Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202025Wednesday

പ്രായത്തിന്റെ ആകുലതയും അസുഖത്തിന്റെ അവശതയും മുഖത്ത് നിറച്ച് ബാലകൃഷ്ണ പിള്ള വീണ്ടും മാധ്യമങ്ങൾക്ക് മുമ്പിൽ; കേരളാ കോൺഗ്രസ് ബി ഇടതിൽ ഉറച്ചു നിൽക്കുമെന്നും പ്രഖ്യാപനം; യുഡിഎഫ് നേതൃത്വവുമായുള്ള ചർച്ച ഗൂഢാലോചനയുടെ ഭാഗമെന്ന് കെബി ഗണേശ് കുമാറും; മുനീർ വീട്ടിൽ വന്നത് മുതിർന്ന നേതാവെന്ന നിലയിൽ അച്ഛനെ കാണാൻ മാത്രമെന്നും ഗണേശിന്റെ പ്രതികരണം; യുഡിഎഫിലെത്താനുള്ള നീക്കത്തിന് ഉമ്മൻ ചാണ്ടി ഉടക്കിട്ടതോടെ അച്ഛനെ ഇറക്കി ഇടതു രാഷ്ട്രീയം കളിച്ച് പത്തനാപുരം എംഎൽഎ

പ്രായത്തിന്റെ ആകുലതയും അസുഖത്തിന്റെ അവശതയും മുഖത്ത് നിറച്ച് ബാലകൃഷ്ണ പിള്ള വീണ്ടും മാധ്യമങ്ങൾക്ക് മുമ്പിൽ; കേരളാ കോൺഗ്രസ് ബി ഇടതിൽ ഉറച്ചു നിൽക്കുമെന്നും പ്രഖ്യാപനം; യുഡിഎഫ് നേതൃത്വവുമായുള്ള ചർച്ച ഗൂഢാലോചനയുടെ ഭാഗമെന്ന് കെബി ഗണേശ് കുമാറും; മുനീർ വീട്ടിൽ വന്നത് മുതിർന്ന നേതാവെന്ന നിലയിൽ അച്ഛനെ കാണാൻ മാത്രമെന്നും ഗണേശിന്റെ പ്രതികരണം; യുഡിഎഫിലെത്താനുള്ള നീക്കത്തിന് ഉമ്മൻ ചാണ്ടി ഉടക്കിട്ടതോടെ അച്ഛനെ ഇറക്കി ഇടതു രാഷ്ട്രീയം കളിച്ച് പത്തനാപുരം എംഎൽഎ

മറുനാടൻ മലയാളി ബ്യൂറോ

കൊട്ടരക്കര; പ്രായാധിക്യവും അസുഖവും നൽകുന്ന ആലസ്യത്തിനിടെയിലും വീണ്ടും കേരളാ കോൺഗ്രസ് ബി ചെയർമാൻ ആർ ബാലകൃഷ്ണ പിള്ള മാധ്യമങ്ങൾക്ക് മുമ്പിലെത്തി. പത്തനാപുരം എംഎൽഎയയായ കെബി ഗണേശ് കുമാറിനൊപ്പമായിരുന്നു മാധ്യമങ്ങളെ കാണൽ. പിണറായി സർക്കാരിനും ഇടതു മുന്നണിക്കും ഉറച്ച പിന്തുണ നൽകി ബാലാകൃഷ്ണ പിള്ള രാഷ്ട്രീയം പറഞ്ഞു. ഇടതു പക്ഷത്തു നിന്ന് ഗണേശ് കുമാർ വലതുപക്ഷത്തേക്ക് ചേക്കേറാൻ ശ്രമിക്കുന്നുവെന്ന വാർത്തകൾ സജീവമായിരുന്നു. ഇതെല്ലാം ബാലകൃഷ്ണ പിള്ള തള്ളിക്കളഞ്ഞു. താൻ ഇടതുപക്ഷത്ത് നിലയറുപ്പിക്കുമെന്ന് ഗണേശും അടിവരയിട്ട് പറഞ്ഞു.

യുഡിഎഫിലെത്താൻ ഒരു നേതാവുമായി ഗണേശ് രഹസ്യ ചർച്ച നടത്തിയെന്നായിരുന്നു വാർത്ത. അച്ഛൻ വീട്ടിൽ വിശ്രമത്തിലായ സാഹചര്യത്തിലാണ് ഇതെന്നും റിപ്പോർട്ടുകളെത്തി. ഇതിനിടെയാണ് ഗണേശിനെ ഒരു കാരണവശാലും മുന്നണിയിൽ എടുക്കാനാകില്ലെന്ന നിലപാട് ഉമ്മൻ ചാണ്ടി എടുത്തത്. സോളാറിൽ തന്നെ കുടുക്കിയത് ഗണേശാണെന്നും അതിനാൽ യുഡിഎഫിൽ എടുക്കാനാകില്ലെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. ഇതോടെ യുഡിഎഫിലേക്കുള്ള സാധ്യത അടഞ്ഞു. ഈ സാഹചര്യത്തിലാണ് അച്ഛനെ പത്ര സമ്മേളനത്തിന് എത്തിച്ച് ഇടതു പക്ഷത്തിനൊപ്പമാണ് താനെന്ന് ഗണേശ് പ്രഖ്യാപിച്ചത്. ഉമ്മൻ ചാണ്ടിക്കെതിരെ ഒളിയമ്പുകളും നിറച്ചു. തനിക്ക് മന്ത്രിപദത്തോട് മോഹമില്ലെന്നും രണ്ടു തവണ സ്വന്തം ഇഷ്ടപ്രകാരം രാജിവച്ച ആളാണ് താനെന്നും ഗണേശ് പറഞ്ഞു. രണ്ടാമത്തെ തവണ സ്വന്തം കൈപ്പടയിൽ രാജി എഴുതി നൽകി. ഉമ്മൻ ചാണ്ടി വാങ്ങിയില്ല. പിന്നെ മടിയിൽ വച്ചു. അതിന് ശേഷമായിരുന്നു മന്ത്രി പദത്തിൽ നിന്ന് ചില നാടകങ്ങൾ എല്ലാം ഉണ്ടാക്കി ഒഴിവാക്കിയത് എന്ന കുറ്റപ്പെടുത്തലും ഗണേശ് കുമാർ നടത്തി.

ഒരു ചർച്ചയും നടന്നില്ലെന്ന് പറഞ്ഞ് മറുനാടൻ മലയാളിയെ പരിഹസിക്കാനും ബാലകൃഷ്ണ പിള്ള പറഞ്ഞു. അതിന് ശേഷം മുസ്ലിം ലീഗ് നേതാവ് കെ എം മുനീർ രണ്ട് ദിവസം മുമ്പ് വീട്ടിൽ വന്നിരുന്നുവെന്നും അത് മുതിർന്ന നേതാവായ അച്ഛനെ കാണാനാണെന്നും ഗണേശ് കുമാർ വിശദീകരിച്ചു. ആരുമായും താൻ ചർച്ച നടത്തിയില്ല. ഇത് കേരളാ കോൺഗ്രസ് ബിയെ തകർക്കാനുള്ള രാഷ്ട്രീയ ഗൂഢാലോചനയാണ്. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കേരളാ കോൺഗ്രസ് ബിക്ക് കിട്ടുന്ന സ്ഥാനങ്ങൾ ഇല്ലാതാക്കാനുള്ള കളി. മന്ത്രിയാകണമെന്ന ആഗ്രഹം എനിക്കില്ല. മന്ത്രിയെ വേണമെന്ന് ഇടതുപക്ഷത്തോട് ആവശ്യപ്പെട്ടിട്ടുമില്ല. കോവിഡിനെ പ്രതിരോധിക്കുന്നതിൽ മാതൃക കാട്ടിയ പിണറായിയെ പുകഴ്‌ത്താനും അച്ഛനും മകനും മറന്നില്ല. ഇതോടെ ഇടതുപക്ഷത്ത് ഉറച്ചു നിൽക്കുമെന്ന സന്ദേശം ഗണേശ് കുമാർ നൽകുകയാണ്. പാർട്ടി ചെയർമാൻ പറയുന്നത് അംഗീകരിക്കുമെന്നും ഗണേശ് കൂട്ടിച്ചേർത്തു.

കെബി ഗണേശ് കുമാറിനെ യുഡിഎഫിൽ എടുക്കാനുള്ള നീക്കങ്ങളെ എതിർക്കുമെന്ന് വ്യക്തമാക്കി ഉമ്മൻ ചാണ്ടി രംഗത്ത് വന്നിരുന്നു. സോളാർ കേസാണ് യുഡിഎഫിന് ഭരണ തുടർച്ച നഷ്ടമാക്കിയത്. സോളാറിലെ വിവാദങ്ങളിൽ സരിത എസ് നായരെ നിയന്ത്രിച്ചത് ഗണേശ് കുമാറായിരുന്നു. ഈ സാഹചര്യം എല്ലാവർക്കും അറിയാം. അതുകൊണ്ട് തന്നെ യുഡിഎഫിലേക്ക് ഗണേശിനെ മടക്കി കൊണ്ടു വരാൻ സമ്മതിക്കില്ലെന്നാണ് ഉമ്മൻ ചാണ്ടിയുടെ നിലപാട്. ഇതോടെ യുഡിഎഫ് മോഹങ്ങൾ അടയുകയാണ്. പത്തനാപുരത്തെ എംഎൽഎയാണ് ഗണേശ്. ഇടത് സ്വതന്ത്രനായാണ് കഴിഞ്ഞ തവണ ജയിച്ചത്. എന്നാൽ പിണറായി സർക്കാരിൽ മന്ത്രിസ്ഥാനം കിട്ടിയില്ല. ഈ സാഹചര്യത്തിലാണ് പതിയെ യുഡിഎഫിലേക്ക് കൂടുമാറാൻ ഗണേശ് ശ്രമിച്ചത്. ഇതിനെയാണ് ഉമ്മൻ ചാണ്ടി തകർക്കുന്നത്. ഇതോടെയാണ് ഇടതുപക്ഷത്തിന് പിന്തുണ പ്രഖ്യാപിച്ച് ഗണേശ് കുമാർ എത്തിയത്.

മുസ്ലിം ലീഗും ഉമ്മൻ ചാണ്ടിക്കൊപ്പമാണ് ഈ വിഷയത്തിൽ എന്ന സൂചന കിട്ടികഴിഞ്ഞു. മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിയാണ് ഉമ്മൻ ചാണ്ടിക്കൊപ്പം. ആരും ഇനി ഗണേശുമായി ചർച്ചയ്ക്ക് ശ്രമിക്കരുതെന്ന് നേതാക്കൾക്ക് കുഞ്ഞാലിക്കുട്ടി നിർദ്ദേശം നൽകിയിട്ടുണ്ട്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമായി ഗണേശ് ആശയവിനിമയത്തിന് ശ്രമിച്ചിരുന്നു. ഈ നീക്കത്തിനോട് ചെന്നിത്തലയ്ക്ക് താൽപ്പര്യവും ഉണ്ടായിരുന്നു. കേരളാ കോൺഗ്രസബ് ബിക്ക് മത്സരിക്കാൻ പത്താനാപുരം മാത്രമേ നൽകൂവെന്നതായിരുന്നു ചെന്നിത്തല മുമ്പോട്ട് വച്ച നിബന്ധന. ഇത് അംഗീകരിക്കാൻ ഗണേശും സമ്മതം കാട്ടി. കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന് ഇക്കാര്യത്തിൽ വ്യക്തമായ നിലപാട് ഇല്ലായിരുന്നു. ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും അംഗീകരിച്ചാൽ എതിർപ്പില്ലെന്നതായിരുന്നു പക്ഷം. ഇതിനിടെയാണ് സോളാറിലെ വില്ലനെ വീണ്ടും യുഡിഎഫിൽ എടുക്കാനാവില്ലെന്ന നിലപാട് ഉമ്മൻ ചാണ്ടി എടുത്തത്.

കേരള കോൺഗ്രസി(ബി)യെ യുഡിഎഫിൽ കൊണ്ടു വരുന്നതിനുള്ള ശ്രമം ആരംഭിച്ചതു കെപിസിസി നേതൃത്വത്തിന്റെ അറിവില്ലാതെയായിരുന്നു. ഇക്കാര്യത്തിൽ മുന്നണിയിലും കോൺഗ്രസിലുമുള്ള അസ്വാരസ്യങ്ങൾ പുറത്താവുകയും ചെയ്തു. കെ.ബി ഗണേശ്‌കുമാർ എംഎൽഎയെ തിരികെ കൊണ്ടുവരാനുള്ള നീക്കത്തിനെതിരെ പത്തനാപുരത്തു കോൺഗ്രസ് നേതാക്കളിൽ പലരും രംഗത്തെത്തി. വിഷയം യുഡിഎഫിൽ ചർച്ച ചെയ്തു പ്രാദേശിക നിലപാട് നേതൃത്വത്തെ അറിയിക്കണമെന്ന ആവശ്യത്തെതുടർന്നു യുഡിഎഫ് പത്തനാപുരം നിയോജക മണ്ഡലം കമ്മിറ്റി 15 നു യോഗം ചേരും. കെപിസിസി ജനറൽ സെക്രട്ടറി, 3 കെപിസിസി നിർവാഹക സമിതിയംഗങ്ങൾ, 3 ഡിസിസി ഭാരവാഹികൾ, 2 ബ്ലോക്ക് പ്രസിഡന്റുമാർ എന്നിവരാണു പത്തനാപുരം മണ്ഡലത്തിൽ കോൺഗ്രസിനുള്ളത്.

കേരള കോൺഗ്രസ് യുഡിഎഫിൽ തിരികെ പ്രവേശിക്കാൻ നടത്തിയ നീക്കത്തെക്കുറിച്ചു കോൺഗ്രസിന്റെ ഔദ്യോഗിക വേദികളിൽ ചർച്ച നടന്നില്ലെങ്കിലും യുഡിഎഫ് നേതൃത്വത്തിലെ പ്രമുഖർക്ക് ഇതറിയാമായിരുന്നു. രണ്ടു മൂന്നു മാസമായി അനൗദ്യോഗിക ചർച്ചകൾ നടന്നുവരികയായിരുന്നു. മുസ്ലിംലീഗ് നേതൃത്വത്തിലെ ചിലരുമായും ചർച്ച നടത്തിയിട്ടുണ്ട്. കേരള കോൺഗ്രസി(ബി)നെ യുഡിഎഫ് ഘടകകക്ഷിയായി തിരികെ പ്രവേശിപ്പിക്കാൻ പാടില്ലെന്ന നിലപാട് ആർഎസ്‌പി നേതാക്കൾ യുഡിഎഫ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെങ്കിലും ഔദ്യോഗിക നിലപാട് സ്വീകരിക്കാൻ അടുത്ത ദിവസം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചേരും. ഇതെല്ലാം മനസ്സിലാക്കിയാണ് ബാലകൃഷ്ണ പിള്ളയുടെ പത്രസമ്മേളനം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP