Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202026Monday

'ആരും വിരട്ടാൻ നോക്കേണ്ടാ.. ഇതിനേക്കാൾ വലിയ ഭീഷണികളെ നേരിട്ടാണ് ഇവിടെ വരെ എത്തിയത്; ഒരു തവണ തലയ്ക്ക് അടിയേറ്റിട്ടും നിലപാടുകളിൽ മാറ്റം വരുത്തിയിട്ടില്ല; ഭരണഘടനാപരമായി സംസ്ഥാനത്തിന്റെ തലവനാണ്; ജനങ്ങളെ ബാധിക്കുന്ന വിഷയത്തിൽ അഭിപ്രായം പറയും; പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള നിയമസഭയുടെ പ്രമേയത്തിന് സാധുതയില്ല': ഗവർണ്ണറുടെ 'സംസ്ഥാന ബിജെപി അദ്ധ്യക്ഷൻ' കളി സകല സീമകളും ലംഘിച്ചെന്ന സിപിഎം വിമർശനത്തിന് മറുപടിയുമായി ആരിഫ് മുഹമ്മദ് ഖാൻ

'ആരും വിരട്ടാൻ നോക്കേണ്ടാ.. ഇതിനേക്കാൾ വലിയ ഭീഷണികളെ നേരിട്ടാണ് ഇവിടെ വരെ എത്തിയത്; ഒരു തവണ തലയ്ക്ക് അടിയേറ്റിട്ടും നിലപാടുകളിൽ മാറ്റം വരുത്തിയിട്ടില്ല; ഭരണഘടനാപരമായി സംസ്ഥാനത്തിന്റെ തലവനാണ്; ജനങ്ങളെ ബാധിക്കുന്ന വിഷയത്തിൽ അഭിപ്രായം പറയും; പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള നിയമസഭയുടെ പ്രമേയത്തിന് സാധുതയില്ല': ഗവർണ്ണറുടെ 'സംസ്ഥാന ബിജെപി അദ്ധ്യക്ഷൻ' കളി സകല സീമകളും ലംഘിച്ചെന്ന സിപിഎം വിമർശനത്തിന് മറുപടിയുമായി ആരിഫ് മുഹമ്മദ് ഖാൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിൽ തന്റെ നിലപാടുകളിൽ വിട്ടുവീഴ്ചയില്ലെന്ന് ഉറക്കെ പ്രഖ്യാപിച്ച് കൊണ്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വീണ്ടും വിമർശനങ്ങൾക്ക് മറുപടിയുമായി എത്തി. സിപിഎം തുറന്ന വിമർശനത്തിലേക്ക് നീങ്ങിയതോടെയാണ് ഗവർണറും അഭിപ്രായങ്ങൾ തുറന്നടിച്ചത്. 'താൻ ഭരണഘടനാപരമായി സംസ്ഥാനത്തിന്റെ തലവനാണ്. ജനങ്ങളെ ബാധിക്കുന്ന വിഷയത്തിൽ അഭിപ്രായം പറയും. ജനങ്ങളുടെ പണം ഉപയോഗിച്ചാണ് നിയമസഭ പ്രവർത്തിക്കുന്നത്. ജനങ്ങളുടെ പണം അനാവശ്യമായി വിനിയോഗിക്കാൻ അനുവദിക്കില്ലെന്നും ഗവർണർ പറഞ്ഞു.

നിയമസഭയുടെ നടപടികളിൽ ഇടപെട്ടിട്ടില്ല. സംസ്ഥാന നിയമസഭയുടെ പ്രമേയത്തിന് നിയമസാധുതയില്ല. സംസ്ഥാന സർക്കാരിന്റെ പരിധിയിൽ വരുന്നതല്ല പൗരത്വ നിയമം. ഇത് പൂർണമായും കേന്ദ്രത്തിന്റെ അധികാരത്തിൽ വരുന്നതാണ്. ഒരു സംസ്ഥാനത്തിനും ഇതിൽ ഇടപെടാൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ആരും വിരട്ടാൻ നോക്കേണ്ടെന്നും ഇതിനേക്കാൾ വലിയ ഭീഷണികളെ നേരിട്ടാണ് ഇവിടെ വരെ എത്തിയതെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മൂന്നുതവണ ആക്രമണത്തിന് ഇരയായിട്ടുണ്ട്. ഒരു തവണ തലയ്ക്ക് അടിയേറ്റു ചികിത്സ തേടിയിട്ടുമുണ്ട്. എന്നിട്ടും നിലപാടുകളിൽ മാറ്റം വരുത്തിയിട്ടില്ല. കേരള നിയമസഭ ഭരണഘടനയ്ക്ക് അനുസരിച്ച് പ്രവർത്തിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്തമാണ് ഗവർണറുടേത്. അത് ഭയം കൂടാതെ നിർവഹിക്കും.

'കേരളത്തിനെന്നല്ല, ഒരു സംസ്ഥാന നിയമസഭകൾക്കും കേന്ദ്രസർക്കാർ പാസാക്കിയ പൗരത്വ ഭേദഗതി നിയമത്തിൽ ഇടപെടാൻ അവകാശമില്ല. അത് അവരുടെ അധികാരത്തിന്റെ പരിധി ലംഘിക്കലാണ്. കൊറിയയിൽ ഇടപെടരുതെന്ന് അമേരിക്കയോട് നിർദ്ദേശിക്കുന്നതുപോലെയാണത്. എതിർപ്പുണ്ടെങ്കിൽ കേന്ദ്രത്തിൽ ഭരണം നേടട്ടെ, എന്നിട്ട് ഈ നിയമം ഭേദഗതി ചെയ്‌തോട്ടെ.അതേസമയം, ഞാൻ അഭിപ്രായങ്ങളെ മാനിക്കുന്നു. കണ്ണൂരിൽ ചരിത്രകോൺഗ്രസിന്റെ വേദിയിൽ എനിക്കെതിരെ പ്ലക്കാർഡ് ഉയർത്തിയപ്പോൾ അതാ മാറ്റണ്ട, നിങ്ങളുടെ അഭിപ്രായത്തെ മാനിക്കുന്നു എന്നാണു ഞാൻ പറഞ്ഞത്. കുറച്ചു ദിവസങ്ങളായി ഞാൻ നേരിടുന്നത് അനാരോഗ്യകരമായ വിമർശനമാണ്. പ്രതിഷേധക്കാരോട് എനിക്കു പറയാനുള്ളത് എന്റെ അടുത്തു വരൂ, നമുക്ക് ഇരുന്നു സംസാരിക്കാമെന്നാണ്. അതു കേൾക്കുമ്പോൾ പ്രതിഷേധക്കാർ സ്ഥലം വിടുകയാണ്. ഞാനൊന്ന് ഉറപ്പിച്ചു പറയാം, കേരളത്തിലെ ജനങ്ങൾക്ക് ഈ നിയമം കൊണ്ട് ഒരു ഉപദ്രവവും വരാനില്ല' ഗവർണർ പറഞ്ഞു.

പൊലീസ് അക്കാദമിയിലെ ദേശീയ സെമിനാറിൽ പങ്കെടുക്കാനും വൈഗ കാർഷിക പ്രദർശനമേള ഉദ്ഘാടനം ചെയ്യാനുമായി തൃശൂരിലെത്തിയതായിരുന്നു അദ്ദേഹം. നേരത്തെ, ഭരണഘടനയും നിയമസംഹിതകളും സുപ്രീംകോടതി വിധികളുമൊന്നും മനസ്സിലാക്കാതെയുള്ള ഗവർണ്ണറുടെ 'സംസ്ഥാന ബിജെപി അദ്ധ്യക്ഷൻ' കളി സകല സീമകളും ലംഘിച്ചിരിക്കുകയാണെന്ന് സിപിഎം വിമർശനമുന്നയിച്ചിരുന്നു.

തരംതാണ രാഷ്ട്രീയക്കളിയിലാണ് അദ്ദേഹം ഏർപ്പെട്ടിരിക്കുന്നത്. ഇതൊന്നും കേരളത്തിൽ ചെലവാകില്ലെന്ന് അൽപമെങ്കിലും ബുദ്ധിയും ബോധവുമുള്ള ആർഎസ്എസ്സുകാർ അദ്ദേഹത്തെ ഉപദേശിക്കണം. സിപിഎം വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

നിയമസഭ പാസാക്കിയ പ്രമേയം നിയമ വിരുദ്ധമാണെന്ന് അദ്ദേഹം പറയുന്നു. ഏതു നിയമത്തിന്റെ ലംഘനമാണ് നിയമസഭ നടത്തിയതെന്ന് ചൂണ്ടിക്കാണിക്കാൻ അദ്ദേഹത്തിനു കഴിയുമോ? എത്രയോ സന്ദർഭങ്ങളിൽ എത്രയോ വിഷയങ്ങളിൽ സംസ്ഥാന നിയമസഭ പ്രമേയങ്ങൾ പാസാക്കിയിട്ടുണ്ട്. അന്നും ഡൽഹിയിൽ കേന്ദ്ര സർക്കാരും കേരളത്തിൽ ഗവർണർമാരും ഉണ്ടായിരുന്നു. അന്നൊന്നുമില്ലാത്ത പെരുമാറ്റമാണ് ഗവർണർ പദവിയിലിരുന്നു കൊണ്ട് ആരിഫ് മുഹമ്മദ്ഖാൻ കാഴ്ചവച്ചിരിക്കുന്നതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP