Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ചെന്നിത്തലക്ക് പിന്നാലെ വി ഡി സതീശന് എതിരെയും വിജിലൻസ് അന്വേഷണത്തിന് അനുമതി തേടി സ്പീക്കർക്ക് സർക്കാറിന്റെ കത്ത്; നടപടി പുനർജ്ജനി പദ്ധതിയിൽ വിദേശ സഹായം തേടിയെന്ന പരാതിയിൽ; എ പി അനിൽകുമാർ അടക്കമുള്ള അരഡസനോളം നേതാക്കൾക്കും കുരുക്ക്

ചെന്നിത്തലക്ക് പിന്നാലെ വി ഡി സതീശന് എതിരെയും വിജിലൻസ് അന്വേഷണത്തിന് അനുമതി തേടി സ്പീക്കർക്ക് സർക്കാറിന്റെ കത്ത്; നടപടി പുനർജ്ജനി പദ്ധതിയിൽ വിദേശ സഹായം തേടിയെന്ന പരാതിയിൽ; എ പി അനിൽകുമാർ അടക്കമുള്ള അരഡസനോളം നേതാക്കൾക്കും കുരുക്ക്

മറുനാടൻ മലയാളി ബ്യൂറോ

 കോഴിക്കോട്: സോളാറും ബാറും ടൈറ്റാനിയവും അടക്കം കിട്ടാവുന്നതൊക്കെ കുത്തിപ്പൊക്കി യുഡിഎഫ് നേതാക്കളെ പൂട്ടാൻ ഒരുങ്ങി പിണറായി സർക്കാർ. കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തെ മുൻനിർത്തി പ്രതിപക്ഷം പ്രതിക്കൂട്ടിൽ നിർത്തുമ്പോൾ ശക്തമായി തിരിച്ചടിക്കാൻ തന്നെയാണ് സംസ്ഥാന സർക്കാർ ശ്രമം. മുസ്ലീലീഗ് നേതാക്കളയായ എം സി ഖമറുദ്ദീൻ എംഎൽഎയും വി കെ ഇബ്രാഹിംകുഞ്ഞ് എംഎൽഎയും അഴിമതി-തട്ടിപ്പ് കേസുകളിൽ പെട്ട് റിമാൻഡിലാണ്. മറ്റൊരു പ്രമുഖ ലീഗ് നേതാവായ കെ എം ഷാജിയും അനധികൃത സ്വത്ത് സമ്പാദന കേസിൽ ഭീഷണിയിലാണ്.

ഇതിനുപിന്നാലെ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഉമ്മൻ ചാണ്ടി, കെ.സി. വേണുഗോപാൽ, പി.ടി. തോമസ്, വി.ഡി.സതീശൻ, എ.പി.അനിൽകുമാർ, കെ.എം.ഷാജി, എന്നിവർക്കെതിരെയുള്ള അന്വേഷണം വേഗത്തിലാക്കാനാണ് സർക്കാർ നീക്കം. യു.ഡി.എഫ് നേതാക്കൾക്കെതിരെയുള്ള പരാതികളിൽ സർക്കാരിന് മൃദുസമീപനമുണ്ടെന്ന് സിപിഎം അണികൾ വിമർശനം ഉന്നയിച്ചിരുന്നു. എന്നാൽ കേസുകളിലെ നടപടികൾ തെരഞ്ഞെടുപ്പിന് മുമ്പായി സജീവമാക്കിയാൽ മതിയെന്ന നിലപാടിലായിരുന്നു സർക്കാർ. വിജിലൻസ് അന്വേഷിക്കുന്ന കേസുകളിലെ അനധികൃത സ്വത്ത് സമ്പാദനം എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് കൈമാറും.

പുനർജ്ജനി പദ്ധതിയിൽ വിദേശ സഹായം തേടിയെന്ന പരാതിയിലാണ് വി.ഡി.സതീശൻ എംഎ‍ൽഎയ്‌ക്കെതിരെ വിജിലൻസ് അന്വേഷണത്തിന് സർക്കാർ സ്പീക്കറുടെ അനുമതി തേടിയത്. ആഭ്യന്തരവകുപ്പ്് നിയമസഭാ സെക്രട്ടറിയേറ്റിന് കത്ത് കൈമാറി. പരാതിയിൽ വിജിലൻസ് രഹസ്യാന്വേഷണം നടത്തിയിരുന്നു. പ്രാഥമികാന്വേഷണത്തിന് വിജിലൻസ് ഡയറക്ടർ സർക്കാരിനോട് അനുമതി തേടി കത്ത് നൽകിയിരുന്നു.

ലണ്ടനിലെ ബർമിങ് ഹാമിലെ വിരുന്നിനിടെ പദ്ധതിക്കായി പണം ആവശ്യപ്പെട്ടെന്നാണ് പരാതി. വിദേശ വകുപ്പിന്റെ അനുമതിയില്ലാതെയായിരുന്നു സഹായം തേടിയെതെന്നായിരുന്നു പരാതി. ഇതിന്റെ വീഡിയോ പുറത്ത് വന്നിരുന്നു. ഇത് വിജിലൻസ് പരിശോധിക്കുകയും പരാതിക്കാരുടെ മൊഴിയെടുക്കുകയും ചെയ്തിരുന്നു.പുനർജ്ജനി പദ്ധതി നിയമസഭാ സെക്രട്ടറിയേറ്റിന്റെ അറിവോടെയല്ലെന്ന വിവരാവകാശ രേഖ പുറത്ത് വന്നിരുന്നു. എന്നാൽ കേന്ദ്ര സർക്കാരിന്റെ അനുമതിയോടെയാണ് വിദേശ യാത്രയും പണപ്പിരിവുമെന്നാണ് വി.ഡി.സതീശന്റെ വിശദീകരണം. എന്നാൽ പ്രളയ ദുരിതാശ്വാസ ഫണ്ടിനായി വിദേശ യാത്ര നടത്താൻ മന്ത്രിമാർക്ക് കേന്ദ്രസർക്കാർ അനുമതി നൽകിയിരുന്നില്ല.

ടൈറ്റാനിയം കേസ് സിബിഐ ഏറ്റെടുക്കില്ലെന്ന് വ്യക്തമാക്കിയ സാഹചര്യത്തിൽ വിജിലൻസ് അന്തിമ റിപ്പോർട്ട് സമർപ്പിക്കും. രമേശ് ചെന്നിത്തല, ഉമ്മൻ ചാണ്ടി, വി.കെ.ഇബ്രാഹിംകുഞ്ഞ് എന്നിവർക്കെതിരെ തെളിവുണ്ടെന്നാണ് വിജിലൻസിന്റെ കണ്ടെത്തൽ. ഇവരെ പ്രതിചേർക്കുകയോ ഒന്നാംഘട്ട കുറ്റപത്രം സമർപ്പിക്കുകയോ ചെയ്യുന്നതിന്റെ നിയമപരമായ സാധുതയാണ് വിജിലൻസ് പരിശോധിക്കുന്നത്.ബാർ കോഴ കേസിൽ ബിജുരമേശിന്റെ പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ രമേശ് ചെന്നിത്തല, വി എസ്.ശിവകുമാർ എന്നിവർക്കെതിരെ അന്വേഷണത്തിന് സർക്കാർ സ്പീക്കറോട് അനുമതി തേടിയിട്ടുണ്ട്.രമേശ് ചെന്നിത്തലയ്ക്ക് ഒരുകോടി രൂപ നൽകിയെന്നാണ് ബിജു രമേശിന്റെ ആരോപണം.

സോളാർ കേസിൽ കഴിഞ്ഞ ആറുമാസമായി ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്നുണ്ട്. പരാതിക്കാരിയുടെ മൊഴികൾ വിശദമായി രേഖപ്പെടുത്തി. എപി അനിൽകുമാറിനെതിരെയുള്ള പരാതിയാണ് ശക്തമായിട്ടുള്ളത്. ഇതിൽ ആദ്യം നടപടിയെടുക്കാനാണ് സർക്കാരിന്റെ നിർദ്ദേശം. എപി അനിൽകുമാറിനെ ആദ്യം ചോദ്യം ചെയ്യും. വി എസ്.ശിവകുമാരിനെതിരെയുള്ള അനധികൃത സ്വത്ത് സമ്പാദനം കേസിലെ തുടർ നടപടികളും ഉടനുണ്ടാകുമെന്നാണ് സൂചന. കെ.എം ഷാജിക്കെതിരായ നടപടികളും ശക്തമായി മുന്നോട്ട് കൊണ്ടുപോകാനാണ് സർക്കാർ നിർദ്ദേശം നൽകിയിരിക്കുന്നത്. കെഎം ഷാജി വരുമാനം ഇല്ലാത്ത സമയത്തും വയനാട്ടിൽ ഭാര്യയുടെ പേരിൽ ഭൂമി വാങ്ങിയെന്ന് സിപിഎം ആരോപിച്ചിരുന്നു. ഇതിന്റെ രേഖകളും പുറത്ത് വിട്ടിരുന്നു. തദ്ദേശതെരഞ്ഞെടുപ്പിന് ശേഷം പ്രതിപക്ഷ നേതാക്കൾക്കെതിരെയുള്ള നടപടികൾ സർക്കാർ ഊർജ്ജിതമാക്കുമെന്നാണ് അറിയുന്നത്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP