Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആരൊക്കെയാണ് കേരളത്തിലെ മന്ത്രിമാർ, എന്തൊക്കെയാണ് അവരുടെ വകുപ്പുകളിൽ നടക്കുന്നത്? സംസ്ഥാനത്തെ ഭരണത്തലവനായ തനിക്ക് അറിയണമെന്ന് ചീഫ്‌സെക്രട്ടറിയോട് ഗവർണർ; മന്ത്രിമാർ മാത്രമല്ല, വകുപ്പ് സെക്രട്ടറിമാരും ഗവർണറെ അവഗണിക്കുന്നു; കാണാനെത്തുന്നത് ചീഫ്‌സെക്രട്ടറിയും ധനസെക്രട്ടറിയും മാത്രം; റബ്ബർ സ്റ്റാമ്പായി ഇരിക്കാൻ താനില്ലെന്ന് ഗവർണറുടെ വിരട്ട്

ആരൊക്കെയാണ് കേരളത്തിലെ മന്ത്രിമാർ, എന്തൊക്കെയാണ് അവരുടെ വകുപ്പുകളിൽ നടക്കുന്നത്? സംസ്ഥാനത്തെ ഭരണത്തലവനായ തനിക്ക് അറിയണമെന്ന് ചീഫ്‌സെക്രട്ടറിയോട് ഗവർണർ; മന്ത്രിമാർ മാത്രമല്ല, വകുപ്പ് സെക്രട്ടറിമാരും ഗവർണറെ അവഗണിക്കുന്നു; കാണാനെത്തുന്നത് ചീഫ്‌സെക്രട്ടറിയും ധനസെക്രട്ടറിയും മാത്രം; റബ്ബർ സ്റ്റാമ്പായി ഇരിക്കാൻ താനില്ലെന്ന് ഗവർണറുടെ വിരട്ട്

സായ് കിരൺ

തിരുവനന്തപുരം : സംസ്ഥാനത്തിന്റെ ഭരണത്തലവനായ ഗവർണർ വിളിച്ചാലും മന്ത്രിമാരും വകുപ്പ് സെക്രട്ടറിമാരും രാജ്ഭവനിലെത്താറില്ല. നിയമസഭ പതിനൊന്ന് ബില്ലുകൾ പാസാക്കി അയയ്ക്കുന്നതിന് മുൻപും മന്ത്രിമാരെ കാണണമെന്നും മന്ത്രിമാരുടെ വകുപ്പുകളിലെ വിവരങ്ങൾ അറിയണമെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ചീഫ്‌സെക്രട്ടറിയോട് പലവട്ടം ആവശ്യപ്പെട്ടിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന് പുറമേ മന്ത്രിമാരായ പി.രാജീവ്, കെ.എൻ.ബാലഗോപാൽ, ആർ.ബിന്ദു എന്നിവർ മാത്രമാണ് രാജ്ഭവനിലെത്തി ഗവർണറെ കണ്ടിട്ടുള്ളത്. ഘടകകക്ഷി മന്ത്രിമാരടക്കം മറ്റുള്ളവർ ഗവർണറുടെ നിർദ്ദേശം അവഗണിക്കുകയായിരുന്നു.

ഗാന്ധിജയന്തി ദിനത്തിൽ ആരംഭിക്കുന്ന സർക്കാരിന്റെ ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഉദ്ഘാടകനാവാൻ ക്ഷണിക്കാൻ മന്ത്രി എം.ബി രാജേഷും ചീഫ്‌സെക്രട്ടറി വി.പി.ജോയിയും രാജ്ഭവനിലെത്തിയപ്പോൾ ഇക്കാര്യം ഗവർണർ എടുത്തിട്ടു. മന്ത്രിമാരെ കാണണമെന്നും ആരൊക്കെയാണ് മന്ത്രിമാരെന്ന് ഭരണത്തലവനായ തനിക്ക് അറിയണമെന്നും ചീഫ്‌സെക്രട്ടറിയോട് ഗവർണർ പറഞ്ഞു. ആറു ബില്ലുകളിലാണ് ഗവർണർ ഇനി ഒപ്പിടാനുള്ളത്. ബില്ലുകളിലൂടെ നിയമഭേദഗതിക്ക് എന്താണ് സാഹചര്യമെന്ന് മന്ത്രിമാരും വകുപ്പ് സെക്രട്ടറിമാരുമെത്തി വിശദീകരിക്കണമെന്നും ചീഫ്‌സെക്രട്ടറിയോട് ഗവർണർ നിർദ്ദേശിച്ചു. ഇക്കാര്യം മുഖ്യമന്ത്രി വഴി എല്ലാ മന്ത്രിമാരെയും അറിയിക്കാമെന്ന് ചീഫ്‌സെക്രട്ടറി മറുപടി നൽകി. റബ്ബർ സ്റ്റാമ്പായി ഇരിക്കാൻ താനില്ലെന്നും വിളിച്ചിട്ട് വന്നില്ലെങ്കിൽ കടുത്ത നടപടികളുണ്ടാവുമെന്നും ഗവർണർ അറിയിച്ചിട്ടുണ്ട്.

മലപ്പുറം ജില്ലാ ബാങ്കിനെ കേരളാ ബാങ്കിൽ ലയിപ്പിക്കുന്നതിനുള്ള സഹകരണ സംഘം ഭേദഗതി, ലോകായുക്ത ഉത്തരവുകൾ നിയമസഭയ്ക്കും മുഖ്യമന്ത്രിക്കും സർക്കാരിനും പുനഃപരിശോധിക്കാവുന്ന ഭേദഗതി, വൈസ്ചാൻസലർ നിയമനത്തിൽ ഗവർണറുടെ അധികാരം കവരുന്ന ഭേദഗതി, പബ്ലിക് എന്റർപ്രൈസസ് (സെലക്ഷനും റിക്രൂട്ട്‌മെന്റും) ബോർഡ്, വ്യവസായ ഏകജാലക ക്ലിയറൻസ് ബോർഡുകളും വ്യവസായ നഗരപ്രദേശ വികസനവും (ഭേദഗതി), പബ്ലിക് സർവീസ് കമ്മിഷൻ (വഖഫ് ബോർഡിന്റെ കീഴിലുള്ള സർവ്വീസുകളെ സംബന്ധിച്ച കൂടുതൽ ചുമതലകൾ)റദ്ദാക്കൽ എന്നീ ബില്ലുകൾക്കാണ് അനുമതി നൽകാത്തത്. വഖഫ് നിയമനം പി.എസ്.സിക്ക് വിട്ടത് റദ്ദാക്കാനുള്ള ബില്ലിന്റെ ഇംഗ്ലീഷ് കരടിൽ മാത്രമാണ് ഗവർണർ ഒപ്പിട്ടതെന്നും ബില്ലിന് ഇതുവരെ അനുമതി നൽകിയിട്ടില്ലെന്നും രാജ്ഭവൻ അറിയിച്ചു.

വ്യവസായ ഏകജാലക ക്ലിയറൻസ്ബിൽ, വഖഫ് നിയമനം പി.എസ്.സിക്ക് വിട്ടത് റദ്ദാക്കൽ ബിൽ, പബ്ലിക് എന്റർപ്രൈസസ് (സെലക്ഷനും റിക്രൂട്ട്‌മെന്റും) ബോർഡ് ബിൽ എന്നിവയിൽ ഗവർണർ തടസവാദങ്ങളുന്നയിച്ചിട്ടില്ല. മന്ത്രിമാർ നേരിട്ടെത്തി ബില്ലിന്റെ സാഹചര്യം വിശദീകരിച്ചാൽ ഒപ്പിടും. മലപ്പുറം ജില്ലാ ബാങ്കിനെ കേരളാ ബാങ്കിൽ ലയിപ്പിക്കുന്നതിനുള്ള ബില്ല് ഭരണഘടനാവിരുദ്ധമാണെന്ന് രമേശ് ചെന്നിത്തല ഗവർണർക്ക് പരാതി നൽകിയിട്ടുണ്ട്. ബലമായി ലയിപ്പിക്കാനാണ് ബില്ലെന്നാണ് പരാതി. മലപ്പുറം ജില്ലാ ബാങ്ക് ഹൈക്കോടതിയിൽ നൽകിയ കേസിൽ സർക്കാരിന് അനുകൂല വിധിയുണ്ടായിരുന്നു. ഇതിന്റെ വിവരങ്ങളും ഗവർണർ തേടിയിട്ടുണ്ട്. മന്ത്രി വി.എൻ.വാസവൻ നേരിട്ടെത്തി വിശദീകരിച്ചാൽ ഈ ബില്ലിൽ ഗവർണർ ഒപ്പിട്ടേക്കും.

മന്ത്രിമാർ മാത്രമല്ല, മിക്ക വകുപ്പ് സെക്രട്ടറിമാരും ഗവർണറുടെ നിർദ്ദേശങ്ങൾ അവഗണിക്കുകയാണ് പതിവ്. ചീഫ്‌സെക്രട്ടറി വി.പി.ജോയി, ധനസെക്രട്ടറിയായിരുന്ന ആർ.കെ.സിങ് എന്നിവരൊഴിച്ചുള്ള സെക്രട്ടറിമാർ രാജ്ഭവനിൽ എത്താറേയില്ല. നേരത്തേ കെ.ആർ.ജ്യോതിലാൽ നിരന്തരമായി എത്തുമായിരുന്നു. ഹരി എസ് കർത്തയെ ഗവർണറുടെ അഡി. പി.എയായി നിയമിക്കാനുള്ള നിർദ്ദേശത്തിൽ, സജീവ രാഷ്ട്രീയക്കാരെ രാജ്ഭവനിൽ നിയമിക്കുന്ന പതിവില്ലെന്ന് ഗവർണർക്ക് കത്ത് നൽകിയ ജ്യോതിലാലിനെ പൊതുഭരണ വകുപ്പിൽ നിന്ന് മാറ്റണമെന്ന് ഗവർണർ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. കുറച്ചുകാലം ജ്യോതിലാലിനെ മാറ്റിനിർത്തുകയും ചെയ്തു. ഈ സംഭവത്തിനു ശേഷം ജ്യോതിലാൽ ഗവർണറെ കാണാനെത്തിയിട്ടില്ല. ആർ.കെ.സിംഗാവട്ടെ കേന്ദ്ര ഡെപ്യൂട്ടേഷനിൽ പോവുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP