതിരായ ശ്രമങ്ങളിൽ അമർഷത്തോടെ ഇരുവിഭാഗം സുന്നികളും

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: മുജാഹിദ് സംഘടനകളുടെ ഐക്യത്തിന് മുന്നിട്ടിറങ്ങിയ മുസ്ലിം ലീഗ് സുന്നി ഐക്യത്തിന് തുരങ്കം വയ്ക്കുന്നതിൽ ഇരു വിഭാഗം സുന്നികളിൽ അമർഷം ശക്തമാകുന്നു. വർഷങ്ങളേറെയായി എ.പി -ഇ.കെ സുന്നികൾ ഐക്യപ്പെടുമെന്ന വാർത്തകൾ പുറത്തു വന്നിരുന്നു. എന്നാൽ ഇതിനുള്ള ശ്രമങ്ങളോ വേദി പങ്കിലോ നടക്കുന്നതോടെ ഐക്യം അസ്തമിക്കുന്ന സ്ഥിതിയായിരുന്നു കണ്ടിരുന്നത്.

ഇപ്പോൾ ഏറെ സാധ്യതകൾക്കും പഠനങ്ങൾക്കുമൊടുവിൽ ഐക്യശ്രമങ്ങൾ ധൃതിപിടിച്ചു തന്നെ മുന്നോട്ടു പോകുകയാണ്. ഈ സാഹചര്യത്തിൽ ലീഗ് നേതാക്കളുടെയും ലീഗിന്റെ മുഖപത്രമായ 'ചന്ദ്രിക'യുടെയും നിസ്സഹകരണം ഇരു വിഭാഗം സുന്നികൾക്കുമിടയിൽ ചർച്ചാ വിഷയമായിരിക്കുകയാണ്. കാലങ്ങളായി ലീഗിന്റെ വോട്ടു ബാങ്കായ സമസ്ത ഇ.കെ വിഭാഗം കാന്തപുരം സുന്നികളുമായി ഐക്യപ്പെടുന്നതോടെ സുന്നികൾ ലീഗിനുമേൽ ആധിപത്യം സ്ഥാപിക്കുമോ എന്നതാണ് ലീഗിന്റെ ഭയം. ഈ അടുത്ത കാലത്തായി ലീഗ് വിരുദ്ധ ചേരി ഇ കെ സുന്നികൾക്കുള്ളിലും ശക്തി പ്രാപിച്ചിരുന്നു. ഇവർ ഒരുമിക്കുന്നത് ലീഗിന് തിരിച്ചടിയാകുമെന്ന ആശങ്കയും ലീഗിനെ അലട്ടുന്നുണ്ട്.

മുസ്ലിം ലീഗിന്റെ രൂപീകൃത കാലം മുതലേ കേരളത്തിലെ പ്രബല മുസ്ലിം സമൂഹമായ സുന്നികളായിരുന്നു ലീഗണികളിൽ അധികവും. 1989 ൽ സമസ്ത പിളർന്നെങ്കിലും ഇ.കെ സമസ്തയുടെ പിന്തുണ എക്കാലത്തും ലീഗിനുണ്ടായിരുന്നു. ലീഗിന്റെ അവസാന വാക്കായ പാണക്കാട് തങ്ങൾ കുടുംബമടക്കം സുന്നികളായിരുന്നെങ്കിലും സലഫി മുജാഹിദ് നേതാക്കൾ ലീഗ് നേതൃനിരയിലെത്തിത് സുന്നികൾക്ക് തിരിച്ചടിയായിരുന്നു. ലീഗിലെ സലഫി അതിപ്രസരം കാലക്രമേണ സുന്നികളിൽ അവമതിപ്പുണ്ടാക്കുകയായിരുന്നു. ആശയപരമായി വ്യത്യാസമില്ലാതിരുന്നിട്ടും സമസ്ത പിളരാൻ ഇടയാക്കിയതും ഈ രാഷ്ട്രീയ കാരണങ്ങളായിരുന്നെന്നാണ് വലിയ വിഭാഗം സുന്നികളും വിശ്വസിക്കുന്നത്.

കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാരുടെ നേതൃത്വത്തിലുള്ള എ.പി സുന്നികൾ സമസ്തയുടെ പിളർപ്പിനു ശേഷം ഇടതുപക്ഷത്തിന് അനുകൂലമായ നിലപാടുകൾ സ്വീകരിച്ചത് ലീഗിന് കൂടുതൽ ശത്രുത കൂടി. ഇപ്പോൾ ഇരു വിഭാഗം സുന്നികൾ ഒന്നിക്കുന്നുവെന്നത് ലീഗിന് രാഷ്ട്രീയ പരമായി നെഞ്ചിടിപ്പ് കൂട്ടുന്നുണ്ട്. അതേ സമയം ഇ.കെ സമസ്തയുടെ വൈസ് പ്രസിഡന്റായ മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ സുന്നി ഐക്യത്തിന് അനുകൂല നിലപാടെടുത്ത് പച്ചക്കൊടി വീശിക്കഴിഞ്ഞു. എന്നാൽ ഒരു വിഭാഗം ലീഗ് നേതാക്കൾ സുന്നി ഐക്യത്തിന് മുഖം തിരിഞ്ഞു നിൽക്കുകയാണിപ്പോൾ.

മുജാഹിദ് സംഘടനകളെ ഐക്യപ്പെടുത്താൻ മുന്നിട്ടിറങ്ങിയ ലീഗും ചന്ദ്രികയും എന്തുകൊണ്ടാണ് സുന്നി ഐക്യത്തിന് മുൻകൈയെടുക്കാത്തതും ചന്ദ്രിക വാർത്ത നൽകാത്തതെന്നുമാണ് ഇരുവിഭാഗം സുന്നി അണികളുടെയും ചോദ്യം. 2016 ഡിസംബറിലാണ് ലീഗ് നേതാക്കളുടെയും ഏതാനും ബിസിനസുകാരുടെയും ശ്രമഫലമായി മുജാഹിദ് സംഘടനയായ കെ.എൻ. എം ഐക്യപ്പെട്ടത്. ഇപ്പോൾ അന്നത്തെ താൽപര്യം ലീഗിനില്ലെന്നാണ് പ്രധാന പരാതി. കഴിഞ്ഞ ദിവസം നടന്ന ഇരു വിഭാഗം സുന്നി പണ്ഡിതരുടെയും ഐക്യചർച്ച മിക്ക മാധ്യമങ്ങളും പ്രസിദ്ധീകരിച്ചിട്ടും ചന്ദ്രികയിൽ ഒരു വരി പോലും ഇല്ലാതിരുന്നത് വിവാദമായിരുന്നു. ചർച്ചയായതോടെ അടുത്ത ദിവസം വാർത്ത പ്രസിദ്ധീകരിച്ച് ചന്ദ്രിക തടി രക്ഷിക്കുകയായിരുന്നു.

ലീഗ് നേതാവ് സാദിഖലി തങ്ങൾ ചെയർമാനായ ഐക്യ കമ്മിറ്റിയുടെ സംയുക്ത പ്രസ്താവന എങ്ങനെ അദ്ദേഹം ഡയരക്ടറായ ചന്ദ്രികയിൽ വരാതായി എന്ന ചോദ്യം ലീഗ് അണികൾ തന്നെ ചോദിക്കുന്നുണ്ട്. സോഷ്യൽ മീഡിയയിലും വിമർശനം ഉയർന്നതോടെ തൊട്ടടുത്ത ദിവസം അവസാന പേജിൽ വാർത്ത നൽകുകയായിരുന്നു. ഇരുവിഭാഗം സുന്നികളുടെ പരമോന്നത സഭയായ കേന്ദ്രമുശാവറകൾ തീരുമാനിച്ചതനുസരിച്ചാണ് ഐക്യ ചർച്ച പുരോഗമിച്ചു വരുന്നു. പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ ചെയർമാനും ഡോ. ഇ എൻ അബ്ദുൽ ലത്വീഫ് കൺവീനറുമായ മസ്ലഹത്ത് (അനുരഞ്ജന) സമിതിയുടെ ശ്രമ ഫലമായാണ് കഴിഞ്ഞ ദിവസം ഐക്യചർച്ചക്ക് കോഴിക്കോട് വേദിയൊരുങ്ങിയത്.

ഐക്യത്തിന്റെ മുന്നോടിയായി മഹല്ലുകളിലും സ്ഥാപനങ്ങളിലും ഭാവിയിൽ പ്രശ്നങ്ങളുണ്ടാകാതിരിക്കാൻ ഇരുവിഭാഗവും തീരുമാനമായതായി മസ്ലഹത്ത് സമിതി കൺവീനർ പ്രസ്താവനയിൽ അറിയിച്ചു. മഹല്ലുകളിൽ നിലവിലുള്ള സ്ഥിതിയിൽ മാറ്റം വരുത്തുകയോ പ്രശ്നങ്ങൾ സൃഷ്ടിക്കുകയോ ചെയ്യരുതെന്ന് രണ്ട് വിഭാഗവും തീരുമാനിച്ചു. ഇതിന് വിരുദ്ധമായി ഏതെങ്കിലും മഹല്ലിൽ പ്രശ്നങ്ങൾ ഉടലെടുത്താൽ നേതാക്കൾ ഇടപെട്ട് പൂർവ്വസ്ഥിതി പുനഃസ്ഥാപിക്കും.

കെ കെ അഹ്മദ്കുട്ടി മുസ്ലിയാർ കട്ടിപ്പാറ, വണ്ടൂർ അബ്ദുർറഹ്മാൻ ഫൈസി, പേരോട് അബ്ദുർറഹ്മാൻ സഖാഫി, ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട് ഡോ. ബഹാഉദ്ദീൻ നദ്വി കൂരിയാട്, മുക്കം ഉമർ ഫൈസി, എ വി അബ്ദുർറഹ്മാൻ മുസ്ലിയാർ, അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ് എന്നിവരാണ് ഇരുവിഭാഗത്തെയും പ്രതിനിധീകരിച്ച് ചർച്ചയിൽ പങ്കെടുത്തത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP