Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202328Tuesday

അന്തരീക്ഷത്തെ ബ്രഹ്‌മപുരം മാലിന്യ പ്ലാന്റും രാസവ്യവസായശാലകളും വിഷലിപ്തമാക്കും; ഡോ.രേണുരാജ് ഉൾപ്പെടുന്ന മൂന്നംഗ ഉപസമിതി റിപ്പോർട്ട് നൽകിയിരുന്നു; സർക്കാരിനും കൊച്ചി കോർപറേഷനും കനത്തപ്രഹരമായി മുൻ ജില്ലാ കളക്ടറുടെ റിപ്പോർട്ട്

അന്തരീക്ഷത്തെ ബ്രഹ്‌മപുരം മാലിന്യ പ്ലാന്റും രാസവ്യവസായശാലകളും വിഷലിപ്തമാക്കും; ഡോ.രേണുരാജ് ഉൾപ്പെടുന്ന മൂന്നംഗ ഉപസമിതി റിപ്പോർട്ട് നൽകിയിരുന്നു; സർക്കാരിനും കൊച്ചി കോർപറേഷനും കനത്തപ്രഹരമായി മുൻ ജില്ലാ കളക്ടറുടെ റിപ്പോർട്ട്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിൽ തീ കത്തിപ്പടരുമ്പോൾ പെട്ടെന്നായിരുന്നു എറണാകുളം ജില്ലാ കളക്ടറായിരുന്ന രേണുരാജിനെ വയനാട്ടിലേക്ക് സ്ഥലംമാറ്റിയത്. ബ്രഹ്‌മപുരത്തെ വിഷയത്തിൽ മേൽനോട്ടം വഹിച്ച് ഓടിനടന്ന കളക്ടറെ സ്ഥലംമാറ്റിയതിൽ സർക്കാരിനെതിരെ വിമർശനം ഉയർന്നിരുന്നു.

എന്നാൽ മധ്യകേരളത്തിന്റെ അന്തരീക്ഷത്തെ വിഷമയമാക്കുന്ന 12 രാസവ്യവസായശാലകളും ബ്രഹ്‌മപുരം മാലിന്യ പ്ലാന്റും ഉൾപ്പെടുന്ന ചുരുക്കപ്പട്ടിക അന്നത്തെ കലക്ടർ ആയിരുന്ന ഡോ.രേണുരാജ് ഉൾപ്പെടുന്ന മൂന്നംഗ ഉപസമിതി 2022 ഒക്ടോബറിൽ തന്നെ ദേശീയ ഗ്രീൻ ട്രിബ്യൂണൽ (എൻജിടി) മുൻപാകെ സമർപ്പിച്ചിരുന്നു എന്ന വിവരമാണ് പുറത്തുവരുന്നത്. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എൻജിടി മേൽനടപടികൾ സ്വീകരിക്കുന്നതിനിടയിലാണു ബ്രഹ്‌മപുര തീ കത്തിപ്പടർന്നതും ജില്ലാ കളക്ടറെ സ്ഥലം മാറ്റിയതും.

കൊച്ചിയുടെ അന്തരീക്ഷത്തിലേക്കു രാത്രി വൻതോതിൽ രാസമാലിന്യം തുറന്നുവിടുന്നത് ആരോഗ്യപ്രശ്‌നങ്ങൾക്കു വഴിയൊരുക്കുന്നതായി ചൂണ്ടിക്കാട്ടി ഏരൂർ സ്വദേശി എ.രാജഗോപാൽ സമർപ്പിച്ച സ്വകാര്യ ഹർജിയിലാണു വിഷയം പഠിക്കാൻ മൂന്നംഗ സമിതിയെ എൻജിടി നിയോഗിച്ചത്. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് (സിപിസിബി) സയന്റിസ്റ്റ് ഡോ. വി.ദീപേഷ്, സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് സീനിയർ സയന്റിസ്റ്റ് പി.ഗീത എന്നിവരായിരുന്നു കമ്മിറ്റിയിലെ മറ്റ് അംഗങ്ങൾ.

അന്തരീക്ഷത്തിൽ പടരുന്ന വിഷവായുവിന്റെ രാസസ്വഭാവം പഠനവിധേയമാക്കിയാൽ മാത്രമേ അതിന്റെ ഉറവിടം കൃത്യമായി കണ്ടെത്താൻ കഴിയുകയുള്ളുവെന്നും ഉപസമിതി റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ രാസവായുവിന്റെ സാന്നിധ്യം ആര്, എപ്പോൾ അറിയിച്ചാലും ഉടനടി പരിശോധന നടത്തി ഉറവിടം കണ്ടെത്താൻ നിർദേശിച്ചാണ് എൻജിടി അന്ന് ഹർജി തീർപ്പാക്കിയത്.

ബ്രഹ്‌മപുരത്തു നിന്നും വിഷപ്പുക ഉയർന്നതോടെ ഭരണകൂടത്തിന്റെ അനാസ്ഥയ്‌ക്കെതിരെ കടുത്ത വിമർശനമാണ് ഉയർന്നത്. എന്നാൽ ജില്ലാ കളക്ടറായിരുന്ന രേണു രാജിനെ സ്ഥലംമാറ്റി മുഖം രക്ഷിക്കാനാണ് സർക്കാർ ശ്രമിച്ചത്. സ്ഥലംമാറ്റം വിവാദമാകാതിരിക്കാൻ ആലപ്പുഴ,തൃശ്ശൂർ കളക്ടർമാരെ കൂടി സ്ഥലംമാറ്റി. എന്നാൽ പിടിറങ്ങുംമുൻപ് സർക്കാരിന് തലവേദന സൃഷ്ടിക്കുന്ന റിപ്പോർട്ടാണ് രേണു രാജ് ദേശീയ ഹരിത ട്രിബ്യൂണലിന് നൽകിയതെന്ന് ഇപ്പോൾ വ്യക്തമാകുന്നത്.

ബ്രഹ്‌മപുരം പ്ലാന്റിലെ തീപിടുത്തവുമായി ബന്ധപ്പെട്ട് കൊച്ചി കോർപ്പറേഷന് 100 കോടി രൂപ പിഴയിട്ടിരുന്നു. ദേശീയ ഹരിത ട്രിബ്യൂണലാണ് പിഴ വിധിച്ചത്. ഒരു മാസത്തിനുള്ളിൽ പിഴയടക്കണം. നേരത്തെ സംഭവത്തിൽ സംസ്ഥാന സർക്കാരിന് 500 കോടി രൂപ പിഴയീടാക്കുമെന്ന് ട്രിബ്യൂണൽ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് നടപടി. ബ്രഹ്‌മപുരം പ്ലാറ്റിലുള്ളത് ഗുരുതര വീഴ്ചകളാണെന്ന് ചീഫ് എൻവയോൺമെന്റൽ എഞ്ചിനീയർ റിപ്പോർട്ട് നൽകിയിരുന്നു. ദേശീയ ഹരിത ട്രിബ്യൂണലിലാണ് റിപ്പോർട്ട് സമർപ്പിച്ചത്.

രണ്ട് വേയ് ബ്രിഡ്ജുകളിൽ ഒന്ന് മാത്രമേ പ്രവർത്തിച്ചിരുന്നുള്ളു. ശേഖരണ ടാങ്കിലേക്ക് പോകുന്ന ലീച്ചേറ്റ് ഡ്രെയിനുകൾ അടഞ്ഞ നിലയിൽ കണ്ടെത്തി. വിന്റോ കമ്പോസ്റ്റിങ് ഷെഡും ജീർണാവസ്ഥയിലായിരുന്നു. ബയോ മൈനിംഗിൽ നിന്ന് ശേഖരിച്ച ആർഡിഎഫ് കൈകാര്യം ചെയ്തത് യുക്തമല്ലാതെ. ആർഡിഎഫിന്റെ ഒരു ഭാഗം പൊതിഞ്ഞ് മാലിന്യം മുതൽ ഊർജ പ്ലാന്റ് വരെയുള്ള മേഖലയിൽ കൂട്ടിയിടുകയായിരുന്നു. ആർഡിഎഫിന്റെ മറ്റൊരു ഭാഗം വിന്റോ കമ്പോസ്റ്റിങ് പ്ലാന്റിന് സമീപം കൂട്ടിയിട്ടതായും കണ്ടെത്തി. വലിപ്പമുള്ള കല്ലുകൾ, മരക്കഷണങ്ങൾ മുതലായവ നല്ല മണ്ണുമായി കലർന്നതായി കണ്ടെത്തി.

ഖരമാലിന്യത്തിന്റെ 100 ശതമാനം വേർതിരിവ് ഉറവിടത്തിൽ തന്നെ ഉറപ്പാക്കുന്ന നടപടി അനിവാര്യമെന്ന് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. കൊച്ചി കോർപ്പറേഷൻ 22 ഹെൽത്ത് സർക്കിൾ തലത്തിലും എംസിഎഫുകൾ സ്ഥാപിക്കണം. അജൈവമാലിന്യങ്ങൾ വേർതിരിച്ച് കേരളത്തിൽ നിന്നുള്ള കമ്പനിക്ക് കൈമാറണം. അഗ്‌നിശമനാ വകുപ്പ് നിർദ്ദേശിച്ച പ്രകാരം നിലവിലുള്ള ഫയർ ഹൈഡ്രന്റുകൾ പ്രവർത്തനക്ഷമമാക്കുകയും കൂടുതൽ അഗ്‌നിശമന ക്രമീകരണങ്ങൾ എർപ്പെടുത്തുകയൂം വേണം. സൈറ്റിൽ നൽകിയിട്ടുള്ള സിസിടിവി ക്യാമറകൾ പ്രവർത്തനക്ഷമമാക്കണം.

ബ്രഹ്‌മപുരം മാലിന്യപ്ലാന്റിലെ തീപിടുത്തവുമായി ബന്ധപ്പെട്ട വിഷയത്തിൽ സംസ്ഥാന സർക്കാരിനെതിരെ അതിരൂക്ഷ വിമർശനവുമായി ദേശീയ ഹരിത ട്രിബ്യൂണൽ രംഗത്തുവന്നിരുന്നു. ഉത്തരവാദിത്തത്തിൽ നിന്ന് സംസ്ഥാന സർക്കാരിന് ഒഴിഞ്ഞുമാറാൻ സാധിക്കില്ലെന്ന് ഹരിത ട്രിബ്യൂണൽ ചൂണ്ടിക്കാട്ടി. കൂടാതെ തീപിടുത്തത്തിന്റെ പൂർണം ഉത്തരവാദിത്തം സർക്കാരിനാണെന്നും ട്രിബ്യൂണൽ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP