Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

' 'ഗവർണറാരാ രാജാവോ, ആരിഫ് ഖാനെ തെമ്മാടി, ഇറങ്ങിവാടാ തെമ്മാടി': ഗവർണറെ വെല്ലുവിളിച്ച് എസ്എഫ്‌ഐ പ്രവർത്തകരുടെ മുദ്രാവാക്യം; മിണ്ടാതിരുന്നോ, ആരിഫ് ഖാൻ നാളെ പോകും, വീട്ടിൽ കേറി അടിക്കും, മര്യാദയ്ക്ക് നിന്നോണം, ബാനറിൽ തൊട്ടാൽ വിവരം അറിയുമെന്ന് പൊലീസിനും ഭീഷണി; മുഖ്യമന്ത്രിയെ പഴിച്ച് അസാധാരണ വാർത്താക്കുറിപ്പുമായി ഗവർണറും

' 'ഗവർണറാരാ രാജാവോ, ആരിഫ് ഖാനെ തെമ്മാടി, ഇറങ്ങിവാടാ തെമ്മാടി': ഗവർണറെ  വെല്ലുവിളിച്ച് എസ്എഫ്‌ഐ പ്രവർത്തകരുടെ മുദ്രാവാക്യം; മിണ്ടാതിരുന്നോ, ആരിഫ് ഖാൻ നാളെ പോകും, വീട്ടിൽ കേറി അടിക്കും, മര്യാദയ്ക്ക് നിന്നോണം, ബാനറിൽ തൊട്ടാൽ വിവരം അറിയുമെന്ന് പൊലീസിനും ഭീഷണി; മുഖ്യമന്ത്രിയെ പഴിച്ച് അസാധാരണ വാർത്താക്കുറിപ്പുമായി ഗവർണറും

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: 'ഞാൻ ഒരിക്കലും എന്റെ ആശയങ്ങളിൽനിന്ന് മാറിയിട്ടില്ല. ഒരു പാർട്ടി ചെയ്യുന്ന എല്ലാ അതിക്രമങ്ങളും സഹിച്ച് അധികാരത്തിനായി തൂങ്ങിപ്പിടിക്കാൻ എന്നെ കിട്ടില്ല. ഒരു പാർട്ടിയെ തിരുത്താൻ കഴിയില്ലെങ്കിൽ ഞാൻ ആ പാർട്ടി വിടും. എനിക്ക് എന്റെ ശരിയാണ് വലുത്''-ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തന്റെ ശരികളിൽ ഉറച്ചുനിന്നു കൊണ്ട് എസ്എഫ്‌ഐയുമായി നേർക്ക് നേർക്ക് നേർ പോരാട്ടത്തിലാണ്. സംഘി ചാൻസലർ വാപസ് ജാവോ എന്ന ബാനർ മാത്രമല്ല ഗവർണറെ ചൊടിപ്പിച്ചത്. തന്നോട് അനാദരവ് കാട്ടിക്കൊണ്ടുള്ള എസ്എഫ്‌ഐയുടെ സമരം, മുഖ്യമന്ത്രിയുടെ പ്രോത്സാഹനത്തോടെയാണെന്ന കടുത്ത ആരോപണവും അദ്ദേഹം മുറുകെ പിടിക്കുകയാണ്.

എസ്എഫ്ഐയെ വെല്ലുവിളിച്ചാണ് ഗവർണർ കാലിക്കറ്റ് സർവകലാശാലയിലേക്ക് എത്തുമെന്ന് പ്രഖ്യാപിച്ചത്. നേരത്തെ സർക്കാർ ഗസ്റ്റ് ഹൗസിൽ താമസിക്കുമെന്നായിരുന്നു തീരുമാനം. എസ്എഫ്ഐയുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് താമസം കാമ്പസിനുള്ളിലെ ഗസ്റ്റ് ഹൗസിലേക്ക് മാറ്റിയത്. 

ഗവർണറെ ക്യാംപസിൽ പ്രവേശിപ്പിക്കില്ലെന്നും പൊലീസിനെ ഉപയോഗിച്ച് എസ്എഫ്ഐയെ നേരിടാമെന്ന് കരുതേണ്ടെന്നും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം.ആർഷോ വ്യക്തമാക്കിയിരുന്നു. ഗവർണർ അഴിപ്പിച്ച എസ്എഫ്‌ഐയുടെ ബാനർ വീണ്ടും കെട്ടിയതോടെ, പോരിന് വീറും വാശിയും ഏറിയിരിക്കുകയാണ്.

ഗവർണർക്കെതിരെ എസ്എഫ്‌ഐ സ്ഥാപിച്ചിരുന്ന 3 കൂറ്റൻ ബാനറുകൾ പൊലീസ് അഴിച്ചു നീക്കിയിരുന്നു. ഇന്ന് ഉച്ചയ്ക്ക് ബാനറുകൾ അഴിച്ചു നീക്കാൻ ഗവർണർ നിർദ്ദേശിച്ചിരുന്നു. വൈകിട്ട് നടക്കാൻ ഇറങ്ങിയ സമയത്തും ബാനറുകൾ നീക്കിയിട്ടില്ലെന്നു കണ്ട ഗവർണർ മലപ്പുറം എസ്‌പിയോട് കയർത്തു. ഇതിനെത്തുടർന്ന്, എസ്‌പിയും പൊലീസുകാരും ചേർന്ന് 3 ബാനറുകളും അഴിച്ചു നീക്കുകയായിരുന്നു.

ഇതിനു പിന്നാലെയാണ് എസ്എഫ്‌ഐ പ്രവർത്തകർ എത്തി വീണ്ടും ബാനർ കെട്ടിയത്. നാളെ നേരം പുലരുന്നതിന് മുൻപ് നൂറുകണക്കിന് ബാനറുകൾ ഗവർണർക്കെതിരെ ഉയരുമെന്നാണ് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോയുടെ പ്രഖ്യാപനം. ക്യാമ്പസിൽ ഗവർണർക്കെതിരെ കൂടുതൽ റോഡ് എഴുത്തുകളുമായും എസ്എഫ്‌ഐ രംഗത്തെത്തി. 'Dont spit hans and pan parag' എന്നാണ് എസ്എഫ്‌ഐയുടെ റോഡെഴുത്തുകൾ.

പി.എം.ആർഷോയുടെ നേതൃത്വത്തിൽ ഒരു സംഘം എസ്എഫ്‌ഐ പ്രവർത്തകരാണ് ഞായറാഴ്ച രാത്രി കാലിക്കറ്റ് സർവകലാശാല ക്യാംപസ് പരിസരത്തെത്തിയത്. ഗവർണർക്ക് സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായി ഗെയ്റ്റുകളിലെല്ലാം പൊലീസ് കാവലായിരുന്നു. ഗെയ്റ്റിന് സമീപത്തുണ്ടായിരുന്ന ബാരിക്കേഡിന് മുകളിൽ കയറിയാണ് എസ്എഫ്‌ഐ പ്രവർത്തകർ ബാനർ കെട്ടിയത്. ഇതിനിടെ പൊലീസും പ്രവർത്തകരും തമ്മിൽ വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി. പഴയ പരീക്ഷാ ഭവന്റെ സമീപത്ത് സ്ഥാപിച്ച ബാരിക്കേഡിന് സമീപത്താണ് എസ്എഫ്‌ഐ വീണ്ടും ബാനർ കെട്ടിയത്. നേരം വെളുക്കുന്നതിന് മുൻപ് നൂറുകണക്കിന് ബാനറുകൾ ഉയരുമെന്നും ആർഷോ പറഞ്ഞു. ഇതോടെ സംഘർഷം രൂക്ഷമാകാനാണ് സാധ്യത.

അങ്ങേയറ്റം സംയമനം പാലിച്ചാണ് പൊലീസ് നിന്നത്. അതിനാൽ തന്നെ ചുരങ്ങിയ സമയത്തിനുള്ളിൽ തന്നെ പൊലീസ് നോക്കിനിൽക്കെ എസ്എഫ്‌ഐ പ്രവർത്തകർ ബാനർ വീണ്ടും കെട്ടി. ഇതോടെ ഗവർണറും എസ്എഫ്‌ഐയും നേരിട്ട് ഏറ്റുമുട്ടുന്ന സാഹചര്യമായി. നേരത്തെ ഗവർണറെ ക്യാംപസിൽ കാലുകുത്താൻ അനുവദിക്കില്ലെന്നായിരുന്നു എസ്എഫ്‌ഐ പ്രഖ്യാപിച്ചിരുന്നത്.

ബാനർ സ്ഥാപിച്ചത് മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമെന്ന് ഗവർണർ

കാലിക്കറ്റ് സർവ്വകലാശാലയിൽ തനിക്കെതിരെ പോസ്റ്റർ സ്ഥാപിച്ചത് പൊലീസ് ആണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ആരോപണം. അപകീർത്തികരമായ പോസ്റ്റർ സ്ഥാപിച്ചത് മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരമാണ്. ഭരണഘടനാ സംവിധാനങ്ങളുടെ തകർച്ചയുടെ തുടക്കമാണിത്. മുഖ്യമന്ത്രിയുടേത് ബോധപൂർവമായ നീക്കമാണെന്നും രാജ്ഭവൻ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു.

കാലിക്കറ്റ് സർവ്വകലാശാലയിൽ തനിക്കെതിരായി എസ്എഫ്‌ഐ സ്ഥാപിച്ചിട്ടുള്ള ബാനറുകൾ നീക്കം ചെയ്യണമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആവശ്യപ്പെട്ടിരുന്നു. സർവ്വകലാശാലയിൽ എത്തിയപ്പോൾ വാഹനത്തിൽ നിന്നിറങ്ങിയ ഗവർണർ ഫോണിൽ വിളിച്ചാണ് ബാനറുകൾ നീക്കാൻ നിർദ്ദേശം നൽകിയത്. എന്നാൽ, ക്യാമ്പസിൽ ഗവർണർക്കെതിരെ കെട്ടിയ ബാനറുകൾ നീക്കം ചെയ്യില്ലെന്നായിരുന്നു പൊലീസ് നിലപാട്. നീക്കം ചെയ്യേണ്ടത് സർവ്വകലാശാല അധികൃതരെന്നാണ് പൊലീസ് നിലപാടെടുത്തത്. നീക്കം ചെയ്യാൻ ക്യാമ്പസ് സെക്യൂരിറ്റി ഓഫീസർക്കും നിർദ്ദേശം കിട്ടിയിരുന്നില്ല.

നിങ്ങൾ ഇതൊന്നും കാണുന്നില്ലേ എന്ന് ചോദിച്ച ഗവർണർ, ബാനറുകൾ നീക്കിയില്ലെങ്കിൽ ഇപ്പോൾതന്നെ അവിടെനിന്ന് പോകുമെന്ന ഭീഷണി മുഴക്കി. അങ്ങനെ ചെയ്താൽ നിങ്ങളായിരിക്കും അതിന്റെ ഉത്തരവാദി എന്നും എസ്‌പിതന്നെ ബാനർ നീക്കണമെന്നും ഗവർണർ നിലപാട് സ്വീകരിച്ചു. ഇതോടെയാണ് പൊലീസ് ബാനറുകൾ നീക്കിയത്.

ബാനറുകൾ കാമ്പസിൽ ഉയർത്തിയതിൽ നേരത്തെതന്നെ ഗവർണർ രോഷം പ്രകടിപ്പിച്ചിരുന്നു. ബാനറുകൾ കെട്ടാൻ അനുവദിച്ചതിൽ വൈസ് ചാൻസലറോട് വിശദീകരണം തേടാൻ ഗവർണർ ഞായറാഴ്ച രാവിലെതന്നെ നിർദ്ദേശിച്ചിരുന്നു. എന്നാൽ ബാനറുകൾ നീക്കാൻ രാത്രിയും അധികൃതർ തയ്യാറാകാതിരുന്നതോടെയാണ് കടുത്ത നടപടിയുമായി ഗവർണർ നേരിട്ട് രംഗത്തിറങ്ങിയത്.

നാടകീയ സംഭവങ്ങൾക്കിടെ സർവകലാശാല വൈസ് ചാൻസ്ലർ ഗസ്റ്റ് ഹൗസിലേക്ക് നേരിട്ടെത്തുകയും ഗവർണറുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. ഗവർണർ വിളിപ്പിച്ചതിനെ തുടർന്നാണിത്. തങ്ങളുടെ ഒരു ബാനർ നീക്കിയാൽ പകരം നൂറ് ബാനർ ഉയർത്തുമെന്ന വെല്ലുവിളി നേരത്തെ എസ്എഫ്ഐ നേതാക്കൾ മുഴക്കിയിരുന്നു. 

പൊലീസിനും എസ്എഫ്‌ഐയുടെ ഭീഷണി

പൊലീസ് ബാരിക്കേഡിന് മുകളിൽ കയറിനിന്നാണ് എസ്എഫ്‌ഐ പ്രവർത്തകർ ബാനർ കെട്ടിയത്. ഇതിനിടെ എസ്എഫ്‌ഐ പ്രവർത്തകർ പൊലീസിനെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഗവർണർക്കെതിരെ മുദ്രാവാക്യം വിളിച്ചുകൊണ്ടാണ് ബാനർ കെട്ടിയത്. തടയാൻ ശ്രമിച്ച പൊലീസും എസ്എഫ്‌ഐ പ്രവർത്തകരും വാക്കേറ്റമുണ്ടായി. ഇതിനിടെ പി.എം.ആർഷോ പൊലീസിനെതിരെ തിരിഞ്ഞു.

' മിണ്ടാതിരുന്നോ. ആരിഫ് ഖാൻ നാളെ പോകും. കേറി അടിച്ച് തീർക്കാൻ അറിയാഞ്ഞിട്ടല്ല. വീട്ടിൽ കേറി അടിക്കും. മര്യാദയ്ക്ക് നിന്നോണം. ബാനറിൽ തൊട്ടാൽ വിവരം അറിയും. തോന്ന്യാസം കാണിക്കാൻ നിക്കണ്ട'' എന്നിങ്ങനെയായിരുന്നു പൊലീസിനോടുള്ള ഭീഷണി. ഗവർണറുടെ നിർദ്ദേശപ്രകാരം ബാനർ അഴിച്ചു നീക്കാൻ നേതൃത്വം നൽകിയ മലപ്പുറം എസ്‌പിക്കെതിരെയും സംസ്ഥാന സെക്രട്ടറി തിരിഞ്ഞു. ''ആ നാറി കക്കൂസ് കഴുകാൻ പറയുമ്പോൾ കക്കൂസ് കഴുകിക്കോണം. എസ്എഫ്‌ഐയുടെ നെഞ്ചത്ത് കയറാൻ നിൽക്കരുത്'' എന്നായിരുന്നു ആർഷോയുടെ പ്രതികരണം.

''ആരിഫ് മുഹമ്മദ്ഖാൻ കേരളം കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ ജനാധിപത്യ വിരുദ്ധനാണ്. ക്ഷമയുടെ നെല്ലിപ്പലക കണ്ടുകൊണ്ടാണ് എസ്എഫ്‌ഐ നിൽക്കുന്നത്. ജനാധിപത്യ പ്രക്രിയ അട്ടിമറിക്കാനാണ് ഗവർണർ ശ്രമിക്കുന്നത്. ഉയർത്തിയത് രാഷ്ട്രീയ മുദ്രാവാക്യങ്ങളാണ്. മുദ്രാവാക്യങ്ങൾ ആർഎസ്എസ് ഭയക്കുന്നതുപോലെ ഗവർണറും ഭയക്കുകയാണ്. നാളെ നേരം പുലരുന്നതിന് മുൻപ് നൂറുകണക്കിന് ബാനറുകൾ ഗവർണർക്കെതിരെ ഉയരും.

''സമരം അക്രമത്തിലേക്ക് കടക്കാനാണ് ഗവർണർ ആഗ്രഹിക്കുന്നത്. എന്നാൽ എസ്എഫ്‌ഐ അതിന് മുതിരുന്നില്ല. ആരിഫ് മുഹമ്മദ് ഖാനെ അനുകൂലിച്ച് ആർഎസ്എസ് സ്ഥാപിച്ച ബാനർ കത്തിക്കും."

ഇതിനിടെ ഗവർണർക്കെതിരെയും എസ്എഫ്‌ഐ മുദ്രാവാക്യം വിളിച്ചു. ''ഗവർണറാരാ രാജാവോ, ആരിഫ് ഖാനെ തെമ്മാടി, ഇറങ്ങിവാടാ തെമ്മാടി'' എന്നീ മുദ്രാവാക്യങ്ങളാണ് ഗവർണർക്കെതിരെ വിളിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP