Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

മുൻ മലപ്പുറം നഗരസഭാ ചെയർമാനും മുസ്ലിംലീഗ് നേതാവുമായിരുന്ന സാധു റസാഖും അനുയായികളും ബിജെപിയിൽ ചേർന്നു; മലപ്പുറം പാണ്ടിക്കാട്ടെ പരമ്പരാഗത സിപിഎം കുടുംബാംഗം ഉൾപ്പെടെ ബിജെപിയിൽ ചേർന്നത് വിജയയാത്ര മലപ്പുറത്ത് എത്തിയപ്പോൾ; പച്ചയായ വർഗീയ രാഷ്ട്രീയം അഴിഞ്ഞാടുന്ന സ്ഥലമാണ് മലപ്പുറമെന്ന് കെ.സുരേന്ദ്രൻ

മുൻ മലപ്പുറം നഗരസഭാ ചെയർമാനും മുസ്ലിംലീഗ് നേതാവുമായിരുന്ന സാധു റസാഖും അനുയായികളും ബിജെപിയിൽ ചേർന്നു; മലപ്പുറം പാണ്ടിക്കാട്ടെ പരമ്പരാഗത സിപിഎം കുടുംബാംഗം ഉൾപ്പെടെ ബിജെപിയിൽ ചേർന്നത് വിജയയാത്ര മലപ്പുറത്ത് എത്തിയപ്പോൾ; പച്ചയായ വർഗീയ രാഷ്ട്രീയം അഴിഞ്ഞാടുന്ന സ്ഥലമാണ് മലപ്പുറമെന്ന് കെ.സുരേന്ദ്രൻ

ജംഷാദ് മലപ്പുറം

മലപ്പുറം: മുൻ മലപ്പുറം നഗരസഭാ ചെയർമാനും മുസ്ലിംലീഗ് നേതാവുമായിരുന്ന സാധു റസാഖും അനുയായികളും ബിജെപിയിൽ ചേർന്നു. മലപ്പുറം പാണ്ടിക്കാട്ടെ പരമ്പരാഗത സിപിഎം കുടുംബാംഗം ഉൾപ്പെടെ ബിജെപിയിൽചേർന്നത് കെ.സുരേന്ദ്രന്റെ വിജയയാത്ര മലപ്പുറത്ത് എത്തിയപ്പോൾ. റസാഖിനെ കൂടാതെ വിവിധ പാർട്ടികളിലെ നിരവധി നേതാക്കളും ബിജെപിയിലെത്തി. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ നയിക്കുന്ന വിജയയാത്രയ്ക്ക് മലപ്പുറത്ത് നൽകിയ സ്വീകരണ യോഗത്തിലാണ് നേതാക്കളും പ്രവർത്തകരും ബിജെപിയിലെത്തിയത്.

നിലവിൽ ഐ എൻ എൽ ജില്ലാ സെക്രട്ടറിയെറ്റ് അംഗമായിരുന്ന സാധു റസാഖ് കഴിഞ്ഞ ദിവസമാണ് രാജിവെച്ചത്. പ്രവാസി ലീഗിന്റെ മുൻ സംസ്ഥാന സെക്രട്ടറിയും മുൻ മലപ്പുറം മുനിസിപ്പൽ ചെയർമാനുമാണ്. ഐ എൻ എല്ലിലെ സമാന ചിന്താഗതിയുള്ളവരുമായി കൂടിയാലോചിച്ച് ഭാവി പരിപാടികൾ ആലോചിക്കുമെന്നായിരുന്നു അദ്ദേഹം പറഞ്ഞിരുന്നത്. കേരള കോൺഗ്രസ്സ്(ബി) ജില്ലാ സെക്രട്ടറി അബ്ദുൾ ഗഫൂർ, പാണ്ടിക്കാട്ടെ പരമ്പരാഗത സിപിഎം കുടുംബാംഗം ശിവശങ്കരൻ നമ്പീശൻ, വേങ്ങര കായൽ മീത്തിൽ അബ്ദുൾ റഹ്മാൻ എന്നിവരെ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ ഹാരാർപ്പണം ചെയ്ത് സ്വീകരിച്ചു.

കേരളത്തിൽ പച്ചയായ വർഗീയ രാഷ്ട്രീയം അഴിഞ്ഞാടുന്ന സ്ഥലമാണ് മലപ്പുറമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. വിജയ് യാത്രക്ക് ചേളാരിയിൽ നൽകിയ ജില്ലയിലെ ആദ്യ സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.മുസ്ലിം ലീഗിന്റെയും മതമൗലികവാദ ശക്തികളുടെയും നിയന്ത്രണത്തിലാണ് മലപ്പുറം. എൽഡിഎഫ് ഭരിച്ചാലും കാര്യങ്ങൾ തീരുമാനിക്കുന്നത് ലീഗാണ്. പാണക്കാട് തങ്ങളെ വിമർശിച്ച് 48 മണിക്കൂർ കഴിഞ്ഞപ്പോഴേക്കും പാർട്ടി സെക്രട്ടറിയേറ്റിന് പാർട്ടി സെക്രട്ടറി വിജയരാഘവനെ തിരുത്തേണ്ടി വന്നു. ഇതെന്ത് രാഷ്ട്രീയമാണ്, സുരേന്ദ്രൻ ചോദിച്ചു. മുസ്ലിം ലീഗിന്റെ വർഗീയ അജണ്ടയാണ് ഇവിടെ നടപ്പാകുന്നത്. കോൺഗ്രസ് നാമാവശേഷമായിരിക്കുന്നു. ആത്മാഭിമാനം നഷ്ടമായ പാർട്ടിയായി കോൺഗ്രസ് മാറി. മുസ്ലിം ലീഗിന്റെ തീരുമാനം മാത്രം നടക്കുന്ന പ്രദേശമാണ് മലപ്പുറം. കോൺഗ്രസിന് മലബാറിൽ സുരക്ഷിതമായ ഒരു മണ്ഡലം പോലുമില്ലാത്ത അവസ്ഥയാണിപ്പോൾ.

യുഡിഎഫ് നേതൃത്വം മുസ്ലിംലീഗ് ഏറ്റെടുത്തിരിക്കുന്നു. പിണറായി വിജയൻ ഭരിച്ചാലും ലീഗിന്റെ അജണ്ട നടപ്പാക്കുന്നു. കോഴിക്കോട് വിമാനത്താവളത്തിന്റെ വികസനം പൂർണമായ തോതിൽ സാധ്യമാവാത്തത്തിന് കാരണക്കാർ മുസ്ലിംലീഗിലെ ഉന്നതരാണ്. ഭൂമിയേറ്റെടുക്കൽ നടക്കാത്തത് ഇവരുടെ ഇടപെടൽ മൂലമാണ്. കേരളത്തിൽ കോഴിക്കോട് സർവകലാശാല മുസ്ലിം സർവകലാശാലയാക്കി മാറ്റിയിരിക്കുകയാണെന്നും സുരേന്ദ്രൻ പറഞ്ഞു.

ചടങ്ങിൽ എം. മനോജ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി എം ടി. രമേശ്, വി. രാജൻ, ദിനേശൻ തുടങ്ങിയവർ പ്രസംഗിച്ചു. നേരത്തെ ജില്ലാ അതിർത്തിയായ ഇടിമൂഴിക്കലിൽ ജില്ലാ നേതാക്കൾ കെ. സുരേന്ദ്രനെ സ്വീകരിച്ചു. ജില്ലാ അധ്യക്ഷൻ രവിതേലത്ത്, സംസ്ഥാന സെക്രട്ടറി രൻജിത്ത്, കെ. രാമചന്ദ്രൻ തുടങ്ങിയവർ നേതൃത്വം നൽകി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP