Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജയരാജൻ നാളെ സത്യപ്രതിജ്ഞ ചെയ്യുന്നത് കൂടുതൽ കരുത്തനായി; രണ്ടാമനായി ചുമതല ഏറ്റാലുടൻ ആദ്യം ലഭിക്കുക മുഖ്യമന്ത്രിയുടെ ചുമതല; കണ്ണൂരിലെ കരുത്തനായ നേതാവിന്റെ രണ്ടാം വരവ് ബന്ധു നിയമന വിവാദത്തിൽ നിന്നും ഉൾക്കൊണ്ട പാഠം മറക്കാതെ വ്യവസായ മേഖലയിൽ സമഗ്ര മാറ്റത്തിനുള്ള പദ്ധതികളോടെ

ജയരാജൻ നാളെ സത്യപ്രതിജ്ഞ ചെയ്യുന്നത് കൂടുതൽ കരുത്തനായി; രണ്ടാമനായി ചുമതല ഏറ്റാലുടൻ ആദ്യം ലഭിക്കുക മുഖ്യമന്ത്രിയുടെ ചുമതല; കണ്ണൂരിലെ കരുത്തനായ നേതാവിന്റെ രണ്ടാം വരവ് ബന്ധു നിയമന വിവാദത്തിൽ നിന്നും ഉൾക്കൊണ്ട പാഠം മറക്കാതെ വ്യവസായ മേഖലയിൽ സമഗ്ര മാറ്റത്തിനുള്ള പദ്ധതികളോടെ

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: വിവാദങ്ങളുടെ കാലം കഴിഞ്ഞു ഇപി ജയരാജൻ പൂർവ്വാധികം ശക്തിയോടെ ഇടതു മന്ത്രിസഭയിലേക്ക് തിരിച്ചെത്തുകയാണ്. ഇപിയുടെ വരവ് സിപിഎമ്മിനുള്ളിലെ കണ്ണൂർ നേതാക്കളുടെ ശക്തി വീണ്ടും വർദ്ധിപ്പിക്കും. മുഖ്യമന്ത്രി ചികിൽസയ്ക്ക് അമേരിക്കയിലേക്ക് പോകുന്നതിന് തൊട്ടുമുമ്പാണ് ജയരാജന്റെ മടങ്ങി വരവ്. അതുകൊണ്ട് തന്നെ മന്ത്രിയായി ദിവസങ്ങൾ കഴിയുമ്പോൾ മുഖ്യമന്ത്രിയുടെ ചുമതലയും ജയരാജന് കിട്ടും. വിദേശത്ത് ചികിൽസയ്ക്ക് പോകുമ്പോൾ ചുമതല ഏൽപ്പിക്കാൻ ജയരാജൻ വേണമെന്ന പിണറായി വിജയന്റെ തീരുമാനമാണ് നിർണ്ണായകമായത്. പിണറായിയുടെ മനസ്സിൽ ഇപിക്കുള്ള സ്ഥാനമാണ് വ്യക്തമാകുന്നത്. കണ്ണൂർ രാഷ്ട്രീയത്തിലും ഇത് ഇപിയെ അതിശക്തനാക്കി വരും ദിവസങ്ങളിൽ മാറ്റും.

പദവി വിട്ടൊഴിയുമ്പോൾ ഏതൊക്കെ വകുപ്പുകളായിരുന്നു കൈകാര്യം ചെയ്തത് അതേ വകുപ്പുകളുമായി തന്നൊണ് ഇപി മന്ത്രിസഭയിലേക്ക് തിരികെ എത്തുന്നത്. മഇ പിക്ക് മന്ത്രിസ്ഥാനം നഷ്ടമായതുമായി ബന്ധപ്പെട്ട് കണ്ണൂരിൽ ചില വിവാദങ്ങൾ പുകഞ്ഞിരുന്നു. ഈ വിവാദങ്ങൾക്കും അസ്വാരസ്യങ്ങൾക്കുമുള്ള അന്ത്യം കൂടിയാണ് ഇപിയുടെ രണ്ടാം വരവ്. വ്യവസായ വകുപ്പിലെ ചിലരാണ് തന്നെ ബന്ധു നിയമന വിവാദത്തിൽ കുടുക്കിയതെന്ന് ജയരാജൻ പറഞ്ഞിരുന്നു. അതുകൊണ്ട് തന്നെ വ്യവസായ വകുപ്പിലെ കള്ളക്കളികളെല്ലാം ജയരാജന് അറിയാം. അത് ശുദ്ധീകരിക്കാൻ കൂടി വേണ്ടിയാണ് ജയരാജൻ തിരിച്ചുവരുന്നത്. മുഖ്യമന്ത്രിയുടെ പിന്തുണയോടെ സമൂല മാറ്റങ്ങൾ വകുപ്പിലുണ്ടാക്കും.

ജയരാജൻ നാളെ രാവിലെ പത്തിനാകും സത്യപ്രതിജ്ഞ ചെയ്യുക. പന്തലും മറ്റുമൊഴിവാക്കി രാജ്ഭവൻ ഓഡിറ്റോറിയത്തിൽ ലളിതമായ രീതിയിലാകും ചടങ്ങ്. 200 പേരെമാത്രമാണ് ക്ഷണിച്ചിട്ടുള്ളത്. രാവിലെ 11-നു നടക്കുന്ന മന്ത്രിസഭായോഗത്തിൽ ജയരാജൻ പങ്കെടുക്കും. മുഖ്യമന്ത്രി പിണറായി വിജയൻ 19-ന് അമേരിക്കയിലെ മയോ ക്ലിനിക്കിൽ ചികിത്സയ്ക്ക് പോകും. മുഖ്യമന്ത്രിയുടെ ചുമതല ജയരാജനു കൈമാറും. ഇതോടെ സംസ്ഥാന ഭരണത്തിന്റെ ചുക്കാനും ജയരാജിന് കിട്ടും. മുഖ്യമന്ത്രി നോക്കുന്ന ആഭ്യന്തരം അടക്കം എല്ലാ വകുപ്പുകളും ജയരാജനിലേക്ക് എത്തുകയും ചെയ്യും. നേരത്തേ കൈകാര്യം ചെയ്തിരുന്ന വ്യവസായ വകുപ്പിലേക്ക് തിരിച്ചെത്തുമ്പോൾ സെക്രട്ടേറിയറ്റ് നോർത്ത് സാൻഡ്വിച്ചിലെ ഓഫീസ് ജയരാജന് അനുവദിച്ചേക്കുമെന്നും സൂചനയുണ്ട്. സർക്കാരിന്റെ നയരൂപീകരണത്തിൽ ജയരാജന് തന്നെയാകും ഇനി രണ്ടാം സ്ഥാനം. നിയമസഭയിലും മുഖ്യമന്ത്രിക്ക് അടുത്ത് സീറ്റ് ജയരാജന് തന്നെ നൽകും.

ബന്ധുനിയമന വിവാദം കേസായതോടെ ജയരാജനു പകരം എം.എം.മണിയെ മന്ത്രിസഭയിലെടുത്തു. കേസ് ഒഴിവായപ്പോൾ അദ്ദേഹം തിരികെ മന്ത്രിസഭയിലും എത്തുകയായിരുന്നു. ഇപിരക്ക് ഒരു ജാഗ്രത കുറവ് ഉണ്ടായി എന്നായിരുന്നു പാർട്ടി വിലയിരുത്തൽ. ആ ജാഗ്രതക്കുറവിന് രണ്ടു വർഷക്കാലത്തെ മന്ത്രിക്കസേര നഷ്ടം കൊണ്ട് അവസാനിച്ചു. തഅടിയുടേയും ഇടിയുടേയും വെടിയുടേയും മുന്നിൽ മാറ് കാട്ടിയ നേതാവായിരുന്നു ഇ.പി.ജയരാജൻ. അങ്ങനെയുള്ള ഇപിയെ കുടുക്കിയതും സിപിഎമ്മിലെ തന്നെ ഉന്നതനായിരുന്നുവെന്നാണ് സൂചന. വ്യവസായ വകുപ്പിലെ കൈകടത്തുകൾ നടക്കില്ലെന്ന് കണ്ടപ്പോൾ സമർത്ഥമായി നീങ്ങിയതോടെ ഇപി ജയരാജൻ മന്ത്രിസഭയിൽ നിന്ന് പുറത്തായി.

അഴിമതിയെന്ന ലക്ഷ്യത്തോടെയല്ല താൻ പികെ ശ്രീമതിയുടെ ബന്ധുവിനെ പൊതുമേഖലാ സ്ഥാപനത്തിന്റെ എംഡിയാക്കിയത്. അക്കാര്യത്തിൽ പിഴവ് സംഭവിച്ചെന്നും ജയരാജന് അറിയാം. എന്നാൽ ഈ വിഷയത്തിൽ തന്നേയും പി.കെ. ശ്രീമതി എംപി.യേയും ഒറ്റപ്പെടുത്താനുള്ള നീക്കം ബോധപൂർവ്വം നടന്നുവെന്ന് ജയരാജൻ തിരിച്ചറിഞ്ഞിരുന്നു. ബന്ധുനിയമനത്തിന്റെ പേരിൽ വ്യവസായ മന്ത്രിസ്ഥാനം രാജിവച്ച് ഒഴിയേണ്ടി വന്ന ജയരാജൻ പാർട്ടിഅണികളുടെ അവിശ്വാസം നേരിടേണ്ടി വന്നിരുന്നു. സ്വന്തം നിയോജക മണ്ഡലമായ മട്ടന്നൂരിലെ പൊതു പരിപാടികൾക്കപ്പുറം പാർട്ടി പരിപാടികളിൽ ജയരാജനുള്ള മേൽക്കോയ്മ നഷ്ടപ്പെട്ടുതുടങ്ങിയിരുന്നു. ഇതിനെല്ലാം പിന്നിൽ സിപിഎം നേതൃത്വത്തിലെ ചിലരുടെ ബോധപൂർവ്വമായ കൈയുണ്ടെന്നാണ് ജയരാജൻ വിലയിരുത്തുന്നത്.

1998ൽ പിണറായി വിജയൻ സിപിഎം സംസ്ഥാന സെക്രട്ടറിയായതോടെ കേന്ദ്രീകരണം തിരുവനന്തപുരത്തായി. അന്ന് മുതൽ കണ്ണൂരിലെ സിപിഎം രാഷ്ട്രീയത്തിലെ പ്രധാനിയായിരുന്നു ജയരാജൻ. കോടിയേരി ബാലകൃഷ്ണന് പോലും ജയരാജന്റെ മേധാവിത്വത്തെ കണ്ണൂരിൽ ചോദ്യം ചെയ്യാനായില്ല. പിണറായിയുടെ വിശ്വസ്തനായി നിന്ന് പാർട്ടി കോട്ട ജയരാജൻ കാത്തു. പിണറായിക്ക് ശേഷം ആരാകും സിപിഎം സെക്രട്ടറി എന്ന ചോദ്യത്തിന് പോലും ജയരാജൻ എന്ന ഉത്തരം കണ്ടവരുണ്ട്. പിണറായിയും ജയരാജനെയാണ് ആ പദവിയിലേക്ക് ആഗ്രഹിച്ചത്. എന്നാൽ പോളിറ്റ് ബ്യൂറോ അംഗമായ കോടിയേരിയെ തഴഞ്ഞ് ജയരാജനെ കൊണ്ടു വരുന്നത് മറ്റ് ചില സാങ്കേതിക പ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് തിരിച്ചറിഞ്ഞു. അങ്ങനെ അധികാരത്തിലെത്തുമ്പോൾ മന്ത്രിപദവി വാഗ്ദാനം ചെയ്ത് ജയരാജനെ കാബിനറ്റിൽ രണ്ടാമനാക്കാനും തീരുമാനിച്ചു.

മുഖ്യമന്ത്രിയുടെ വിശ്വസ്തനായ നിയമസഭയിലെ രണ്ടാമത്തെ കസേരയിലും ജയരാജൻ എത്തി. ഇതിനിടെയാണ് അബദ്ധം പിണഞ്ഞ് ജയരാജൻ ബന്ധുത്വ വിവാദത്തിൽ കുടുങ്ങിയത്. ഇതെല്ലാം കോടതി തള്ളിക്കളഞ്ഞതോടെ കൃത്യസമയത്ത് വിശ്വസ്തനെ മന്ത്രിയാക്കുകയാണ് പിണറായി. പഴയ പ്രതാപത്തിലേക്ക് വരാനാണ് ജയരാജന്റെ നീക്കം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP