Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'ചന്ദ്രികാ ഹോമം' നടത്തിയിട്ടും ബാധയൊഴിഞ്ഞില്ല! തിരുവനന്തപുരം മേയർക്ക് സദ്ബുദ്ധി കൊടുക്കാൻ ഹോമസമരം നടത്തിയ യുഡിഎഫുകാർ പുലിവാല് പിടിച്ചു; വിശ്വാസത്തെ അവഹേളിച്ചെന്നാരോപിച്ച് ഹിന്ദു ഐക്യവേദി രംഗത്ത്

'ചന്ദ്രികാ ഹോമം' നടത്തിയിട്ടും ബാധയൊഴിഞ്ഞില്ല! തിരുവനന്തപുരം മേയർക്ക് സദ്ബുദ്ധി കൊടുക്കാൻ ഹോമസമരം നടത്തിയ യുഡിഎഫുകാർ പുലിവാല് പിടിച്ചു; വിശ്വാസത്തെ അവഹേളിച്ചെന്നാരോപിച്ച് ഹിന്ദു ഐക്യവേദി രംഗത്ത്

തിരുവനന്തപുരം: മേയറെ കളിയാക്കാനുള്ളതാണോ ഹോമങ്ങൾ? ഇത്തരം ഹോമങ്ങളിലൂടെ മേയർമാരുടെ മനസ്സ് മാറിയാൽ എന്തു നന്നായിരുന്നു. ഇതു മാത്രമാണ് തിരുവനന്തപുരത്തെ യു.ഡി.എഫുകാർ കരുതിയത്. മേയർക്കെതിരെ പ്രതിഷേധത്തിന് ചന്ദ്രികാ ഹോമവും അവതരിപ്പിച്ചു. പക്ഷേ വിചാരിച്ചതു പോലെ കാര്യങ്ങൾ നീങ്ങിയില്ല. മേയർ ചന്ദ്രികയുടെ മനസ്സ് മാറിയുമില്ല, യുഡിഎഫ് നേതൃത്വം പുലിവാല് പിടിക്കുകയും ചെയ്തു. മേയർക്കെതിരെ ചന്ദ്രികാ ഹോമം നടത്തിയ യുഡിഎഫിനെതിരെ കോർപ്പറേഷന് മുന്നിൽ ഇന്ന് മറ്റൊരു സമരം നടന്നു.

ഹിന്ദു ഐക്യവേദിയാണ് യുഡിഎഫിന്റെ ചന്ദ്രികാ ഹോമത്തിനെതിരെ പ്രതിഷേധിക്കുന്നത്. തിരുവനന്തപുരം കോർപറേഷൻ മേയർ ചന്ദ്രികയ്‌ക്കെതിരെ യു.ഡി.എഫ് കൗൺസിലർമാർ നടത്തിയ 'ചന്ദ്രിക ഹോമ'ത്തിനെതിരെയാണ് ഹിന്ദു ഐക്യവേദി രംഗത്ത് വരുന്നത്. ഹോമം നടത്തിയത് ഹിന്ദു വിശ്വാസത്തോടുള്ള അവഹേളനമാണെന്ന് ആരോപിച്ച് കോർപ്പറേഷനിലേക്ക് മാർച്ചും നടത്തി. മതാനുഷ്ഠാനങ്ങളെ അവഹേളിക്കുന്ന സമരങ്ങൾക്കെതിരെ ഹിന്ദുഐക്യവേദി പ്രതിഷേധം ശക്തമാക്കാനും തീരുമാനിച്ചു.

തിരുവനന്തപുരം നഗരത്തിന്റെ വികസനകാര്യത്തിലും അടിസ്ഥാന സൗകര്യ വികസനത്തിലും നല്ല തീരുമാനങ്ങളുണ്ടാകാൻ മേയർ കെ. ചന്ദ്രികയ്ക്കു നല്ല ബുദ്ധി കൊടുക്കണേ എന്ന പ്രാർത്ഥനയോടെ നഗരസഭയ്ക്കു മുന്നിൽ യുഡിഎഫ് കൗൺസിലർമാർ പൂജയും ഹോമവും നടത്തിയത്. തെരുവ് വിളക്കുകൾ കത്തിക്കാത്തതിൽ പ്രതിഷേധിച്ച് യുഡിഎഫ് കൗൺസിലർമാർ നടത്തിവന്ന രാപ്പകൽ സമരത്തിന്റെ ഭാഗമായിരുന്നു ഇന്നലത്തെ 'ചന്ദ്രികാ ഹോമം' നടത്തിയത്.

ഓം ചന്ദ്രികയായ നമഹാ, മനസ്സ് മാറണേ നമഹാ, നല്ല ബുദ്ധി തോന്നിക്കണേ നമഹാ, അഹങ്കാരം കുറക്കണേ നമഹ തുടങ്ങി മന്ത്രോച്ചാരണങ്ങളോടെയായിരുന്നു ഹോമം. മന്ത്രോച്ചാരണത്തോടെ കൗൺസിർമാർ ഹോമകുണ്ഡത്തിലേക്കു പൂക്കളിട്ടു. ഹോമത്തിനു പജാരിയായി ഫാൻസി ഡ്രൈസുകാരനുമുണ്ടായിരുന്നു. രാപ്പകൽ സമരത്തിന്റെ മൂന്നാം ദിവസത്തിലാണ് യുഡിഎഫ് കൗൺസിലർമാർ പുത്തൻ സമരമുറ പരീക്ഷിച്ചത്. രാവിലെ പതിനൊന്നിന് തുടങ്ങിയ ഹോമം ഒരു മണിക്കൂർ നീണ്ടു. പ്രതിപക്ഷ നേതാവ് ജോൺസൻ ജോസഫ്, കൗൺസിലർമാരായ മുജീബ് റഹ്മാൻ, ടോണി ഒളിവർ തുടങ്ങിയവരാണ് ഹോമത്തിനും പൂജയ്്ക്കും നേതൃത്വം നൽകിയത്.

തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തതോടെ എല്ലാ പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും കോർപ്പറേഷനുകളും സജീവമാകുന്നു. ചിലടത്ത് മാലിന്യനിർമ്മാർജ്ജന സൗകര്യങ്ങളൊരുക്കാൻ പാർട്ടികൾ മത്സരിക്കുകയാണ്. ആരാണ് മാലിന്യത്തിന് ഉത്തരവാദി എന്നതിൽ ചർച്ചയും മുറുകി. ഇത് ഏറ്റവും കൂടുതൽ ചർച്ചയായത് തിരുവനന്തപുരത്താണ്. മാലിന്യത്തിന്റെ പേരിൽ സിപിഎമ്മും കോൺഗ്രസും കൊമ്പുകോർത്തു. ഇതിനിടെയാണ് തെരുവ് വിളക്കുകൾ കത്താത്ത വിഷയമെത്തിയത്. തെരഞ്ഞെടുപ്പ് അടുത്തതിനാൽ പ്രതിഷേധം ജനങ്ങളുമറിയണമെന്ന് കരുതി.

ഭരണസിരാകേന്ദ്രമായ സെക്രട്ടറിയേറ്റ് ഉള്ളതിനാൽ കോർപ്പറേഷനിലെ സാദാ സമരങ്ങളൊന്നും വാർത്തയാകില്ല. അതുകൊണ്ട് തന്നെ വ്യത്യസ്തമായി ചിന്തിച്ചു. ചണ്ഡികാ ഹോമമെന്ന ആചാരം കോർപ്പറേഷനിൽ കളിയാക്കൽ രൂപത്തിൽ അവതരിപ്പിച്ചു. മേയറുടെ പേര് ചന്ദ്രികയായതും ചണ്ഡികാ ഹോമത്തെ അനുസ്മരിച്ചുള്ള ആചാരത്തെ കടമെടുക്കാൻ കോൺഗ്രസിനെ പ്രേരിപ്പിച്ചു. എന്നാൽ ഹോമങ്ങളെ കളിയാക്കിയാൽ ഹിന്ദു ഐക്യവേദി എവിടെയായാലും ചോദ്യം ചെയ്യും. ഇതോടെ വാദി പ്രതിയായി. കോർപ്പറേഷനിലേക്ക് ഹിന്ദു ഐക്യവേദി മാർച്ചുമെത്തി. അതു പ്രതിപക്ഷ സമരത്തിനെതിരെ.

തലനാരിഴയ്ക്കാണ് കഴിഞ്ഞ തവണ കോൺഗ്രസിന് തിരുവനന്തപുരം കോർപ്പറേഷൻ നഷ്ടമായത്. ഇത്തവണ തിരിച്ചു പിടിച്ചേ പറ്റൂ. കോർപ്പറേഷനിൽ അട്ടിമറിക്ക് പലതവണ അവസരവും കിട്ടി. എന്നാൽ തിരുവനന്തപുരത്തെ കോർപ്പറേഷൻ ഭരണത്തിൽ സിപിഎമ്മിനെ ബിജെപി എന്നും രഹസ്യമായി പിന്തുണച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ഒരിക്കലും ഭരണ പ്രതിസന്ധിയിലേക്ക് ചന്ദ്രിക വീണില്ല. അടുത്ത തെരഞ്ഞെടുപ്പിൽ സിപിഎമ്മിനെ പിന്തള്ളി കോർപ്പറേഷൻ പിടിക്കാൻ തന്നെയാണ് കോൺഗ്രസിന്റെ ഉറച്ച തീരുമാനം. അതിലേക്കാണ് രാപ്പകൽ സമരവും ചന്ദ്രികാ ഹോമവുമെല്ലാം അവതരിപ്പിച്ചത്.

മേയർക്കെതിരെ പ്രതിഷേധം ശക്തമാക്കി ജനമനസ്സുകളെ സ്വാധീനിക്കാനായിരുന്നു ഹോമം നടത്തിയത്. പ്രതീക്ഷിച്ചത് പോലം പത്രങ്ങളിൽ നല്ല വാർത്തയും വന്നു. ഇതോടെയാണ് ചന്ദ്രികാ ഹോമത്തിനെതിരെ ഹിന്ദു ഐക്യവേദി രംഗത്ത് എത്തിയത്. എന്നാൽ കോർപ്പറേഷനിൽ സിപിഐ(എം) ഭരണത്തെ പിന്തുണയ്ക്കുന്ന ബിജെപിയുടെ ഇടപെടൽ ഹിന്ദു ഐക്യവേദിയുടെ സമരത്തിന് പിന്നിലുണ്ടോ എന്ന സംശയം കോൺഗ്രസിനുണ്ട്. ഏതായാലും മേയറിനെതിരെ സമരം തുടരും. ഹോമം ഇനി നടത്തുന്ന കാര്യം കൂട്ടായി ആലോചിച്ച് മാത്രമേ തീരുമാനിക്കൂ എന്നും യുഡിഎഫ് ജില്ലാ നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്.

അതിനിടെ തെരുവ് വിളക്കുകൾ കത്തിക്കാൻ കെഎസ്ഇബിക്ക് പണം നൽകിയെന്ന മേയറുടെ പ്രസ്താവന ശരിയല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധം. എൽഡിഎഫ് കൗൺസിലർമാരുടെ വാർഡുകളിൽ മാത്രമാണ് തെരുവ് വിളക്കുകൾ കത്തിക്കുന്നത്. നാല് മാസം മുമ്പ് കൊടുത്ത കാശിന്റെ കണക്കാണ് മേയർ പറയുന്നത്. ആദ്യം ഒരു കോടി നൽകിയെന്ന് പറഞ്ഞ മേയർ പിന്നീട് അത് എൺപത് ലക്ഷമായി മാറ്റി പറഞ്ഞത് തന്നെ കളവിന് തെളിവാണെന്നും പ്രതിപക്ഷ കൗൺസിർമാർ ആരോപിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP