Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മുസ്ലിം നേതാക്കളുമായി ചർച്ച നടത്തി താമരശ്ശേരി ബിഷപ്; 'സത്യങ്ങളും വസ്തുതകളും 33 ചോദ്യങ്ങളും' എന്ന പുസ്തകത്തിലെ വിവാദ പരാമർശങ്ങൾ പിൻവലിച്ചു; സാമുദായിക സൗഹാർദ്ദം നിലനിർത്തുമെന്ന് എം കെ മുനീർ

മുസ്ലിം നേതാക്കളുമായി ചർച്ച നടത്തി താമരശ്ശേരി ബിഷപ്; 'സത്യങ്ങളും വസ്തുതകളും 33 ചോദ്യങ്ങളും' എന്ന പുസ്തകത്തിലെ വിവാദ പരാമർശങ്ങൾ പിൻവലിച്ചു; സാമുദായിക സൗഹാർദ്ദം നിലനിർത്തുമെന്ന് എം കെ മുനീർ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: വിവാദ പരാമർശങ്ങളുടെ പേരിൽ പ്രതിഷേധം ഉയരുന്നതിനിടെ മുസ്‌ലിം നേതാക്കളുമായി താമരശ്ശേരി രൂപത അധ്യക്ഷൻ ബിഷപ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ ചർച്ച നടത്തി. താമരശ്ശേരി രൂപത വിശ്വാസ പരിശീലനകേന്ദ്രം മുതിർന്ന വിദ്യാർത്ഥികൾക്കു വേണ്ടി പ്രസിദ്ധീകരിച്ച 'സത്യങ്ങളും വസ്തുതകളും 33 ചോദ്യങ്ങളും' എന്ന പുസ്തകത്തിലെ വിവാദ പരാമർശങ്ങൾ പിൻവലിച്ചതായി യോഗത്തിന് ശേഷം താമരശ്ശേരി രൂപത അറിയിച്ചു.

പുസ്തകത്തിലെ പരാമർശത്തിൽ മുസ്‌ലിം സമൂഹത്തിനുണ്ടായ വേദനയിൽ ബിഷപ് ഖേദം പ്രകടിപ്പിച്ചു. ബിഷപ്പിന്റെ താൽപ്പര്യ പ്രകാരം ഡോ. എം.കെ. മുനീർ എംഎ‍ൽഎയാണ് യോഗത്തിന് മുൻകൈ എടുത്തത്.

സാമുദായിക സൗഹാർദം നിലനിത്താനും സാമൂഹിക തിന്മകൾക്കെതിരെ യോജിച്ച് പ്രവർത്തിക്കാനും നേതാക്കൾ തീരുമാനിച്ചു. ഡോ. എം.കെ. മുനീർ, ഡോ. ഹുസൈൻ മടവൂർ, നാസർ ഫൈസി കൂടത്തായി, ശിഹാബുദ്ദീൻ ഇബ്നു ഹംസ, വി എം. ഉമ്മർ, എം.എ. യൂസുഫ് ഹാജി, സദറുദ്ദീൻ പുല്ലാളൂർ, മോൺ. ജോൺ ഒറവുങ്ങര, ഫാ. ബെന്നി മുണ്ടനാട്ട്, അബ്ദുൽ കരീം ഫൈസി, സി.ടി. ടോം, മാർട്ടിൻ തോമസ് എന്നിവർ സംബന്ധിച്ചു.

കൈപ്പുസ്തകം വിവാദമായതോടെ താമരശ്ശേരി രൂപത കഴിഞ്ഞദിവസം ഖേദം പ്രകടിപ്പിച്ചിരുന്നു. കൈപ്പുസ്തകം ഏതെങ്കിലും മതവിഭാഗത്തെ വേദനിപ്പിച്ചെങ്കിൽ നിർവ്യാജം ഖേദിക്കുന്നതായി രൂപത വ്യക്തമാക്കി. ഏതെങ്കിലും മത വിഭാഗത്തോടുള്ള എതിർപ്പുകൊണ്ടല്ല കൈപ്പുസ്തകം ഇറക്കിയത്. ക്രിസ്ത്യൻ യുവാക്കളെ വിശ്വാസത്തിൽ നിർത്താനായിരുന്നു കൈപ്പുസ്തകം. പെൺകുട്ടികളെ ചൂഷണത്തിൽനിന്ന് രക്ഷിക്കുക എന്നതായിരുന്നു ലക്ഷ്യമെന്നും താമരശ്ശേരി രൂപത മതബോധനകേന്ദ്രം ഡയറക്ടർ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറഞ്ഞിരുന്നു.

രൂപതക്ക് ഏതെങ്കിലും വിശ്വാസത്തോടോ മതത്തോടോ വിവേചനമോ അസഹിഷ്ണുതയോ ഇല്ല. വിശ്വാസസംബന്ധമായ സംശയങ്ങൾ ദൂരീകരിക്കാനും ക്രൈസ്തവ യുവജനങ്ങൾക്ക് ബോധവത്കരണം നൽകാനും മതബോധന വിദ്യാർത്ഥികളുടെ സംശയ നിവാരണത്തിനുമായി ഇറക്കിയതാണ് പുസ്തകമെന്ന് കുറിപ്പിൽ ചൂണ്ടിക്കാട്ടി. മതസൗഹാർദത്തിനെതിരെയുള്ള എല്ലാ തെറ്റായ പ്രബോധനങ്ങൾക്കെതിരെയും ജാഗ്രത പുലർത്തണമെന്നും സമുദായ സൗഹാർദം തകർക്കാനുള്ള ചിലരുടെ ശ്രമങ്ങളെ ചെറുക്കണമെന്നും സൗഹാർദം വളർത്താൻ എല്ലാവരും പരിശ്രമിക്കണമെന്നും മതബോധനകേന്ദ്രം ഡയറക്ടർ ഫാ. ജോൺ പള്ളിക്കാവയലിൽ അഭ്യർത്ഥിച്ചിരുന്നു.

പെൺകുട്ടികളെ വശീകരിക്കാൻ മുസ്‌ലിം പുരോഹിതന്മാർ ആഭിചാരം നടത്തുന്നതായി പുസ്തകത്തിൽ ആരോപിച്ചിരുന്നു. പെൺകുട്ടിയുടെ മുടിയോ തൂവാലയോ മറ്റെന്തെങ്കിലും വസ്തുക്കളോയാണ് ഇതിനായി ഉപയോഗിക്കുന്നത്. മുസ്‌ലിം ആൺകുട്ടികൾ നൽകുന്ന ഭക്ഷണം, സമ്മാനം, സാധാരണ സ്പർശനം പോലും വശീകരണത്തിന് കാരണമാകാമെന്നും മുന്നറിയിപ്പ് നൽകി. ബന്ധന പ്രാർത്ഥന വഴി ഈ വശീകരണത്തിൽ നിന്ന് രക്ഷതേടാമെന്നും കൈപ്പുസ്തകം പറയുന്നു. പുസ്തകത്തിനെതിരെ വ്യാപക വിമർശനമാണ് ഉയർന്നത്. ഇതിനെ തുടർന്നാണ് ഈ ഭാഗങ്ങൾ പിൻവലിച്ചത്.

സമുദായങ്ങൾക്കിടയിലെ സൗഹൃദം നിലനിർത്തുമെന്ന് എം കെ മുനീർ യോഗത്തിന് ശേഷം ഫേസ്‌ബുക്കിൽ കുറിച്ചു. സാമൂഹ്യ തിന്മകൾക്കെതിരെ ഒന്നിച്ചു പോരാടും.

താമരശ്ശേരി ബിഷപ്പുമായി നടത്തിയ കൂടിക്കാഴ്‌ച്ചയിൽ കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച പുസ്തകത്തിലെ ഇസ്ലാം മത വിശ്വാസവുമായി ബന്ധപ്പെട്ട വിവാദ പരാമർശങ്ങൾ പിൻവലിക്കാൻ തീരുമാനമായി.

സമുദായങ്ങൾക്കിടയിൽ ഭിന്നതകൾ ഉടലെടുക്കാതിരിക്കുന്നതിനായി ഇരു നേതൃത്വവും ഒന്നിച്ചിരുന്നു കൊണ്ട് പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനും ധാരണയായി. ഇത് ഏറെ ശുഭകരമായ ഒരു മുഹൂർത്തമായി കാണുന്നുവെന്നും എം കെ മുനീർ കുറിപ്പിൽ വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP