Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ലയന യോഗം നടന്ന ഹാളിന് മുമ്പിലെത്തിയ നേതാക്കൾ പോയത് മുറിയിലേക്ക്; ഇതൊന്നും അറിയാതെ പ്രസംഗം വലിച്ചു നീട്ടിയ ഫ്രാൻസിസ് ജോർജിന്റെ ചെവിയിൽ എത്തിയതുകൊറോണ പേടി; യോഗം പിരിച്ചു വിട്ട ശേഷം ചർച്ചയായത് സൗന്ദര്യ പിണക്കം; സ്വന്തം പാർട്ടി പിരിച്ചു വിട്ട ഫ്രാൻസിസ് ജോർജ് പിണക്കം മാറ്റാൻ ഓടിയെത്തിയത് നേതാവിന്റെ പുറപ്പുഴയിലെ വീട്ടിൽ; ഏത്തപ്പഴം നൽകി കെട്ടിപ്പിടിച്ച് പഴയ ശിഷ്യനെ സ്വീകരിച്ച് പിജെ ജോസഫ്; ജനാധിപത്യ കേരളാ കോൺഗ്രസിന്റെ ലയന സമ്മേളനം കോവിഡ് 19ൽ നിറം മങ്ങിയപ്പോൾ

ലയന യോഗം നടന്ന ഹാളിന് മുമ്പിലെത്തിയ നേതാക്കൾ പോയത് മുറിയിലേക്ക്; ഇതൊന്നും അറിയാതെ പ്രസംഗം വലിച്ചു നീട്ടിയ ഫ്രാൻസിസ് ജോർജിന്റെ ചെവിയിൽ എത്തിയതുകൊറോണ പേടി; യോഗം പിരിച്ചു വിട്ട ശേഷം ചർച്ചയായത് സൗന്ദര്യ പിണക്കം; സ്വന്തം പാർട്ടി പിരിച്ചു വിട്ട ഫ്രാൻസിസ് ജോർജ് പിണക്കം മാറ്റാൻ ഓടിയെത്തിയത് നേതാവിന്റെ പുറപ്പുഴയിലെ വീട്ടിൽ; ഏത്തപ്പഴം നൽകി കെട്ടിപ്പിടിച്ച് പഴയ ശിഷ്യനെ സ്വീകരിച്ച് പിജെ ജോസഫ്; ജനാധിപത്യ കേരളാ കോൺഗ്രസിന്റെ ലയന സമ്മേളനം കോവിഡ് 19ൽ നിറം മങ്ങിയപ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

മൂവാറ്റുപുഴ: ജനാധിപത്യ കേരള കോൺഗ്രസ് ലയന സമ്മേളനത്തിന്റെ യോഗം നടന്ന ഹാളിന്റെ വാതിൽക്കൽ വരെ എത്തിയ പി.ജെ. ജോസഫും സി.എഫ്. തോമസും ഹാളിലേക്ക് കയറാതെ മുറിയിലേക്ക് പോയതിന് കാരണം കൊറോണ പേടി. ഇതോടെ വെട്ടിലായത് ജോസഫിന്റെ ശിഷ്യൻ ഫ്രാൻസിസ് ജോർജും. യോഗസ്ഥലത്തിനടുത്തെത്തിയിട്ടും ജനാധിപത്യ കേരള കോൺഗ്രസ് ലയന സമ്മേളനത്തിൽ പങ്കെടുക്കാതെ പി.ജെ. ജോസഫ് പിൻവാങ്ങിയതോടെ ലയനത്തിന്റെ നിറം മങ്ങി. സർക്കാർ പ്രഖ്യാപിച്ച കൊറോണ നിയന്ത്രണ പരിപാടിയുടെ ലംഘനമായിരുന്നു യോഗം.

പി.ജെ. ജോസഫും സി.എഫ്. തോമസും ഹാളിലേക്ക് കയറാതെ മുറിയിലേക്ക് പോയത് ഫ്രാൻസിസ് ജോർജ് അറിഞ്ഞില്ല. ജോസഫ് വരുമെന്ന ഉറപ്പിൽ പ്രസംഗം വലിച്ചുനീട്ടിയ ഫ്രാൻസിസ് ജോർജിനോട് രഹസ്യമായി നേതാക്കൾ കാര്യം പറഞ്ഞു. സർക്കാരിന്റെ നിയന്ത്രണങ്ങൾ ലംഘിച്ച യോഗത്തിലേക്ക് താനോ സി.എഫ്. തോമസോ വരില്ലെന്നും യോഗം വേഗം അവസാനിപ്പിക്കണമെന്നും പി.ജെ. ജോസഫ് അറിയിച്ചതോടെ പെട്ടെന്ന് യോഗം നിർത്തേണ്ടി വന്നു.

കോട്ടയം, പത്തനംതിട്ട തുടങ്ങി വിവിധ ജില്ലകളിൽ നിന്നെത്തിയ അഞ്ഞൂറോളം പ്രവർത്തകർ ഹാളിൽ രണ്ട് മണിക്കൂറിലേറെ ജോസഫിന്റെ വരവിനായി കാത്തിരുന്നു. ഒടുവിൽ നിരാശരായി വേഗത്തിൽ സ്ഥലംവിട്ടു. ലയന സമ്മേളനത്തിലേക്ക് വരില്ലെന്ന് ശഠിച്ച പി.ജെ. ജോസഫിനെ കാണാൻ ഫ്രാൻസിസ് ജോർജും കൂട്ടാക്കിയില്ല. യോഗം പിരിച്ചുവിട്ട ശേഷം തൊട്ടുമുകളിലെ നിലയിലെ മുറിയിലെത്തി പി.ജെ. ജോസഫിനെ കാണാതെ ഫ്രാൻസിസ് ജോർജ് പുറത്തിറങ്ങി.

മറ്റ് സംസ്ഥാന നേതാക്കളും അപ്പോൾ തന്നെ ഹോട്ടലിൽനിന്ന് പോയി. സമ്മേളനത്തിൽനിന്ന് വിട്ടുനിന്ന പി.ജെ. ജോസഫ് മാധ്യമങ്ങളെ കാണാനും കൂട്ടാക്കിയില്ല. ഫ്രാൻസിസ് ജോർജ് വൈകീട്ടോടെ പി.ജെ. ജോസഫിന്റെ പുറപ്പുഴയിലെ വീട്ടിലെത്തി കാര്യങ്ങൾ വിശദീകരിച്ചു. സംസ്ഥാന കമ്മിറ്റിക്കു ശേഷം പി.ജെ.ജോസഫിന്റെ തൊടുപുഴ പുറപ്പുഴയിലെ വസതിയിലെത്തിയ .ഫ്രാൻസിസ് ജോർജിന് ഏത്തപ്പഴം നൽകിയാണ് ജോസഫ് സ്വീകരിച്ചത്. ലയന സമ്മേളത്തിലെ പ്രമേയം ഫ്രാൻസിസ് ജോർജ്, പി.ജെ. ജോസഫിന്റെ തൊടുപുഴയിലെ വസതിയിൽ നടന്ന വാർത്താ സമ്മേളനത്തിൽ വായിച്ചു. തുടർന്ന് ഫ്രാൻസിസ് ജോർജിനെ പി.ജെ. ജോസഫ് ആലിംഗനം ചെയ്തു. യോഗത്തിനുശേഷമാണ് ഫ്രാൻസിസ് ജോർജും സംഘവും പി.ജെ ജോസഫിന്റെ വീട്ടിലെത്തിയത്. ജോണി നെല്ലൂർ, വക്കച്ചൻ മറ്റത്തിൽ, മാത്യു സ്റ്റീഫൻ, എംപി. പോളി, ജോസ് വള്ളമറ്റം, മോൻസ് ജോസഫ് എംഎൽഎ, തോമസ് ഉണ്ണിയാടൻ, ടി.യു. കുരുവിള, ജോയി ഏബ്രഹാം, ഷിബു തെക്കുപുറം, അറയ്ക്കൽ ബാലകൃഷ്ണ പിള്ള, എം.ജെ. ജേക്കബ് എന്നിവരും ജോസഫിന്റെ വീട്ടിലെത്തിയിരുന്നു.

ജോസഫ് വിഭാഗത്തിൽ ലയിക്കാനുള്ള പാർട്ടി ചെയർമാൻ കെ. ഫ്രാൻസിസ് ജോർജിന്റെ തീരുമാനത്തിനു ജനാധിപത്യ കേരളാ കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ അംഗീകാരം നേരത്തെ തന്നെ ലഭിച്ചിരുന്നു. ഇന്നലെ മൂവാറ്റുപുഴയിൽ നടന്ന യോഗത്തിൽ പാർട്ടിയുടെ ഭൂരിപക്ഷം സംസ്ഥാന ഭാരവാഹികളും ജില്ലാ പ്രസിഡന്റുമാരും സംബന്ധിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ഏലിയാസ് സ്‌കറിയ അവതാരകനും സെക്രട്ടറി ആന്റണി ആലഞ്ചേരി അനുവാദകനുമായാണ് പ്രമേയം അവതരിപ്പിച്ചത്.

ഇതോടെ ജനാധിപത്യ കേരളാ കോൺഗ്രസ് പിരിച്ചുവിട്ടതായും പി.ജെ. ജോസഫും സി.എഫ്. തോമസും നേതൃത്വം നൽകുന്ന കേരളാ കോൺഗ്രസിന്റെ ഭാഗമായിരിക്കും ഇനി പാർട്ടിയെന്നും ചെയർമാൻ ഫ്രാൻസിസ് ജോർജ് വ്യക്തമാക്കി. പാർട്ടി പിരിച്ചുവിട്ട വിവരം രേഖാമൂലം തെരഞ്ഞെടുപ്പ് കമ്മിഷനെ അറിയിക്കും. ഭൂരിപക്ഷം പാർട്ടി പ്രവർത്തകരും നേതാക്കളും ലയനത്തെ അംഗീകരിച്ചുവെന്നും ചെയർമാൻ കൂട്ടിച്ചേർത്തു. എന്നാൽ, ഇടതുമുന്നണിയുമായി സഹകരിക്കുമെന്നു പ്രഖ്യാപിച്ച മുൻ എംഎ‍ൽഎ മാരായ ആന്റണി രാജു, കെ.സി. ജോസഫ് എന്നിവരും ഇവരെ അനുകൂലിക്കുന്നവരും യോഗത്തിനെത്തിയില്ല. നിയമവിരുദ്ധമായാണ് ഇന്നലെ സംസ്ഥാന കമ്മിറ്റി വിളിച്ചുചേർത്തതെന്നും രേഖാമൂലം യോഗവിവരം മുഴുവൻ സംസ്ഥാന കമ്മിറ്റിയംഗങ്ങളേയും അറിയിച്ചില്ലെന്നും ഇവർ ആരോപിക്കുന്നു.

ഫ്രാൻസിസ് ജോർജ് വഞ്ചിച്ചു: ആന്റണി രാജു

ഫ്രാൻസിസ് ജോർജ് പാർട്ടിയെ വഞ്ചിച്ചതായി ജനാധിപത്യ കേരള കോൺഗ്രസ് വർക്കിങ് ചെയർമാൻ ഡോ. കെ.സി.ജോസഫ്, ഡപ്യൂട്ടി ചെയർമാൻ പി.സി. ജോസഫ്, വൈസ് ചെയർമാൻ ആന്റണി രാജു എന്നിവർ പറഞ്ഞു. അജ്ഞാതമായ കാരണങ്ങളാലാണ് ഫ്രാൻസിസ് ജോർജിന്റെ നേതൃത്വത്തിൽ ചെറിയൊരു വിഭാഗം പാർട്ടി വിട്ടത്.

സ്ഥാനമാനങ്ങൾക്കായി ജോസഫ് വിഭാഗത്തിൽ അഭയം പ്രാപിച്ച ഫ്രാൻസിസ് ജോർജിനു ചരിത്രം മാപ്പ് നൽകില്ല. ഇന്നു കോട്ടയത്ത് ചേരുന്ന സംസ്ഥാന കമ്മിറ്റി യോഗത്തിൽ പുതിയ ചെയർമാനെ തിരഞ്ഞെടുക്കും. പാർട്ടിയിലെ മുതിർന്ന നേതാവായ കെ.സി.ജോസഫിനാണു മുൻഗണന. 8 ജില്ലാ പ്രസിഡന്റുമാരും ഭൂരിഭാഗം സംസ്ഥാന കമ്മിറ്റി അംഗങ്ങളും ഒപ്പമുണ്ട്. ജനാധിപത്യ കേരള കോൺഗ്രസ് എൽഡിഫിനൊപ്പം അടിയുറച്ചു നിൽക്കുമെന്നും ഫ്രാൻസിസ് ജോർജ് തിരിച്ചുവരുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും നേതാക്കൾ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP