Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

സംസ്ഥാന ജനറൽ സെക്രട്ടറി ഒന്നും ചെവികൊള്ളുന്നില്ല; സെക്രട്ടേറിയറ്റ് വിളിക്കാൻ നേരിട്ട് ആവശ്യപ്പെട്ടിട്ടും കേട്ടഭാവമില്ലെന്ന് പ്രസിഡന്റ് എ.പി.അബ്ദുൽവഹാബ്; ശബ്ദസന്ദേശം പുറത്ത്; ഐഎൻഎൽ പിളർപ്പിലേക്ക്?

സംസ്ഥാന ജനറൽ സെക്രട്ടറി ഒന്നും ചെവികൊള്ളുന്നില്ല; സെക്രട്ടേറിയറ്റ് വിളിക്കാൻ നേരിട്ട് ആവശ്യപ്പെട്ടിട്ടും കേട്ടഭാവമില്ലെന്ന് പ്രസിഡന്റ് എ.പി.അബ്ദുൽവഹാബ്; ശബ്ദസന്ദേശം പുറത്ത്; ഐഎൻഎൽ പിളർപ്പിലേക്ക്?

ജംഷാദ് മലപ്പുറം

മലപ്പുറം: ഐ.എൻ.എൽ സംസ്ഥാന ജനറൽ സെക്രട്ടറി ഒന്നും ചെവികൊള്ളുന്നില്ല. താൻ നേരിട്ട് ഗൗരവമായി സംസാരിച്ചിട്ടും മുഖവിലക്കെടുക്കുന്നില്ലെന്നും ഐഎൻഎൽ സംസ്ഥാന പ്രസിഡന്റ് എ.പി.അബ്ദുൽവഹാബ്. ഒട്ടേറെ കാര്യങ്ങൾ ചർച്ച ചെയ്യാനുള്ളതിനാൽ സെക്രട്ടേറിയറ്റ് വിളിച്ചുചേർക്കാൻ താൻ നേരിട്ട് ആവശ്യപ്പെട്ടിട്ടും ഒരു തീരുമാനമെടുക്കുന്നില്ലെന്നും ജനറൽ സെക്രട്ടറി വിളിച്ചുചേർക്കുന്നില്ലെങ്കിൽ ഭരണഘടനാപ്രകാരം തനിക്ക് അതിന് അധികാരമുണ്ടെന്നും താനതിനു തയാറാകുമെന്നും മുന്നറിയിപ്പു ചൂണ്ടിക്കാട്ടി എ.പി.അബ്ദുൽ വഹാബ് അംഗങ്ങൾക്ക് അയച്ച ശബ്ദസന്ദേശം പുറത്തുവന്നു.

ഐഎൻഎൽ സംസ്ഥാന പ്രസിഡന്റ് എ.പി.അബ്ദുൽവഹാബും ജനറൽ സെക്രട്ടറി കാസിം ഇരിക്കൂറും തമ്മിലുള്ള അഭിപ്രായവ്യത്യാസം അനുദിനം വർധിച്ചുവരികയാണ്. മന്ത്രി അഹമ്മദ് ദേവർകോവിലിന്റെ പേഴ്സനൽ സ്റ്റാഫ് നിയമനവുമായി ബന്ധപ്പെട്ട വിവാദമുൾപ്പടെയുള്ള കാര്യങ്ങൾ ചർച്ച ചെയ്യാൻ പാർട്ടി സംസ്ഥാന സെക്രട്ടേറിയേറ്റ് ഉടൻ വിളിച്ചു ചേർക്കണമെന്നാവശ്യപ്പെട്ടാണ് പുതിയ തർക്കം. നേരത്തെ
ഐഎൻഎല്ലിൽ ആഭ്യന്തരകലഹം മുർച്ഛിച്ചതിനെത്തുടർന്ന് സിപിഎം സംസ്ഥാന സെക്രട്ടറി ഇരുവരെയും വിളിച്ച് താക്കീതു ചെയ്തത് രണ്ടാഴ്ച മുമ്പായിരുന്നു. വിവാദമുയർത്തിയ പഴ്സനൽ സ്റ്റാഫ് നിയമനത്തിനു പരിഹാരമായി സിപിഎം പ്രതിനിധികളെ മന്ത്രിയുടെ പഴ്സനൽ സ്റ്റാഫിൽ ഉൾപ്പെടുത്തുകയും ചെയ്തിരുന്നു.

വഹാബ് അണികൾക്കയച്ച ശബ്ദസന്ദേശം തുടങ്ങുന്നതുതന്നെ സഹഭാരവാഹികളെ, സെക്രട്ടേറിയറ്റ് അംഗങ്ങളെ, എന്ന് അഭിസംബോധന ചെയ്തുകൊണ്ടാണ്. അടിയന്തര പ്രാധാന്യമുള്ള വിഷയങ്ങളിൽ കൂടിയാലോചന നടത്തി തീരുമാനം കൈക്കൊള്ളാനുള്ള വേദിയാണ് സംസ്ഥാന സെക്രട്ടേറിയറ്റെന്നും അംഗത്വ പ്രചാരണത്തിന്റെ കാര്യത്തിൽ ജില്ലാതല റിട്ടേണിങ് ഓഫിസർമാരെ നിശ്ചയിക്കുന്നതും ജില്ലകൾക്കുള്ള അംഗത്വത്തിന്റെ എണ്ണം നിശ്ചയിക്കുന്നതും നാളിതുവരെ സംസ്ഥാന സെക്രട്ടേറിയറ്റാണ്. പ്രവർത്തകസമിതിക്കുമുമ്പ് സെക്രട്ടറിയേറ്റ് യോഗം നിർബന്ധമായും ചേരേണ്ടതുണ്ട്.

ഇതിനുപുറമേ പ്രധാനപ്പെട്ട ഒട്ടേറെ കാര്യങ്ങൾ ചർച്ച ചെയ്യപ്പെടാനുമുണ്ട്. മന്ത്രിയുടെ പഴ്സനൽ സ്റ്റാഫ് നിയമനം ഇതുവരെ പാർട്ടിക്കകത്ത് ചർച്ച ചെയ്യപ്പെട്ടിട്ടില്ല. ഈ വിഷയവും ചർച്ച ചെയ്യപ്പെടേണ്ടതാണ്. സംസ്ഥാന ജനറൽ സെക്രട്ടറിയോട് പാർട്ടി സെക്രട്ടേറിയറ്റ് വിളിച്ചുചേർക്കാൻ ഞാൻ നേരിട്ട് ആവശ്യപ്പെട്ടതാണ്. അദ്ദേഹം അതു ചെവിക്കൊള്ളാതെ വന്നപ്പോൾ 17 നും 20നും രേഖാമൂലംതന്നെ അദ്ദേഹത്തോട് ഇക്കാര്യം ആവശ്യപ്പെട്ടു.

എന്നാൽ അദ്ദേഹം ഇതു നിരാകരിക്കുകയാണ്. ഭരണഘടനാപ്രകാരം പ്രസിഡന്റ് യോഗം വിളിക്കാൻ ആവശ്യപ്പെട്ടാൽ അതു ചെയ്യാൻ സെക്രട്ടറി ബാധ്യസ്ഥനാണ്. സെക്രട്ടറിക്കു യോഗം വിളിക്കാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ പ്രസിഡന്റ് എന്ന നിലയിൽ ഞാൻ നേരിട്ടുതന്നെ അടിയന്തര സെക്രട്ടേറിയറ്റ് വിളിച്ചു കൂട്ടുമെന്ന് അറിയിക്കുന്നു. അംഗങ്ങൾ സഹകരിക്കണം. എന്നാണു പുറത്തുവന്ന ശബ്ദസന്ദേശത്തിന്റെ ചുരുക്കം.

അതേ സമയം മന്ത്രി അഹമ്മദ് ദേവർകോവിൽ തിരഞ്ഞെടുപ്പ് ഫണ്ടിലേക്ക് മുസ്ലിം ലീഗ് എംപിയിൽനിന്നു 3 ലക്ഷം രൂപ സംഭാവന വാങ്ങിയെന്ന ആരോപമാണ് നേരത്തെ ഐ.എൻ.എല്ലിൽ വലിയ തർക്കത്തിന് വഴിവച്ചിരുന്നത്. ഇതുസംബന്ധിച്ചു മലപ്പുറം മുൻ ജില്ലാ സെക്രട്ടറിയുടെ ഫോൺ സംഭാഷണം പുറത്തുവന്നിരുന്നു. കോഴിക്കോട് സൗത്തിൽ മത്സരിച്ച അഹമ്മദ് ദേവർകോവിലിന്റ തിരഞ്ഞെടുപ്പ് ഫണ്ടിലേക്ക് ലീഗ് എംപിയിൽനിന്നു 3 ലക്ഷം രൂപ വാങ്ങിയെന്നാണ് സെക്രട്ടറിയുടെ പരാമർശം.

ലീഗ് നേതാക്കളും അഹമ്മദ് ദേവർകോവിലും തമ്മിൽ അന്തർധാര സജീവമാണെന്ന ആക്ഷേപം പാർട്ടിക്കുള്ളിൽ ശക്തമാണ്. എന്നാൽ ആരോപണം ശരിയല്ലെന്നാണ് ദേവർകോവിലിന്റെ പ്രതികരണം. ശബ്ദരേഖ പുറത്തുവിട്ടയാളെ പാർട്ടിയിൽനിന്നു പിന്നീട് സസ്പെൻഡ് ചെയ്യുകയും ചെയ്തു. തിക്കോടിയിലും നരിക്കുനിയിലും ലീഗ് നേതാക്കൾ ഒരുക്കിയ സൽക്കാരത്തിൽ പങ്കെടുത്തെന്നും ലീഗ് നേതാവിനൊപ്പം താമരശ്ശേരി ബിഷപ്പിനെ കണ്ടെന്നുമുള്ള ആക്ഷേപങ്ങൾ ദേവർകോവിലിനെതിരെ നേരത്തെയുണ്ട്. 25 വർഷങ്ങൾക്കുശേഷം ലീഗ് വനിതാ സ്ഥാനാർത്ഥിയെ മത്സരിപ്പിച്ച മണ്ഡലമായിരുന്നു കോഴിക്കോട് സൗത്ത്. ഇവിടെ നിന്നും അട്ടിമറി വിജയത്തിലൂടെയാണ് ഐ.എൻ.എൽ സ്ഥാനാർത്ഥി വിജയിച്ചത്.

അതേ സമയം ആരോപണങ്ങളും അടിപിടിയും നടക്കുമ്പോഴും പാർട്ടിയേക്ക് കൂടുതൽ ആളുകൾ എത്തുന്നതായും നേതാക്കൾ പറയുന്നു. കഴിഞ്ഞ ദിവസം മലപ്പുറം പരപ്പനങ്ങാടി - ഉള്ളണത്ത് മത, രാഷ്ട്രീയ രംഗത്തെ അൻപതിലധികം പേരുടെ നേതൃത്വത്തിൽ മുസ്ലിം ലീഗിൽ നിന്നും ഇരുനൂറിലധികം പേർ രാജിവെച്ച് ഐ.എൻ.എൽ ചേർന്നതായി ഐ.എൻ.എൽ.ഭാരവാഹികൾ വ്യക്തമാക്കി. ഐ.എൻ.എൽ ദേശീയ ജനറൽ സിക്രട്ടറിയും സംസ്ഥാന തുറമുഖ വകുപ്പ് മന്ത്രിയുമായ അഹമ്മദ് ദേവർ കോവിൽ എ.എൻ.എല്ലിൽചേർന്നവർക്കു പാർട്ടി മെമ്പർഷിപ്പ് വിതരണ ഉൽഘാടനം നിർവ്വഹിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP