Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

'വെറുപ്പിന്റെ രാഷ്ട്രീയം പ്രചരിപ്പിക്കുവാൻ അൾത്താര ഉപയോഗിക്കരുത്; മതേതരത്വം അതിവേഗം തകർക്കപ്പെടുന്ന ഒരുകാലത്ത് അതിന് ആക്കം കൂട്ടുന്ന പ്രസ്താവനകൾ ഒഴിവാക്കണം'; പാലാ ബിഷപ്പിന്റെ പരാമർശത്തിനെതിരെ ഗീവർഗീസ് മാർ കൂറിലോസ്

'വെറുപ്പിന്റെ രാഷ്ട്രീയം പ്രചരിപ്പിക്കുവാൻ അൾത്താര ഉപയോഗിക്കരുത്; മതേതരത്വം അതിവേഗം തകർക്കപ്പെടുന്ന ഒരുകാലത്ത് അതിന് ആക്കം കൂട്ടുന്ന പ്രസ്താവനകൾ ഒഴിവാക്കണം'; പാലാ ബിഷപ്പിന്റെ പരാമർശത്തിനെതിരെ ഗീവർഗീസ് മാർ കൂറിലോസ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവല്ല: പെൺകുട്ടികളെ വശത്താക്കുക എന്ന ലക്ഷ്യത്തോടെ ലൗ ജിഹാദും നാർക്കോട്ടിക് ജിഹാദും കേരളത്തിൽ നടക്കുന്നതായുള്ള പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ പരാമർശത്തിനെതിരെ യാക്കോബായ സഭാ നിരണം ഭദ്രാസനാധിപൻ ബിഷപ്പ് ഗീവർഗീസ് മാർ കൂറിലോസ്.

അൾത്താരയും ആരാധനയും വെറുപ്പിന്റെ രാഷ്ട്രീയം പ്രസംഗിക്കുവാനും പ്രചരിപ്പിക്കുവാനും ആരും ഉപയോഗിക്കരുത്. സുവിശേഷം സ്‌നേഹത്തിന്റെതാണെന്നും വിദ്വേഷത്തിന്റേതല്ലെന്നും അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചു.

മതേതരത്വം അതിവേഗം തകർക്കപ്പെടുന്ന ഒരുകാലത്ത് അതിന് ആക്കം കൂട്ടുന്ന പ്രസ്താവനകൾ ഉത്തരവാദിത്തപ്പെട്ടവർ ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ലൗ ജിഹാദിനൊപ്പമാണ് നർക്കോട്ടിക് ജിഹാദും കേരളത്തിലുണ്ടെന്നായിരുന്നു പാലാ ബിഷപ്പ് പറഞ്ഞത്. ആയുധം ഉപയോഗിക്കാനാവാത്ത സ്ഥലങ്ങളിൽ ഇത്തരം മാർഗ്ഗങ്ങൾ ഉപയോഗിക്കുന്ന അവസ്ഥയാണ്.

മുസ്ലീങ്ങൾ അല്ലാത്തവർ ഇല്ലാതാകണമെന്നാണ് ജിഹാദി ഗ്രൂപ്പുകളുടെ ലക്ഷ്യം. ഇതര മതസ്ഥരായ യുവതികൾ ഐഎസ് ക്യാമ്പിൽ എങ്ങനെ എത്തിയെന്ന് പരിശോധിച്ചാൽ ഇക്കാര്യങ്ങൾ മനസിലാകുമെന്നും പാലാ ബിഷപ്പ് പറഞ്ഞു. വലിയ വിമർശനമാണ് ബിഷിപ്പിന്റെ പ്രസ്താവനക്കെതിരെ ഉയർന്നു വന്നിട്ടുള്ളത്.

ഇന്നത്തെ വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രിയും പാലാ ബിഷപ്പിന്റെ പ്രസ്താവനയെ എതിർത്തിരുന്നു. ഉത്തരവാദിത്തപ്പെട്ട സ്ഥനത്ത് ഇരിക്കുന്നവർ ഇത്തരം പ്രശ്‌നം കൈകാര്യം ചെയ്യുമ്പോൾ ഏതെങ്കിലും തരത്തിലുള്ള മതപരമായ വേർതിരിവ് ഉണ്ടാകാതിരിക്കാനും അനാവശ്യമായ ചേരികൾ സൃഷ്ടിക്കാതിരിക്കാനും അങ്ങേയറ്റം ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

'നാർക്കോട്ടിക് ഏതെങ്കിലും ഒരു മതത്തെ ബാധിക്കുന്നതല്ല. സമൂഹത്തെയാകെ ബാധിക്കുന്നതാണ്. അതിനെതിരെ സർക്കാർ ബോധവാന്മാരാണ്,' അദ്ദേഹം പറഞ്ഞു. നാർക്കോട്ടികിന് ഏതെങ്കിലും മതത്തിന്റെ നിറമില്ലെന്നും അതിന് സാമൂഹിക വിരുദ്ധതയുടെ നിറം മാത്രമാണുള്ളതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. പാലാ ബിഷപ്പ് എന്താണ് പറയാൻ ഉദ്ദേശിച്ചതെന്ന് വ്യക്തമല്ലെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിൽ ക്രിസ്ത്യൻ യുവാക്കൾക്കെതിരെ ലൗ ജിഹാദിനൊപ്പം നാർക്കോട്ടിക്‌സ് ജിഹാദും നടക്കുന്നുവെന്നായിരുന്നു കഴിഞ്ഞ ദിവസം പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞത്. ചെറിയ പ്രായത്തിൽ തന്നെ മറ്റു മതത്തിലെ കുട്ടികളെ വശത്താക്കുക എന്ന ലക്ഷ്യത്തോടെയാണ് നാർകോട്ടിക്‌സ് ജിഹാദ് നടക്കുന്നതെന്നും ഇതിന് സഹായം നൽകുന്ന ഒരു വിഭാഗം കേരളത്തിലുണ്ടെന്നുമായിരുന്നു ജോസഫ് കല്ലറങ്ങാട്ടിന്റെ പരാമർശം.

മുസ്ലിങ്ങളല്ലാത്തവരെ നശിപ്പിക്കണമെന്നും മതവ്യാപനം നടത്തണമെന്നുമുള്ള ലക്ഷ്യത്തോടെയുള്ള ജിഹാദിന് കേരളത്തിൽ നിലവിൽ ഉപയോഗിക്കുന്ന പ്രധാന മാർഗങ്ങളാണ് ലൗ ജിഹാദും നാർകോട്ടിക്‌സ് ജിഹാദുമെന്നാണ് ജോസഫ് കല്ലറങ്ങോട്ട് പറയുന്നത്. കേരളത്തിൽ ആയുധങ്ങൾ ഉപയോഗിച്ച് കാര്യങ്ങൾ നടക്കില്ലെന്ന് മനസിലായപ്പോഴാണ് ഇത്തരം മാർഗങ്ങൾ നടപ്പിലാക്കാൻ തുടങ്ങിയതെന്നും ബിഷപ്പ് പറഞ്ഞു. എട്ട് നോമ്പിനടുബന്ധിച്ച് കുറുവിലങ്ങാട് പള്ളിയിൽ വെച്ചു നടത്തിയ പ്രസംഗത്തിനിടയിലാണ് ബിഷപ്പിന്റെ വിവാദ പ്രസ്താവന.

കത്തോലിക്ക യുവാക്കളിൽ മയക്കുമരുന്ന് ഉപയോഗം വ്യാപകമാക്കാൻ ഗൂഢനീക്കങ്ങൾ നടക്കുന്നുണ്ടെന്നാണ് ബിഷപ്പ് പറയുന്നത്. കോളേജുകളെയും സ്‌കൂളുകളെയും കേന്ദ്രീകരിച്ചാണ് ഇത്തരം പ്രവർത്തനങ്ങൾ നടക്കുന്നതെന്നും പ്രസംഗത്തിൽ പറയുന്നുണ്ട്. ലൗ ജിഹാദില്ലെന്ന് സ്ഥാപിക്കാൻ ശ്രമിക്കുന്നത് കണ്ണടച്ച് ഇരുട്ടാക്കുന്നതിന് തുല്യമാണെന്നും ഇത്തരക്കാർക്ക് മറ്റു താൽപര്യങ്ങളുണ്ടെന്നും ബിഷപ്പ് കൂട്ടിച്ചേർത്തു. മുസ്ലിം ആശയങ്ങൾ അടിച്ചേൽപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഹലാൽ വിവാദം പോലുള്ള സംഭവങ്ങളെന്നും ഇത്തരത്തിൽ വിവിധ ശ്രമങ്ങൾ നടക്കുന്ന സാഹചര്യത്തിൽ കത്തോലിക്ക കുടുംബങ്ങൾ കരുതിയിരിക്കണമെന്നും ജോസഫ് കല്ലറങ്ങാട്ട് പറയുന്നു.

മുൻ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയുടെ കേരളത്തിൽ ജിഹാദി സ്ലീപ്പർ സെല്ലുകളുണ്ടെന്ന പ്രസ്താവനയും കല്ലറങ്ങാട്ട് പരാമർശിക്കുന്നുണ്ട്. അതേസമയം പാലാ ബിഷപ്പിനെതിരെ മതസ്പർധ വളർത്താൻ ശ്രമിക്കുന്നുവെന്നാരോപിച്ച് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഡൽഹി സർവകലാശാലയിലെ നിയമവിദ്യാർത്ഥിയും എം.എസ്.എഫ് ഡൽഹി വൈസ് പ്രസിഡന്റുമായ അഫ്സൽ യൂസഫാണ് പരാതിക്കാരൻ. തൃശ്ശൂർ പൊലീസിലാണ് പരാതി നൽകിയിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP