Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പാർട്ടിക്കെതിരെ പ്രവർത്തിച്ചിട്ടില്ല; ഏതെങ്കിലും ജാതിയുടെ പ്രതിനിധി അല്ല; അന്വേഷണ കമ്മീഷന് മുന്നിൽ മൊഴി നൽകി എസ്. രാജേന്ദ്രൻ; പാർട്ടി അന്വേഷണത്തിൽ മാധ്യമങ്ങളെ പഴിചാരി മുൻ എംഎൽഎ

പാർട്ടിക്കെതിരെ പ്രവർത്തിച്ചിട്ടില്ല; ഏതെങ്കിലും ജാതിയുടെ പ്രതിനിധി അല്ല; അന്വേഷണ കമ്മീഷന് മുന്നിൽ മൊഴി നൽകി എസ്. രാജേന്ദ്രൻ; പാർട്ടി അന്വേഷണത്തിൽ മാധ്യമങ്ങളെ പഴിചാരി മുൻ എംഎൽഎ

മറുനാടൻ മലയാളി ബ്യൂറോ

മൂന്നാർ: നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർത്ഥിയെ തോൽപിക്കാൻ ശ്രമിച്ചെന്ന ആരോപണം നേരിടുന്ന മുൻ എംഎ‍ൽഎ എസ്. രാജേന്ദ്രൻ സിപിഎം നിയോഗിച്ച അന്വേഷണ കമീഷൻ മുമ്പാകെ ഹാജരായി മൊഴി നൽകി. ബുധനാഴ്ച രാവിലെ മൂന്നാറിലെ പാർട്ടി ഓഫിസിൽ ആരംഭിച്ച രണ്ടംഗ അന്വേഷണ സമിതിയുടെ മൊഴിയെടുപ്പ് മൂന്നര മണിക്കൂറോളം നീണ്ടു.

പാർട്ടി നിശ്ചയിച്ച സ്ഥാനാർത്ഥിയെ പരാജയപ്പെടുത്താൻ എസ് രാജേന്ദ്രൻ ശ്രമിച്ചെന്ന കണ്ടെത്തലിലാണ് അന്വേഷണ കമ്മീഷൻ തെളിവെടുപ്പ് നടത്തിയത്. മൂന്നാറിലെ ഏരിയ കമ്മിറ്റി ഓഫീസ് കെട്ടിടത്തിൽ സി വി വർഗീസ്, വി എൻ മോഹനൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്.

എല്ലാം മാധ്യമങ്ങൾ കെട്ടിച്ചമച്ച ആരോപണങ്ങളെന്നും അദ്ദേഹം പറഞ്ഞു. മാധ്യമ സൃഷ്ടിയിൽ പാർട്ടി അന്വേഷണം നടത്തുമോയെന്ന ചോദ്യത്തിന് എന്നാൽ രാജേന്ദ്രൻ മറുപടി നൽകിയില്ല. തനിക്ക് പറയാനുള്ളതെല്ലാം തുറന്നു പറഞ്ഞിട്ടുണ്ടെന്നും ഇനി തീരുമാനം പാർട്ടിയുടേതാണെന്നും രാജേന്ദ്രൻ മാധ്യമങ്ങളോട് പ്രതികരിച്ചു. ദേവികുളത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ താൻ സജീവമായിരുന്നു. പാർട്ടിക്കെതിരെ പ്രവർത്തിച്ചിട്ടില്ല. തെറ്റു ചെയ്തിട്ടുണ്ടെങ്കിൽ നടപടിയെടുക്കാൻ പാർട്ടിക്ക് അധികാരമുണ്ട്.

പാർട്ടിയുടെ സംരക്ഷണം ഉണ്ടാകുമെന്നാണ് വിശ്വാസം. നിർദേശിച്ച സ്ഥലങ്ങളിൽ പ്രചാരണ പ്രവർത്തനങ്ങളിൽ പങ്കെടുത്തു. മറ്റിടങ്ങളിൽ പോകേണ്ട ആവശ്യമില്ല. ആരെങ്കിലും പരാതി നൽകിയതായി അറിയില്ല. താൻ ഏതെങ്കിലും ജാതിയുടെ പ്രതിനിധി അല്ല. തന്നെ ജാതിയുടെ പേരിൽ ഒറ്റപ്പെടുത്തുന്നത് ശരിയല്ല. എന്ത് തീരുമാനം എടുത്താലും അനുസരിക്കും. കമീഷൻ മുമ്പാകെ പറഞ്ഞത് പുറത്ത് പറയാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാൽ, കമീഷന് മുമ്പാകെ ചില നേതാക്കൾക്കെതിരെ രാജേന്ദ്രൻ ശക്തമായി പരാതി ഉന്നയിച്ചതായാണ് സൂചന. മൂന്നാർ കേന്ദ്രീകരിച്ചുള്ള ചിലർ അവരുടെ അഴിമതി മൂടിവെക്കാൻ തന്റെ മേൽ ആരോപണം ഉന്നയിക്കുന്നതാണെന്നാണ് രാജേന്ദ്രന്റെ വാദം.

അന്വേഷണ വിവരങ്ങൾ പാർട്ടിക്കകത്തെ വിഷയങ്ങൾ ആണെന്നും പുറത്ത് പറയാനാവില്ലെന്നും അന്വേഷണ കമീഷൻ അംഗമായ സി.വി. വർഗീസ് പറഞ്ഞു. റിപ്പോർട്ട് ഉടൻ സമർപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. അതേസമയം, ഭൂരിഭാഗം ഏരിയ കമ്മിറ്റികളും രാജേന്ദ്രനെതിരെ മൊഴി നൽകുകയും ആരോപണങ്ങളിൽ കഴമ്പുള്ളതായി അന്വേഷണ കമീഷന് ബോധ്യപ്പെടുകയും ചെയ്ത സാഹചര്യത്തിൽ രാജേന്ദ്രനെതിരെ നടപടി വന്നേക്കുമെന്നാണ് അറിയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP