Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മന്ത്രിയാക്കാതെ തഴഞ്ഞ എന്നെ കൈപിടിച്ച് ഉയർത്തിയത് ദേശീയ നേതൃത്വം; കെപിസിസി പ്രസിഡന്റാക്കാൻ ഹൈക്കമാൻഡ് തീരുമാനിച്ചതും എന്നെത്തന്നെ; ദേശീയ നേതാവായ കഥ പറഞ്ഞു വി ഡി സതീശൻ

മന്ത്രിയാക്കാതെ തഴഞ്ഞ എന്നെ കൈപിടിച്ച് ഉയർത്തിയത് ദേശീയ നേതൃത്വം; കെപിസിസി പ്രസിഡന്റാക്കാൻ ഹൈക്കമാൻഡ് തീരുമാനിച്ചതും എന്നെത്തന്നെ; ദേശീയ നേതാവായ കഥ പറഞ്ഞു വി ഡി സതീശൻ

സംസ്ഥാന കോൺഗ്രസ്സിൽ എല്ലാവരാലും തഴയപ്പെട്ടു കിടന്ന തന്നെ ദേശീയ തലത്തിലേക്ക് ഉയർത്തിക്കൊണ്ടുവന്നത് കോൺഗ്രസ് ഹൈക്കമാൻഡാണെന്ന് വി ഡി സതീശൻ. യുഡിഎഫ് സർക്കാർ അധികാരമേറ്റിട്ടും സർക്കാരിന്റെ ഭാഗമാകാൻ കഴിയാതിരുന്നപ്പോൾ താൻ ഒറ്റപ്പെട്ടതുപോലെയാണ് തോന്നിയത്. എഐസിസിയിലേക്കുള്ള വരവാണ് തനിക്ക് കൈത്താങ്ങായത്. കേരളത്തിൽ പാർട്ടിയുടെ അദ്ധ്യക്ഷനായി തന്നെ നിയോഗിക്കണമെന്നായിരുന്നു ഹൈക്കമാൻഡിന്റെ ആഗ്രഹം. എന്നാൽ, വി എം സുധീരന്റെ പേര് ഉയർന്നുവന്നതിനാലും മറ്റു ചില കാരണങ്ങളാലും അതിനായില്ല. 

ഇപ്പോൾ തനിക്ക് ഒറ്റപ്പെടൽ അനുഭവപ്പെടുന്നില്ലെന്നും സതീശൻ പറഞ്ഞു. മറ്റൊരു സുപ്രധാന ദൗത്യം തന്റെ മുന്നിലുണ്ടെന്നും അദ്ദേഹം ടിവി ന്യൂ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. സർക്കാരിന്റെ പ്രായോഗികതയില്ലായ്മയെക്കുറിച്ച് സംസാരിച്ച സതീശൻ, പല പ്രവർത്തനങ്ങളോടുള്ള വിയോജിപ്പും അഭിമുഖത്തിൽ രേഖപ്പെടുത്തി. ആദർശത്തിന്റെ ആൾരൂപമായി തന്നെ ആരെങ്കിലും ചിത്രീകരിക്കുന്നതാണ് ഏറ്റവും പേടിയുള്ള കാര്യമെന്നും സതീശൻ പറയുന്നു.

ദേശീയ രാഷ്ട്രീയത്തിൽ കോൺഗ്രസ് വൻ തിരിച്ചടി നേരിട്ട സാഹചര്യത്തിൽ സംഘടനയെ ശക്തിപ്പെടുത്തേണ്ട ആവശ്യമുണ്ട്. കേരളത്തിൽ, പാർട്ടിക്ക് ക്ഷീണമൊന്നുമുണ്ടായില്ല. എന്നാൽ, കേരളം കൈവിടാതെ സൂക്ഷിക്കേണ്ടതുണ്ട്. സർക്കാരിന്റെ പ്രവർത്തനങ്ങളും അതിൽ നിർണായകമാണ്. ഇപ്പോഴത്തെ ധന പ്രതിസന്ധിയുടെ ഉത്തരവാദിത്വം സർക്കാരിനാണെന്നും സതീശൻ പറഞ്ഞു. കേരളം ഇന്ന് ചർച്ച ചെയ്യുന്നത് ആർക്കും പ്രയോജനമില്ലാത്ത കാര്യങ്ങളാണെന്നും അതുകൈാണ്ടെന്നാണ് ഒരുപാടുപേർ രാഷ്ട്രീയ രംഗത്തു നിന്ന് അകന്നു പോകുന്നതെന്നും സതീശൻ സൂചിപ്പിച്ചു.

പ്രായോഗികതയ്ക്ക് മുൻതൂക്കം കൊടുക്കുന്ന രാഷ്ട്രീയ പ്രവർത്തകനാണ് താനെന്ന് സതീശൻ പറഞ്ഞു. ഒരു വിഷയം ഏറ്റെടുക്കുമ്പോൾ അത് പ്രായോഗികമായി നടപ്പാക്കാൻ കഴിയുമോയെന്നു പരിശോധിച്ചേ അഭിപ്രായം പറയാറുള്ളൂ. സംസ്ഥാനത്ത് വെള്ളം സ്വകാര്യവൽക്കരിക്കാൻ ശ്രമിച്ചപ്പോൾ തന്റെ നേതൃത്വത്തിൽ ഇടപെട്ടാണ് നിയമസഭയിൽ ബിൽ മുഖ്യമന്ത്രി പിൻവലിച്ചത്. എമർജിങ് കേരളയിൽ റിയൽ എസ്‌റ്റേറ്റിന് വേണ്ടിയുള്ള ചില പദ്ധതികൾ കയറിക്കൂടിയതുകൊണ്ടാണ് എതിർത്തത്. മുഖ്യമന്ത്രി ഇടപെട്ട് ചീഫ് സെക്രട്ടറിയക്കൊണ്ട് 29 പ്രോജക്ടുകൾ അതിൽ നിന്ന് നീക്കുകയും ചെയ്തു.

ബാർ വിഷയത്തിലും തന്റെ നിലപാടിന് പ്രായോഗികയുടെ സ്വഭാവമുണ്ടായിരുന്നുവെന്ന് സതീശൻ പറഞ്ഞു. 418 ബാറുകൾ മാത്രം പൂട്ടുന്ന സാഹചര്യമുണ്ടായാൽ വിവേചനത്തിന്റെ പ്രശ്‌നമുണ്ടാകുമെന്നായിരുന്നു ഞാൻ ഉന്നയിച്ച വാദം. 312 എണ്ണം പ്രവർത്തിക്കുന്ന സാഹചര്യത്തിൽ കോടതിയിൽ ചെല്ലുമ്പോൾ 418 ബാറുകളും തുറന്ന് പ്രവർത്തിക്കാനുള്ള നിർദ്ദേശം കോടതി നൽകുകയും അത് ഈ സർക്കാരിന് ചീത്തപ്പേരുണ്ടാക്കുകയും ചെയ്യും. മദ്യലഭ്യത കുറയ്ക്കുകയാണ് വേണ്ടതെന്നും സതീശൻ പറഞ്ഞു.

ഗാഡ്ഗിൽ റിപ്പോർട്ടു വന്നപ്പോൾ ഞങ്ങൾ അടങ്ങുന്ന ഹരിത എംഎൽഎമാർ അതിനെ പിന്തുണച്ചത് വിഷയം നന്നായി പഠിച്ചാണ്. മുല്ലപ്പെരിയാർ വിഷയത്തെയും വൈകാരികമായല്ല, നിയമപരമായാണ് നേരിടേണ്ടതെന്നും സതീശൻ പറയുന്നു. 

തന്നെ സ്വാധീനിച്ച നിയമസഭാ സാമാജികരിൽ കെ.എം.മാണിയെയും ആര്യാടൻ മുഹമ്മദിനെയുമാണ് സതീശൻ എടുത്തുപറയുന്നത്. ആര്യാടൻ മെട്രിക്യുലേഷൻ മാത്രമുള്ള ഒരാളാണ്. എന്നാൽ, തന്റെ നൂറിരട്ടി നിയമപരിജ്ഞാനം അദ്ദേഹത്തിനുണ്ട്. അതൊരു അദ്ഭുതമാണെന്നും സതീശൻ പറഞ്ഞു. ഉമ്മൻ ചാണ്ടി പ്രായോഗികമായി കാര്യങ്ങൾ കാണുന്നയാളാണെന്നും സതീശൻ ചൂണ്ടിക്കാട്ടുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP