Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

സഞ്ചിയും തൂക്കി നടക്കുന്നവർ വികസനത്തിന് എതിര്; ഇത്തരം സമീപനങ്ങൾ നാടിനെ പിറകോട്ട് നയിക്കുമെന്നും വ്യവസായമന്ത്രി; ജയരാജന്റെ പ്രസ്താവനയ്ക്ക് എതിരെ പരിസ്ഥിതി വാദികൾ; ഇ പിയുടെ മനസ് പാപ്പിനിശേരി കണ്ടൽ പാർക്കിലാണെന്നു വിമർശനം

സഞ്ചിയും തൂക്കി നടക്കുന്നവർ വികസനത്തിന് എതിര്; ഇത്തരം സമീപനങ്ങൾ നാടിനെ പിറകോട്ട് നയിക്കുമെന്നും വ്യവസായമന്ത്രി; ജയരാജന്റെ പ്രസ്താവനയ്ക്ക് എതിരെ പരിസ്ഥിതി വാദികൾ; ഇ പിയുടെ മനസ് പാപ്പിനിശേരി കണ്ടൽ പാർക്കിലാണെന്നു വിമർശനം

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: സഞ്ചിയും തൂക്കി നടക്കുന്നവർ വികസനത്തിനെതിരാണ്. ഇത്തരം വികസനവിരോധികളുടെ സമീപനങ്ങൾ ശരിയല്ലെന്നും അത് നാടിനെ പിറകോട്ട് നയിക്കാനേ ഉതകുമെന്നും വ്യവസായ മന്ത്രി ഇ.പി. ജയരാജൻ. ശാസ്ത്ര സാഹിത്യ പ്രവർത്തകരേയും പരിസ്ഥിതി വാദികളേയും പരോക്ഷമായി വിമർശിച്ചു കൊണ്ടാണ് വ്യവസായ മന്ത്രിയുടെ ഈ അഭിപ്രായപ്രകടനം. കണ്ണൂരിൽ ചെറുകിട വ്യവസായ അസോസിയേഷൻ നല്കിയ സ്വീകരണ ചടങ്ങിൽ സംസാരിക്കുമ്പോഴാണ് മന്ത്രിയുടെ ഈ പരിസ്ഥിതിവിരോധ അഭിപ്രായപ്രകടനം പുറത്തുവന്നത്. അടുത്ത കാൽ നൂറ്റാണ്ട് കഴിയുമ്പോൾ ഇപ്പോഴുള്ള പാറമടകളെല്ലാം വെയ്സ്റ്റാകും. പകരം പുതിയ കണ്ടുപിടുത്തങ്ങൾ വരും. അന്ന് റോഡ് നിർമ്മിക്കാനും റെയിൽവേ പണിയാനും കരിങ്കല്ലിനെ ആശ്രയിക്കേണ്ടിവരില്ല. വർഷങ്ങൾക്കു മുമ്പ് കരിങ്കൽ ഖനന വിരുദ്ധസമരത്തിനും ചെങ്കൽവെട്ട് മെഷീനെതിരേയും സമരം നയിച്ച നേതാവിൽനിന്നുള്ള പുതിയ പ്രതികരണം ചെറുകിട വ്യവസായികളെ അത്ഭുതപ്പെടുത്തി.

സഞ്ചി തൂക്കി നടക്കുന്നവരെല്ലാം വികസന വിരോധികളാണെന്ന വ്യവസായ മന്ത്രിയുടെ അഭിപ്രായം ശരിയല്ലെന്ന് ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ പ്രസിഡണ്ട് കെ.വിനോദൻ പറഞ്ഞു. മനുഷ്യനും പ്രകൃതിക്കും ജീവജാലങ്ങൾക്കും കോട്ടം തട്ടാത്ത പരിസ്ഥിതി സംരക്ഷിച്ചു കൊണ്ടുള്ള വികസനമാണ് വേണ്ടത്. കുന്നിടിച്ചും കാടുവെട്ടി നശിപ്പിച്ചുമുള്ള വികസനം സുസ്ഥിരമല്ലെന്നും അദ്ദേഹം പറഞ്ഞു. പാപ്പിനിശ്ശേരിയിൽ ജയരാജന്റെ നേതൃത്വത്തിലുള്ള സൊസൈറ്റി കണ്ടൽ പാർക്ക് നിർമ്മിച്ചപ്പോൾ അതിനെ എതിർത്ത് ശാസ്ത്ര സാഹിത്യ പരിഷത്തും പരിസ്ഥിതി സംഘടനകളും രംഗത്തുവന്നിരുന്നു. അന്നുമുതൽ ജയരാജന് പരിസ്ഥിതി സംഘടനകൾ കണ്ണിലെ കരടാണ്. അതിൽ ദുസ്സൂചന വച്ചാണ് സഞ്ചിയും തൂക്കി നടക്കുന്നവർ വികസന വിരോധികളാണെന്ന മന്ത്രിയുടെ പരാമർശം.

അതേസമയം, പാപ്പിനിശ്ശേരി കണ്ടൽപാർക്ക് വീണ്ടും ആരംഭിക്കാൻ അണിയറയിൽ നീക്കം നടക്കുന്നുണ്ടെന്നാണ് സൂചന. കണ്ടലുകൾ മുറിച്ചുമാറ്റി അതിലൂടെ വിനോദസഞ്ചാര കേന്ദ്രം പണിയാനുള്ള ജയരാജന്റെ നീക്കത്തെ പരിസ്ഥിതി സംഘടനകൾ ദീർഘനാളത്തെ സമരത്തിലൂടെയാണ് ചെറുത്തു തോൽപ്പിച്ചത്. സംസ്ഥാന- ദേശീയതലത്തിൽ പ്രവർത്തിക്കുന്ന പരിസ്ഥിതിസംഘടനകൾ അന്ന് കണ്ണൂരിലെത്തി പാർക്കിനെതിരെ സമരം നയിച്ചിരുന്നു. അതേ തുടർന്നാണ് സർക്കാർ കണ്ടൽ പാർക്ക് അടച്ചു പൂട്ടിയത്. എൽ.ഡി.എഫ് സർക്കാർ വീണ്ടും അധികാരത്തിൽ വരികയും ഇ.പി.ജയരാജൻ വ്യവസായമന്ത്രിയായി ചുമതല ഏൽക്കുകയും ചെയ്തതോടെ പാർക്കിനു വേണ്ടി അണിയറയിൽ ചില ചലനങ്ങൾ നടക്കുന്നുവെന്നാണ് വിവരം. അതിന്റെ ഭാഗമായി ജില്ലയിലെ പരിസ്ഥിതി സംഘടനാ നേതാക്കളുടെ വിവരങ്ങൾ ശേഖരിച്ചിട്ടുമുണ്ട്.

കഴിഞ്ഞ ജൂലൈ ആദ്യവാരം പ്രമുഖ പരിസ്ഥിതി പ്രവർത്തകരായ ഹരി- ആശ ദമ്പതികളുടെ ചക്കരക്കല്ലിലെ നനവ് എന്ന വീട് പൊലീസ് വളഞ്ഞിരുന്നു. ഗാന്ധിയൻ സമരമുറ ഉപയോഗിച്ച് പരിസ്ഥിതി പ്രവർത്തനം നടത്തുന്ന ഹരിയേയും ആശയേയും സംശയത്തിന്റെ മുൾമുനയിൽ നിർത്തി പൊലീസ് ചോദ്യം ചെയ്തത് ജില്ലയിൽ ഏറെ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. ജൈവപരിസ്ഥിതി വിഷയത്തിൽ കുട്ടികളടക്കമുള്ളവരുടെ കുടുംബ സംഗമം നടക്കവേയാണ് പൊലീസിന്റെ വളയൽ നടന്നത്. കണ്ടൽ പാർക്ക് സ്ഥാപിക്കുന്നതിനെതിരെ മുൻനിരയിൽ നിന്നു പോരാടിയ ഹരിയേയും ആശയേയും അന്ന് പൊലീസ് ചോദ്യം ചെയ്തു. വീണ്ടും കണ്ടൽപാർക്ക് സ്ഥാപിക്കുകയാണെങ്കിൽ നിങ്ങളുടെ നിലപാടെന്തെന്ന് ചോദിച്ചു. അതിനെ ചെറുക്കുക തന്നെ ചെയ്യുമെന്ന് ഇരുവരും വ്യക്തമാക്കിയിരുന്നു.

പരിസ്ഥിതി -ജൈവ കൂട്ടായ്മയിൽ അന്ന് പങ്കെടുത്ത കുട്ടികളുൾപ്പെടെയുള്ളവരുടെ വിവരങ്ങൾ ശേഖരിച്ചാണ് പൊലീസ് മടങ്ങിയത്. മുതിർന്ന എല്ലാവരുടേയും ഫോൺ നമ്പറുകളും ശേഖരിച്ചു. തങ്ങളെ എന്തിനാണ് തീവ്രവാദികളോടെന്നപോലെ ചോദ്യം ചെയ്യുന്നതെന്ന് ചോദിച്ചപ്പോൾ എല്ലാം മുകളിൽ നിന്നുള്ള ഉത്തരവാണെന്നും തങ്ങൾക്കത് അനുസരിക്കുകയേ നിർവാഹമുള്ളൂവെന്നുമാണ് പൊലീസുകാർ പറഞ്ഞത്. കണ്ടൽ പാർക്ക് വിഷയം മുതൽ ജയരാജനുള്ള പരിസ്ഥിതി പ്രവർത്തകരോടുള്ള വിരോധം മന്ത്രിയായപ്പോഴും തുടരുകയാണെന്നുള്ളതിന്റെ ഉത്തമോദാഹരണമാണ് ഈ പ്രസംഗത്തിലൂടെ വ്യക്തമാവുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP