Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ജനം ടിവിയുടെ ലോഗോ ഉപയോഗിച്ചുള്ള അപകീർത്തി പ്രചാരണം ഗുരുതരകുറ്റം; വ്യാജവാർത്ത സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചത് പി.ജയരാജനെ തേജോവധം ചെയ്യാൻ; സൈബർ സെല്ലിന്റെ അന്വേഷണത്തിൽ പ്രതികളെ കുറിച്ച് സൂചന; ജയരാജൻ ബിജെപിയിലേക്കെന്ന വാർത്തയുടെ സോഴ്‌സ് മലപ്പുറം തന്നെ; ആദ്യം പ്രത്യക്ഷപ്പെട്ടത് മുസ്ലിം ലീഗ് ആഭിമുഖ്യമുള്ള പച്ചപ്പട, നിലപാട് ഗ്രൂപ്പുകളിൽ; സംഘപരിവാറിനെയും ജനം ടിവിയെയും വിരൽ ചൂണ്ടിയ സിപിഎമ്മിനെ വെട്ടിലാക്കി ആരോപണമുന നീളുന്നത് ലീഗിന് നേർക്ക്

ജനം ടിവിയുടെ ലോഗോ ഉപയോഗിച്ചുള്ള അപകീർത്തി പ്രചാരണം ഗുരുതരകുറ്റം; വ്യാജവാർത്ത സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചത് പി.ജയരാജനെ തേജോവധം ചെയ്യാൻ; സൈബർ സെല്ലിന്റെ അന്വേഷണത്തിൽ പ്രതികളെ കുറിച്ച് സൂചന; ജയരാജൻ ബിജെപിയിലേക്കെന്ന വാർത്തയുടെ സോഴ്‌സ് മലപ്പുറം തന്നെ; ആദ്യം പ്രത്യക്ഷപ്പെട്ടത് മുസ്ലിം ലീഗ് ആഭിമുഖ്യമുള്ള പച്ചപ്പട, നിലപാട് ഗ്രൂപ്പുകളിൽ; സംഘപരിവാറിനെയും ജനം ടിവിയെയും വിരൽ ചൂണ്ടിയ സിപിഎമ്മിനെ വെട്ടിലാക്കി ആരോപണമുന നീളുന്നത് ലീഗിന് നേർക്ക്

രഞ്ജിത്ത് ബാബു

 കണ്ണൂർ: സിപിഎം. സംസ്ഥാന കമ്മിറ്റി അംഗം പി.ജയരാജൻ ബിജെപി.യിൽ ചേരുമെന്ന പ്രചാരണത്തിന് പിന്നിൽ മുസ്ലിം ലീഗോ ? ജയരാജനെതിരെ ഇത്തരത്തിൽ അപകീർത്തികരമായ വാർത്തയുടെ പ്രഭവ കേന്ദ്രം മലപ്പുറത്താണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മുസ്ലിം ലീഗ് ആഭിമുഖ്യത്തിലുള്ള പച്ചപ്പട, നിലപാട,് എന്നീ ഗ്രൂപ്പുകളിലാണ് ഇത്തരത്തിലുള്ള പ്രചാരണം നടന്നതെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. നേരത്തെ സംഘപരിവാറും ജനം ടി.വി.യുമാണ് അപകീർത്തികരമായ വാർത്തയ്ക്ക് പിന്നിലെന്ന് സിപിഎം. ആരോപണമുയർത്തിയിരുന്നു. എന്നാൽ ഹമീദ് കൊണ്ടോട്ടി എന്നയാളുടെ പേരിൽ നിലപാട് എന്ന പേജിലൂടെയാണ് പി.ജയരാജനെ അപകീർത്തിപ്പെടുത്തുന്ന ആദ്യ പോസ്റ്റ് വന്നത്. തുടർന്ന് ഈ പോസ്റ്റ് പച്ചപ്പട എന്ന ഗ്രൂപ്പിൽ ഷെയർ ചെയ്യുകയായിരുന്നു. അതോടെ എട്ട് വാട്സാപ്പ് കൂട്ടായ്മ വഴി വാർത്ത പ്രചരിപ്പിക്കപ്പെട്ടു.

ഈ എട്ട് ഗ്രൂപ്പ് അഡ്‌മിന്മാർക്കെതിരേയും പൊലീസ് നടപടിയുണ്ടാകും. ജനം ടി.വി.യുടെ ലോഗോ ഉപയോഗിച്ച് നടത്തിയ അപകീർത്തി പ്രചാരണം ഗുരുതരമായ കുറ്റമാണെന്ന് കണ്ണൂർ ഡി.വൈ. എസ്‌പി. പി.പി. സദാനന്ദൻ മറുനാടൻ മലയാളിയോട് പറഞ്ഞു. മത സ്പർദ്ധ വളർത്തുന്ന തരത്തിൽ ആരെങ്കിലും പ്രവർത്തിച്ചതാണോ എന്ന സംശയവും നേരത്തെ ഉണ്ടായിരുന്നു. ബിജെപി.യിൽ താൻ ചേരുന്നുവെന്ന വ്യാജ വാർത്തയുണ്ടാക്കി അപകീർത്തിപ്പെടുത്തിയവർക്കെതിരെ നിയമ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പി.ജയരാജൻ കണ്ണൂർ ഡി.വൈ. എസ്. പി. ക്ക് പരാതി നൽകിയിരുന്നു. പൊതു പ്രവർത്തകനായ തന്നെ സമൂഹമധ്യത്തിൽ മോശമായി ചിത്രീകരിക്കുന്നതിനും പാർട്ടിക്ക് അവമതിപ്പുണ്ടാക്കുന്നതിനുമാണ് ഇത് ചെയ്തത്. വ്യാജ വാർത്തയാണെന്ന് അറിഞ്ഞുകൊണ്ട് സമൂഹമാധ്യമത്തിൽ പരസ്യപ്പെടുത്തിയത് തന്നെ തേജോവധം ചെയ്യണമെന്ന ഉദ്ദേശത്തോടെയാണെന്ന് ജയരാജൻ പരാതിയിൽ പറഞ്ഞു. ജനം ടി.വി.യുടെ ലോഗോ ഉപയോഗിച്ചാണ് വ്യാജ വാർത്ത നവ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്.

ബിജെപി. നേതാക്കളുമായി താൻ ചർച്ച നടത്തിയെന്നും അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ കണ്ണൂരിലോ തലശ്ശേരിയിലോ മത്സരിക്കാൻ സാധ്യതയുണ്ടെന്നും കഥ മെനയുകയായിരുന്നു. ഈ മാസം അവസാനം ഡൽഹിയിൽ വെച്ച് അമിത് ഷാ യിൽ നിന്നും ബിജെപി. മെമ്പർഷിപ്പ് സ്വീകരിക്കുമെന്നായിരുന്നു മറ്റൊരു പോസ്റ്റ്. ജയരാജന്റെ പാർട്ടി പ്രവേശനം ചർച്ച ചെയ്ത് തീരുമാനിക്കുമെന്ന് അഡ്വ. ശ്രീധരൻ പിള്ളയെന്ന മറ്റൊരു വ്യാജ പ്രചരണവും നടന്നു. ഇലക്ട്രോണിക് മീഡിയ ഉപയോഗിച്ച് തന്നെ തേജോവധം ചെയ്യാനും സമൂഹത്തിൽ കലഹവും അക്രമവും ഉണ്ടാക്കുന്നതിനുമാണ് ശ്രമിച്ചതെന്നും ജയരാജന്റെ പരാതിയിൽ പറഞ്ഞിരുന്നു. കണ്ണൂർ ടൗൺ എസ്‌ഐ പ്രദീപൻ കണ്ണിപ്പൊയിലിന്റെ നേതൃത്വത്തിൽ കേസന്വേഷിച്ചു വരികയാണ്. അതിനിടയിലാണ് സൈബർ വിങിന്റെ സഹായത്തോടെ അപകീർത്തികരമായ വാർത്തക്ക് പിന്നിലെ പ്രതികളെക്കുറിച്ച് സൂചന ലഭിച്ചത്. കൂടുതൽ വ്യക്തത വരുത്തിയ ശേഷം അറസ്റ്റ് നടക്കാനാണ് പൊലീസിന്റെ നീക്കം.

ഹമീദ് കൊണ്ടോട്ടി എന്നയാളാണ് 'നിലപാട്' എന്ന ഫെയ്സ് ബുക്ക് പേജിലൂടെ പി.ജയരാജൻ ബിജെപി.യിലേക്കെന്ന് ആദ്യം പോസ്റ്റിട്ടത്്. തുടർന്ന് 'പച്ചപ്പട' എന്ന ഗ്രൂപ്പിന്റെ ഫെയ്സ് ബുക്ക് പേജിൽ അത് ഷെയർചെയ്തു. അമിത് ഷായ്ക്ക് ജയരാജൻ ബൊക്കെ നൽകുന്നതായി വ്യാജചിത്രം മോർഫുചെയ്തുണ്ടാക്കിയാണ് പോസ്റ്റ് ചെയ്തത്. അതായത് സിപിഎം പേജിൽ വന്ന വാർത്ത ലീഗുകാർ ഏറ്റെടുത്തതോടെ സംഭവം വൈറലായി. ' നിലപാട്', 'പച്ചപ്പട'' എന്നീ ഗ്രൂപ്പുകളുടെ ഫെയ്സ് ബുക്ക് പോസ്റ്റ് പ്രചരിപ്പിച്ച എട്ട് വാട്‌സാപ്പ് ഗ്രൂപ്പുകളെയും അന്വേഷണത്തിൽ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് കണ്ണൂർ ഡിവൈ.എസ്‌പി. പി.പി.സദാനന്ദൻ പറഞ്ഞതായി മാതൃഭൂമിയാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെയാണ് ജയരാജനെ ബിജെപിയാക്കിയത് സിപിഎമ്മുകാർ തന്നെയാണെന്ന സംശയം സജീവമാകുന്നത്. നിലപാട് എന്ന പേജിൽ പോസ്റ്റെത്തിയെന്ന വെളിപ്പെടുത്തലാണ് ഇതിന് കാരണം.

പി.ജയരാജൻ നൽകിയ പരാതിയെ തുടർന്ന് കണ്ണൂർ ടൗൺ പൊലീസാണ് കേസ് രജിസ്റ്റർചെയ്തത്. ഇൻസ്പെക്ടർ പ്രദീപൻ കണ്ണിപ്പൊയിലിന്റെ നേതൃത്വത്തിലാണ് അന്വേഷണം. ചെങ്കോട്ടയെന്ന് വിളിപ്പേരുള്ള കണ്ണൂരിൽ സിപിഎമ്മിന് വേണ്ടി സംഘപരിവാറിന്റെ വളർച്ചയെ ചെറുക്കുന്നത് പി ജയരാജനാണ്. ഓകെ വാസു അടക്കമുള്ള ബിജെപിക്കാരെ സിപിഎമ്മിലെത്തിക്കുകയും മതേതര ശ്രീകൃഷ്ണ ജയന്തി സംഘടിപ്പിക്കുകയും അടക്കമുള്ള നീക്കങ്ങളിലൂടെ കണ്ണൂരിൽ ആർഎസ്എസിനെ പലവട്ടം പ്രതിരോധത്തിലാക്കിയിട്ടുണ്ട് ജയരാജൻ. അതുകൊണ്ട് തന്നെയാണ് കണ്ണൂർ സിപിഎമ്മിൽ മറുവാക്കില്ലാത്ത നേതാവായ പിജെ ബിജെപിയിലേക്ക് പോകുന്നുവെന്ന വ്യാപക പ്രചാരണം പാർട്ടി അണികൾക്കടക്കം ചെറുതല്ലാത്ത ഞെട്ടൽ നൽകിയത്. ഇത് മനസ്സിലാക്കിയാണ് ജയരാജനും പൊലീസിൽ പരാതി നൽകിയത്.

വടകരയിൽ മത്സരിച്ച ജയരാജൻ തോറ്റിരുന്നു. കണ്ണൂരിലെ കരുത്തനായ സഖാവിനെ സിപിഎമ്മിലെ ഒരു വിഭാഗം വടകരയിൽ മത്സരിപ്പിച്ച് തോൽപ്പിച്ചതാണെന്ന വാദം ഒരു വിഭാഗം ഉയർത്തിയിരുന്നു. ഇതോടെ കണ്ണൂരിലെ പാർട്ടി സെക്രട്ടറി സ്ഥാനം ജയരാജന് നഷ്ടമായി. ഇതിനെതിരെ പ്രതികരിച്ച് പിജെ ആർമിയും രൂപം കൊണ്ടു. പിജെ ആർമി സിപിഎമ്മിലെ തിരുത്തൽ ശക്തിയുമായി മാറി. ഇതിനിടെയാണ് സോഷ്യൽ മീഡിയയിൽ ബിജെപിയിലേക്ക് ജയരാജൻ പോകുന്നുവെന്ന വ്യാജ പ്രചരണമെത്തിയത്. അതിന്റെ അന്വേഷണം എത്തുന്നത് നിലപാട് എന്ന ഗ്രൂപ്പിലേക്ക് ആകുന്നതും സിപിഎമ്മിൽ പുതിയ ചർച്ചകളിലേക്ക് കാര്യങ്ങളെത്തിക്കും. നിലപാട് ഗ്രൂപ്പിലെ പോസ്റ്റുകളെല്ലാം ഇടത് ആഭിമുഖ്യം പുലർത്തുന്നതാണ്.

ബിജെപി നേതാക്കളുമായി ജയരാജൻ ചർച്ച നടത്തിയെന്നും വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കണ്ണൂരിലോ തലശ്ശേരിയിലോ മത്സരിക്കാൻ സാധ്യതയുണ്ട് എന്നുമായിരുന്നു പ്രചാരണം നടന്നത്. സംഘികളും മുസ്ലിം തീവ്രവാദികളുമാണ് പ്രചാരണത്തിന് പിന്നിലെന്ന് പി ജയരാജൻ ആരോപിക്കുന്നു. വ്യാജ പ്രചാരണത്തിന് എതിരെ കണ്ണൂർ ഡിവൈഎസ്‌പിക്ക് ജയരാജൻ പരാതി നൽകി. പി ജയരാജൻ ബിജെപിയിൽ ചേരുമെന്ന് സാമൂഹ്യമാധ്യമങ്ങളിലൂടെ ചിലർ നടത്തുന്ന പ്രചരണം കല്ലുവെച്ച നുണയാണെന്ന് സിപിഎമ്മും പ്രതികരിച്ചിരുന്നു

അച്ചടി, ദൃശ്യ, ശ്രാവ്യ മാധ്യമങ്ങളിൽ നിന്നും വ്യത്യസ്തമാണ് സാമൂഹ്യ മാധ്യമങ്ങൾ. മാധ്യമ ഉടമകളും, വാർത്തകൾ രചിക്കുന്നവരും എല്ലാം സാമൂഹ്യമാധ്യമങ്ങളിൽ ഇടപെടുന്ന ജനങ്ങളാണ്. അതുകൊണ്ട് തന്നെ വ്യാജവാർത്തകൾക്കെതിരെ കരുതലും ജാഗ്രതയും ഓരോരുത്തർക്കും ഉണ്ടാകണം. പലപ്പോഴും കമ്മ്യൂണിസ്റ്റ് വിരുദ്ധ വാർത്തകൾക്ക് സാമൂഹ്യമാധ്യമങ്ങളിൽ വൻ പ്രചാരം ലഭിക്കാറുണ്ട്. സത്യം മനസ്സിലാക്കാതെ ലൈക്ക് ചെയ്യുന്നതുകൊണ്ടാണ് അങ്ങനെ സംഭവിക്കുന്നതും. പി ജയരാജൻ അമിത് ഷായെ കണ്ടുവെന്നും താമസിയാതെ ബിജെപിയിൽ മെമ്പർഷിപ്പ് എടുക്കുമെന്നും മറ്റുമാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ ഇപ്പോൾ പ്രചരിപ്പിക്കുന്നത്. ഇത് തികച്ചും വാസ്തവ വിരുദ്ധമാണ്. സംഘപരിവാർ ക്രമിനലുകൾ വെട്ടിനുറുക്കിയ ജയരാജൻ ബിജെപിയിൽ ചേരുമെന്ന പ്രചരണം ആരും വിശ്വസിക്കില്ലെന്ന് സിപിഎം വിശദീകരിച്ചിരുന്നു.

രാജ്യത്തിന്റെ ഭരണഘടനയ്ക്ക് പകരം മനുസ്മൃതി പ്രതിഷ്ഠിക്കുന്നവരാണ് ആർഎസ്എസ്സുകാർ. ജനാധിപത്യത്തിനും, മതനിരപേക്ഷതയ്ക്കും, ഫെഡറലിസത്തിനും ഏതിരാണവർ. സ്വേച്ഛാധിപത്യമാണ് അവരുടെ മാർഗ്ഗം ഫാസിസ്റ്റ് സ്വഭാവമുള്ള നടപടികളാണ് സ്വീകരിക്കുന്നത്. എന്തും ചെയ്യുകയും അത് ശരിയാണെന്ന് ജനങ്ങളിൽ പ്രചരിപ്പിക്കാൻ നുണകൾ പടച്ചുവിടാൻ ഒരു മടിയും കാണിക്കാത്തവരാണ് സംഘപരിവാർ.-എന്നും സിപിഎം ആരോപിച്ചു. എന്നാൽ പൊലീസ് അന്വേഷണത്തിൽ ഈ പ്രചരണത്തിന് പരിവാറുമായി ബന്ധമില്ലെന്നാണ് തെളിയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP