Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

വിഎസിനെ വിമർശിച്ച ജി സുധാകരനെ ബഹിഷ്‌ക്കരിക്കാൻ ആഹ്വാനം ചെയ്ത് അമ്പലപ്പുഴയിൽ പോസ്റ്ററുകൾ; പന്തികേട് മണത്ത എംഎൽഎ താൻ വിമർശിച്ചിട്ടില്ലെന്ന് പറഞ്ഞ് രംഗത്ത്

വിഎസിനെ വിമർശിച്ച ജി സുധാകരനെ ബഹിഷ്‌ക്കരിക്കാൻ ആഹ്വാനം ചെയ്ത് അമ്പലപ്പുഴയിൽ പോസ്റ്ററുകൾ; പന്തികേട് മണത്ത എംഎൽഎ താൻ വിമർശിച്ചിട്ടില്ലെന്ന് പറഞ്ഞ് രംഗത്ത്

ആലപ്പുഴ: പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനെ താൻ വിമർശിച്ചിട്ടില്ലെന്ന് സിപിഐ(എം) നേതാവ് ജി സുധാകരൻ എംഎൽഎ പറഞ്ഞു. ദൗർഭാഗ്യകരമായ ഒരു സംഭവം ചൂണ്ടിക്കാട്ടുകയാണ് താൻ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. വി.എസിന്റെ തണലിൽ അല്ല താൻ എംഎ‍ൽഎ ആയതെന്നും

ചിലരുടെ താത്പര്യങ്ങൾക്ക് വി എസ് വഴങ്ങുകയാണെന്നും സുധാകരൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. വി.എസിന്റെ അടുക്കൽ കൊതിയും നുണയും ഏഷണിയും പറയാൻ താൻ പോയിട്ടുമില്ലെന്ന് കഴിഞ്ഞ ദിവസം സുധാകരൻ പറഞ്ഞിരുന്നു. സുധാകരന്റെ പരാമർശത്തിനെതിരേ അമ്പലപ്പുഴയിൽ പോസ്റ്റർ കാണപ്പെടുകയും ചെയ്തിരുന്നു. ഇതേ തുടർന്നാണ് ഇപ്പോൾ സുധാകരൻ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്.

അമ്പലപ്പുഴയിൽ ചിലയിടങ്ങളിലാണ് സുധാകരനെതിരെ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. വി.എസിനെ ആക്ഷേപിച്ച സുധാകരനെ ഒറ്റപ്പെടുത്തണമെന്നാണ് പോസ്റ്ററുകളിലെ വാചകം. ഇന്നലെ വിഎസിന്റെ കുടുംബവീടിന് അടുത്തുള്ള പുന്നപ്ര പറവൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ വികസനപദ്ധതി ഉദ്ഘാടന ചടങ്ങിൽ വി എസ്. അച്യുതാനന്ദൻ പങ്കെടുക്കാത്തതിനെതിരെയായിരുന്നു ജി സുധാകരന്റെ പ്രതിഷേധ പ്രസംഗം.

വി.എസിന്റെ കെയറോഫിൽ അല്ല താൻ പാർട്ടിയിൽ ചേർന്ന് പ്രവർത്തനം തുടങ്ങിയതെന്ന തുടക്കത്തോടെയാണ് സുധാകരൻ പറഞ്ഞുതുടങ്ങിയത്. വി.എസിന് ആത്മബന്ധമുള്ള സ്‌കൂളായതിനാൽ ഗുരുത്വം കാരണമാണ് പ്രതിപക്ഷനേതാവിനെ ക്ഷണിച്ചത്. ഒരാഴ്ചമുമ്പ് അദ്ദേഹം വരില്‌ളെന്ന് അറിയിച്ചു. ഈ ഭാഗത്തുള്ള ഒരാളാണ് വി.എസിനെ വരാതിരിക്കാൻ പ്രേരിപ്പിച്ചത്. പാർട്ടിയിൽ സ്ഥാനക്കയറ്റത്തിന് വി.എസിന്റെ കാലുതിരുമ്മാൻ പോയ ആളല്ല താൻ. ഇനി വി എസ് വിചാരിച്ചാലൊന്നും പ്രമോഷൻ കിട്ടുകയുമില്ല. വി.എസിന് മുന്നിൽ കൊതിയും നുണയും ഏഷണിയും പറയാൻ ഞാൻ പോയിട്ടില്ല. ഇതൊക്കെ പറഞ്ഞതിന്റെ പേരിൽ എന്നെ തോൽപിക്കാൻ ശ്രമിച്ചാലും വിഷമമില്ല. തെരഞ്ഞെടുപ്പിൽ നിൽക്കണമോയെന്ന് തീരുമാനിച്ചിട്ടില്ല.

അതൊക്കെ പാർട്ടിയാണ് തീരുമാനിക്കുന്നത്. വി.എസിനെ ആക്ഷേപിക്കാനോ അനാദരിക്കാനോ ചീത്തവിളിക്കാനോ ഒന്നും പോയിട്ടില്ല. പാർട്ടി സംസ്ഥാന സമ്മേളനം ആലപ്പുഴയിൽ നടന്നപ്പോൾ സംഘാടക സമിതിയുടെ ചുമതല നന്നായി നിറവേറ്റി. അപ്പോഴൊന്നും ഞാൻ വി.എസിനെ മോശപ്പെടുത്തിയിട്ടില്ല. ഇത്തരം വിഷയങ്ങൾ ഇല്ലാതിരുന്ന കാലത്തും വി.എസിന്റെ വാർഡിൽ പാർട്ടി 300 വോട്ടിന് തോറ്റിട്ടുണ്ട്. അന്ന് എന്റെ വാർഡിൽ പാർട്ടി 200 വോട്ടിന് ജയിച്ചിട്ടേയുള്ളൂ.

നിയമസഭാ തെരഞ്ഞെടുപ്പിൽ തോൽപിക്കാനായിരിക്കും ചിലരുടെ ആഗ്രഹം. നേതാവിന്റെ ഇഷ്ടാനിഷ്ടങ്ങൾ നടക്കട്ടെ സുധാകരൻ തുടർന്നു. തോറ്റാലും ഒരു വിഷമവുമില്ല. വി എസ് വലിയ നേതാവാണ്. ഇ.എം.എസ് കഴിഞ്ഞാൽ ഏറെ ബഹുമാന്യനായ നേതാവ്. അദ്ദേഹത്തോട് സ്‌നേഹവും ബഹുമാനവും എന്നുമുണ്ട്.

വി.എസിന് താൽപര്യമില്ലെന്ന് കരുതി ആത്മഹത്യക്കൊന്നും താനില്ല. വി.എസിന്റെ സമയം നോക്കിയാണ് ഉദ്ഘാടന തീയതി നിശ്ചയിച്ചത്. എന്നിട്ടും വന്നില്ല. വി.എസിന്റെ വീടിന്റെ മുന്നിലുള്ള റോഡിന്റെ കരാറുകാരൻ എന്തൊക്കെയാണ് കാണിച്ചത്. അയാൾ ഇപ്പോൾ ആ മതിൽക്കെട്ടിന് അകത്തുകാണും.

അതേസമയം, സുധാകരന്റെ വിമർശത്തോട് അക്ഷോഭ്യനായാണ് വി എസ് പ്രതികരിച്ചത്. അയാൾ എന്നെ സമീപിക്കുകയോ ക്ഷണിക്കുകയോ ചെയ്‌തോവെന്ന് നിങ്ങൾ ചോദിച്ചോ എന്നായിരുന്നു വി.എസിന്റെ പ്രതികരണം. അങ്ങനെയൊന്ന് നടന്നിട്ടില്ലെന്നും വി എസ് കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP