Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മന്ത്രി എം ബി രാജേഷും ചീഫ് സെക്രട്ടറിയും നേരിട്ടെത്തി അനുനയിപ്പിച്ചിട്ടും അയയാതെ ഗവർണർ; സർക്കാരിന്റെ ലഹരി വിരുദ്ധ പരിപാടി ഉദ്ഘാടനത്തിനുള്ള ക്ഷണം നിരസിച്ചു; ഓണംവാരാഘോഷ സമാപനത്തിൽ ക്ഷണിക്കാത്തതിലും ഗവർണർക്ക് അതൃപ്തി; തുറന്ന പോരായതോടെ അതേ നാണയത്തിൽ നേരിടാൻ സർക്കാരും

മന്ത്രി എം ബി രാജേഷും ചീഫ് സെക്രട്ടറിയും നേരിട്ടെത്തി അനുനയിപ്പിച്ചിട്ടും അയയാതെ ഗവർണർ; സർക്കാരിന്റെ ലഹരി വിരുദ്ധ പരിപാടി ഉദ്ഘാടനത്തിനുള്ള ക്ഷണം നിരസിച്ചു; ഓണംവാരാഘോഷ സമാപനത്തിൽ ക്ഷണിക്കാത്തതിലും ഗവർണർക്ക് അതൃപ്തി; തുറന്ന പോരായതോടെ അതേ നാണയത്തിൽ നേരിടാൻ സർക്കാരും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഗവർണർ സർക്കാർ പോര് രൂക്ഷമായിരിക്കെ രാജ്ഭവനിൽ എത്തി ഗവർണറുമായി മന്ത്രി എം ബി രാജേഷ് സംസാരിച്ചിട്ടും, ലഹരി വിരുദ്ധ പ്രചാരണ പരിപാടിയിൽ പങ്കെടുക്കില്ലെന്ന് ഉറച്ച് ആരിഫ് മുഹമ്മദ് ഖാൻ. എക്‌സൈസ് വകുപ്പ് മന്ത്രിയെന്ന നിലയിലായിരുന്നു എം ബി രാജേഷിന്റെ സന്ദർശനം. ലഹരി വിരുദ്ധ പ്രചാരണ പരിപാടിക്ക് ഗവർണറെ ക്ഷണിക്കാനാണ് രാജ്ഭവനിലെത്തിയത്. ചീഫ് സെക്രട്ടറി വി പി ജോയിയും മന്ത്രിക്കൊപ്പം ഗവർണറെ കാണാനെത്തിയിരുന്നു. ഒക്ടോബർ രണ്ടിന് സംസ്ഥാന തലത്തിൽ ലഹരി വിരുദ്ധ പ്രചാരണ പരിപാടി നടത്താൻ സർക്കാർ തീരുമാനിച്ചിരുന്നു.

എന്നാൽ, ലഹരി വിരുദ്ധ പരിപാടിയുടെ ഉദ്ഘാടനത്തിന് പങ്കെടുക്കാനുള്ള സർക്കാർ ക്ഷണം ഗവർണർ നിരസിച്ചു. വിവരം മന്ത്രി മന്ത്രി എംബി രാജേഷിനെയും ചീഫ് സെക്രട്ടറിയെയും ഗവർണർ അറിയിച്ചു. ഓണംവാരാഘോഷ ഘോഷ യാത്രയിൽ ക്ഷണിക്കാത്തതിലെ അതൃപ്തിയും ഗവർണർ അറിയിച്ചു. ഗവർണറെ അനുനയിപ്പിക്കാനായിരുന്നു നേരത്തെ നീക്കമെങ്കിലും അദ്ദേഹം വഴങ്ങില്ലെന്ന് ഉറപ്പായി.

സർക്കാറുമായുള്ള തുറന്ന പോരിനിറങ്ങിയ ഗവർണറെ ഇനി ആ രീതിയിൽ തന്നെ നേരിടാനാണ് ഇടത് നീക്കം. ഇതിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനം വിളിച്ച് ഗവർണർക്കെതിരെ രൂക്ഷ വിമർശനമാണ് ഉന്നയിച്ചത്. രാജ്ഭവൻ വാർത്ത സമ്മേളനം രാജ്യത്ത് അസാധാരണമാണെന്ന് ഓർമ്മിപ്പിച്ച പിണറായി, സർക്കാർ-ഗവർണർ ആശയ വിനിമയത്തിന് നിയത മാർഗമുണ്ടെന്നും വിയോജിപ്പുണ്ടെങ്കിൽ സർക്കാരിനെ നേരിട്ട് അറിയിക്കാമായിരുന്നുവെന്നും തുറന്നടിച്ചു. ഗവർണർ പരസ്യ നിലപാട് എടുത്തത് ശരിയായ രീതിയല്ല. മന്ത്രിസഭ തീരുമാനം അനുസരിച്ച് ഗവർണർ പ്രവർത്തിക്കണമെന്നാണ് ഭരണഘടന പറയുന്നതെന്നും ഷംസെർ സിങ് കേസിലെ സുപ്രീം കോടതി വിധിയെ ഉദ്ധരിച്ച് മുഖ്യമന്ത്രി തുറന്നടിച്ചു.

അതിനിടെ പോരിനിടെ നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളിൽ ഗവർണർ ഒപ്പിട്ടു. ലോകായുക്ത-സർവ്വകലാശാല നിയമഭേദഗതി ബില്ലുകളിൽ ഒപ്പിടില്ലെന്ന് വ്യക്തമാക്കുന്ന ഗവർണ്ണർ ബാക്കി ആറ് ബില്ലുകളിൽ കൂടുതൽ വ്യക്തത തേടി മാത്രമേ ഒപ്പിടൂ. രാജ്ഭവന്റെ പരിഗണനയിലുള്ള 11 ബില്ലുകളിൽ അഞ്ച് എണ്ണത്തിലാണ് ഗവർണ്ണർ ഒപ്പിട്ടത്. കേരള മാരിടൈം ബോർഡ് ഭേദഗതി ബിൽ, പബ്‌ളിക് സർവ്വീസ് കമ്മീഷൻ ഭേദഗതി ബിൽ, ആഭരണ തൊഴിലാളി ക്ഷേമ നിധി ബിൽ, തദ്ദേശ സ്വയംഭരണ പൊതുസർവ്വീസ് ബിൽ, ധനഉത്തരവാദ ഭേദഗഗതി ബിൽ എന്നിവക്കാണ് അനുമതി. ഇതിൽ ചിലതിൽ വകുപ്പ് സെക്രട്ടറിമാർ ഗവർണ്ണർക്ക് കൂടുതൽ വിശദീകരണം നൽകിയിരുന്നു. വിവാദമായ ലോകായുക്ത- സർവ്വകലാശാല നിയമഭേദഗതി ബില്ലുകളിൽ ഒപ്പിടില്ലെന്ന് ഇതിനകം ഗവർണ്ണർ വ്യക്തമാക്കിക്കഴിഞ്ഞു. ബാക്കി നാലിൽ കൂടുതൽ വ്യക്ത വരുത്തിയാകും തീരുമാനമെടുക്കുക. രണ്ടാഴ്ചത്തെ ഉത്തരേന്ത്യൻ സന്ദർശനത്തിനായി ഗവർണർ ഇന്ന് വൈകിട്ട് ഡൽഹിയിലേക്ക് തിരിക്കും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP