Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അടുത്ത ലോകസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ല, രാഷ്ട്രീയം മടുത്തു; തന്നെ സി.പി. എം പുറത്താക്കിയതല്ല, ബന്ധം താൻ സ്വയം ഉപേക്ഷിച്ചു പുറത്തുവന്നതാണ്; കള്ളക്കേസിൽ കുടുക്കിയ സിപിഎം നേതൃത്വത്തിനെതിരെ നിയമപോരാട്ടം തുടരുമെന്ന് സി.ഒ.ടി നസീർ

അടുത്ത ലോകസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ല, രാഷ്ട്രീയം മടുത്തു; തന്നെ സി.പി. എം പുറത്താക്കിയതല്ല, ബന്ധം താൻ സ്വയം ഉപേക്ഷിച്ചു പുറത്തുവന്നതാണ്; കള്ളക്കേസിൽ കുടുക്കിയ സിപിഎം നേതൃത്വത്തിനെതിരെ നിയമപോരാട്ടം തുടരുമെന്ന് സി.ഒ.ടി  നസീർ

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: അടുത്ത തെരഞ്ഞെടുപ്പിൽ വടകര പാർലമെന്റ് മണ്ഡലത്തിൽ നിന്നും മത്സരിക്കില്ലെന്ന് സി.പി. എം വിമതൻ സി.ഒ.ടി നസീർ. കക്ഷി രാഷ്ട്രീയത്തിന്റെ ഭാഗമായുള്ള തെരഞ്ഞെടുപ്പിൽ ഇനി മത്സരിക്കില്ല രാഷ്ട്രീയം തനിക്ക് മടുത്തുവെന്ന് സി.ഒ. ടി നസീർ വ്യക്തമാക്കി.

തനിക്കെതിരെ ചിലർ വ്യാജപ്രചാരണം നടത്തുകയാണ്. തന്നെ സി.പി. എം പുറത്താക്കിയതല്ല പാർട്ടിയുമായുള്ള ബന്ധം താൻ സ്വയം ഉപേക്ഷിച്ചു പുറത്തുവന്നതാണ്. പാർട്ടി അംഗത്വം പുതുക്കുന്നതിന്റെ ഭാഗമായി മതത്തിന്റെ കോളം പൂരിപ്പിക്കാൻ പറഞ്ഞത് തനിക്ക് ഉൾക്കൊള്ളാൻ കഴിയാത്തതാണ്. ഇതിനെ ചോദ്യം ചെയ്തുകൊണ്ടാണ് തനിക്ക് പാർട്ടിയിൽ നിന്നും പുറത്തുപോകേണ്ടി വന്നത്. സി.പി. എമ്മിൽ അംഗങ്ങൾ രാജിവയ്ക്കുന്ന സമ്പ്രദായമില്ല പുറത്താക്കലെയുള്ളൂ. അതുകൊണ്ടാണ് തന്നെ പാർട്ടിയിൽ നിന്നും പുറത്താക്കിയതാണെന്ന പ്രചാരണം ഒരുവിഭാഗം മാധ്യമങ്ങൾ നടത്തുന്നതെന്നും സി.ഒ.ടി നസീർ പറഞ്ഞു. തനിക്കെതിരെ കൊടും അനീതിയാണ് നടക്കുന്നത്. റോഡിൽവെച്ചു വധിക്കാൻ ശ്രമിച്ചിട്ടും അതിന്റെ ഉത്തരവാദികളെ അറസ്റ്റു ചെയ്യാൻ പൊലിസ് തയ്യാറായിട്ടില്ല. തന്റെ പരാതിയുണ്ടായിട്ടും ചിലർക്കെതിരെ കേസെടുക്കാൻ പൊലിസ് തയ്യാറായില്ലെന്നും സി.ഒ. ടി നസീർ പറഞ്ഞു.

താൻ സി.പി. എമ്മുകാരനല്ലാത്തതിനാൽ കള്ളക്കേസിൽ കുടുക്കി ജയിലിന് അകത്തിടാൻ ശ്രമിക്കുന്നത്. കള്ളക്കേസിൽ കുടുക്കാനാണ് ശ്രമിക്കുന്നത്. താൻ മുന്മുഖ്യമന്ത്രിയെ ഉമ്മൻ ചാണ്ടിയെ കല്ലെറിഞ്ഞിട്ടില്ലെന്നും സി.ഒ.ടി നസീർ വ്യക്തമാക്കി. മുന്മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ കല്ലെറിഞ്ഞു വധിക്കാൻ ശ്രമിച്ച സംഭവത്തിനിടെ പൊതുമുതൽ നശിപ്പിച്ച കേസിൽ തന്റെ നിരപരാധിത്വം തെളിയിക്കാൻ നിയമപോരാട്ടം നടത്തുമെന്നും സി.ഒ.ടി നസീർ പറഞ്ഞു. പാർട്ടിനേതാക്കളിൽ ചിലർ ഗൂഢാലോചന നടത്തിയാണ് തന്നെ കേസിൽ കുടുക്കിയത്. താൻ ഇപ്പോഴും സി.പി. എമ്മുകാരനായിരുന്നുവെങ്കിലും കേസിൽ നിന്നും രക്ഷപ്പെടുമായിരുന്നു. തന്നെ ജയിലഴിക്കുള്ളിലാക്കുമെന്ന് സർക്കാർ അഭിഭാഷകൻ വിധി വരുന്നതിന് ദിവസങ്ങൾക്കു മുൻപേ ചിലരോട് പറഞ്ഞിരുന്നു.

സി.പി. എമ്മിന്റെ ഉന്നത നേതാക്കൾ കണ്ണൂരിൽ യോഗം ചേർന്നാണ് തന്നെ കള്ളക്കേസിൽ കുടുക്കാൻ തീരുമാനിച്ചത്. പൊതുമുതൽ നശിപ്പിച്ചുവെന്നാണ് തനിക്കെതിരെയുള്ള കുറ്റം. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ കല്ലെറിഞ്ഞു കൊല്ലാൻ ശ്രമിച്ചതല്ല. തനിക്കെതിരെ ചിലമാധ്യമങ്ങൾ തെറ്റിദ്ധാരണയുണ്ടാക്കുന്ന വിധത്തിൽ വാർത്തകൾ ചമയ്ക്കുകയാണെന്നും സി.ഒ.ടി നസീർ പറഞ്ഞു. സോളാർ കേസിൽ ആരോപണ വിധേയനായ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി രാജിവയ്ക്കണമെന്നു ആവശ്യപ്പെട്ടു സി.പി. എം കണ്ണൂരിൽ നടത്തിയ ഉപരോധസമരത്തിനിടെയാണ് വ്യാപക അക്രമം പൊട്ടിപുറപ്പെട്ടത്. കലക്ടറേറ്റ് വളപ്പിൽ നിർത്തിയിട്ട സർക്കാർ വാഹനംതകർത്തതിനാണ് സി.ഒ.ടി നസീർ ഉൾപ്പെടെയുള്ള നൂറിലേറെ പേർക്കെതിരെ കേസെടുത്തത്.

എന്നാൽ തകർക്കപ്പെട്ട വാഹനം കോടതിയിൽ ഹാജരാക്കാതെ പൊലിസ് ഒളിച്ചുകളിച്ചതോടെയാണ് കോടതി പ്രതികളായ നൂറിലേപ്പേരെ വെറുതെവിട്ടത്. താനടക്കമുള്ള പ്രതികൾക്കായി സി.പി. എം ഏർപ്പെടുത്തിയ അഭിഭാഷകൻ തന്റെ ഭാഗം കോടതിയിൽ വിചാരണയ്ക്കു വന്നപ്പോൾ ക്രോസ് ചെയ്തു വാദിച്ചിട്ടില്ലെന്നും ഇതുകാരണമാണ് ശിക്ഷിക്കപ്പെട്ടതെന്നും നസീർ പറഞ്ഞു. കോടതിയിൽ കേസിന്റെ വിചാരണ നടക്കുമ്പോൾ താൻ വിദേശത്തായിരുന്നു. അതുകൊണ്ടു തന്നെ കേസുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നും അറിഞ്ഞിരുന്നില്ല. പിന്നീടു നാട്ടിലെത്തിയപ്പോഴാണ് ശിക്ഷവിധിക്കപ്പെട്ടത്. തനിക്കെതിരെയുള്ള ശിക്ഷാവിധിയിൽ താൻ നിയമനടപടിയുമായി മുൻപോട്ടുപോകുമെന്ന് സി.ഒ.ടി നസീർ പറഞ്ഞു.

തലശേരി അസി.സെഷൻസ് കോടതിയിൽ കോടതിയിൽ തന്റെ ശിക്ഷാവിധിക്കെതിരെ അപ്പീൽ നൽകുമെന്ന് നസീർ അറിയിച്ചു. അഡ്വ. ആബിത മുഖേനെയാണ് ഇതിനുള്ള നടപടികൾ തുടങ്ങിയിട്ടുള്ളതെന്ന് സി.ഒ.ടി നസീർ പറഞ്ഞു.നൂറിലേറേപ്പേർ പ്രതികളായ കേസിൽ മൂന്നു പേരെമാത്രം ഇതിൽ ശിക്ഷിച്ചതിൽ അനീതിയുടെ വശമുണ്ട്. എൺപത്തിയെട്ടാം പ്രതി ചാലാട് പന്നേൻപാറ ചാത്തോത്ത് വീട്ടിൽ സി.ദീപക്കിനെ മറ്റൊരു കേസിൽ പ്രതിയായതിനെ തുടർന്ന് സി.പി. എം പ്രവർത്തകനാണ്. 99-ാം പ്രതി ബിജുപറമ്പത്തിന്റെ കേസ് സി.പി. എം തന്നെയാണ് നടത്തിയത്.സാമൂഹ്യ സേവനപ്രവർത്തനങ്ങളിൽ സജീവമായ തന്നെ ഒതുക്കുന്നതിനാണ് ഇപ്പോൾ കേസിൽ പ്രതിയാക്കി ശിക്ഷിപ്പിക്കാൻ കൂട്ടുനിന്നതെന്നും നസീർ ചൂണ്ടിക്കാട്ടി.

മുന്മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ താൻ കല്ലെറിഞ്ഞിട്ടില്ല. അത്തരം സമരം നടത്തുന്ന ശൈലി തനിക്കില്ല. തലശേരി റസ്റ്റ് ഹൗസിൽ ഉമ്മൻ ചാണ്ടിയെത്തിയപ്പോൾ പോയി കണ്ടതു പ്രാദേശിക കോൺഗ്രസ് നേതാക്കൾ പറഞ്ഞിട്ടാണെന്നും മാപ്പു പറഞ്ഞിട്ടില്ലെന്നും സി.ഒ.ടി നസീർ വ്യക്തമാക്കി. അതേസമയം 107 പ്രതികളെ വെറുതെ വിട്ടതിനെതിരെ പ്രോസിക്യൂഷൻ ഉടൻ അപ്പീൽ നൽകണമെന്നു കോൺഗ്രസ് കണ്ണൂർ ജില്ലാ നേതൃത്വം ആവശ്യപ്പെട്ടു. പ്രതികളെ സഹായിക്കാൻ കേസ് നടത്തിപ്പിൽ ഗുരുതരമായ വീഴ്‌ച്ചയുണ്ടായെന്ന ആരോപണവും കോൺഗ്രസ് നേതാക്കൾ ഉന്നയിക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP