Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ദുർഘട വനപാതയിലൂടെ കിലോമീറ്ററുകൾ കാൽനടയായി വന്ന് വോട്ടുരേഖപ്പെടുത്തിയത് 272 ഗോത്രവർഗക്കാർ; മലപ്പുറത്ത് വനത്തിനുള്ളിലെ ഏക പോളിങ് ബൂത്തായ നെടുങ്കയത്ത് മാവോയിസ്റ്റ് ഭീഷണി നേരിടാൻ വോട്ടെടുപ്പ് നടന്നത് കനത്ത സുരക്ഷയിൽ

ദുർഘട വനപാതയിലൂടെ കിലോമീറ്ററുകൾ കാൽനടയായി വന്ന് വോട്ടുരേഖപ്പെടുത്തിയത് 272 ഗോത്രവർഗക്കാർ; മലപ്പുറത്ത് വനത്തിനുള്ളിലെ ഏക പോളിങ് ബൂത്തായ നെടുങ്കയത്ത് മാവോയിസ്റ്റ് ഭീഷണി നേരിടാൻ വോട്ടെടുപ്പ് നടന്നത് കനത്ത സുരക്ഷയിൽ

ജംഷാദ് മലപ്പുറം

മലപ്പുറം: കിലോമീറ്ററുകൾ നീണ്ട ദുർഘട വനപാതയിലൂടെ യാത്രാ ദുരിതവും മാവോയിസ്റ്റ് ഭീഷണിയെ തുടർന്നുള്ള ആശങ്കയും വകവെയ്ക്കാതെ ഗോത്രവർഗക്കാർ ജനാധിപത്യത്തിന്റെ ഉത്സവത്തിൽ പങ്കാളികളായി. കാടിറങ്ങിയെത്തി വനത്തിനുള്ളിലെ ജില്ലയിലെ ഏക പോളിങ് ബൂത്തായ നെടുങ്കയത്തെ 170-ാം നമ്പർ ബൂത്തിൽ 272 ഗോത്രവർഗക്കാർ വോട്ടുരേഖപ്പെടുത്തി.

മാവോയിസ്റ്റ് ഭീഷണിയുള്ള മേഖലയായതിനാൽ പൊലീസ് ഉദ്യോഗസ്ഥർക്ക് പുറമെ ബി.എസ്.എഫ്, തണ്ടർബോൾട്ട്, നക്സൽ വിരുദ്ധ സേന എന്നിവർ കൂടി സുരക്ഷ ഒരുക്കിയാണ് വോട്ടെടുപ്പ് നടത്തിയത്. ഏഷ്യയിലെ പ്രാക്തന ഗോത്രവർഗ വിഭാഗത്തിൽപ്പെട്ട ചോലനായ്ക്കർ, മുണ്ടക്കടവ് കോളനിയിലെ കാട്ടുനായ്ക്കർ, നെടുങ്കയം കോളനിയിലെ പണിയർ എന്നീ വിഭാഗങ്ങളിലെ 265 പുരുഷന്മാരും 203 വനിതകളും ഉൾപ്പെടെ 468 വോട്ടർമാരാണുള്ളത്. ഇതിൽ 272 പേർ സമ്മതിദാന അവകാശം വിനിയോഗിച്ചവരിൽ 141 പുരുഷന്മാരും 131 സ്ത്രീകളും ഉൾപ്പെടും. 20 മുതൽ 40 കിലോമീറ്റർ വരെ ദൂരത്തിൽ ഉൾവനത്തിൽ കഴിയുന്ന ഗോത്രവർഗക്കാരായ വോട്ടർമാരെ ജീപ്പുമാർഗമാണ് നിലമ്പൂർ മണ്ഡലത്തിലെ നെടുങ്കയത്തെ 170-ാം നമ്പർ പോളിങ് ബൂത്തിലെത്തിച്ചത്.

മാഞ്ചീരി, പൂച്ചനള, മണ്ണള, മീന്മുട്ടി, പുലിമുണ്ട, വട്ടിക്കല്ല്, ചോടാല പൊട്ടി എന്നീ വനമേഖലയിലുള്ളവരായിരുന്നു വോട്ടർമാർ. വോട്ട് രേഖപ്പെടുത്തിയ ശേഷം ജീപ്പുകളിൽ കോളനിയിൽ തിരികെ എത്തിച്ചു. ഉൾവനത്തിലെ അളകൾക്കുള്ളിൽ (പാറക്കെട്ടുകൾ) താമസിക്കുന്നവരാണ് ഈ വിഭാഗത്തിലുള്ളവർ. ചത്തീസ്ഗഡിൽ ജവാന്മാരെ മാവോയിസ്റ്റുകൾ വെടിവെച്ചുകൊന്ന സാഹചര്യത്തിൽ വലിയ സുരക്ഷാ സംവിധാനമാണ് നെടുങ്കയത്തെ ബൂത്തിൽ ഒരുക്കിയത്.

പ്രിസൈഡിങ് ഓഫീസർ കെ.ഫിറോസ്, ഒന്നാം പോളിങ് ഓഫീസർ പി.ഷിഹാബുദ്ദീൻ, രണ്ടാം പോളിങ് ഓഫീസർ വി.പി രാജീവ്, മൂന്നാം പോളിങ് ഓഫീസർ വി. സന്ദീപ് , ബൂത്ത് ലെവൽ ഓഫീസർ പി.ജയരാജൻ എന്നിവരാണ് വോട്ടെടുപ്പ് നടപടികൾ നിയന്ത്രിച്ചത്. എസ്‌ഐ പി ബേബി, വനിത സിവിൽ പൊലീസ് ഓഫീസർ ജി.ശ്രീരേഖ എന്നിവരെയും പോളിങ് ബൂത്തിൽ നിയോഗിച്ചിരുന്നു. സുരക്ഷാക്രമീകരണങ്ങൾ വിലയിരുത്താൻ ജില്ലാ പൊലീസ് മേധാവി എസ്.സുജിത്ത് ദാസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും വോട്ടെടുപ്പ് ദിവസം നെടുങ്കയത്ത് എത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP