Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ആദ്യം എന്റെ പേരിൽ കേസെടുക്കൂ സർ... തോമസ് ഐസക്കിന്റെ ഈ ആവശ്യമെങ്കിലും മുഖ്യമന്ത്രി കേൾക്കുമോ; പാമോലിൻ കേസിൽ പേഴ്‌സണൽ സ്റ്റാഫിന്റെ കമന്റിനെതിരെ കേസെടുത്തത് ചോദ്യം ചെയ്ത് ഫേസ്‌ബുക്കിൽ തോമസ് ഐസക്

ആദ്യം എന്റെ പേരിൽ കേസെടുക്കൂ സർ... തോമസ് ഐസക്കിന്റെ ഈ ആവശ്യമെങ്കിലും മുഖ്യമന്ത്രി കേൾക്കുമോ; പാമോലിൻ കേസിൽ പേഴ്‌സണൽ സ്റ്റാഫിന്റെ കമന്റിനെതിരെ കേസെടുത്തത് ചോദ്യം ചെയ്ത് ഫേസ്‌ബുക്കിൽ തോമസ് ഐസക്

തിരുവനന്തപുരം: തോമസ് ഐസക് എം.എൽഎ, ക്ഷുഭിതനാണ്. തന്റെ ലേഖനത്തെ അടിസ്ഥാനാക്കി ആരെങ്കിലും ഫെയ്‌സ് ബുക്ക് പോസ്റ്റിട്ടാൽ തനിക്കെതിരെ കേസ് എടുക്കണമെന്നാണ് തോമസ് ഐസക്കിന്റെ അഭിപ്രയാം. അതുകൊണ്ട് തന്നെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ശ്രദ്ധയിൽ വിഷയമെത്തിച്ച് നീതി നേടിയെടുക്കാനാണ് സിപിഐ(എം). കേന്ദ്ര കമ്മറ്റി അംഗമായ തോമസ് ഐസക്കിന്റെ ശ്രമം.

പാമോയിൽ കേസുമായി ബന്ധപ്പെട്ടു മൂന്നു വർഷം മുമ്പു സിപിഐ(എം). മുഖപത്രമായ ദേശാഭിമാനിയിൽ 'ഉമ്മൻ ചാണ്ടിക്ക് ജിജി തോംസന്റെ പ്രത്യുപകാരം' എന്ന തലക്കെട്ടിൽ താനെഴുതിയ ലേഖനത്തെ അടിസ്ഥാനമാക്കി ഫേസ്‌ബുക്കിൽ അടുത്തിടെ പോസ്റ്റ് ചെയ്ത കുറിപ്പിന്റെപേരിൽ തന്റെ പി.എ: കെ. ജി. ബിജുവിനെതിരേ പൊലീസ് സൈബർ വിഭാഗം കേസെടുത്തതാണ് ഐസക്കിനെ ചൊടിപ്പിച്ചത്.

ഇക്കാര്യം ആദ്യമെഴുതിയ തനിക്കെതിരെ കേസെടുക്കാതെ, ആ വിവരങ്ങളെ അധികരിച്ചു സ്വതന്ത്രമായ അഭിപ്രായം പറഞ്ഞ തന്റെ പി.എയ്‌ക്കെതിരെ കേസെടുക്കുന്നത് ശരിയാണോ എന്നു ബഹുമാന്യനായ ഉമ്മൻ ചാണ്ടി ചിന്തിക്കണമെന്നും 'ആദ്യം എന്റെ പേരിൽ കേസെടുക്കൂ സർ...'എന്നുമാണ് തോമസ് ഐസക്ക് ഇന്നലെ ഫേസ്‌ബുക്കിൽ കുറിച്ചത്.

കേസ് എടുക്കണമെന്ന ആവശ്യവുമുള്ള തോമസ് ഐസക്കിന്റെ പോസ്റ്റ്

പാമോയിൽ കേസിൽ ഉമ്മൻ ചാണ്ടി കളിക്കുന്ന കള്ളക്കളികളെക്കുറിച്ച് 2011 സെപ്റ്റംബർ 30ന്റെ ദേശാഭിമാനിയിൽ 'ഉമ്മൻ ചാണ്ടിക്ക് ജിജി തോംസൺറെ പ്രത്യുപകാരം' എന്ന തലക്കെട്ടിൽ ഞാനൊരു ലേഖനമെഴുതിയിരുന്നു. കേസ് പിൻവലിക്കാൻ ഉമ്മൻ ചാണ്ടി തീരുമാനിച്ചതിനെത്തുടർന്ന് ഈ ലേഖനത്തെ അടിസ്ഥാനമാക്കി ഫേസ് ബുക്കിൽ എഴുതിയ കുറിപ്പിന്റെ പേരിൽ എന്റെ പിഎ കെ. ജി. ബിജുവിനെതിരെ സർക്കാർ സൈബർ കേസെടുത്തിരിക്കുന്നു.

2005ൽ എ കെ ആന്റണിയിൽ നിന്ന് അധികാരം കൈക്കലാക്കിയപ്പോഴാണ് പാമോയിൽ കേസ് പിൻവലിക്കാൻ ഉമ്മൻ ചാണ്ടി ആദ്യം തീരുമാനിച്ചത്. പക്ഷേ, കേസ് പിൻവലിക്കുമെന്ന് പ്രഖ്യാപിച്ചതല്ലാതെ, കേസ് പരിഗണിക്കുന്ന തിരുവനന്തപുരം വിജിലൻസ് കോടതിയെ ഭരണമൊഴിയുന്നതുവരെ ഇക്കാര്യം അറിയിച്ചതേയില്ല. എന്നാൽ, മറ്റൊരു കാര്യം ചെയ്യാൻ ഉമ്മൻ ചാണ്ടി മറന്നില്ല.

പാമോയിൽ കേസിൽ പ്രതിസ്ഥാനത്തുണ്ടായിരുന്നതിന്റെപേരിൽ ജിജി തോംസൺ, പി ജെ തോമസ് എന്നീ ഐഎഎസ് ഉദ്യോഗസ്ഥർക്കെതിരെ കേന്ദ്ര പേഴ്‌സണേൽ മന്ത്രാലയം കനത്ത പിഴ ചുമത്താൻ തീരുമാനിച്ചു. ഇവരെ പിഴ ശിക്ഷയിൽ നിന്ന് രക്ഷപെടുത്തുന്നതിനാണ് 2005ൽ ഉമ്മൻ ചാണ്ടി കേസ് പിൻവലിക്കൽ നാടകം നടത്തിയത്. കേസ് പിൻവലിക്കാൻ സർക്കാർ തീരുമാനിച്ച വിവരം ചീഫ് സെക്രട്ടറി ഒട്ടും താമസിക്കാതെ കേന്ദ്ര പേഴ്‌സണേൽ മന്ത്രാലയത്തെ അറിയിച്ചു. എന്നാൽ ഏതു കോടതിയെയാണോ ഇക്കാര്യം അറിയിക്കേണ്ടത്, അവിടെ അറിയിച്ചതുമില്ല.

കേസ് പിൻവലിക്കുന്ന കാര്യം വിജിലൻസ് കോടതിയെ അറിയിച്ചാൽ അതിന്റെ ഗുണം കരുണാകരനും കിട്ടും. പാമോയിൽ കേസിൽ നിന്ന് രക്ഷപെടാൻ കോടതികളായ കോടതികളത്രയും കെ. കരുണാകരൻ കയറിയിറങ്ങുന്ന കാലത്താണ് നിർണായകമായ ഈ തീരുമാനം ബന്ധപ്പെട്ട കോടതിയെ അറിയിക്കാതെ ഉമ്മൻ ചാണ്ടി ഒളിച്ചു കളിച്ചത്. ഈ വിവരമാണ്, എന്റെ ലേഖനത്തിൽ ഞാൻ ഉന്നയിച്ചത്.
കേന്ദ്ര വിജിലൻസ് കമ്മിഷണർ സ്ഥാനത്തു നിന്ന് പി ജെ തോമസിനെ നീക്കം ചെയ്തുകൊണ്ട് സുപ്രിംകോടതി ചീഫ് ജസ്റ്റിസായിരുന്ന എസ് എച്ച് കപാഡിയ എഴുതിയ വിധിന്യായത്തിലാണ് ഇവർക്കെതിരെയുള്ള ആരംഭിച്ച അച്ചടക്ക നടപടികളുടെ വിശദാംശങ്ങളുള്ളത്.

ഇക്കാര്യം ആദ്യമെഴുതിയ എനിക്കെതിരെ കേസെടുക്കാതെ, ആ വിവരങ്ങളെ അധികരിച്ച് സ്വതന്ത്രമായ അഭിപ്രായം പറഞ്ഞ എന്റെ പിഎയ്‌ക്കെതിരെ കേസെടുക്കുന്നത് ശരിയാണോ എന്ന് ബഹുമാന്യനായ ഉമ്മൻ ചാണ്ടി ചിന്തിക്കണം. ആദ്യം എന്റെ
പേരിൽ കേസെടുക്കൂ, സർ...

സൈബർ പൊലീസിന്റെ കേസ് എടുക്കലിന് കാരണമായ ബിജുവിന്റെ പോസ്റ്റ്

പാമോയിൽ കേസ് അട്ടിമറിക്കാൻ ഉമ്മൻ ചാണ്ടി നേരത്തെ കളിച്ച കളികളിൽ കൈയറപ്പു തീർന്ന ഉപജാപകന്റെ കരവിരുതും കൗശലവുമുണ്ടായിരുന്നു. ഇപ്പോൾ ഏതു വിധേനെയും കേസിൽ നിന്നൊഴിവാകാനുള്ള മരണവെപ്രാളമാണ്. കാരണം, ആ കേസ് ഉമ്മൻ ചാണ്ടിയെയും കൊണ്ടേ പോകൂ എന്ന് ഏതാണ്ടുറപ്പായിക്കഴിഞ്ഞു..

കഴിഞ്ഞ തവണ മുഖ്യമന്ത്രിയായപ്പോൾത്തന്നെ കേസ് പിൻവലിക്കാൻ ഉമ്മൻ ചാണ്ടി ശ്രമിച്ചതാണ്. പക്ഷേ, അന്നു നടത്തിയത് ഒരു നാടകമായിരുന്നു. ആന്റണിയെ പടിയിറക്കി മുഖ്യമന്ത്രി പദമേറ്റ ശേഷം പാമോയിൽ കേസ് പിൻവലിക്കാൻ ശ്രമിക്കുന്നതായി അദ്ദേഹം അഭിനയിച്ചിരുന്നു. 2005 ജൂലൈ 19നാണ് കേസ് പിൻവലിക്കാൻ ഉമ്മൻ ചാണ്ടി മന്ത്രിസഭ തീരുമാനിച്ചത്.

യുഡിഎഫ് സർക്കാർ അധികാരമേറ്റാൽ പാമോയിൽ കേസ് പിൻവലിക്കുമെന്ന നിലപാട് ഉമ്മൻ ചാണ്ടിയുടെ നാവിൽ നിന്ന് ആദ്യം വീണത് 2003 ജൂലൈ 2നാണ്. അന്ന് യുഡിഎഫ് കൺവീനറായിരുന്നു അദ്ദേഹം. പാമൊലിൻ കേസിനെതിരെ കരുണാകരൻ കോടതികൾ കയറിയിറങ്ങുമ്പോൾ മൗനംപാലിച്ച ഉമ്മൻ ചാണ്ടി പൊടുന്നനെ എന്തിനായിരുന്നു കേസ് പിൻവലിക്കുമെന്ന് വാർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ചത്?ജിജി തോംസൺ, പി ജെ തോമസ് എന്നീ ഐഎഎസ് ഉദ്യോഗസ്ഥർ ഈ കേസിൽ യഥാക്രമം അഞ്ചും എട്ടും പ്രതികളാണ്. ഇവർക്ക് കനത്തപിഴ ചുമത്താനുള്ള നടപടികളെടുക്കാൻ കേന്ദ്ര വിജിലൻസ് കമ്മിഷൻ തീരുമാനിച്ചു. ആ വിവരം പേഴ്‌സണൽ മന്ത്രാലയത്തെ അറിയിച്ചത് 2003 ജൂണിൽ. വിജിലൻസ് കമ്മിഷന്റെ നിർദ്ദേശം നടപ്പാക്കാതിരിക്കാൻ പേഴ്‌സണൽ മന്ത്രാലയത്തിനു കഴിയില്ല.

പിഴ ശിക്ഷയിൽ നിന്ന് ജിജി തോംസണെ രക്ഷിക്കാൻ അറ്റകൈപ്രയോഗം നടത്തുകയായിരുന്നു, ഉമ്മൻ ചാണ്ടി. കേസ് പിൻവലിക്കാൻ യുഡിഎഫ് സർക്കാർ ഉദ്ദേശിക്കുന്നു എന്ന സന്ദേശം പത്രസമ്മേളനം വഴി അദ്ദേഹം വേണ്ടപ്പെട്ടവർക്കു കൈമാറി. പിഴ ശിക്ഷ ചുമത്താനുള്ള നടപടികൾ കോൾഡ് സ്റ്റോറേജിലായി. പക്ഷേ, കേസ് പിൻവലിക്കാനുള്ള സമ്മർദങ്ങൾക്ക് എ കെ ആന്റണി വഴങ്ങിയില്ല. ആന്റണിയുടെ ഭരണകാലത്ത് കേസ് പിൻവലിക്കപ്പെട്ടതുമില്ല.

ആന്റണിയെ ഇറക്കിവിട്ട് മുഖ്യമന്ത്രിപദം പിടിച്ചെടുത്തതോടെ കാര്യങ്ങൾ എളുപ്പമായി. 2005 ജനുവരി 19നു ചേർന്ന മന്ത്രിസഭ പാമൊലിൻ കേസ് പിൻവലിക്കാൻ തീരുമാനിച്ചു.

പിന്നീടായിരുന്നു, ഉമ്മൻ ചാണ്ടിയുടെ കുതന്ത്രം. കേസ് പിൻവലിക്കാൻ സർക്കാർ തീരുമാനിച്ചാൽ അക്കാര്യം ആദ്യം അറിയിക്കേണ്ടത് കേസ് പരിഗണിക്കുന്ന കോടതിയെയാണ്. പാമോയിൽ കേസിൽ കുറ്റപത്രം സമർപ്പിച്ചിരുന്നത് തിരുവനന്തപുരം വിജിലൻസ് കോടതിയിൽ. അധികാരമൊഴിയുന്നതു വരെ ആ കോടതിയെ ഇക്കാര്യം ഉമ്മൻ ചാണ്ടി അറിയിച്ചതേയില്ല.

പക്ഷേ, സർക്കാർ ഉത്തരവ് പോലും പുറത്തിറങ്ങും മുമ്പ് കേസ് പിൻവലിക്കാൻ തീരുമാനിച്ചവിവരം ഒരു കത്തിലൂടെ കേന്ദ്ര പേഴ്‌സണേൽ മന്ത്രാലയത്തെ അറിയിച്ചു. 2005 ജനുവരി 24ന്. ആ കത്തിന്റെ അടിസ്ഥാനത്തിൽ ജിജി തോംസൺ, പി ജെ തോമസ് എന്നിവർ പിഴ ശിക്ഷയിൽ നിന്നും വകുപ്പുതല നടപടികളിൽ നിന്നും രക്ഷപെട്ടു.

2005 ജനുവരി 19ന് മന്ത്രിസഭാ യോഗം കഴിഞ്ഞ് പിന്നെയും രണ്ടു മാസം കഴിഞ്ഞാണ് 2005 മാർച്ച് 28നാണ് ഉത്തരവ് പുറത്തിറങ്ങിയത്.

പാമോയിൽ കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന പരാതിയുമായി കെ. കരുണാകരൻ കോടതി വരാന്തയിൽ നിൽക്കുന്ന കാലമാണിത്. ഉമ്മൻ ചാണ്ടി മന്ത്രിസഭയുടെ തീരുമാനത്തിന്റെ ഗുണം കരുണാകരന് കിട്ടണമെങ്കിൽ, ആ വിവരം വിജിലൻസ് കോടതിയെ അറിയിക്കണമായിരുന്നു. ഉമ്മൻ ചാണ്ടിയുടെ ലക്ഷ്യം പാമോയിൽ കേസിന്റെ ഊരാക്കുടുക്കുകളിൽ നിന്ന് കരുണാകരനെ രക്ഷിക്കുകയായിരുന്നില്ല. മറിച്ച് ജിജി തോംസണെ പിഴയിൽ നിന്ന് രക്ഷിക്കുക എന്നതായിരുന്നു.

ജിജി തോംസണിനെ രക്ഷിക്കുക, അതേസമയം കരുണാകരനെ കോടതി വാരാന്തയിൽ തളച്ചിടുക. ഇതായിരുന്നു ഉമ്മൻ ചാണ്ടിയുടെ ലക്ഷ്യം. അതു രണ്ടും നടന്നു. കേസ് പിൻവലിക്കാനുള്ള യുഡിഎഫ് സർക്കാരിന്റെ തീരുമാനം വിജിലൻസ് കോടതിയെ അറിയിച്ചില്ലെന്ന് കെ. കരുണാകരൻ പോലും മനസിലാക്കിയത്, പിന്നീട് എൽഡിഎഫ് സർക്കാർ ആ തീരുമാനം പിൻവലിച്ചപ്പോഴായിരുന്നിരിക്കണം....
ദസറ, ദീപാവലി, മകരസംക്രാന്തി തുടങ്ങിയ ആഘോഷവേളകളിൽ കേരളത്തിൽ പാമോയിൽ ഉപഭോഗം കുത്തനെ കൂടുമെന്ന് പ്രധാനമന്ത്രി നരസിംഹ റാവുവിനെ തെറ്റിദ്ധരിപ്പിച്ചാണ് അളവിൽകൂടുതൽ പാമോയിൽ ഇറക്കുമതി ചെയ്യാനുള്ള അനുമതി നേടിയെടുത്തത്. പവർ ആൻഡ് എനെർജി കോർപറേഷൻ വഴി കൂടിയവിലയ്ക്ക് പാമോയിൽ ഇറക്കുമതി ചെയ്തത് അന്നത്തെ ധനമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടി കൂടി അറിഞ്ഞു തന്നെയാണെന്ന് കേസിലെ പ്രതികൾ തീർത്തുപറയുന്നു. കോടതിക്കു മുന്നിലും മാദ്ധ്യമങ്ങൾക്കു മുന്നിലും. അങ്ങനെ ഒടുവിൽ കേസ് കറങ്ങിത്തിരിഞ്ഞ് ഉമ്മൻ ചാണ്ടിയുടെ തലയ്ക്കു മീതെയെത്തി.

പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞതാണു ശരി. പാമോയിൽ കേസിന്റെ വിചാരണ നടന്നാൽ ആദ്യം കുടുങ്ങുന്നത് ഉമ്മൻ ചാണ്ടിയായിരിക്കും. അതുകൊണ്ടാണ് നിയമവിരുദ്ധമായ മാർഗങ്ങളിലൂടെ കേസ് അട്ടിമറിക്കാൻ അദ്ദേഹം ശ്രമിക്കുന്നത്. ആ ശ്രമങ്ങൾക്ക് കോടതിയിൽ നിന്നു തന്നെ തിരിച്ചടിയേൽക്കുന്നു. ഒന്നു ചെവിയോർത്താൽ കെ. മുരളീധരന്റെ ചിരി ഉമ്മൻ ചാണ്ടിക്കു കേൾക്കാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP