Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202323Saturday

ദേശാഭിമാനിയുടെ സഹസ്രകോടിയുടെ ആസ്തികൾ ഇ പി ജയരാജന്റെ പേർക്ക് എഴുതിവെച്ചു! വി എസ് - പ്രകാശ് കാരാട്ടിനെ കണ്ടു നീക്കം പൊളിച്ചു; സിപിഎം വിഭാഗീയതക്കാലത്ത് ഉണ്ടായത് അസാധാരണ നടപടികൾ; വീണ്ടും ആഞ്ഞടിച്ച് ജി ശക്തിധരൻ

ദേശാഭിമാനിയുടെ സഹസ്രകോടിയുടെ ആസ്തികൾ ഇ പി ജയരാജന്റെ പേർക്ക് എഴുതിവെച്ചു! വി എസ് - പ്രകാശ് കാരാട്ടിനെ കണ്ടു നീക്കം പൊളിച്ചു; സിപിഎം വിഭാഗീയതക്കാലത്ത് ഉണ്ടായത് അസാധാരണ നടപടികൾ; വീണ്ടും ആഞ്ഞടിച്ച് ജി ശക്തിധരൻ

എം റിജു

കോഴിക്കോട്: കൈതോലപ്പായ വിവാദത്തിന് പിന്നാലെ സിപിഎമ്മിനെ വീണ്ടും പ്രതിരോധത്തിലാക്കി ജി ശക്തിധരൻ. തിരുവനന്തപുരം മുതൽ ടൈം സ്‌ക്വയർ വരെ പ്രശസ്തനായ ഒരു സിപിഎം നേതാവ് കൈതോലപ്പായയിൽ പൊതിഞ്ഞ്, രണ്ടുകോടി മുപ്പത്തിഅയ്യായിരം രൂപ കടത്തിയെന്ന ആരോപണമുയർത്തി കേരളത്തെ ഞെട്ടിച്ച ജി ശക്തിധരൻ സിപിഎമ്മിനെതിരെ വീണ്ടുമൊരു ആരോപണവുമായി രംഗത്ത് വന്നിരിക്കയാണ്. ദേശാഭിമാനിയുടെ മുൻ അസോസിയേറ്റ് എഡിറ്റർ കൂടിയായ ശക്തിധരൻ ഇത്തവണ പറയുന്നത് സിപിഎം വിഭാഗീയതക്കാലത്തുണ്ടായ ചില അസാധാരണമായ നടപടികളാണ്. വി എസ് പക്ഷം പാർട്ടി പിടിക്കുമോ എന്ന് സംശയുള്ളതിനാൽ, ദേശാഭിമാനിയുടെ സഹസ്രകോടി വരുന്ന ആസ്തികൾ ഇ പി ജയരാജന്റെ പേരിലേക്ക് പാർട്ടി മാറ്റിയെന്ന് അദ്ദേഹം വെളിപ്പെടുത്തുന്നു. ഇക്കാര്യം കണ്ടുപിടിച്ച് വിഎസിനെ അറിയിച്ചപ്പോൾ, അദ്ദേഹം പാർട്ടി ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ടിനെ വിവരം അറിയിച്ചു. അപ്പോഴാണ് ഇത് തിരിച്ച് പാർട്ടിയുടെ പേരിൽ ആക്കിയ രേഖകൾ പ്രത്യക്ഷപ്പെടുന്നത് എന്നും ശക്തിധരൻ പറയുന്നു.

ഇപ്പോൾ സിപിഎം വിമതരുടെ സംഘടനയായ ജനശക്തിവാരികയുടെ എഡിറ്റായ ജി ശക്തിധരൻ, പുതിയ ഫേസ്‌ബുക്ക് പോസ്റ്റിലും സിപിഎമ്മിനെതിരെ ആഞ്ഞടിക്കയാണ്. ''പാർട്ടിയിൽ നിന്ന് ലെവി വഴിയുള്ള ഭീമൻ വരുമാനം വർഷങ്ങളായി ചെന്നെത്തുന്നത് ചില ദേശവൽകൃത ബാങ്കുകളിലും സ്വകാര്യ മ്യൂച്ചൽ ഫണ്ടുകളിലും പ്രൈവറ്റ് മുതൽമുടക്കിലുമാണ്. ഏറെക്കുറെ മുതൽ മുടക്കിൽ, ക്രൈസ്തവ സഭകളും സിപിഎമ്മും സമാന്തരമായാണ് നീങ്ങുന്നത്. പിണറായി വിജയന്റെ നേതൃത്വത്തിൽ പാർട്ടിയിൽ അതീവ രഹസ്യമായ ധൂഷിത വലയമുണ്ട്. അതിന്റെ താക്കോൽ ഒറ്റയാളിന്റെ കൈകളിലാണ്. അമ്പരപ്പിക്കുന്ന ക്രയവിക്രയമാണ് അതിലൂടെ നടക്കുന്നത്.''- ശക്തിധരൻ തന്റെ പോസ്റ്റിൽ ചൂണ്ടിക്കാട്ടുന്നു.


ജി ശക്തിധരന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെ

ഇന്ത്യയിലെ ഇടതുപക്ഷ പ്രസ്ഥാനങ്ങൾ ഓരോ മണിക്കൂറിലും മരിച്ചുകൊണ്ടിരിക്കുകയാണെന്ന് ഞാൻ എഴുതിയാൽ അത് അതിശയോക്തിയാണെന്ന് എ കെ ബാലൻ പറഞ്ഞെന്നുവരും. എന്തെന്നാൽ അദ്ദേഹത്തിനാണ് പോസ്റ്റ്‌മോർട്ടം ചുമതല. മോർച്ചറിയുടെ താക്കോലും അദ്ദേഹത്തിന്റെ കയ്യിലാകും. പൊട്ടും പൊടിയും കയ്യിൽവച്ചാണ് ബാലന്റെ കളി. ബാലന് ഒരു ചുക്കും അറിയില്ല.പക്ഷെ എല്ലാം അറിയാം എന്നാണ് ഭാവം.

സിപിഎമ്മിന് വളർച്ചയുള്ളതു അതിന്റെ ഭീമാകാരമായ ആസ്തിയിൽ മാത്രമാണ്. ഈ മുതൽ കുന്നുകൂടിക്കിടക്കുന്നതു ഒരു വ്യക്തിയിലാണ്. പാർട്ടിയിൽ നിന്ന് ലെവി വഴിയുള്ള ഭീമൻ വരുമാനം വർഷങ്ങളായി ചെന്നെത്തുന്നത് ചില ദേശവൽകൃത ബാങ്കുകളിലും സ്വകാര്യ മ്യൂച്ചൽ ഫണ്ടുകളിലും പ്രൈവറ്റ് മുതൽമുടക്കിലുമാണ്. ഏറെക്കുറെ മുതൽ മുടക്കിൽ, ക്രൈസ്തവ സഭകളും സിപിഎമ്മും സമാന്തരമായാണ് നീങ്ങുന്നത്. പിണറായി വിജയന്റെ നേതൃത്വത്തിൽ പാർട്ടിയിൽ അതീവ രഹസ്യമായ ധൂഷിത വലയമുണ്ട്. അതിന്റെ താക്കോൽ ഒറ്റയാളിന്റെ കൈകളിലാണ്. അമ്പരപ്പിക്കുന്ന ക്രയവിക്രയമാണ് അതിലൂടെ നടക്കുന്നത്. റിസർവ് ബാങ്കിന് തത്തുല്യമായ സംവിധാനമാണിത്. മുമ്പ് ഇതിന്റെ ചുമതല ഇ പി ജയരാജന് ആയിരുന്നെങ്കിൽ ഇപ്പോൾ അദ്ദേഹത്തെ നാലയലത്തു അടുപ്പിക്കുന്നില്ല. ജയരാജൻ ഇത്തരത്തിലുള്ള ഏതെങ്കിലും പദവിയിൽ ഇരുന്നിട്ടും കാര്യമില്ല. ആന ചോർന്നാലും ഈ പാവം അറിയില്ല.

കൗതുകകരമായ ഞെട്ടിക്കുന്ന ഒരനുഭവം പറയാം. ഹൃദയമിടിപ്പ് കൂട്ടരുതേ ജയരാജാ. പാർട്ടിയിൽ വിഭാഗീയത ആളിക്കത്തിനിന്ന ഘട്ടത്തിൽ ദേശാഭിമാനിയുടെ സമസ്ത ആസ്തികളും കമ്പനി മുതൽ മുടക്കും ഉൾപ്പെടെ ഒറ്റപ്രമാണം ചെയ്തു ചെവിക്കു ചെവി അറിയാതെ ഇ പി ജയരാജന്റെ പേരിലാക്കിയിരുന്നു. ആരെയും വിസ്മയിപ്പിക്കുന്ന ഈ നടപടി യോടെ സഹസ്രകോടികളുടെ ഉടമ ഇ പി ജയരാജൻ ആയി. എല്ലാ കമ്പനികളും തൂത്തുവാരി ഒന്നായി ! എന്നാൽ ഈ പമ്പരവിഡ്ഢി എല്ലായിടത്തും ഒപ്പിട്ട് കൊടുത്തതല്ലാതെ, അസാധാരണമായ ഈ നടപടിയിൽ പതിയിരുന്ന അപകടമേ അറിഞ്ഞില്ല. ആർക്കും ഇത് വിശ്വസിക്കാൻ കഴിയില്ല എന്നത് സത്യം. അതിന്റെ നടപടിക്രമങ്ങൾ ക്ലിഷ്ടമായിരുന്നെങ്കിലും ഈ വ്യാജ രേഖകൾ ഒറ്റയടിക്ക് തട്ടിക്കൂട്ടി കഴിഞ്ഞിരുന്നു.

ഇതുമുഴുവൻ ചെയ്തത് ദീർഘകാലമായി കണ്ണിലെ കൃഷ്ണമണിപോലെ കാത്തുസൂക്ഷിക്കുന്ന വമ്പൻ ആഡിറ്റർ ആയിരുന്നു. ഇ എം എസിന്റെ സ്വത്തു ഇങ്ങിനെ അന്യാധീനപ്പെടുന്നതിൽ മനോവ്യഥ ഉണ്ടായിരുന്ന ആ ബ്രാഹ്മണൻ തക്കസമയത്ത് ഈ രഹസ്യം പുറത്തുവിട്ടു. ഇത്തരം തട്ടിപ്പുകൾ പുറത്തുകൊണ്ടുവരുന്നതിൽ ഒരു അപകടകാരിയുടെ റോൾ ആണ് എനിക്ക് എന്ന് ഞാൻ തന്നെ സംശയിച്ചിട്ടുണ്ട്. ജി ശക്തിധരൻ വെച്ചകാൽ പുറകോട്ട് വെക്കില്ല. സത്യം കണ്ടുപിടിക്കാൻ എന്റെ അത്ര വിരുതൻ അല്ലെങ്കിലും പാർട്ടിക്കൂറുള്ള ഒരു വമ്പൻ തുണച്ചില്ലെങ്കിൽ എനിക്ക് മുന്നോട്ടുപോകാൻ കഴിയില്ലായിരുന്നു. ബാക്കിയുള്ള കൈമാറ്റ രേഖകൾ മുഴുവൻ തപ്പിയെടുത്ത് വി എസ്സിനെ കാണിച്ചപ്പോൾ ഞെട്ടിത്തരിച്ചു പോയി വി എസ്. അത്രയും രേഖകൾ നേരിട്ടു കാണിച്ചതുകൊണ്ട് ബാക്കിയുള്ള എല്ലാ സംഗതികൾക്കും സ്വന്തം അനുയായികളെ രംഗത്തിറക്കി രേഖകൾ കീഴ്പ്പെടുത്തി. ചിലപ്പോൾ അത് ചെയ്തു സഹായിച്ചവർ ഇത് വായിച്ചു ഇപ്പോൾ ചിരിക്കുന്നുണ്ടാകും.

അവർ കൂടി അറിഞ്ഞിരിക്കാൻ ഒരു കാര്യം മാത്രം തുറന്ന് പറയട്ടെ വി എസ് അടിയന്തിരമായി ഡൽഹിക്ക് പറന്ന് ബദൽ നടപടികൾ സ്വീകരിച്ചതുകൊണ്ടാണ് പിബി തീരുമാനിച്ച തനുസരിച്ചു ബദൽ പ്രമാണങ്ങൾ ഞൊടിയിടയിൽ റെഡിയായത് .എന്തെന്നാൽ പ്രകാശ് കാരാട്ട് ഒരു വിട്ടുവീഴ്ചയ്ക്കും വഴങ്ങിയില്ല. പാർട്ടിയിൽ എന്താണ് സംഭവിക്കുന്നതെന്നതിൽ വി എസിന് ഒരു പിടിവള്ളി കൂടി.

പക്ഷെ പാർട്ടിയുടെ ഒരു മൊട്ട് സൂചിക്കുപോലും നഷ്ടമുണ്ടായില്ല. കമ്യുണിസ്റ്റ് പാർട്ടി യഥാർത്ഥ പാർട്ടിയായി നിന്നിരുന്നെങ്കിൽ ഇതിൽ ഉൾപ്പെട്ട ആരെങ്കിലും പാർട്ടിയിൽ ഏതെങ്കിലും സ്ഥാനത്തു ഉണ്ടാകുമായിരുന്നോ'. അതോ ഈ എം എസ് ബ്രാഹ്മണനായിരുന്നത് ആണോ പാർട്ടിയെ രക്ഷിച്ചത്. ബ്രാഹ്മണ ശാപം ഏൽക്കാതിരിക്കാനുള്ള മേനോൻ സാറിന്റെ പൊടിക്കൈ.
ഞാൻ കൂടുതൽ നീട്ടുന്നില്ല. അഭിനവ റിസർബാങ്കിന്റെ മേധാവിയായി ഇപ്പോ വാഴുന്ന സഖാവ് ഈ രഹസ്യം എത്ര വർഷം സഹിച്ചുവല്ലേ?'- ഇങ്ങനെയാണ് ശക്തിധരന്റെ പോസ്റ്റ് അവസാനിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP