Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പി എസ് സി അംഗത്വം 40 ലക്ഷം രൂപക്ക് വിറ്റെന്ന് ആരോപണം ഉന്നയിച്ച നേതാവിനെ ഐഎൻഎൽ പുറത്താക്കി; നേതാക്കളെ തലസ്ഥാനത്തേക്ക് വിളിപ്പിച്ച് മുഖ്യമന്ത്രി; പുതിയ പാർട്ടി രൂപീകരിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ച് വിമതർ; പിടിഎ റഹീമിന്റെ പാർട്ടിയിൽ നിന്നെത്തിയവരും അസ്വസ്ഥർ

പി എസ് സി അംഗത്വം 40 ലക്ഷം രൂപക്ക് വിറ്റെന്ന് ആരോപണം ഉന്നയിച്ച നേതാവിനെ ഐഎൻഎൽ പുറത്താക്കി; നേതാക്കളെ തലസ്ഥാനത്തേക്ക് വിളിപ്പിച്ച് മുഖ്യമന്ത്രി; പുതിയ പാർട്ടി രൂപീകരിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ച് വിമതർ; പിടിഎ റഹീമിന്റെ പാർട്ടിയിൽ നിന്നെത്തിയവരും അസ്വസ്ഥർ

ജാസിം മൊയ്ദീൻ

കോഴിക്കോട്: ഐഎൻഎല്ലിന് ലഭിച്ച പിഎസ്‌സി അംഗത്വം നാൽപത് ലക്ഷം രൂപക്ക് വിൽപന നടത്തിയെന്ന് ആരോപണം ഉന്നയിച്ച നേതാവിനെ പാർട്ടിയിൽ നിന്നും പുറത്താക്കി. ഐഎൻഎൽ സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം ഇസി മുഹമ്മദിനെയാണ് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കിയതായി ഐഎൻഎൽ നേതൃത്വം അറിയിച്ചിരിക്കുന്നത്.

സംസ്ഥാന കമ്മറ്റിയുടെ നിർദ്ദേശാനുസരണം ദേശീയ പ്രസിഡണ്ടാണ് ഇസി മുഹമ്മദിനെ പാർട്ടിയിൽ നിന്നും പുറത്താക്കിയതായി അറിയിച്ചത്. അടിസ്ഥാന രഹിതമായ ആരോപണം ഉന്നയിച്ച് നേതാക്കളെ അപകീർത്തിപ്പെടുത്തിയ ഇസി മുഹമ്മദിനെതിരെ നിയമ നടപടിയെടുക്കുമെന്ന് ഐഎൻഎൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ പറഞ്ഞു. നേതാക്കളെ വ്യക്തിഹത്യ നടത്തിയതിന് അഡ്വ. എ ജയശങ്കറിനെതിരെയും നിയമ നടപടി സ്വീകരിക്കുമെന്ന് കാസിം ഇരിക്കൂർ പറഞ്ഞു.

പുറത്താക്കിയ നടപടി സന്തോഷ പൂർവ്വം സ്വീകരിക്കുന്നു എന്ന് ഇസി മുഹമ്മദ് പ്രതികരിച്ചു. എൽഡിഎഫിന് ക്ഷീണമുണ്ടാകുന്ന ഒരു നടപടിയും തന്റെ ഭാഗത്ത് നിന്നുമുണ്ടാകില്ല. എൽഡിഎഫിന് ക്ഷീണമുണ്ടാകുന്ന നടപടികൾ പാർട്ടിയിൽ തുടർന്നപ്പോഴാണ് കോഴ വാങ്ങിയ കാര്യം തുറന്നു പറഞ്ഞത്. ഐഎൻഎല്ലിലെ സമാന മനസ്‌കരുമായി ആലോചിച്ച് ഭാവി പരിപാടികൾ സ്വീകരിക്കുമെന്നും ഇസി മുഹമ്മദ് പറഞ്ഞു.

അതേ സമയം വിവാദങ്ങളുടെ പശ്ചാതലത്തിൽ ഐഎൻഎൽ നേതാക്കളെ മുഖ്യമന്ത്രി തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചിട്ടുണ്ട്. ഐഎൻഎൽ സംസ്ഥാന പ്രസിഡണ്ട് പ്രൊഫ. എപി അബ്ദുൽ വഹാബ്, സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ, മന്ത്രി അഹമ്മദ് ദേവർകോവിൽ എന്നിവരോട് നാളെ മുഖ്യമന്ത്രിയെ കാണാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

മന്ത്രിക്കെതിരെ ഉയർന്ന ആരോപണങ്ങളും പാർട്ടിയിലെ സാമ്പത്തിക ക്രമക്കേടുകളും നാളെ നടക്കുന്ന യോഗത്തിൽ ചർച്ച ചെയ്യും. പാർട്ടിയിലെ വിഭാഗീയതും വിവാദങ്ങളം പെട്ടെന്ന് അവസാനിപ്പിക്കണമെന്ന് നേരത്തെ മുഖ്യമന്ത്രി നിർദ്ദേശം നൽകിയിരുന്നെങ്കിലും വിവാദങ്ങൾ തുടർന്നതിനാലാണ് നേതാക്കളെ തലസ്ഥാനത്തേക്ക് വിളിപ്പിച്ചത്.

വിവാദങ്ങളുടെ പശ്ചാതലത്തിൽ ഐഎൻഎൽ പിളരുമെന്ന സൂചനയാണ് പുറത്ത് വരുന്നത്. പാർട്ടിയിൽ നിന്ന് പുറത്താക്കിയ ഇസി മുഹമ്മദിന്റെ നേതൃത്വത്തിൽ കൊടുവള്ളിയിൽ യോഗം ചേരാൻ നേരത്തെ തീരുമാനിച്ചിരുന്നതായി സൂചനയുണ്ട്. എന്നാൽ മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിലെ തീരുമാനങ്ങൾക്കായി കാത്തിരിക്കുകയാണ്. പിടിഎ റഹീമിന്റെ സെക്യുലർ കോൺഫ്രറൻസ് പാർട്ടിയിൽ നിന്നെത്തിയവരും ഐഎൻഎല്ലിൽ അസ്വസ്ഥരാണ്.

ഇവരെയും കൂടെകൂട്ടി പുതിയ പാർട്ടി രൂപീകരിക്കുകയോ സെക്യുലർ കോൺഫ്രൻസ് പുനരുജ്ജീവിപ്പിക്കുകയോ ആണ് വിമതരുടെ ലക്ഷ്യം.ഇന്നലെ കൊടുവള്ളിയിൽ യോഗം ചേരാൻ തീരുമാനമുണ്ടായിരുന്നു എങ്കിലും സിപിഎം നേതൃത്വം ഇടപെട്ട് മാറ്റിവെപ്പിക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP