Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

അട്ടിമറി തടയാൻ ഘടകകക്ഷികൾക്കു മേൽ സർക്കാരിന്റെ രഹസ്യ നിരീക്ഷണം; പി പി തങ്കച്ചന്റെ പ്രസ്താവന വിവാദത്തിൽ; നിരീക്ഷിക്കുന്നത് അവരെ വിശ്വാസമില്ലാഞ്ഞിട്ടെന്ന് വി എസ്

അട്ടിമറി തടയാൻ ഘടകകക്ഷികൾക്കു മേൽ സർക്കാരിന്റെ രഹസ്യ നിരീക്ഷണം; പി പി തങ്കച്ചന്റെ പ്രസ്താവന വിവാദത്തിൽ; നിരീക്ഷിക്കുന്നത് അവരെ വിശ്വാസമില്ലാഞ്ഞിട്ടെന്ന് വി എസ്

കൊച്ചി: യുഡിഎഫിലെ ഘടകകക്ഷികളുടെ മേൽ സ്‌പെഷ്യൽ ബ്രാഞ്ച് നിരീക്ഷണമുണ്ടെന്ന് കൺവീനർ പിപി തങ്കച്ചന്റെ വെളിപ്പെടുത്തൽ വിവാദത്തിൽ. റിപ്പോർട്ടർ ടിവിക്കു നൽകിയ അഭിമുഖത്തിലാണ് തങ്കച്ചൻ വിവാദ വെളിപ്പെടുത്തൽ നടത്തിയത്.

അഞ്ച് എംഎൽഎമാരെ തങ്ങളോടു ചേർത്ത് യുഡിഎഫിനെ അട്ടിമറിക്കാൻ എൽഡിഎഫ് ശ്രമിച്ചെന്നും അതുകൊണ്ട് ഘടകകക്ഷികൾക്കുമേൽ സ്‌പെഷ്യൽ ബ്രാഞ്ച് നിരീക്ഷണമുണ്ടെന്നുമാണ് തങ്കച്ചൻ വെളിപ്പെടുത്തിയത്. അതേസമയം, ഘടകകക്ഷികളെ നിരീക്ഷിക്കുന്ന സർക്കാർ നടപടി മുന്നണിയിലെ സുഹൃത്തുക്കളെ വിശ്വാസമില്ലാത്തതിനാലാണെന്നു പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ പറഞ്ഞു.

സർക്കാരിനെ അട്ടിമറിക്കാനുള്ള നീക്കങ്ങളെ കുറിച്ച് അറിയാൻ ഘടക കക്ഷികളടക്കം എല്ലാ രാഷ്ട്രീയ പാർട്ടികളെയും സ്‌പെഷൽ ബ്രാഞ്ച് നിരീക്ഷിച്ചിരുന്നു. അത് സ്‌പെഷൽ ബ്രാഞ്ചിന്റെ കടമയാണ്. സ്‌പെഷൽ ബ്രാഞ്ച് രൂപീകരിച്ചിട്ടുള്ളതും അതിനു വേണ്ടിയാണ്. സർക്കാരിനെതിരായ അട്ടിമറി നീക്കങ്ങൾ അറിയാൻ ഇത്തരം പരിശോധനകൾ സ്വാഭാവികമായും സഹായിക്കുമെന്നും തങ്കച്ചൻ പറഞ്ഞു.

യുഡിഎഫ് വിട്ട് ഒരു ഘടകകക്ഷിയും പോകില്ല. പരനാറി എന്ന് വിളിച്ച പിണറായി വിജയന്റെ അടുത്തേക്ക് അന്തസുള്ളവർ പോകുമോ. എൽഡിഎഫ് - ആർഎസ്‌പി ചർച്ചകൾ നടക്കുന്നുണ്ടോ എന്നറിയില്ല. ജെഡിയു യുഡിഎഫ് വിട്ടു പോകില്ല. ഈ സർക്കാരിന്റെ കാലാവധി തീരുംവരെ അവരുണ്ടാകുമെന്നും തങ്കച്ചൻ പറഞ്ഞു. കെ എം മാണിക്ക് സിപിഐഎം മുഖ്യമന്ത്രിപദം പോലും വാഗ്ദാനം ചെയ്തിരുന്നതായും ഈ കാര്യങ്ങെളാന്നും അവർ നിഷേധിച്ചിട്ടില്ലെന്നും തങ്കച്ചൻ പറഞ്ഞു.

അതേസമയം തങ്കച്ചന്റെ വെളിപ്പെടുത്തലിനെതിരെ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ രംഗത്തെത്തി. ജെഡിയു, ആർഎസ്‌പി തുടങ്ങിയ കക്ഷികളെ നിരീക്ഷിച്ചത് ശരിയായില്ലെന്ന് വി എസ് കുറ്റപ്പെടുത്തി. ഘടകകക്ഷികൾ പൊലീസിന്റെ രഹസ്യ നിരീക്ഷണത്തിലാണെന്ന യുഡിഎഫ് കൺവീനർ പി പി തങ്കച്ചന്റെ പ്രസ്താവന ഘടകകക്ഷികളെ വിശ്വാസമില്ലാത്തതുകൊണ്ടും സംശയത്തോടെ വീക്ഷിക്കുന്നതുകൊണ്ടുമാണ്. പ്രസ്താവന സംബന്ധിച്ച് മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും പ്രതികരിക്കണം. ഇത് അത്യന്തം ഗുരുതരമായ കാര്യമാണ്. അതിനേക്കാൾ ഗൗരവതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നതാണ് ഈ നടപടി.

നേരത്തെ ഗവൺമെന്റ് ചീഫ് വിപ്പായിരുന്ന പി സി ജോർജ്, അദ്ദേഹത്തിന്റെ ഫോൺ സർക്കാർ ടാപ്പു ചെയ്യുന്നുണ്ടെന്ന് പരസ്യമായി പറഞ്ഞതാണ്. അന്ന് ഇതേപ്പറ്റി നിയമസഭയിൽ സബ്മിഷൻ ഉന്നയിച്ചപ്പോൾ വ്യക്തമായ മറുപടി പറയാതെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അങ്ങനെയൊന്നില്ലെന്ന് ഒഴുക്കൻ മട്ടിൽ പറഞ്ഞു രക്ഷപ്പെടുകയായിരുന്നു.

ഇന്നിപ്പോൾ തങ്കച്ചന്റെ വെളിപ്പെടുത്തൽ വന്നതോടെ ഘടകകക്ഷികളുടെ നീക്കങ്ങൾ രഹസ്യമായി യുഡിഎഫ് നേതൃത്വം നിരീക്ഷിക്കുന്ന കാര്യം സ്ഥിരീകരിക്കപ്പെട്ടിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതൃത്വവും മുഖ്യമന്ത്രിയും മറുപടി പറയേണ്ടതുണ്ട്. ഇക്കാര്യത്തിൽ ആർഎസ്‌പിയും ജനതാദൾ യുണൈറ്റഡും അടക്കമുള്ള യുഡിഎഫ് ഘടകകക്ഷികളും നിലപാട് വ്യക്തമാകണം.

ആഭ്യന്തര മന്ത്രിക്ക് മാത്രം അറിയാവുന്ന സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് എങ്ങനെ പി പി തങ്കച്ചന് ലഭിച്ചുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ചോദിച്ചു. യുഡിഎഫിന് ഘടകകക്ഷികൾക്കുമേലുള്ള വിശ്വാസം നഷ്ടപ്പെട്ടതിന് തെളിവാണിതെന്നും അദ്ദേഹം ആരോപിച്ചു.

എന്നാൽ ഘടകകക്ഷികളെ ഇന്റലിജൻസ് നിരീക്ഷിച്ചുവെന്ന പ്രസ്താവന തിരുത്തി യുഡിഎഫ് കൺവീനർ പി.പി.തങ്കച്ചൻ പിന്നീട് രംഗത്തെത്തി. ഘടകകക്ഷികളെ ഇന്റലിജൻസ് നിരീക്ഷിക്കുന്നുവെന്ന് പറഞ്ഞിട്ടില്ലെന്ന് തങ്കച്ചൻ പറഞ്ഞു. തന്റെ പ്രസ്താവന ദുർവ്യാഖ്യാനം ചെയ്യുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

വിഷു പ്രമാണിച്ച് നാളെ (15.4.2015) ഓഫീസിന് അവധിയായതിനാൽ മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല. വായനക്കാർക്ക് വിഷു ആശംസകൾ-എഡിറ്റർ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP