Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അടി തെറ്റിയാൽ പിണറായിയും വീഴുമോ? ധർമ്മടത്തെ മാരാരിക്കുളമാക്കാൻ മാസ് ഐഡിയയുമായി യുഡിഎഫ് നേതാക്കൾ; കള്ളവോട്ടു കുത്തി ഭൂരിപക്ഷം കൂട്ടി ഇക്കുറി മേനി നടിക്കേണ്ടെന്ന് വെല്ലുവിളി; മണ്ഡലത്തിൽ വ്യാജമായി സിപിഎം ചേർത്ത ഏഴായിരം പേരുടെ പേരും വിവരങ്ങളുമായി ഹൈക്കോടതിയെ സമീപിച്ചു

അടി തെറ്റിയാൽ പിണറായിയും വീഴുമോ? ധർമ്മടത്തെ മാരാരിക്കുളമാക്കാൻ മാസ് ഐഡിയയുമായി യുഡിഎഫ് നേതാക്കൾ; കള്ളവോട്ടു കുത്തി ഭൂരിപക്ഷം കൂട്ടി ഇക്കുറി മേനി നടിക്കേണ്ടെന്ന് വെല്ലുവിളി; മണ്ഡലത്തിൽ വ്യാജമായി സിപിഎം ചേർത്ത ഏഴായിരം പേരുടെ പേരും വിവരങ്ങളുമായി ഹൈക്കോടതിയെ സമീപിച്ചു

എൻ വി മഹേഷ് ബാബു

കണ്ണൂർ: ലക്കും ലഗാനുമില്ലാതെ കള്ള വോട്ടു കുത്തി ഭൂരിപക്ഷം കൂട്ടി ഇക്കുറി മേനി നടിക്കേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയനോട് ധർമ്മടത്തെ യു.ഡി.എഫ് നേതാക്കൾ. സിപിഎം വ്യാജ വോട്ടായി ചേർത്ത ഏഴായിരം പേരുടെ പേരും വിവരങ്ങളുമായി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് ധർമ്മടത്തെ യു.ഡി.എഫ് നേതാക്കൾ. ഏറ്റവും ചുരുങ്ങിയത് ഏഴു മുതൽ പതിനായിരം വരെ കള്ള വോട്ട് സിപിഎം മുഖ്യമന്ത്രിയുടെ മണ്ഡലമായ ധർമ്മടത്ത് ചേർത്തിട്ടുണ്ടെന്ന് ഡി.സി.സി ജനറൽ സെക്രട്ടറി സി.രഘുനാഥ് പറഞ്ഞു.

വ്യാജ വോട്ടുകളാണ് ഇങ്ങനെ ചേർത്തത്. സിപിഎം കാലാകാലങ്ങളിലായി ഇങ്ങനെയാണ് ഭൂരിപക്ഷം വർധിപ്പിക്കുന്നതെന്നും അദ്ദേഹം ചുണ്ടികാട്ടി. ഈ വോട്ടുകളിൽ എന്നോ മരണമടഞ്ഞവരും വിദേശങ്ങളിൽ താമസിക്കുന്നവരും, മണ്ഡലത്തിൽ നിന്നു തന്നെ വീടു മാറിപ്പോയവരും വിവാഹം കഴിച്ചതിനു ശേഷം ഭർതൃ വീട്ടിൽ താമസിക്കുന്നവരും എന്നിങ്ങനെ ഒറ്റ നോട്ടത്തിൽ തന്നെ നോക്കിയാൽ ഇരട്ട വോട്ടാണെന്ന് വ്യക്തമാവുന്ന ഒട്ടേറെ പേരുകളുണ്ട് 'എന്നാൽ ഇതു തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്മാർ മാത്രം കാണുന്നില്ലെന്നാണ് യു.ഡി.എഫ് ധർമ്മടം മണ്ഡലം കമ്മിറ്റി ചെയർമാൻ കെ.പി. ജയാനന്ദൻ ചുണ്ടികാണിക്കുന്നത് ധർമ്മടം മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് പട്ടിക പ്രസിദ്ധീകരിച്ചതിനു ശേഷവും പതിനായിരത്തോളം വോട്ടുകൾ പുതുതായി ചേർക്കാൻ സിപിഎം അപേക്ഷ നൽകിയിട്ടുണ്ട്. ഇതിൽ ഭൂരിഭാഗവും സിപിഎം ചേർത്ത വ്യാജ വോട്ടുകളാണെന്നും ജയാ നന്ദൻ ആരോപിച്ചു.

ശമ്പളം ഇലക്ഷൻ കമ്മിഷനിൽ നിന്ന് പണി പാർട്ടിക്കായി

ഇലക്ഷൻ കമ്മിഷൻ കോടിക്കണക്കിന് രൂപ ചെലവഴിച്ചാണ് ഓരോ തെരഞ്ഞെടുപ്പ് മാമാങ്കവും നടത്തുന്നത്. എന്നാൽ ഇലക്ഷൻ കമ്മീഷനിൽ നിന്നും ശമ്പളം വാങ്ങുന്ന ബൂത്ത് ലെവൽ ഓഫീസർമാർ സിപിഎമ്മിന് ഭൂരിപക്ഷം കുട്ടാൻ മത്സരിക്കുകയാണെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിക്കുന്നു. കണ്ണൂർ ജില്ലയിലെ തൊണ്ണൂറ് ശതമാനം ബി.എൽ. ഒമാരും സിപിഎമ്മുകാരോ ഇടതു യുനിയനിൽ പ്പെട്ടവരോ യാണ്. അതുകൊണ്ട് സിപിഎമ്മിന്റെ ബൂത്ത് ഏജന്റുമാരായാണ് അവർ പ്രവർത്തിക്കുന്നത്. ധർമ്മടത്ത് ഇരട്ട വോട്ടുകളെന്ന് വ്യക്തമായ തെളിവുകൾ സഹിതം പരാതി നൽകിയ ഒറ്റ വോട്ടും ഇതുവരെ തള്ളിയിട്ടില്ല എന്നാൽ യു.ഡി.എഫിന്റെ വോട്ടുകൾ ഇടി വെട്ടും വേഗത്തിൽ തള്ളുന്നുമുണ്ടെന്ന് സി.രഘുനാഥ് ചൂണ്ടിക്കാട്ടി.

യു.ഡി.എഫ് വോട്ടുകൾ ഇരു ചെവിയറിയാതെയാണ് തള്ളുന്നത്. വോട്ടു തള്ളുമ്പോൾ പരാതിക്കാരനും ഹരജിക്കാരനും ഒരേ പോലെ തങ്ങളുടെ അഭിപ്രായമറിയിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ നോട്ടീസ് അയക്കണമെന്നാണ് ചട്ടമെങ്കിലും യു.ഡി.എഫിന്റെ കാര്യത്തിൽ ഇതു പാലിക്കപ്പെടുത്തുന്നില്ല. ഫോറം ഏഴു പ്രകാരം വോട്ടു തള്ളിക്കാൻ ആരെങ്കിലും പരാതി നൽകിയാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥന് അന്വേഷണം നടത്തി നടപടിയെടുക്കാമെന്ന് സംസ്ഥാന ഇലക്ഷൻ കമ്മിഷണർ ടിക്കാറാം മീണ തന്നെ വാർത്താ സമ്മേളനത്തിൽ പറഞ്ഞിട്ടുണ്ട്.

എന്നാൽ ധർമ്മടത്തെ ഏഴായിരം കള്ള വോട്ടുകളുടെ കാര്യം വന്നപ്പോൾ ഉദ്യോഗസ്ഥർ മലക്കംമറിയുകയാണ്. തെരെഞ്ഞടുപ്പ് ചുമതലയുള്ള തഹസിൽദാർ പരാതി കലക്ടർക്ക് കൊടുക്കാനാണ് പറഞ്ഞത് എന്നാൽ കലക്ടർ ക്കല്ല ഇലക്ഷൻ കമ്മിഷനു തന്നെ പരാതി കൊടുത്തേക്കാമെന്നായി യു.ഡി.എഫ് നേതാക്കൾ . തങ്ങൾ ഉന്നയിച്ച പരാതികൾക്ക് യുക്തമായ പരിഹാരം കണ്ടെത്തിയില്ലെങ്കിൽ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ടെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞു. മുഖ്യമന്ത്രിയുടെ മണ്ഡലമായ ധർമ്മടത്ത് ഭൂരിപക്ഷം വർധിപ്പിക്കുന്നതിനായി ജനാധിപത്യപരമായി നടക്കേണ്ട തെരഞ്ഞെടുപ്പുകൾ അട്ടിമറിക്കുകയാണ് ചെയ്യുന്നത്. ഇലക്ഷൻ കമ്മിഷണർ ടിക്കാറാം മീണ കഴിഞ്ഞ ദിവസം വാർത്താ സമ്മേളനത്തിൽ പറഞ്ഞത്. ഇരട്ട വോട്ടുകൾ ഒഴിവാക്കാൻ ആർക്കും ഫോറം ഏഴു പ്രകാരം അപേക്ഷ കൊടുത്താൽ മതിയെന്നാണ് വോട്ടർ പട്ടിക ശുദ്ധീകരണമെന്ന പേരിൽ വോട്ടർ പട്ടിക പുതുക്കുന്നതിനു വേണ്ടി കോടികൾ ചെലവഴിക്കുന്ന ടിക്കാറാം മീണയെന്തെ ധർമ്മടത്തെ കള്ള വോട്ടുകളിൽ പരാതിയെടുക്കുന്നില്ലെന്നും യു.ഡി.എഫ് നേതാക്കൾ ചോദിച്ചു.

കള്ള വോട്ടുകൾ വരുന്ന വഴികൾ

ഏറ്റവും കൂടുതൽ ഓപ്പൺ വോട്ടുകൾ ചെയ്യുന്ന ജില്ലകളിലൊന്നാണ് കണ്ണൂർ സിപിഎം, കോൺഗ്രസ്, ബിജെപി, മുസ്ലിം ലീഗ് സ്വാധീന കേന്ദ്രങ്ങളിൽ ഈ പരിപാടി ഒരേ പോലെ നടക്കുന്നു. എന്നാൽ സിപിഎം പാർട്ടി കേന്ദ്രങ്ങളിൽ ഈ പരിപാടി അൽപ്പം വിപുലമായി നടക്കുന്നു മാത്രം. സാധാരണയായി ശാരീരിക അവശതയുള്ളവരുടെ വോട്ടാണ് ബന്ധുവായ മറ്റൊരാൾ ചെയ്യുന്നതെങ്കിലും പാർട്ടി ഗ്രാമങ്ങളിൽ പാർട്ടി നേതാക്കൾക്കു സംശയമുള്ളവരുടെ വോട്ടുകളെല്ലാം ഓപ്പൺ വോട്ടുകളാണ്. 40 വയസിന് താഴെയുള്ളവരുടെ വോട്ടുകൾ പോലും ഇങ്ങനെ ഓപ്പൺ വോട്ടായി ചെയ്യാറുണ്ട്. എന്നാൽ ഇക്കുറി ഓപ്പൺ വോട്ടുചെയ്യുന്നതിനായി മെഡിക്കൽ സർട്ടിഫിക്കറ്റ് നിർബന്ധമാക്കണമെന്നാണ് യു.ഡി.എഫ് നേതാക്കൾ ആവശ്യപ്പെടുന്നത്.

ഇതുവരെയുള്ള കണക്കുകൾ പ്രകാരം തന്നെ മുഖ്യമന്ത്രിയുടെ മണ്ഡലത്തിലെ വോട്ടർ പട്ടികയിൽ 150- ഓളം പേർ പരേതരാണ്. ഇവരുടെ വോട്ടുകൾ പോലും തള്ളാൻ പരാതി നൽകിയിട്ടും ബി.എൽ ഒ മാർ തയ്യാറാകുന്നില്ല. മുഖ്യമന്ത്രിയുടെ വീട് നിൽക്കുന്ന പിണറായിയിലെ 143 നമ്പർ ബുത്തിൽ 120 ഇരട്ട വോട്ടുകൾ കണ്ടെത്തി യു.ഡി.എഫ് തള്ളാൻ വേണ്ടി കൊടുത്തിട്ടും ബി.എൽ മാർ തയ്യാറാകുന്നില്ല. എതിർ കക്ഷികൾക്ക് നോട്ടിസ് പോലും ഇതുവരെ അയച്ചിട്ടില്ലെന്ന് കോൺഗ്രസ് നേതാവ് സി.രഘുനാഥ് ചൂണ്ടികാട്ടി. വേങ്ങാട് പഞ്ചായത്തിലെ പറമ്പായിയിൽ എഴുപതാം നമ്പർ ബുത്തിൽ ഇതുപോലെ 120 വോട്ടുകൾ വ്യാജമായി ചേർത്തതാണെന്നും അദ്ദേഹം ആരോപിച്ചു.

മാരാരിക്കുളമാവുമോ ധർമ്മടം

ഇന്ദിരാ ഗാന്ധിയും വി എസ്.അച്യുതാനന്ദനും തോറ്റ ചരിത്രമുള്ള തെരഞ്ഞെടുപ്പുകളിൽ ആർക്കും അത്ര വലിയ അപ്രമാദിത്വമൊന്നുമില്ലെന്നാണ് യു.ഡി.എഫ് പറയുന്നത്. അടി തെറ്റിയാൽ ആനയും വീഴാം. ജനവിധി എതിരായാൽ ആർക്കും പിടിച്ചു നിൽക്കാനാവില്ല മാരാരിക്കുളത്ത് വി എസ്.അച്യുതാനന്ദൻ തോറ്റ ചരിത്രമുള്ള നമ്മുടെ നാട്ടിൽ ധർമ്മടം ബാലികേറാമലയൊന്നുമല്ലെന്നാണ് കണക്കുകൾ നിരത്തി കോൺഗ്രസ് നേതാക്കൾ പറയുന്നത്. കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ പാർട്ടി ഗ്രാമങ്ങളിൽ നിന്നും ഇളകി മറിഞ്ഞ് സുധാകരന് വോട്ടു കിട്ടിയതാണെന്ന് നേതാക്കൾ അവകാശപ്പെട്ടു.

പത്തു വർഷം മുൻപാണ് ധർമ്മടം നിയോജക മണ്ഡലം പുതുതായി രൂപീകരിച്ചത്. മണ്ഡലം രൂപീകരിച്ചതിനു ശേഷമുള്ള മൂന്നാമത്തെ നിയമസഭാ തെരഞ്ഞെടുപ്പാണിത് കമ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യ സമ്മേളനത്തിന് വേദിയായ പിണറായി പാറപ്രം ഉൾപ്പെടുന്ന മണ്ഡലമാണ് ധർമവും. പാവങ്ങളുടെ പടത്തലവനെന്നു അറിയപ്പെടുന്ന എ.കെ.ജിയുടെ ജന്മനാടായ പെരളശേരിയും കമ്യുണിസ്റ്റ്പ്രസ്ഥാനത്തെ ഇമ ചിമ്മാതെ കാത്തുസൂക്ഷിച്ച മാവിലായി അടക്കമുള്ള പ്രദേശങ്ങൾ സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്. പഴയ എടക്കാട് മണ്ഡലത്തിന്റെ ഭാഗമായിരുന്ന പെരളശേരി, മുഴപ്പിലങ്ങാട്, കടമ്പൂർ , ചെമ്പിലോട് അഞ്ചരക്കണ്ടി പഞ്ചായത്തുകളും കുത്തുപറമ്പിൽ ഉൾപെട്ടിരുന്ന പിണറായിയും വേങ്ങാടും തലശേരിയുടെ ഭാഗമായിരുന്ന ധർമ്മടം പഞ്ചായത്തും ഉൾ ഫെടുത്തി 2011ലാണ് ധർമ്മടം നിയമസഭാ മണ്ഡലം രൂപം കൊണ്ടത്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 1,79,416 വോട്ടർമാരായിരുന്നു ഇവിടെയുണ്ടായിരുന്നത്. ഇക്കുറി 1,89,166. 1,01,697 സ്ത്രീകളും 87,467 പുരുഷന്മാരും രണ്ട് ട്രാൻസ്ജെൻഡറുമുണ്ട്. ആദ്യ തെരഞ്ഞെടുപ്പിൽ എൽഡിഎഫിലെ കെ കെ നാരായണൻ 15,162 വോട്ടിന്റെ ഭൂരിപക്ഷം നേടിയാണ് വിജയിച്ചത്. കെ കെ നാരായണൻ 72,354 വോട്ട് നേടിയപ്പോൾ യുഡിഎഫിലെ മമ്പറം ദിവാകരന് 57,192 വോട്ട് ലഭിച്ചു. 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ കണ്ണൂർ മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി പി കെ ശ്രീമതിക്ക് ധർമടം 14,961 വോട്ടിന്റെ ലീഡ് നൽകി.

2015ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ എൽഡിഎഫിന് 30,337 വോട്ടിന്റെ ലീഡ്. തൊട്ടടുത്ത വർഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പിണറായി വിജയനെ 36,905 വോട്ടിന്റെ ഭൂരിപക്ഷം നൽകിയാണ് ധർമടം കേരളത്തിന്റെ നായകനാക്കിയത്. മമ്പറം ദിവാകരൻ തന്നെയായിരുന്നു എതിരാളി. 87,329 വോട്ട് പിണറായി നേടിയപ്പോൾ യുഡിഎഫ് 50,424ൽ ഒതുങ്ങി.

യുഡിഎഫ് നേട്ടമുണ്ടാക്കിയ 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ധർമടം എൽഡിഎഫിന് 4099 വോട്ടിന്റെ ലീഡ് നൽകി. 2020ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ ധർമടം മണ്ഡലത്തിലുൾപ്പെടുന്ന പഞ്ചായത്തുകളിൽ 49,180 ആയി എൽഡിഎഫ് ഭൂരിപക്ഷമുയർത്തിയിട്ടുണ്ട്. ഇക്കുറി നിയമസഭാ തെരഞ്ഞെടുപ്പിൽ അതിലും കൂടുതൽ ഭൂരിപക്ഷം വർധി പിക്കാനാണ് എൽ.ഡി.എഫിന്റെ പരിശ്രമം. മണ്ഡലത്തിൽ മുഖ്യമന്ത്രി നടത്തിയ വികസന പ്രവർത്തനങ്ങളാണ് എൽ.ഡി.എഫിന്റെ പ്രചാരണ വിഷയം. എന്നാൽ കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിന് സമാനമായ തരംഗമുണ്ടായാൽ ധർമ്മടം മണ്ഡലം വലതു ചേരിയിലേക്ക് മറിയാനും സാധ്യതയുണ്ടെന്ന് യു.ഡി.എഫ് നേതാക്കൾ പറഞ്ഞു. കോൺഗ്രസിനായി കരുത്തരായ സ്ഥാനാർത്ഥികൾ ഇറങ്ങിയാൽ അതും സംഭവിക്കാമെന്നാണ് കോൺഗ്രസ് നേതാക്കൾ പറയുന്നത്. രാഷ്ടീയത്തിൽ ഒരിക്കലും ഒന്നും ഒന്നും രണ്ടെല്ലാന്നാണ് ഇവർ ചുണ്ടിക്കാട്ടുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP