Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കേന്ദ്രമന്ത്രിമാരെ കൊണ്ടുവരാനും വരവ് മുടക്കാനും ബിജെപിയിൽ തന്നെ ആളുണ്ട്; ചെറുകോൽപ്പുഴയിൽ രാജ്‌നാഥ് എത്താത്തതിലെ പാര പാർട്ടിയിൽ നിന്ന് തന്നെ; സദാനന്ദ ഗൗഡ എത്തിയത് കോട്ടയത്തെ ജില്ലാ നേതൃത്വം അറിഞ്ഞതുമില്ല

കേന്ദ്രമന്ത്രിമാരെ കൊണ്ടുവരാനും വരവ് മുടക്കാനും ബിജെപിയിൽ തന്നെ ആളുണ്ട്; ചെറുകോൽപ്പുഴയിൽ രാജ്‌നാഥ് എത്താത്തതിലെ പാര പാർട്ടിയിൽ നിന്ന് തന്നെ; സദാനന്ദ ഗൗഡ എത്തിയത് കോട്ടയത്തെ ജില്ലാ നേതൃത്വം അറിഞ്ഞതുമില്ല

മറുനാടൻ മലയാളി ബ്യൂറോ

പത്തനംതിട്ട: ബിജെപി സംസ്ഥാന നേതൃത്വത്തിലെ ഭിന്നത കാരണം കേന്ദ്രമന്ത്രിമാരുടെ കേരളത്തിലേക്കുള്ള വരവ് താളം തെറ്റുന്നു. കേന്ദ്രമന്ത്രിമാരുടെ വരവ് തങ്ങളുടെ ഗ്രൂപ്പിന്റേ നേട്ടമാക്കാൻ നേതാക്കൾ മത്സരിക്കുമ്പോൾ യാത്രകൾ മുടക്കി കരുത്തു കാട്ടുന്നവരുമുണ്ട്. ഗ്രൂപ്പ തർക്കത്തെ തുടർന്ന് ഹൈന്ദവരുടെ ആത്മീയയോഗങ്ങളിൽ സംസ്ഥാനത്ത് ഒന്നാമതുനിൽക്കുന്ന ചെറുകോൽപ്പുഴ ഹിന്ദുമതപരിഷത്ത് ഉദ്ഘാടനം ചെയ്യാമെന്നേറ്റിരുന്ന കേന്ദ്രആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് എത്തിയില്ല.

സംസ്ഥാന ബിജെപിയിലെ ഗ്രൂപ്പിസമാണു കാരണമെന്നു വിലയിരുത്തപ്പെടുന്നു. അതേസമയം, തന്നെ പരിപാടിയുടെ ഉദ്ഘാടകൻ ആക്കിയ വിവരം രാജ്‌നാഥ്‌സിങ് അറിഞ്ഞിരുന്നില്ലെന്നും പറയുന്നു. പമ്പാനദിക്കരയിൽ ചെറുകോൽപ്പുഴയിൽ കൺവൻഷൻ ഉദ്ഘാടനം നിർവഹിച്ചത് സ്വാമി പ്രജ്ഞാനന്ദതീർത്ഥപാദരാണ്. ബിജെപിയിലെ ഒരു വിഭാഗം കേന്ദ്രമന്ത്രിമാരെ പങ്കെടുപ്പിക്കാൻ ശ്രമിക്കുമ്പോൾ മറുവിഭാഗം എങ്ങനെയും ഒഴിവാക്കാനുള്ള ശ്രമത്തിലായിരുന്നുവത്രേ. നാലാമത് മള്ളിയൂർ ശങ്കരസ്മൃതി പുരസ്‌കാരം പത്മവിഭൂഷൺ ഡോ. ഇ. ശ്രീധരന് കേന്ദ്ര നിയമ മന്ത്രി ഡി.വി സദാനന്ദഗൗഡ സമ്മാനിക്കാൻ എത്തിയത് കോട്ടയം ജില്ലാ നേതൃത്വം അറിഞ്ഞതുമില്ല.

സംസ്ഥാന നേതൃത്വത്തിലെ അകൽച്ച തന്നെയാണ് ചെറുകോൽപ്പുഴയിലെ ആശയക്കുഴപ്പത്തിന് പിന്നിലെന്ന് അണികൾ പറയുന്നു. സംസ്ഥാനതലത്തിൽ പ്രസിഡന്റ് വി. മുരളീധരനും ദേശീയ നേതാവ് പി.കെ. കൃഷ്ണദാസും തമ്മിലുള്ള ഗ്രൂപ്പുപോര് മറനീക്കി തുടങ്ങിയിട്ട് കാലം കുറേയായി. പത്തനംതിട്ട ജില്ലയിലാണ് ഇത് ഏറ്റവുമധികം പ്രതിഫലിക്കുന്നത്. ആറന്മുള ഉതൃട്ടാതി ജലമേള ഉദ്ഘാടനം ചെയ്യാമെന്നേറ്റിരുന്ന കേന്ദ്ര വിനോദസഞ്ചാര വകുപ്പുമന്ത്രി യശ്വന്ത്‌നായ്ക്ക് അവസാനനിമിഷം കാലുമാറി. സംസ്ഥാനനേതൃത്വം ക്ഷണിക്കുന്ന നേതാക്കളെ കേന്ദ്രത്തിൽ പിടിയുള്ള നേതാവ് ഇടപെട്ട് വെട്ടുകയാണെന്നാണു പറയപ്പെടുന്നത്.

കഴിഞ്ഞ ദിവസം ബിജെപി നടത്തിയ സംസ്ഥാന ഹർത്താലിനെ തുടർന്ന് ജില്ലാതലത്തിൽ പ്രകടനം നടത്താതെ പോയതും ഇതേ ഗ്രൂപ്പിസത്തെ തുടർന്നായിരുന്നു. ജില്ലയിലെ ഹൈന്ദവരുടെ രണ്ടു പ്രധാനപരിപാടികളുടെ ഉദ്ഘാടനത്തിനാണ് കേന്ദ്രമന്ത്രിമാർ പാലം വലിച്ചിരിക്കുന്നത്. ആർഷഭാരത സംസ്‌കാരവുമായി ബന്ധംപുലർത്തുന്നതും ഹിന്ദുമത പ്രസ്ഥാനങ്ങൾ നടത്തുന്നതുമായ പ്രധാന ചടങ്ങുകളിൽനിന്നുമാണ് കേന്ദ്രമന്ത്രിമാർ വിട്ടുനിന്നത്. ആറന്മുള വിമാനത്താവളവിരുദ്ധസമരകാലത്ത് രാഷ്ട്രീയ നേതാക്കളെ പങ്കെടുപ്പിക്കേണ്ടതില്ലെന്ന് പള്ളിയോട സേവാസംഘം പൊതുസഭ തീരുമാനിച്ചിരുന്നു.

എന്നാൽ പുതിയ ബിജെപി മന്ത്രിസഭ കേന്ദ്രത്തിൽ അധികാരത്തിൽ വന്നതോടെ ഇക്കാര്യത്തിൽ സമവായമുണ്ടാവുകയും കേന്ദ്രമന്ത്രിക്കൊപ്പം സംസ്ഥാനത്തെ യു.ഡി.എഫ് മന്ത്രിമാരേയും പങ്കെടുപ്പിക്കാൻ തീരുമാനിക്കുകയുമായിരുന്നു. സംസ്ഥാന മന്ത്രിമാർ എത്തിയപ്പോൾ കേന്ദ്രമന്ത്രി വരാതിരുന്നത് പാർട്ടി അണികളിൽ പ്രതിഷേധത്തിനു കാരണമായിരുന്നു. എന്നാൽ ബിജെപി, സംഘപരിവാർ നേതാക്കൾ ഉതൃട്ടാതി ജലമേളയിൽ പങ്കെടുത്തിരുന്നു. ഇതിനു സമാനമായ തീരുമാനമാണ് ചെറുകോൽപ്പുഴയിലും ഉണ്ടായിരുന്നത്. ഭരണമാറ്റത്തോടെ ഈ തീരുമാനത്തിൽ അയവ് വരുകയും ഉദ്ഘാടകനായി കേന്ദ്രമന്ത്രിയെ ക്ഷണിക്കുകയും അദ്ദേഹംവരുമെന്ന് ഉറപ്പാക്കുകയും ചെയ്തിരുന്നു.

എന്നാൽ വളരെ പെട്ടെന്നാണ് മാറ്റമുണ്ടായത്. ഡൽഹി തെരഞ്ഞെടുപ്പിന്റെ തിരക്കാണ് കാരണമായി ചൂണ്ടിക്കാട്ടിയത്. യു.ഡി.എഫ്, സിപിഐ(എം) ജനപ്രതിനിധികൾ ഉദ്ഘാടന യോഗത്തിൽ പങ്കെടുക്കുകയും ചെയ്തു. അതേസമയം, കൺവൻഷന്റെ മുഖ്യനടത്തിപ്പുകാരനായ 'പ്രാഞ്ചിയേട്ടൻ' കേന്ദ്രമന്ത്രിയെ ക്ഷണിച്ചില്ലെന്നതാണ് യഥാർഥ്യമെന്ന് ഒരു വിഭാഗം ബിജെപി നേതാക്കൾ പറയുന്നത്. ഏതു പരിപാടിക്കും അങ്ങോട്ടു കാശു കൊടുത്ത് ഉദ്ഘാടകനാകുന്ന പ്രാഞ്ചിയേട്ടനും സംഘവും ശിവഗിരിയിൽ വന്ന രാജ്‌നാഥ് സിംഗിനെ അവിടെ ചെന്നു കണ്ട് കൺവൻഷനുണ്ട് വരണം എന്നു പറയുക മാത്രമാണ് ചെയ്തത്രേ. അദ്ദേഹത്തിന്റെ ഓഫീസിനോടോ അദ്ദേഹത്തോടോ ചോദിക്കാതെ നോട്ടീസ് അടിച്ച് സംഭവത്തിനു വൻപ്രചാരണം നൽകുകയായിരുന്നുവത്രേ. എന്തായാലും ഈ സംഭവത്തെ ചൊല്ലി ബിജെപിയിൽ വിഭാഗീയത വീണ്ടും ശക്തമാകും.

ഇതിന് പിന്നാലെയാണ് നാലാമത് മള്ളിയൂർ ശങ്കരസ്മൃതി പുരസ്‌കാരം പത്മവിഭൂഷൺ ഡോ. ഇ. ശ്രീധരന് കേന്ദ്ര നിയമ മന്ത്രി സദാനന്ദഗൗഡ സമ്മാനിച്ചത് വിവാദത്തിലായത്. ബിജെപിയുടെ കോട്ടയം ജില്ലാ നേതൃത്വം കേന്ദ്രമന്ത്രിയുടെ വരവ് അറിഞ്ഞില്ല. അതുകൊണ്ട് തന്നെ അദ്ദേഹത്തിന് വേണ്ടത്ര സ്വീകരണവും ലഭിച്ചില്ല. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ രാധാകൃഷ്ണൻ, സംസ്ഥാന സെക്രട്ടറി ബി. രാധാകൃഷ്ണമേനോൻ എന്നിവർ മന്ത്രിക്കൊപ്പമുണ്ടായിരുന്നു. വി മുരളീധരനോട് അടുത്ത് നിൽക്കുന്ന കോട്ടയത്തെ നേതൃത്വത്തെ മറുവിഭാഗക്കാരായ നേതാക്കൾ മനപ്പൂർവ്വം ഒഴിവാക്കിയെന്നാണ് ആക്ഷേപം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP