Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202023Wednesday

കെസി ജോസഫിനെ അട്ടിമറിക്കാൻ ഇരിക്കൂറിൽ ഭൂരിപക്ഷം കോൺഗ്രസുകാർക്കും ആഗ്രഹം; എന്നിട്ടും വിമതരെ ചൊല്ലിയുള്ള തർക്കങ്ങൾ തീരുന്നില്ല; കരുവാഞ്ചലുകാരൻ ബിനോയിയുടെ രംഗ പ്രവേശം കെ സിക്കുവേണ്ടിയെന്ന് സംശയിക്കുന്നവരുടെ എണ്ണം പെരുകുന്നു

കെസി ജോസഫിനെ അട്ടിമറിക്കാൻ ഇരിക്കൂറിൽ ഭൂരിപക്ഷം കോൺഗ്രസുകാർക്കും ആഗ്രഹം; എന്നിട്ടും വിമതരെ ചൊല്ലിയുള്ള തർക്കങ്ങൾ തീരുന്നില്ല; കരുവാഞ്ചലുകാരൻ ബിനോയിയുടെ രംഗ പ്രവേശം കെ സിക്കുവേണ്ടിയെന്ന് സംശയിക്കുന്നവരുടെ എണ്ണം പെരുകുന്നു

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: കഴിഞ്ഞ 35 വർഷമായി എംഎൽഎയായി പ്രവർത്തിച്ച കെ സി ജോസഫിനെ ഇനി വേണ്ട എന്ന കാര്യത്തിൽ ഇരിക്കൂറിലെ ഭൂരിപക്ഷം യുഡിഎഫുകാരും ഒറ്റക്കെട്ടാണ്. ഇത്രയും നീണ്ടനാൾ എംഎൽഎയായിരുന്നിട്ടും ഇരിക്കൂറിൽ ഒരു വീട് വയ്ക്കാനോ, വോട്ടേഴ്‌സ് ലിസ്റ്റിൽപേര് ചേർക്കാനോ താല്പര്യം കാട്ടാത്ത ഒരാളെ തങ്ങൾക്ക് ഇനി പ്രതിനിധിയായി വേണ്ട എന്നതാണ് കോൺഗ്രസുകാർ ഒന്നടങ്കം പറയുന്നത്. ആ വിമർഷം കത്തിപ്പടർന്നപ്പോൾ കെസിക്കെതിരെ സ്വയം രൂപം കൊണ്ട ഫേസ്‌ബുക്ക് കൂട്ടായ്മയിൽ ചേർന്നവരുടെ എണ്ണം 12,000 കവിഞ്ഞു. എന്നിട്ടും കെസിയെ തോല്പിക്കാം എന്ന ആത്മവിശ്വാസം പലർക്കും ഇല്ലാതിരിക്കുന്നു.

വിമത സ്ഥാനാർത്ഥിയെ ചൊല്ലിയുള്ള തർക്കമാണ് ഇപ്പോഴത്തെ ആശയക്കുഴപ്പങ്ങൾക്ക് കാരണം. യോഗം ചേർന്ന് ഷാജി കുര്യാക്കോസ് എന്ന പരിസ്ഥിതി പ്രവർത്തകനെ ആദ്യം സ്ഥാനാർത്ഥിയാക്കിയെങ്കിലും പൊടുന്നനെ ഷാജിക്കെതിരെ വിമർശനങ്ങൾ ഉയരുകയും കരുവാഞ്ചലുകാരനായ അഡ്വക്കേറ്റ് ബിനോയ തോമസ് എന്നൊരു വിമത സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കപ്പെടുകയും ആയിരുന്നു. ഷാജിയെ സ്ഥാനാർത്ഥി ആക്കിയപ്പോൾ ലഭിക്കാത്ത പിന്തുണയാണ് ബിനോയിക്ക് മണ്ഡലത്തിൽ നിന്നും ലഭിച്ചത്. പത്രങ്ങളും ചാനലുകളും ബിനോയിയെക്കുറിച്ച് വാർത്ത എഴുതി. ഫേസ്‌ബുക്ക് കൂട്ടായ്മയിൽ തന്നെ ഭൂരിപക്ഷം ബിനോയിക്കൊപ്പമായി. ഇതോടെ ഷാജിയെ മാറ്റി ബിനോയിയെ സ്ഥാനാർത്ഥി ആക്കാം എന്ന ധാരണ സജീവമായി. എന്നാൽ ബിനോയിയുടെ രംഗ പ്രവേശനം കെസി ജെസഫിന് വേണ്ടി തന്നെയാണോ എന്ന സംശയം പലർക്കും ഇല്ലാതെയില്ല. ബിനോയി പിൻവലിക്കുകയോ പ്രചരണത്തിൽ സജീവമാകാതെ ഇരിക്കുകയോ ചെയ്താൽ ഇതുവരെ നടത്തിയ ശ്രമങ്ങൾ എല്ലാം പരാജയപ്പെടും എന്നാണ് ഇവരുടെ ആശങ്ക.

Stories you may Like

ഇതോടെ കെസി ജോസഫിനെതിരായ ഫെയ്‌സ് ബുക്ക് കൂട്ടായ്മയുടെ ആവേശവും കുറയുകയാണ്. കെസിയ്‌ക്കെതിരെ വിമതനെ നിർത്തി ജയിപ്പിക്കാമെന്ന ആവേശം അവർക്കില്ല. ബിനോയ് കോൺഗ്രസുകാരനാണ്. അതുകൊണ്ട് തന്നെ പലവിധ സ്വാധീനങ്ങൾക്കും സമ്മർദ്ദങ്ങൾക്കും അടിപ്പെടും. നേരത്തെ സജീവ് ജോസഫിനെ മത്സരരംഗത്ത് നിന്ന് പിന്മാറ്റിയത് തന്ത്രപരമായാണ്. നാമനിർദ്ദേശ പത്രിക പിൻവലിക്കുന്ന തീയതിയോടെ മറ്റാരുമില്ലെങ്കിൽ ബിനോയ് കൂടുമാറുമോ എന്നാണ് ഫെയ്‌സ് ബുക്ക് കൂട്ടായ്മയിലെ ഒരു വിഭാഗത്തിന്റെ ആശങ്ക. ഇതോടെ പലരും പ്രചരണത്തിൽ നിന്ന് പിന്മാറി എന്താണ് സംഭവിക്കുകയെന്ന് സസൂക്ഷ്മം വീക്ഷിക്കുകയാണ്. അൽഭുതങ്ങൾ ഉണ്ടായാൽ മാത്രമേ കെസിയെ ഇരിക്കൂറിൽ തോൽപ്പിക്കാനാകൂയെന്ന് അവരും തിരിച്ചറിയുന്നു.

എന്തുവന്നാലും ഇരിക്കൂറിൽ കെസി ജോസഫിനെ കെട്ടുകെട്ടിക്കുമെന്നായിരുന്നു ഉയർന്ന് കേട്ട ആദ്യ മുദ്രാവാക്യം. സ്ഥാനാർത്ഥി പട്ടികയിൽ നിന്ന് തന്നെ മന്ത്രിയുടെ പേര് വെട്ടിമാറ്റാനും നീക്കം സജീവമായിരുന്നു. എന്നാൽ ഉറച്ച നിലപാടുമായി മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി രംഗത്ത് എത്തിയപ്പോൾ ഇരിക്കൂറിൽ കെസി തന്നെ സ്ഥാനാർത്ഥിയായി. ഇതോടെ കെസിക്ക് എതിരെ ശക്തമായ ജനവികാരം ഉയർന്നു. ഇടതുപക്ഷത്ത് മത്സരിക്കുന്ന സിപിഐ സ്ഥാനാർത്ഥി കരുത്തനല്ലാത്തതിനാൽ ശക്തനായ വിമതനായി തെരച്ചിൽ തുടങ്ങി. കെപിസിസി നേതാവായ സജീവ് ജോസഫിനെ സ്ഥാനാർത്ഥിയക്കാൻ തീരുമാനിച്ച. എന്നാൽ സമ്മർദ്ദം ശക്തമായപ്പോൾ സജീവ് ജോസഫ് സ്ഥാനാർത്ഥിയാകാനില്ലെന്ന് വ്യക്തമായി. ഇതോടെ പുതിയ വിമതനായി അന്വേഷണം തുടങ്ങി. ഇതാണ് പുതിയ ആശയക്കുഴപ്പങ്ങളിലേക്ക് എത്തുന്നത്.

സജീവ് ജോസഫ് പിന്മാറിയപ്പോൾ തന്നെ ഫെയ്‌സ് ബുക്ക് കൂട്ടായ്മ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിരുന്നു. ഷാജി കുര്യാക്കോസിനെയാണ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്. ഇതിനിടെയാണ് പുതിയ വിമത സ്ഥാനാർത്ഥി എത്തിയത്. ഇരിക്കൂർ നിയോജകമണ്ടലത്തിൽ കെ.സിക്കെതിരെ കോൺഗ്രസിലെ തന്നെ യുവനേതാവായ അഡ്വ. ബിനോയ് തോമസ് മത്സര സന്നദ്ധത പ്രകടിപ്പിക്കുകയായിരുന്നു. ഇതോടെ ആരാകണം വിമതൻ എന്ന കാര്യത്തിൽ ഇരിക്കുറുകാർക്കിടയിൽ അവ്യക്തത ശക്തമായി. അതിനിടെ ഈ ചർച്ചകളെല്ലാം കെസി ജോസഫിന് തുണയാകുമെന്ന വിലയിരുത്തലുമുണ്ട്. അതുകൊണ്ടുകൂടിയാണ് ബിനോയിയെ പിന്തുണയ്ക്കുന്നതിൽ ആശയക്കുഴപ്പം ഉണ്ടാകുന്നത്.

ജോസഫിനെതിരെ ഇരിക്കൂർ മണ്ഡലത്തിൽ റിബൽ സ്ഥാനാർത്ഥിയാകാൻ ആഗ്രഹം പ്രകടിപ്പിച്ച കെപിസിസി ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് സജീവ് ജോസഫിനെ പിൻവലിച്ചത് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നേരിട്ടുള്ള ഇടപെടലായിരുന്നു. ഇതോടെ കെസി ജോസഫുമായി സജീവ് ജോസഫ് ചർച്ച നടത്തി. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ സജീവ് ജോസഫിനെ സ്ഥാനാർത്ഥിയാക്കാമെന്നാണ് ഉറപ്പ്. ഇതോടെ കെസി ജോസഫിനെതിരെ ശക്തനായ വിമതനെ നിർത്താനുള്ള കോൺഗ്രസിലേയും യുഡിഎഫിലേയും വലിയ വിഭാഗത്തിന്റെ നീക്കത്തിനും തിരിച്ചടിയായി. ഇതേ തുടർന്നാണ് ഷാജി കുര്യനെ സ്ഥാനാർത്ഥിയാക്കിയത്. ഇരിക്കൂറിൽ ക്രൈസ്തവ രാഷ്ട്രീയത്തിന് പ്രസക്തി ഏറെയാണ്. അതുകൊണ്ട് തന്നെ ക്രൈസ്തവ സ്ഥാനാർത്ഥിക്ക് മാത്രമേ ജയിക്കാനാകൂ. ഇത് മനസ്സിലാക്കിയാണ് ഇരിക്കുറിൽ കെസി ജോസഫിനെ എതിർക്കുന്നവർ സജീവ് ജോസഫിനെ സ്ഥാനാർത്ഥിയാക്കാൻ ആഗ്രഹിച്ചത്. അതും കരുതലോടെ പൊളിച്ചു.

ഇരിക്കൂർ മണ്ഡലത്തിൽ തുടർച്ചയായ എട്ടാം തവണയും കോട്ടയം ജില്ലക്കാരനായ കെ.സി. ജോസഫിനെ മത്സരിപ്പിക്കാനുള്ള നേതൃത്വത്തിന്റെ തീരുമാനത്തിനെതിരെ കോൺഗ്രസ് ഇരിക്കൂർ മണ്ഡലം കമ്മിറ്റിയും യൂത്ത് കോൺഗ്രസ് അടക്കമുള്ള പോഷക സംഘടനകളും രംഗത്ത് വരികയും തെരുവിലിറങ്ങി പ്രതിഷേധിക്കുകയും ചെയ്തിരുന്നു. ഇരിക്കൂർ മണ്ഡലം പ്രസിഡണ്ട് കെ.ആർ. അബ്ദുൾഖാദർ രാജിവെയ്ക്കുകയും മന്ത്രിക്കെതിരെ മത്സരിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. സ്ഥാനാർത്ഥി പട്ടിക തയ്യാറാക്കുന്ന ഘട്ടത്തിൽ വിശാല ഐ ഗ്രൂപ്പ് അനുകൂല നേതാവായ അഡ്വ. സജീവ് ജോസഫിന്റെ പേര് മണ്ഡലത്തിലേക്ക് പരിഗണിക്കുകയും ഹൈക്കമാൻഡ് പച്ചക്കൊടി കാട്ടുകയും ചെയ്തിരുന്നു. എന്നാൽ മുഖ്യമന്ത്രി നേരിട്ട് ഇടപെട്ട് തന്റെ വിശ്വസ്തനും എ ഗ്രൂപ്പ് നേതാവുമായ കെ.സി.ജോസഫിനു വേണ്ടി ചരടുവലികൾ നടത്തുകയും മണ്ഡലത്തിലെ പ്രവർത്തകരുടെ വികാരത്തെ മറികടന്ന് കെ.സി. ജോസഫിനെതന്നെ എട്ടാംതവണയും സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുകയുമായിരുന്നു.

നേതൃത്വത്തിന്റെ അവഗണനയിൽ പ്രതിഷേധിച്ചാണ് കെപിസിസി ജനറൽ സെക്രട്ടറി കൂടിയായ സജീവ് ജോസഫ് മത്സര രംഗത്തിറങ്ങാൻ തീരുമാനമെടുത്തത്. ഇതോടെ പണികിട്ടുമെന്ന് കെസി ജോസഫിന് ഉറപ്പായി. മുഖ്യമന്ത്രിയേയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയേയും അനുനയിപ്പിച്ച് ചർച്ചകൾ സജീവമാക്കി. അടുത്ത തവണ സജീവ് ജോസഫിന് തന്നെയാകും സീറ്റെന്ന് ഉറപ്പ് കൊടുത്തു. ഈ സാഹചര്യത്തിൽ ചെന്നിത്തലയുടെ കൂടെ നിലപാട് അംഗീകരിച്ച് സജീവ് ജോസഫ് പിന്മാറി. 34 വർഷമായി കോട്ടയത്തുനിന്ന് വന്ന് ഇരിക്കൂറിൽ മത്സരിക്കുന്ന ജോസഫ് വീണ്ടും മത്സരിക്കുന്നത് അംഗീകരിക്കാനാകില്ലെന്നാണ് ഇരിക്കൂറിലെ കോൺഗ്രസിലെ വലിയൊരു വിഭാഗം പറയുന്നത്. ഇറക്കുമതിചെയ്ത സ്ഥാനാർത്ഥിയെ വർഷങ്ങളോളം സഹിച്ചു.

ഇനി ഇത് അംഗീകരിക്കാൻ കഴിയില്ലെന്നും നിലപാട് എടുക്കുന്നു. സിപിഐയുടെ സ്ഥാനാർത്ഥി വളരെ ദുർബലനാണ്. അതുകൊണ്ട് തന്നെ മുന്നണികൾ തമ്മിലെ പോരിൽ കെസി ജോസഫ് മാത്രമേ ജയിക്കൂ. ഇത് തിരിച്ചറിഞ്ഞാണ് വിമതനെ മത്സരിപ്പിക്കാൻ വിവിധ കൂട്ടായ്മകൾ തീരുമാനിച്ചത്. പക്ഷേ അതും വ്യക്തമായ തീരുമാനത്തിലുത്തുന്നില്ല. ഇത് കൂടുതൽ പുഞ്ചിരി നിറയ്ക്കുന്നത് കെസി ജോസഫിന്റെ മുഖത്താണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP