Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വെള്ളാപ്പള്ളിയുടെ രാഷ്ട്രീയ യാത്ര ഉദ്ഘാടനം ചെയ്യാൻ ശ്രീ ശ്രീ രവിശങ്കർ നേരിട്ടെത്തും; എന്നിട്ടും ആർട് ഓഫ് ലിവിങ്-ബിജെപി സഹകരണം സ്വാമിക്ക്‌ എക്‌സ്‌ക്ലൂസീവ് തമാശ മാത്രം!

വെള്ളാപ്പള്ളിയുടെ രാഷ്ട്രീയ യാത്ര ഉദ്ഘാടനം ചെയ്യാൻ ശ്രീ ശ്രീ രവിശങ്കർ നേരിട്ടെത്തും; എന്നിട്ടും ആർട് ഓഫ് ലിവിങ്-ബിജെപി സഹകരണം സ്വാമിക്ക്‌ എക്‌സ്‌ക്ലൂസീവ് തമാശ മാത്രം!

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളത്തിൽ ബിജെപിയുടെ തെരഞ്ഞെടുപ്പ് മോഹങ്ങൾക്ക് സഹായം നൽകുമെന്ന വാർത്ത നിഷേധിച്ച് ശ്രീ ശ്രീ രവിശങ്കറിന്റെ നേതൃത്വത്തിലുള്ള ആർട് ഓഫ് ലീവിങ് രംഗത്ത്. ഇതു സംബന്ധിച്ച് മറുനാടൻ നൽകിയ വാർത്തയോടുള്ള പ്രതികരണമായാണ് സ്വാമി സദ്യോജാത നിലപാട് അറിയിച്ചത്. റിപ്പോർട്ടറുടെ ഭാവനാ സൃഷ്ടിമാത്രമാണിതെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. എന്നാൽ വരുന്ന തെരഞ്ഞെടുപ്പുകളിൽ ആർട്ട് ഓഫ് ലീവിങിന്റെ പിന്തുണ ലഭിക്കുമെന്ന തന്നെയാണ് ബിജെപി സംസ്ഥാന നേതൃത്വം വ്യക്തമാക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ നരേന്ദ്ര മോദിയുടെ പ്രധാനമന്ത്രി പദത്തിന് അനുകൂലമായി പ്രതികരിച്ച ശ്രീ ശ്രീ രവിശങ്കർ കേരളത്തിലും മാറ്റമുണ്ടാക്കാൻ സഹായിക്കുമെന്നാണ് അവരുടെ പ്രതീക്ഷ.

കോൺഗ്രസ്-കമ്യൂണിസ്റ്റ്മുക്ത കേരളത്തിനായി കൈകോർക്കാൻ ബിജെപിയും എസ്.എൻ.ഡി.പിയും തയ്യറെടുക്കുമ്പോൾ അതിന് എല്ലാ വിധ പിന്തുണയുമായി മാതാ അമൃതാനന്ദമയീ മഠവും ശ്രീ ശ്രീ രവിശങ്കറിന്റെ ആർട്ട് ഓഫ് ലീവിങ്ങ് പ്രസ്ഥാനവുമുണ്ടാകുമെന്നായിരുന്നും മറുനാടൻ വാർത്ത. കഴിഞ്ഞ ദിവസം ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായും എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായുള്ള ചർച്ചകൾക്ക് അവസരമൊരുക്കിയത് വള്ളിക്കാവിലെ അമൃതാനന്ദമയീ മഠമായിരുന്നു. വളരെ ക്രിയാത്മകമായ ചർച്ചയാണ് വള്ളിക്കാവിൽ നടന്നത്. ഈ കൂട്ടായ്മയ്ക്ക് എല്ലാ പിന്തുണയും മഠം വാഗ്ദാനം ചെയ്തുവെന്നാണ് സൂചന. അതിനിടെയാണ് ബിജെപിയുടെ കേരളത്തിലെ രാഷ്ട്പീയ മോഹങ്ങൾക്ക് ആർട്ട് ഓഫ് ലീവിങ്ങും എത്തുമെന്ന സൂചന വരുന്നതെന്നായിരുന്നു മറുനാടൻ റിപ്പോർട്ട് ചെയ്തത്. ബിജെപി കേന്ദ്രങ്ങളെ ഉദ്ദരിച്ചായിരുന്നു റിപ്പോർട്ട് നൽകിയത്.

ഇതിനെതിരെയാണ് ആർട്ട് ഓഫ് ലീവിങിന്റെ ഡയറക്ടർ കൂടിയായ സ്വാമി സദ്യോജാത രംഗത്ത് വന്നത്. റിപ്പോർട്ടറുടെ മികച്ച ഭാവനാസൃഷ്ടിമാത്രമാണ് ഇതെന്നാണ് മറുനാടൻ എഡിറ്റർക്ക് അയച്ച മെയിലിൽ സ്വാമി വിശദീകരിക്കുന്നത്. മാസ ശമ്പളത്തിന് വേണ്ടി ഓരോ ദിവസവും ഇത്തരം വാർത്തകൾ കൃത്രിമമായി സൃഷ്ടിക്കപ്പെടുന്നതായും അറിയാം. അമിത് ഷായുടെ മാസ്റ്റർ പ്ലാനിൽ ശ്രീ ശ്രീ രവിശങ്കറും ആർട് ഓഫ് ലീവിങ്ങും ഉണ്ടെന്നുള്ളത് എക്‌സ്‌ക്ലൂസീവ് കോമഡി മാത്രമാണെന്നും സ്വാമി പറഞ്ഞിരുന്നു. വെള്ളാപ്പള്ളിയുടെ രാഷ്ട്രീയ യാത്ര ബിജെപിക്ക് വേണ്ടിയാണെന്ന് പകൽ പോലെ വ്യക്തമാണ്. ഈ യാത്രയുടെ ഉദ്ഘാടകനായി ശ്രീശ്രീ രവിശങ്കർ നേരിട്ട് തന്നെ എത്തുന്നു. ഇതൊക്കെ അറിയാമായിരുന്നിട്ടും മറുനാടൻ വാർത്തയെ പരഹിസിക്കുന്ന തരത്തിൽ സ്വാമി സദ്യോജത ഇമെയിൽ അയച്ചുവെന്നതാണ് വസ്തുത. ഇന്നത്തെ മുഖ്യധാരാ പത്രങ്ങളിലെല്ലാം വെള്ളാപ്പള്ളിയുടെ യാത്ര ഉദ്ഘാടനം ചെയ്യുന്നത് ശ്രീ ശ്രീ രവിശങ്കറാണെന്ന് വ്യക്തമായി തന്നെ പറയുന്നു.

കേരളത്തിൽ ബിജെപിയെ സഹായിക്കാൻ ആർട്് ഓഫ് ലീവിങ്ങും ശ്രീ ശ്രീ രവിശങ്കറും ഉണ്ടാകുമെന്ന പ്രതീക്ഷ തന്നെയാണ് ബിജെപി കേന്ദ്രങ്ങൾ ഇപ്പോഴും മറുനാടനോട് പങ്കുവക്കുന്നത്. കേരളത്തിലെ എല്ലാ വിഭാഗം ജനങ്ങളും മാറ്റത്തിനായി ബിജെപിയെ സഹായിക്കും. അതിൽ നിന്ന് ആർട്ട് ഓഫ് ലീവിങ്ങും ഒഴിഞ്ഞു നിൽക്കില്ലെന്നാണ് പ്രതീക്ഷയെന്ന് ബിജെപി പറയുന്നു. ഇതിന്റെ തുടക്കമാണ് എസ്എൻഡിപിയെന്ന സമുദായ സംഘടനയുടെ നിലപാട് മാറ്റമെന്നും വിശദീകരിക്കുന്നു. ശ്രീ ശ്രീ രവിശങ്കർ വെള്ളപ്പാള്ളിയുടെ ജാഥയുടെ ഉദ്ഘാടനത്തിന് എത്തുന്നത് മുന്നേറ്റത്തിന് സഹായകമാകുമെന്നും അവർ പറയുന്നു. ഈഴവ വോട്ട് ബാങ്കിൽ മാത്രം വിള്ളലുണ്ടാക്കിയാൽ കേരളത്തിൽ രാഷ്ട്രീയ മുന്നേറ്റം ഉണ്ടാകില്ലെന്നാണ് ബിജെപി അധ്യക്ഷൻ അമിത് ഷായുടെ നിലപാട്.

ഈ സാഹചര്യത്തിൽ ഭൂരിപക്ഷ സമുദായത്തെ ഒന്നടങ്കം ഒപ്പം നിർത്താനാണ് അമൃതാനന്ദമയീ മഠത്തിന്റേയും ആർട്ട് ഓഫ് ലീവിങ്ങിന്റേയും സഹായം തേടാനുള്ള ബിജെപി നീക്കം. കേരളത്തിലുടനീളം വിശ്വാസ സമൂഹത്തിന്റെ പിന്തുണ നേടാൻ അമൃതാനന്ദമയീ മഠത്തിന്റേയും അർട്ട് ഓഫ് ലീവിങ്ങിന്റേയും പ്രവർത്തനങ്ങളിലൂടെ കഴിഞ്ഞിട്ടുണ്ട്. ഈ പിന്തുണ ബിജെപിക്ക് വോട്ടാക്കി മാറ്റാനാണ് അമിത് ഷായുടെ നീക്കം. പ്രധാനമന്ത്രി മോദിയുമായി ഏറെ അടുത്തു നിൽക്കുന്ന ആത്മീയ നേതാവാണ് ശ്രീ ശ്രീ രവിശങ്കർ. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മോദിക്ക് വേണ്ടി പരസ്യമായി രംഗത്ത് വന്ന വ്യക്തി. കേരളത്തിലും രാഷ്ട്രീയ മാറ്റം അനിവാര്യമാണെന്ന് തരത്തിൽ രവിശങ്കർ പൊതു പരിപാടികളിൽ സജീവമാകുമെന്ന് തന്നെയാണ് ബിജെപി വൃത്തങ്ങൾ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നത്.

മോദിയെ പ്രധാനമന്ത്രിയാക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ച ആത്മീയാചാര്യനാണ് ശ്രീ ശ്രീ രവിശങ്കർ. പ്രചരണ സമയത്ത് പരസ്യമായി തന്നെ മോദിയെ പിന്തുണച്ചിരുന്നു. '2002ലെ ഗുജറാത്ത് കലാപത്തിന്റെ പേരിൽ മോദിയെ കുറ്റവാളിയായി കാണുന്നതും കുറ്റപ്പെടുത്തുന്നതും ശരിയല്ല. ഗുജറാത്ത് കലാപം മറക്കാൻ സമയമായെന്നും അത് മുഖ്യമന്ത്രിയെന്ന നിലയിൽ നരേന്ദ്ര മോദിയുടെ അനുഭവമില്ലായ്മയിൽ സംഭവിച്ച വീഴ്ചയാണെന്നും പറഞ്ഞു കൊണ്ട് ശ്രീ ശ്രീ രവിശങ്കർ മോദിയെ പിന്തുണയ്ക്കുകയായിരുന്നു. പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി മോദിയെ പ്രഖ്യാപിക്കുന്നതിന് മുമ്പായിരുന്നു ശ്രീ ശ്രീ രവിശങ്കറിന്റെ ഈ പ്രസ്താവന. തുടർന്നും അത് തുടർന്നു. മോദിയുടെ നേതൃത്വത്തിൽ കേന്ദ്ര സർക്കാർ അധികാരത്തിലെത്തിയപ്പോൾ ശ്രീ ശ്രീ രവിശങ്കറിന് പത്മാ പുരസ്‌കാരം നൽകാനും തീരുമാനിച്ചു. എന്നാൽ ശ്രീ ശ്രീ രവിശങ്കർ തന്നെ അത് നിരസിക്കുകയായിരുന്നു. പ്രധാനമന്ത്രിയായ ശേഷവും ശ്രീ ശ്രീ രവിശങ്കറെ മോദി സന്ദർശിച്ച് ചർച്ചകൾ നടത്തിയിട്ടുണ്ട്.

കേരളത്തിൽ ആർട്ട് ഓഫ് ലീവിങ് പ്രസ്ഥാനം സുശക്തമാണ്. സംസ്ഥാനത്തുടനീളം ഘടകങ്ങളുമുണ്ട്. ഇവയുടെ സഹായം കിട്ടിയാൽ തദ്ദേശ തെരഞ്ഞെടുപ്പിൽ പോലും ഗുണം ചെയ്യുമെന്നാണ് ബിജെപിയുടെ വിലയിരുത്തൽ. അത്തരമൊരു പിന്തുണ നേടിയെടുക്കാനാകുമെന്ന് തന്നെയാണ് അവരുടെ പ്രതീക്ഷയും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP